ഡോ. എം.സുഭദ്രാ നായർ
തലസ്ഥാനനഗരത്തിന്റെ തിരക്കുകൾക്കും കടുത്ത വെയിലിനുമിടയിൽനിന്ന് കൊച്ചുള്ളൂരിലെ മംഗല്യ എന്ന വീട്ടിലേക്ക്... തണുപ്പും തണലുമുള്ള പച്ചവിരിച്ച മുറ്റം. പൂമുഖത്തുതന്നെയുണ്ട്, പദ്മശ്രീ നേടിയ രാജ്യത്തെ ആദ്യ ഗൈനക്കോളജിസ്റ്റായ ഡോ. സുഭദ്രാ നായർ. രണ്ടുവർഷംമുൻപുവരെ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമിടയിലെ തിരക്കുകളിൽ മുഴുകിയിരുന്ന ഡോക്ടർ, ഇപ്പോൾ തൊണ്ണൂറ്റിനാലാംവയസ്സിലും എഴുത്തും വായനയുമായി സമയത്തെ ഓടിത്തോൽപ്പിക്കുന്നു...
മുഖവുരയില്ലാതെ ഡോക്ടർ സ്വീകരിച്ചു: “വരൂ, നാല്പതിലേറെ വർഷം പഴക്കമുള്ള വീടാണിത്. ഇടയ്ക്കൊന്ന് പുതുക്കിപ്പണിതു. മുൻപൊന്നും ഈ വീട്ടിൽ സ്വസ്ഥമായി ഇരുന്നിട്ടില്ല. ഇപ്പോൾ, ഈ കസേരയിലിങ്ങനെ ഇരിക്കുമ്പോൾ, എനിക്ക് കാണാം, നഗരം ഓടിക്കൊണ്ടേയിരിക്കുകയാണ്; തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക്. ആ തിരക്കുകളിലേക്ക് എനിക്കും ഒഴുകിപ്പോകണമെന്നുണ്ട്. പക്ഷേ, മക്കളൊന്നും സമ്മതിക്കുന്നില്ല. ഇനി മതി, സ്വസ്ഥമായിരിക്കൂ, എന്നാണ് അവരുടെ നിർബന്ധം. പക്ഷേ, ഒരു ഡോക്ടർക്ക് സർവീസിൽനിന്നുമാത്രമല്ലേ, റിട്ടയർമെന്റുള്ളൂ. അനുഭവസമ്പത്തിൽനിന്നും അറിവുകളിൽനിന്നും ഒരിക്കലും റിട്ടയർമെന്റില്ലല്ലോ,” ഡോക്ടർ മനസ്സ് തുറന്ന് ചിരിച്ചു.
പ്രാക്ടീസ് അവസാനിപ്പിച്ചപ്പോൾ, എന്തുതോന്നി?
മെഡിക്കൽ കോളേജിൽനിന്ന് റിട്ടയർ ചെയ്തതിനുശേഷം നഗരത്തിലെ സ്വകാര്യാശുപത്രിയിൽ പ്രവർത്തിക്കുകയായിരുന്നു. കൊറോണക്കാലം വന്നതോടെ, മുതിർന്ന പൗരന്മാർക്കെല്ലാം യാത്രാവിലക്കും ക്വാറന്റൈനുമെല്ലാം നിർബന്ധമാക്കിയല്ലോ. അപ്പോൾ, ആശുപത്രിയിൽ എഴുപത്തഞ്ചിന് മുകളിൽ പ്രായമുള്ളവരെ പ്രാക്ടീസ് ചെയ്യുന്നതിൽനിന്ന് മാറ്റിനിർത്തണം എന്നൊരു നിർദേശം വന്നു. 92 വയസ്സുള്ള ഞാൻ, ആ കട്ടോഫിനും എത്രയോ മുകളിലായിരുന്നു. അങ്ങനെയാണ് നിർത്തിയത്. അന്ന് നിർത്തിയത് നന്നായി എന്ന് പിന്നീട് തോന്നി. മരുന്നെഴുതുമ്പോൾ, എന്തെങ്കിലും ഓർമക്കുറവോ കൈവിറയലോ വന്ന്, എന്തെങ്കിലുമൊരു തെറ്റ് വന്നാലോ? ഒന്നല്ലല്ലോ, രണ്ട് ജീവനുകളുടെ കാര്യമല്ലേ?
