മാനസികസമ്മർദം നേരിടുമ്പോൾ മധുരവും കൊഴുപ്പും അമിതമായി കഴിക്കുന്നുണ്ടോ? പ്രമേഹവും മനസ്സും


ഡോ. അരുൺ ബി. നായർ

Representative Image| Photo: Canva.com

’ഈ രോഗം കാരണം ഞാൻ വലഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പാടില്ല. ദിവസം രണ്ടുനേരം ഇഞ്ചക്ഷൻ എടുക്കണം. കോളജിൽനിന്ന് ടൂർ പോകാൻ പോലും വീട്ടുകാർ സമ്മതിക്കുന്നില്ല.’ ടൈപ്പ് 1 പ്രമേഹം ബാധിച്ച പതിനെട്ടുകാരനായ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ വാക്കുകളാണ് ഇത്. സമാനമായ പ്രയാസമനുഭവിക്കുന്ന ഒട്ടേറെ പ്രമേഹ രോഗബാധിതർ സമൂഹത്തിലുണ്ട്. പ്രമേഹം എന്ന രോഗം നിർണയിക്കപ്പെടുന്നതോടെ ആവശ്യമായി വരുന്ന ജീവിതശൈലി ക്രമീകരണങ്ങളും തുടർച്ചയായി വേണ്ടിവരുന്ന മരുന്നുകളും ഇഞ്ചക്ഷനും ഇടയ്ക്കിടെയുള്ള രക്തപരിശോധനയും ഒക്കെ ചെറുതല്ലാത്ത പ്രയാസമാണ് അവർക്ക് ഉണ്ടാക്കുന്നത്. അതുകൊണ്ട് ചിലർക്ക് വല്ലാത്ത മാനസിക സംഘർഷം ഉണ്ടാകാറുണ്ട്.

ഇത്തരം സാഹചര്യങ്ങളെ മാനസികമായി എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് പ്രമേഹബാധിതർക്കും കൂടെയുള്ളവർക്കും വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.

പൊരുത്തപ്പെടാൻ പ്രയാസമുണ്ടായാൽ

പ്രമേഹമുണ്ടെന്ന് അറിയുമ്പോൾ ചിലർക്ക് അതുമായി പൊരുത്തപ്പെടാൻ ചില ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. ഇതിനെ ‘പ്രമേഹ വൈഷമ്യം’ (diabetes distress) എന്നാണ് പറയുക. ടൈപ്പ് 1 പ്രമേഹ ബാധിതരിൽ 25 ശതമാനം പേരിലും ടൈപ്പ് 2 പ്രമേഹ ബാധിതരിൽ 20 ശതമാനം പേരിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:

Also Read

മരുന്ന് കഴിച്ചിട്ടും  ജീവിതച്ചിട്ടകൾ പാലിച്ചിട്ടും ...

കുഞ്ഞിന്റെ തല സ്വാഭാവിക വലുപ്പത്തേക്കാൾ ...

​ഗർഭിണികൾ ഭക്ഷണം കഴിക്കേണ്ടത് എപ്രകാരം? ...

പഠനത്തിൽ, ജോലിയിൽ, കർമമേഖലകളിൽ ശ്രദ്ധക്കുറവുണ്ടോ?ലക്ഷണങ്ങൾ ...

വൃഷണസഞ്ചിയിലേക്ക് വൃഷണങ്ങളിറങ്ങാത്ത അവസ്ഥ; ...