ഇപ്പോഴും ഒരു സൗജന്യ ക്ലിനിക്ക് നടത്താൻ എനിക്കാഗ്രഹമുണ്ട്. പക്ഷേ, ഇവരാരും സമ്മതിക്കുന്നില്ല (മകളും ഡോക്ടറുമായ ആശയെ നോക്കി ഡോ. സുഭദ്ര പറഞ്ഞു).
(അതിന് മറുപടി പറഞ്ഞത് ഡോ. ആശയാണ്.)
Also Read
അമ്മയ്ക്ക് ഇപ്പോഴും ആശുപത്രിയിൽ പോകണമെന്നുതന്നെയാണ് ആഗ്രഹം. പക്ഷേ, അമ്മ സർവീസിലുണ്ടായിരുന്ന കാലത്തേതുപോലെയല്ല, ഇപ്പോഴത്തെ സ്ഥിതി. ഡോക്ടർമാർക്കുനേരേ അതിക്രമങ്ങൾ കൂടുന്ന കാലമല്ലേ? അമ്മയെ ഈ പ്രായത്തിൽ അത്തരം സാഹചര്യങ്ങളിലേക്ക് വിടാൻ ഞങ്ങൾക്ക് താത്പര്യമില്ല.
ഇക്കാലമത്രയും അമ്മ എപ്പോഴും തിരക്കിലായിരുന്നു. ഗൈനക്കോളജിസ്റ്റായതുകൊണ്ട് ഏത് പാതിരാത്രിയും അമ്മയ്ക്ക് വിളിവരും. ഉറക്കമില്ലാത്ത രാത്രികൾ ഏറെയുണ്ടായിട്ടുണ്ട്. പക്ഷേ, ഈ തിരക്കുകൾക്കിടയിലും ഞങ്ങളുടെ എല്ലാ കാര്യങ്ങൾക്കും അമ്മ കഷ്ടപ്പെട്ട് എത്തുമായിരുന്നു. കലോത്സവ കാലത്ത് ഞാനൊക്കെ വേദികളിൽനിന്ന് വേദികളിലേക്കോടുമ്പോൾ, മേക്കപ്പ് സാധനങ്ങളും ഭക്ഷണവും വെള്ളവുമൊക്കെയായി ഞങ്ങൾക്കൊപ്പം ഓടാനും അമ്മയുണ്ടായിരുന്നു. കുടുംബവും പ്രൊഫഷനും ഒന്നിച്ചുകൊണ്ടുപോകാൻ അമ്മയ്ക്ക് സാധിച്ചത്, ജോലിയോടുള്ള പാഷൻകൊണ്ടുമാത്രമായിരുന്നു. ഇപ്പോൾ പലരും നഷ്ടപ്പെടുത്തുന്നതും ആ പാഷനാണ്.
.jpg?$p=a961b6b&&q=0.8)
(മകളുടെ അഭിപ്രായം പൂർത്തിയാക്കിയത് ഡോ. സുഭദ്ര.)