 • തനിക്ക് പ്രമേഹം ബാധിച്ചതോർത്ത് കഠിനമായ ദേഷ്യവും നിരാശയും അനുഭവപ്പെടുക. പ്രമേഹ പരിചരണം ആവശ്യപ്പെടുന്ന ജീവിതശൈലി ക്രമീകരണങ്ങളെ കുറിച്ച് അസ്വസ്ഥത തോന്നുക.
 • പ്രമേഹം നിയന്ത്രിക്കാൻ ആവശ്യമായ കാര്യങ്ങൾ താൻ ചെയ്യുന്നില്ല എന്ന കുറ്റബോധം തോന്നുക. അതേസമയംതന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള പ്രചോദനം തോന്നാത്ത അവസ്ഥ.
 • കൃത്യമായ സമയത്ത് രക്തപരിശോധനകൾ നടത്താനും ഡോക്ടറെ സന്ദർശിക്കാനും വിമുഖത കാട്ടുക.
 • അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ അവലംബിക്കുക. പ്രത്യേകിച്ചും മാനസികസമ്മർദം അനുഭവപ്പെടുന്ന സമയത്ത് മധുരവും കൊഴുപ്പും കൂടിയ ഭക്ഷ്യവസ്തുക്കൾ അമിതമായി കഴിക്കുക.
 • ഒറ്റപ്പെട്ടു പോയതായി തോന്നുക. ആരും തന്നെ മനസ്സിലാക്കാൻ തയ്യാറാകുന്നില്ല എന്ന ചിന്ത.
 • പ്രമേഹ വൈഷമ്യം ദീർഘകാലം നീണ്ടുനിന്നാൽ ചില വ്യക്തികളിൽ എങ്കിലും അതൊരു ഗൗരവസ്വഭാവമുള്ള പ്രശ്‌നമായി മാറ്റാം. ഇത്തരക്കാർ പ്രമേഹവുമായി ബന്ധപ്പെട്ട് വെച്ചുപുലർത്തേണ്ട നിയന്ത്രണങ്ങൾ എല്ലാം അവസാനിപ്പിച്ച് നിരാശയുടെ രീതിയിലേക്ക് മാറിയേക്കാം.
ഉത്കണ്ഠ ഒഴിവാക്കാം

പ്രമേഹരോഗ ബാധിതർക്ക് ഇടയ്ക്കിടെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയുന്നതുമൂലം ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഇൻസുലിൻ എടുക്കുന്ന വ്യക്തികളിൽ. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയുന്നതുമൂലം ശരീരം അമിതമായി വിയർക്കുക, നെഞ്ചിടിപ്പ് കൂടുക, കണ്ണിൽ ഇരുട്ട് കയറുക, തലചുറ്റുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. രക്തത്തിലെ ഗ്ലൂക്കോസ് അളവ് ക്രമീകരിക്കപ്പെടുന്നതോടെ ഇത് മാറുകയും ചെയ്യും. എന്നാൽ ഒരിക്കൽ ഇത്തരം അനുഭവം ഉണ്ടായ വ്യക്തികൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയാതെ തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാം. രക്തപരിശോധനയും ശാരീരിക പരിശോധനയും ചെയ്യുമ്പോൾ യാതൊരു കുഴപ്പവും ഇവരിൽ കാണാറുമില്ല. ഈ അവസ്ഥയെ ‘പാനിക് അറ്റാക്ക്’ എന്ന് വിശേഷിപ്പിക്കുന്നു.

ഇങ്ങനെ പ്രയാസമുണ്ടാക്കുന്ന ചിലരെങ്കിലും തനിക്ക് ഇനിയും ഈ പ്രശ്‌നം ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ട് പുറത്തിറങ്ങാനും യാത്ര ചെയ്യാനുമൊക്കെ മടിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.

രക്തത്തിലെ ഗ്ലൂക്കോസ് പൊടുന്നനെ കുറയാതിരിക്കാൻ ആവശ്യമായ ജീവിതശൈലീ ക്രമീകരണങ്ങൾ പരിശീലിപ്പിക്കുക വഴി ഈ അവസ്ഥയുടെ ആവർത്തനം ഒഴിവാക്കാൻ സാധിക്കും. എന്നാൽ ചിലർക്കെങ്കിലും റിലാക്‌സേഷൻ പരിശീലനവും മനഃശാസ്ത്ര ചികിത്സകളും വേണ്ടിവന്നേക്കാം. തീവ്രമായ ഉൽക്കണ്ഠ ഉള്ളവർക്ക് തലച്ചോറിലെ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന ഔഷധങ്ങളുടെ സഹായവും വേണ്ടിവരും.

ലൈംഗിക പ്രശ്‌നങ്ങളെ മറച്ചുവെക്കേണ്ട

അനിയന്ത്രിതമായ പ്രമേഹം കാരണം ചിലരിൽ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പുരുഷന്മാരിൽ ഉദ്ധാരണ ശേഷിക്കുറവാണ് പ്രധാനമായും കാണുന്നത്. അനിയന്ത്രിതമായ പ്രമേഹം സ്ത്രീകളിലും ലൈംഗിക താല്പര്യക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകാം. യോനി സങ്കോചം പോലെയുള്ള പ്രശ്‌നങ്ങളും സ്ത്രീകളിൽ കണ്ടുവരാറുണ്ട്. ഇത് പലരിലും കടുത്ത നിരാശയും മാനസികസംഘർഷവും ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറോട് തുറന്നുപറയാൻ മടിക്കരുത്. രക്തകുഴലുകൾ വികസിക്കാനുള്ള മരുന്നുകളോടൊപ്പം ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്താൻ ആവശ്യമായ മനശാസ്ത്ര ചികിത്സകളും പരിശീലനങ്ങളും ഇവർക്ക് ഏറെ പ്രയോജനം ചെയ്യും.

ലഹരിയിലേക്ക് വീഴരുത്

ലഹരിവസ്തുക്കളുടെ ഉപയോഗം പ്രമേഹം വഷളാകാൻ കാരണമാകുന്ന ഒരു വസ്തുതയാണ്. എന്നാൽ പല പ്രമേഹരോഗ ബാധിതരും ഉൽക്കണ്ഠയോ ഉറക്കക്കുറവോ ഉണ്ടാകുമ്പോൾ മദ്യപാനം, പുകവലി തുടങ്ങിയവ ശീലമാക്കുന്നതായി കണ്ടുവരുന്നു. എന്നാൽ ഇത്തരം ശീലങ്ങൾ പ്രമേഹം വഷളാക്കുന്നു. അതോടൊപ്പം തന്നെ വ്യക്തിയുടെ മാനസികനിലയും തകർക്കുന്നു. ഇക്കാരണം കൊണ്ടു തന്നെ പ്രമേഹ രോഗബാധിതർ ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതുണ്ട്.

പ്രമേഹവും വിഷാദരോഗവും

ദീർഘകാലം നീണ്ടുനിൽക്കുന്ന ഏത് ശാരീരിക ആരോഗ്യപ്രശ്‌നവും വിഷാദ രോഗത്തിനും കാരണമാകാം. ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രമേഹമുള്ളവരിൽ മൂന്നിലൊന്ന് പേർക്ക് വിഷാദരോഗം വരാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. താഴെപ്പറയുന്ന ഒൻപത് ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും തുടർച്ചയായി രണ്ടാഴ്ചക്കാലം നീണ്ടുനിന്നാൽ ആ വ്യക്തിക്ക് വിഷാദരോഗം ഉണ്ട് എന്ന് സംശയിക്കാം.