നോക്കൂ, എനിക്ക് എല്ലാവരോടും കംഫർട്ടായിരിക്കാൻ സാധിക്കില്ല. സ്ത്രീകളാണ് എന്റെ കംഫർട്ട് സോൺ. എന്റെ മുന്നിൽ ഇപ്പോൾ ഒരു പുരുഷനാണിരിക്കുന്നതെങ്കിൽ, ഞാനിത്രത്തോളം കംഫർട്ടായിരിക്കില്ല. സ്ത്രീകളാണ് എന്റെ ലോകം. അതുകൊണ്ടാണ്, ഞാൻ ഗൈനക്കോളജി തിരഞ്ഞെടുത്തത്. എന്നുവെച്ച് പുരുഷന്മാരോട് വിരോധമാണെന്ന് വിചാരിക്കരുത്. എന്റെ ജോലിസമയം മുഴുവൻ ഞാൻ സ്ത്രീകൾക്കൊപ്പമായിരുന്നു. അവരിൽനിന്ന് അടുത്തതലമുറ പിറക്കുമ്പോൾ വേണ്ട സഹായങ്ങളുമായി എന്റെ കൈകളുണ്ടാവുന്നുവെന്നത് എനിക്ക് വലിയ സന്തോഷം നൽകി. പ്രസവവേദനയിൽ പുളയുന്ന സ്ത്രീകളെ, ആ വേദനയിൽനിന്ന് എത്രയും പെട്ടെന്ന് മോചിപ്പിക്കാനാണ്, ഓരോ ഗൈനക്കോളജിസ്റ്റും ശ്രമിക്കുക. വേദനയുടെ അങ്ങേയറ്റത്തും പിറന്നുവീഴുന്ന കുഞ്ഞിന്റെ മുഖം കാണുമ്പോൾ, ആ അമ്മ വേദന മറന്ന് ചിരിക്കും. ആ ചിരി നമുക്കുകൂടിയുള്ളതാണ്. അമ്മയും കുഞ്ഞും സന്തോഷത്തോടെ ആശുപത്രി വിടണം. ആ സന്തോഷമാണ്, എന്റെ ഉള്ളിൽ സംതൃപ്തി നൽകുന്നത്. അതുകൊണ്ട്, എന്റെ ഈ ജീവിതത്തിൽ ഞാൻ സംതൃപ്തയാണ്.
ചികിത്സാ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
ഞാൻ ജോലിചെയ്യുന്ന കാലത്ത് ആശുപത്രികളുടെയും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും എണ്ണം കുറവാണ്, ചികിത്സാ സംവിധാനങ്ങളിലും പരിമിതിയുണ്ട്. നഗരങ്ങളിൽ വലിയ പ്രശ്നമില്ലായിരുന്നു. ഗ്രാമങ്ങളിൽ വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. അപ്പോൾ സ്വാഭാവികമായും റിസ്ക് കൂടും. ഗതാഗതസൗകര്യങ്ങളുടെ കുറവും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പലപ്പോഴും പ്രസവം പാതിരാത്രിയൊക്കെയായിരിക്കും. അപ്പോൾ വേഗം ആശുപത്രിയിലേക്ക് പോകേണ്ടി വരും.
പിന്നെ അക്കാലത്ത് ആളുകളുടെ ചിന്താഗതി ഇങ്ങനെയായിരുന്നില്ല. അമ്മയ്ക്കോ കുഞ്ഞിനോ എന്തെങ്കിലും സങ്കീർണതയുണ്ടായി ജീവൻ നഷ്ടമായാൽ ഡോക്ടറെ തല്ലാനും കേസുകൊടുക്കാനുമൊന്നും ആരും പോവാറില്ലായിരുന്നു. ഡോക്ടർമാരിൽ അന്നത്തെ ജനങ്ങൾക്കുള്ള വിശ്വാസം വലുതായിരുന്നു. പഠിച്ച് അറിവുള്ളയാളാണ് ഡോക്ടർ, അവർക്ക് തെറ്റില്ല എന്നൊരു വിശ്വാസം രോഗികൾക്കുണ്ടായിരുന്നു. അന്നത്തെ ഡോക്ടർമാരുടെ സേവനവും രോഗികളോടുള്ള ഇടപഴകലും അങ്ങനെയായിരുന്നു. ഇന്നത്തെ ഡോക്ടർമാർക്ക് നഷ്ടമാകുന്നതും ആ ആത്മബന്ധമാണ്. അതിന് രണ്ടുകൂട്ടരും ഉത്തരവാദികളാണ്.
ഡോക്ടർഷോപ്പിങ് ആണ് ഇന്ന് എല്ലായിടത്തും. ഏറ്റവും നല്ല ആശുപത്രിയിൽ പോയി ഏറ്റവും മികച്ച ആൾ ആരാണെന്ന് തിരഞ്ഞെടുത്ത് വലിയ തുക നൽകി കൺസൽട്ട് ചെയ്യും. ഒരുപാട് പണം കൊടുത്തുവാങ്ങുന്ന സേവനമല്ലേ അപ്പോൾ ഏറ്റവും മികച്ചത് വേണ്ടേ എന്ന് രോഗിയുടെ മനസ്സിലും തോന്നും. എന്തെങ്കിലും സങ്കീർണതകൾ ഉണ്ടായാൽ ഡോക്ടറുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ കൂടി ഡോക്ടറെ ആക്രമിച്ച് പ്രതികാരം ചെയ്യാം, കേസുകൊടുത്ത് ബുദ്ധിമുട്ടിക്കാം എന്ന് ചിലപ്പോഴെങ്കിലും രോഗിയും ബന്ധുക്കളും ചിന്തിക്കുന്നു. ഇങ്ങനെയാണ് രോഗീ-ഡോക്ടർ ബന്ധം തകരുന്നത്. സ്വയം സമർപ്പണം ഡോക്ടർമാർക്കും ഡോക്ടർമാരിൽ വിശ്വാസം രോഗികൾക്കും ഉണ്ടാകണം.
ചികിത്സയ്ക്ക് വന്നവരെ പിന്നീട് കാണാറുണ്ടോ?
മുൻപ് ചികിത്സയ്ക്ക് വന്നവരേക്കാൾ അവരുടെ തലമുറകളാണ് കൂടുതലും എന്റെ മുന്നിൽ വന്നിട്ടുള്ളത്. ഒരു ക്ഷേത്രത്തിൽവെച്ച് ഒരാൾ കാലിൽ വീണ് നമസ്കരിച്ചു. അമ്പരന്ന് നിന്ന എന്നോട് കൈകൾ കൂപ്പിക്കൊണ്ട് അയാൾ പറഞ്ഞു. ഞാൻ ജനിച്ചത് ഡോക്ടറുടെ കൈകളിലേക്കാണ് എന്ന്. അതൊക്കെയാണ് ഒരു ഡോക്ടറുടെ ജീവതത്തിലെ ഏറ്റവും നല്ല ഓർമ. പണ്ടൊക്കെ ഒരാൾ ചികിത്സയ്ക്കായി വന്നാൽ പിന്നീട് എന്തുകാര്യത്തിനും അവർ നമ്മുടെ അടുത്തുതന്നെയാണ് എത്തുക. ഞാൻ പ്രസവമെടുത്തവരുടെ മകളും അവരുടെ മകളുമൊക്കെ പിൽക്കാലത്ത് അവരുടെ പ്രസവത്തിന് എന്റെ അടുത്തുതന്നെ വന്നിട്ടുണ്ട്. അതൊക്കെ ഒരു ഗൈനക്കോളജിസ്റ്റിന്റെ ഭാഗ്യമല്ലേ.
ഇന്ന് ചെലവേറിയ ടെസ്റ്റുകൾ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?