 1. രാവിലെ തൊട്ട് വൈകിട്ട് വരെ തുടർച്ചയായി നീണ്ടു നിൽക്കുന്ന സങ്കടഭാവം. അത് ഏതെങ്കിലും ഒരു സംഭവവുമായി അല്ലെങ്കിൽ ഒരു വ്യക്തിയുമായി മാത്രം ബന്ധപ്പെട്ട് ഉണ്ടാകുന്ന സങ്കടമല്ല. മറിച്ച് തുടർച്ചയായി നീണ്ടുനില്ക്കുന്ന പ്രത്യേകിച്ച് കാരണമില്ലാതെ തന്നെ സംഭവിക്കുന്ന സങ്കടമാണ്.
 2. മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താല്പര്യമില്ലായ്മ. പത്രം വായിക്കാനോ ടി.വി. കാണാനോ പാട്ട് കേൾക്കാനോ പുറത്തുപോകാനോ ലൈംഗികബന്ധത്തിലേർപ്പെടാൻ പോലും താൽപര്യമില്ലാത്ത അവസ്ഥ.
 3. ദീർഘനേരം ചിന്തയിൽ മുഴുകിയിരിക്കുന്ന അവസ്ഥ. ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാതെയിരിക്കുന്ന ഇവർ ഇടയ്ക്കിടെ സ്വന്തം അവസ്ഥയെക്കുറിച്ച് പരിതപിക്കുന്നതായും കാണാം. ‘ഒന്നും ശരിയാകില്ല’ എന്നമട്ടിൽ തെല്ലും ശുഭാപ്തി വിശ്വാസം ഇല്ലാത്ത മനോഭാവവും ഇവരിൽ പ്രകടമാകും. ഇതുമൂലം പലപ്പോഴും ചികിത്സ എടുക്കുന്നത് തന്നെ ഇവർ നിർത്താനും സാധ്യതയുണ്ട്.
 4. ഒരുപാട് സുഹൃത്തുക്കളും സാമൂഹ്യ ബന്ധങ്ങളും ഉണ്ടായിരുന്ന വ്യക്തിക്ക് പെട്ടെന്ന് ആരോടും സംസാരിക്കാൻ താല്പര്യം ഇല്ലാതെയാകുന്നു. ഒറ്റയ്ക്കിരിക്കാനും വീട്ടിൽ അതിഥികൾ വന്നാൽ പോലും മുഖം കൊടുക്കാതെയിരിക്കാനും ഇവർ ശ്രമിക്കുന്നു.
 5. ഇടയ്ക്കിടെ ഭയവിഹ്വലമായ മുഖഭാവം പ്രകടമായിരിക്കും. രോഗത്തെ കുറിച്ചുള്ള ആശങ്കകൾ ഇവരെ വേട്ടയാടും. ചിലപ്പോൾ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നതായും കാണാൻ കഴിയും.
 6. എന്ത് കണ്ടാലും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ. മക്കളുടെയോ പേരക്കുട്ടികളുടെയോ കളി കണ്ടാൽ പോലും നിർവികാര ഭാവമായിരിക്കും ഇവരുടേത്.
 7. ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗം കുറയും. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ ദീർഘനേരം എടുക്കുന്നു. എന്തെങ്കിലും കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാലും വളരെ പതിയെ മാത്രം ചെയ്യുന്ന സ്ഥിതി.
 8. ജീവിതം രക്ഷപ്പെടില്ല എന്ന് നിരാശ കലർന്ന മനോഭാവം. തന്നെ ആരും സഹായിക്കാൻ ഇല്ല, താൻ ഒറ്റപ്പെട്ടുപോയി എന്ന ചിന്തകൾ. പലപ്പോഴും അകാരണമായ കുറ്റബോധം ഇവരെ വേട്ടയാടാറുണ്ട്. വിഷാദം തീവ്രമാകുമ്പോൾ താനൊരു ഉപയോഗശൂന്യമാണ് അല്ലെങ്കിൽ തന്നെ കൊണ്ട് ബന്ധുക്കൾക്ക് ബുദ്ധിമുട്ടാണ് എന്നൊക്കെയുള്ള ചിന്തകൾ മനസ്സിൽ വേരുറയ്ക്കുന്നു.
 9. വിഷാദം ഏറ്റവും തീവ്രമാകുമ്പോൾ മരിക്കാനുള്ള ആഗ്രഹവും ആത്മഹത്യാപ്രവണതയും പ്രകടമാകുന്നു.
രോഗപ്രതിരോധശക്തി കുറയാനും പ്രമേഹം തീവ്രമാകാനും വിഷാദരോഗം വഴിവെക്കുന്നതായും കണ്ടുവരുന്നു. വിഷാദ രോഗബാധിതരായ പ്രമേഹരോഗികൾ ഭക്ഷണനിയന്ത്രണവും വ്യായാമവും ഒക്കെ ഉപേക്ഷിച്ച് ചികിത്സയോട് തീർത്തും നിസ്സഹകരിക്കുന്ന ഒരു അവസ്ഥയിലേക്ക് പലപ്പോഴും പോകാറുണ്ട്.