പ്രസവം എന്നാൽ സങ്കീർണമായൊരു പ്രക്രിയയാണ്. രണ്ടുപേരുടെ ജീവനാണ് നമ്മുടെ കൈകളിലുള്ളത്. പണ്ടുകാലത്ത് പരിശോധനാ സംവിധാനങ്ങൾ വളരെ കുറവാണ്. സ്കാനിങ്ങൊന്നുമില്ല. അപ്പോൾ ഗൈനക്കോളജിസ്റ്റിന്റെ ആശ്രയം സ്വന്തം കൈകളാണ്. കണ്ണുകൊണ്ട് കണ്ടും വിരലുകൾകൊണ്ട് തൊട്ടറിഞ്ഞുമാണ് ഒരു ഗർഭിണിയുടെയും ഗർഭസ്ഥ ശിശുവിന്റെയും കാര്യങ്ങൾ തിരിച്ചറിയുന്നത്. ഗർഭിണിയുടെ വയറിൽ തൊട്ടുനോക്കിയാൽ പരിചയസമ്പത്തുള്ള ഒരു ഗൈനക്കോളജിസ്റ്റിന് കാര്യങ്ങൾ അറിയാം. അതൊക്കെ വർഷങ്ങളുടെ പരിചയത്തിൽനിന്ന് നേടിയെടുക്കുന്ന കഴിവുകൾ ആണ്.
എന്നാൽ, ഇന്ന് പലതവണ സ്കാനിങ് നിർദേശിക്കാറുണ്ട്. അതിനെ കുറ്റം പറയാൻ സാധിക്കില്ല. പഴയകാലത്ത് ടെക്‌നോളജി ഇല്ലാത്തതുകൊണ്ട് അങ്ങനെ പരിശീലിച്ചു. ഇന്ന് എന്തിനും ഏതിനും ടെക്‌നോളജിയുടെ സഹായം നമുക്കുണ്ട്. അതിന്റെ സഹായത്തോടെ വളരെയധികം കാര്യങ്ങൾ തിരിച്ചറിയാം. ജനിതക രോഗങ്ങൾ പണ്ടുകാലത്ത് തിരിച്ചറിയാൻ സാധിക്കില്ലായിരുന്നു. എന്നാൽ, ഇന്ന് അത് സാധിക്കും. ഗർഭസ്ഥശിശുവിന് ചികിത്സ നൽകാനുള്ള സംവിധാനംവരെ ഇന്നുണ്ട്. പക്ഷേ, എന്ത് ടെക്‌നോളജി ഉപയോഗിക്കുമ്പോഴും നമ്മുടെ സ്വാഭാവികമായ കഴിവുകൾ ബലികഴിക്കരുത്. കണ്ടറിയാനും തൊട്ടറിയാനും ഒരു ഗൈനക്കോളജിസ്റ്റിന് കഴിയണം. ഒപ്പം ടെക്‌നോളജിയെ ഉപയോഗിച്ചോളൂ. അപ്പോൾ പ്രശ്നമില്ല.
.jpg?$p=79d6844&&q=0.8)
ഇപ്പോൾ സിസേറിയൻ എണ്ണം കൂടിയതായി റിപ്പോർട്ടുകളുണ്ട്. അതിന് കാരണം എന്താണ്?
പണ്ട് വേറൊരു വഴിയും ഇല്ലെങ്കിൽ മാത്രമേ സിസേറിയൻ ചെയ്യുമായിരുന്നുള്ളൂ. ഭൂരിഭാഗം പേർക്കും നോർമൽ പ്രസവം സാധ്യമായിരുന്നു. അന്ന് പ്രസവിക്കുന്ന പ്രായം കുറവായിരുന്നു. ശാരീരികാധ്വാനവും വളരെയധികം ഉണ്ടായിരുന്നു. എട്ടും പത്തും വരെ പ്രസവിച്ചിരുന്ന സ്ത്രീകൾ ഉണ്ടായിരുന്നല്ലോ. ഇന്ന് പ്രസവത്തിനുള്ള പ്രായം കൂടിയിട്ടുണ്ട്. ശാരീരികാധ്വാനം കുറവുള്ള ജോലികൾ ചെയ്യുന്നവരുടെ എണ്ണവും കൂടി. ഭക്ഷണരീതികളിലും മാറ്റം വന്നു. ഇതെല്ലാം നോർമൽ പ്രസവത്തിന്റെ തോത് കുറച്ചു. കാലം മാറുമ്പോൾ അങ്ങനെ സംഭവിക്കും.
എന്നാൽ ജാതകം നോക്കിയും മറ്റും സിസേറിയൻ ചെയ്യുന്ന രീതിയുണ്ടെന്ന് പലരും പറഞ്ഞ് കേൾക്കുന്നുണ്ട്. അത് ശരിയല്ല. പ്രസവത്തിന് ഒരു സമയമുണ്ട്. കുഞ്ഞിന്റെ വളർച്ച പൂർത്തിയായാൽ ശരീരം അതിനെ പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങും. അതിന് വേണ്ട സഹായങ്ങളുമായി ഗൈനക്കോളജിസ്റ്റ് കൂടെ നിന്നാൽ മതി. സുഖമായി കുഞ്ഞ് പുറത്തെത്തും.
ഗർഭിണികൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഗർഭകാലത്ത് പരമാവധി സ്വാഭാവിക ഭക്ഷണങ്ങൾ കഴിക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. അല്ലാതെ, രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കേണ്ടതില്ല. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണം. നടത്തം നല്ലതാണ്. ഗർഭകാലം മുഴുവൻ ബെഡ് റെസ്റ്റ് എടുക്കരുത്. എട്ടുമാസം വരെയെങ്കിലും ജോലിക്ക് പോകണം. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുക. പ്രസവശേഷം കുഞ്ഞിന് നന്നായി മുലയൂട്ടണം. ആരോഗ്യകരമായ ജീവിതശീലങ്ങളും പാലിക്കണം.
തിരക്കിട്ട ജീവിതത്തിനിടെ കുടുംബത്തെ എങ്ങനെ ഒപ്പം കൊണ്ടുപോകാൻ സാധിച്ചു?
എന്റെ അമ്മയും ഡോക്ടറായിരുന്നു. ഡോ.മാധവിയമ്മ. അമ്മയും വലിയമ്മ കല്യാണിയമ്മയുമാണ് എന്റെ വഴികാട്ടികൾ. കുടുംബവും പ്രൊഫഷനും ഒന്നിച്ചുകൊണ്ടുപോകാൻ എന്റെ അമ്മ കഷ്ടപ്പെട്ട അത്രയൊന്നും എനിക്ക് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല.
അമ്മയുടെ കാലത്ത് കാര്യമായി ആശുപത്രികൾ പോലും ഇല്ല. വീടുകളിൽ ചെന്ന് വേണം പ്രസവമെടുക്കാൻ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഡോക്ടറെ തേടിയെത്തുന്നവർക്കൊപ്പം കാളവണ്ടിയിൽ കയറിയും ദീർഘദൂരം നടന്നുമൊക്കെയാണ് എന്റെ അമ്മ ജോലി ചെയ്തിരുന്നത്. ഞാൻ അതേ ജോലിചെയ്തപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ അമ്മ എത്രമാത്രം കഷ്ടപ്പെട്ടിരുന്നു എന്ന്. ഞാൻ ആശുപത്രികളിൽ ഓരോ പിറവികൾക്കും പിന്നാലെ ഓടിക്കൊണ്ടിരിക്കുമ്പോൾ എന്റെ മക്കൾ, ആശയെയും ശാന്തിയെയും നോക്കി വളർത്തിയത് എന്റെ അമ്മയും വലിയമ്മയുമാണ്. ആ കടപ്പാടിന് പകരം വയ്ക്കാനൊന്നുമില്ല. മറ്റൊരാൾ എന്റെ ഭർത്താവ് ഗോപാലകൃഷ്ണൻ നായരാണ്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇന്നില്ല. രാത്രി നേരങ്ങളിലൊക്കെ കാർ ഡ്രൈവ് ചെയ്ത് എന്നെ ആശുപത്രിയിലെത്തിച്ചിരുന്നത് അദ്ദേഹമാണ്. പലപ്പോഴും ഞാൻ തിരിച്ചെത്താൻ വൈകുന്നതിനാൽ ആശുപത്രി കോംപൗണ്ടിൽ കാറിൽത്തന്നെ കിടന്ന് ഉറങ്ങേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. മകൾ ആശ ശിശുരോഗ വിദഗ്ധയാണ്, ശാന്തി എൻജിനീയറും. പേരക്കുട്ടികൾ ആരും ഡോക്ടറായില്ല.
ഡോ. ആശ സംസാരത്തിൽ പങ്കുചേർന്നു.
“ഞാൻ ഗൈനക്കോളജി എടുക്കാത്തതിൽ അമ്മയ്ക്ക് വിഷമം ഉണ്ടായിരുന്നു. എനിക്ക് കൊച്ചുകുഞ്ഞുങ്ങൾ ആയിരുന്നു കംഫർട്ട്. അങ്ങനെയാണ് ഞാൻ പീഡിയാട്രിക്‌സ് തിരഞ്ഞെടുത്തത്. യു.കെയിലും ദുബായിലും കുറെകാലം ജോലി ചെയ്തു. ഇപ്പോൾ അമ്മയ്ക്കൊപ്പമാണ്. ശാന്തി ബംഗളൂരുവിൽ എൻ.ജി.ഒ. നടത്തുന്നുണ്ട്.
അമ്മ ഇപ്പോൾ സന്തോഷവതിയാണ്. കാഴ്ചയ്ക്ക് അല്പം പ്രശ്നങ്ങൾ ഉള്ളതിനാൽ വായന കുറഞ്ഞു. ടി.വി. കാണും. എന്നും വൈകുന്നേരം ഞാനും അമ്മയും ഒരു ഡ്രൈവിന് പോകും. നഗരത്തിലൂടെ കറങ്ങി തിരിച്ചുവരും. അരനൂറ്റാണ്ടിലേറെക്കാലം ഈ നഗരത്തിലെ തിരക്കിൽ ഉണ്ടായിരുന്ന ആളല്ലേ, അങ്ങനെയങ്ങ് വീട്ടിലിരിക്കാൻ പറ്റുമോ’’ ഡോ. ആശ ചിരിച്ചു.
എത്രയോ കുഞ്ഞുങ്ങൾ പിറന്നുവീണ കൈകളാണിത്. ആ കൈകളിൽ ഒന്നു തൊട്ടിട്ട് യാത്രപറയുമ്പോൾ ഡോക്ടർ ചിരിച്ചു, ഒരു കുഞ്ഞിനെപ്പോലെയോ, അതോ അമ്മയെപ്പോലെയോ...
പുരസ്കാരവഴിയിൽ
1929 ജനുവരി 21-ന് തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ജനനം. അച്ഛൻ: കൃഷ്ണൻകുട്ടി മേനോൻ. അമ്മ: ഡോ. മാധവിയമ്മ. മദ്രാസ് സർവകലാശാലയിൽനിന്ന് എം.ബി.ബി.എസ്., ഡി.ജി.ഒ. ബിരുദങ്ങളും ലഖ്‌നൗ സർവകലാശാലയിൽ നിന്ന് എം.എസും കരസ്ഥമാക്കി. 1954-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഗൈനക്കോളജി വിഭാഗം മേധാവിയായി വിരമിച്ചതിന് ശേഷം തിരുവനന്തപുരം കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് ആയി സേവനമനുഷ്ഠിച്ചു. കേരള സർക്കാരിന്റെ 2012-ലെ മഹിളാ തിലകം പുരസ്കാരം, ദ ഫെഡറേഷൻ ഓഫ് ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ 2011-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, 2014-ലെ പത്മശ്രീ പുരസ്കാരം എന്നിവ ലഭിച്ചു.
Content Highlights: dr subhadra nair gynaecologist sharing experience
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..