ബന്ധുക്കൾ ചെയ്യേണ്ടത്

പ്രമേഹരോഗം നിർണയിക്കപ്പെടുന്നതോടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കി ആവശ്യമായ മാനസിക പിന്തുണ കൊടുക്കേണ്ടത് ബന്ധുക്കളുടെ ഉത്തരവാദിത്വമാണ്. ചെറിയൊരു ജീവിതശൈലി ക്രമീകരണം ആവശ്യമുള്ള ഒരു പ്രശ്‌നം മാത്രമാണ് ഇത് എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി ആവശ്യമായ ജീവിതക്രമീകരണങ്ങളിലേക്ക് സ്‌നേഹപൂർവം നയിക്കുകയാണ് അഭികാമ്യം.

പ്രമേഹം ഉള്ളവരും ഇല്ലാത്തവരും ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിത ശൈലിയും ഒരുപോലെ പ്രാവർത്തികമാക്കുക. അതുവഴി പ്രമേഹബാധിതന് പ്രത്യേക നിയന്ത്രണമുണ്ടെന്ന അനാവശ്യ ചിന്ത വരാതെ നോക്കാൻ സാധിക്കും.

പ്രമേഹത്തിന് എന്തുകൊണ്ട് ജീവിതശൈലീ ക്രമീകരണങ്ങൾ അത്യാവശ്യമാണ് എന്ന കാര്യം രോഗബാധിതരെ വ്യക്തമായി ബോധ്യപ്പെടുത്താൻ ബന്ധുക്കൾ മുൻകൈയെടുക്കണം. ചികിത്സിക്കുന്ന ഡോക്ടറുടെ സഹായത്തോടെ കൃത്യമായ ആരോഗ്യവിദ്യാഭ്യാസം നൽകുക വഴി ആവശ്യമായ ജീവിതശൈലി ക്രമീകരണത്തിൽ പ്രമേഹ രോഗബാധിതനെ എത്തിക്കാൻ സാധിക്കും. ഇതോടൊപ്പം മാനസികസമ്മർദം നിയന്ത്രിക്കാനുള്ള പരിശീലനങ്ങളും നൽകുന്നത് അത്യാവശ്യമാണ്. മാനസികസമ്മർദം വർധിക്കുന്നത് പ്രമേഹം വഷളാകാൻ കാരണമാകുന്ന പ്രധാനപ്പെട്ട ഘടകമാണ്. ഇക്കാരണം കൊണ്ടുതന്നെ മാനസികസമ്മർദം നിയന്ത്രിക്കാനുള്ള ചിട്ടയായ പരിശീലനങ്ങൾ ശീലമാക്കുന്നത് പ്രമേഹ രോഗബാധിതർക്ക് ഏറെ ഗുണം ചെയ്യും. പ്രോഗ്രസീവ് മസിൽ റിലാക്‌സേഷൻ, ദീർഘ ശ്വസന വ്യായാമങ്ങൾ, മനോനിറവ് ധ്യാനം, മനോനിറവ് ശാരീരിക വ്യായാമങ്ങൾ, മനോനിറവ് അധിഷ്ഠിത ഭക്ഷണശീലം എന്നിവയൊക്കെ മാനസികസമ്മർദം ലഘൂകരിക്കാനും പ്രമേഹ സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗം പ്രൊഫസർ ആണ് ലേഖകൻ

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: diabetes and mental health, prioritizing mental health in diabetes care


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented