വൃഷണസഞ്ചിയിലേക്ക് വൃഷണങ്ങളിറങ്ങാത്ത അവസ്ഥ; പരിഹരിക്കാം നവജാതശിശുക്കളിലെ ക്രിപ്‌റ്റോർക്കിഡിസം


ക്യാപ്റ്റൻ ഡോ. ഉജ്ജ്വൽ സിങ് ത്രിവേദി  ബി.

Representative Image| Photo: Canva.com

ഭ്രൂണാവസ്ഥമുതൽ ജനനംവരെയുള്ള ഏത് ഘട്ടത്തിലും ജന്മവൈകല്യങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്. അത്രത്തോളം ഗുരുതരമല്ലാത്ത ജന്മവൈകല്യങ്ങളുമായി ജനിക്കുന്ന ശിശുക്കളെ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.

ആൺ നവജാതശിശുക്കളുടെ വൃഷണസഞ്ചിയിലേക്ക് വൃഷണങ്ങളിറങ്ങാത്ത അവസ്ഥയാണ് ക്രിപ്‌റ്റോർക്കിഡിസം (cryptorchidism). സാധാരണഗതിയിൽ പൂർണവളർച്ചയെത്തിയ ആൺ നവജാതശിശുവിന്റെ വൃഷണസഞ്ചിയിൽ വൃഷണങ്ങളെത്തിയിരിക്കും. എന്നാൽ, പൂർണവളർച്ചയെത്തിയ മൂന്നുശതമാനം കുഞ്ഞുങ്ങളിലും മാസം തികയാതെ ജനിച്ച 33 ശതമാനം കുഞ്ഞുങ്ങളിലും വൃഷണങ്ങൾ വൃഷണസഞ്ചിയിലേക്ക് ഇറങ്ങിയിട്ടുണ്ടാവില്ല. പൂർണവളർച്ചയെത്തി ജനിച്ച ശിശുക്കളിൽ, ജനിച്ച് ആറുമാസമായിട്ടും വൃഷണസഞ്ചിയിലേക്ക് വൃഷണങ്ങളെത്തിയില്ല എങ്കിൽ, ഈ കുഞ്ഞുങ്ങളിൽ പിന്നീട് വൃഷണങ്ങൾ താഴേക്കിറങ്ങിവരാനുള്ള സാധ്യത വിരളമാണ്.

ലിംഗഭേദമില്ലാത്ത അവസ്ഥയിലാണ് ഭ്രൂണം തുടക്കത്തിൽ കാണുന്നത്. ഭ്രൂണത്തിന് അഞ്ചുമുതൽ ഏഴ് ആഴ്ചവരെ വളർച്ചയെത്തുമ്പോഴേക്കും പുരുഷ ക്രോമസോമായ ‘വൈ’ ക്രോമസോമിന്റെ ‘എസ്.ആർ.വൈ.’ (Sex Determining Region ‘Y’) ജീനിന്റെ സ്വാധീനത്തിൽ വയറിനുള്ളിലെ അടിവശത്ത് വൃഷണങ്ങൾ രൂപമെടുക്കും. ഇവ ശിശു വളരുമ്പോൾ കാലക്രമേണ ഉദരത്തിന് താഴേക്കിറങ്ങി നാഭീദേശത്തുള്ള ഇൻഗ്വനൽ കനാൽ (inguinal canal) വഴി വൃഷണസഞ്ചിയുടെ താഴെയെത്തുന്നു.

മനുഷ്യശരീരത്തിലെ ഉയർന്ന ഊഷ്മാവായ 37 ഡിഗ്രി സെന്റിഗ്രേഡിൽ വൃഷണങ്ങൾക്ക് അവയുടെ പ്രധാന ധർമമായ ബീജോത്പാദനം നിർവഹിക്കാനാവില്ല. കൂടാതെ ഉയർന്ന താപനിലയിൽ വൃഷണങ്ങൾ ശോഷിച്ച് ചുരുങ്ങി ചെറുതാവുന്നു. വൃഷണസഞ്ചിയിലെ താഴ്ന്ന താപനില ഏകദേശം 34 ഡിഗ്രി സെന്റിഗ്രേഡിൽ ബീജോത്പാദനം സുഗമമാക്കുന്നതിനാണ് വൃഷണങ്ങൾ താഴേക്കിറങ്ങുന്നത്.

Also Read

പ്രമേഹരോ​ഗികൾ അരിയാഹാരം പൂർണമായും ഉപേക്ഷിക്കണാേ? ...

പ്രമേഹ മരുന്ന് തുടങ്ങിയാൽ നിർത്താൻ പറ്റുമോ? ...

മരുന്ന് കഴിച്ചിട്ടും  ജീവിതച്ചിട്ടകൾ പാലിച്ചിട്ടും ...

കുഞ്ഞിന്റെ തല സ്വാഭാവിക വലുപ്പത്തേക്കാൾ ...

​ഗർഭിണികൾ ഭക്ഷണം കഴിക്കേണ്ടത് എപ്രകാരം? ...

ബീജോത്പാദനം കൂടാതെ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ (Testosterone ) ഉത്പാദനവും വൃഷണങ്ങൾ നിർവഹിക്കുന്നു. പുരുഷ ശാരീരികപ്രകൃതത്തിന് ഈ ഹോർമോണിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

വൃഷണങ്ങളുടെ പ്രയാണം

ഉദരത്തിൽനിന്ന് വൃഷണസഞ്ചിയിലേക്കുള്ള വൃഷണങ്ങളുടെ പ്രയാണം പ്രധാനമായും രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. ആദ്യം ഉദരത്തിന്റെ അടിഭാഗത്തേക്കും പിന്നീട് നാഭീദേശത്തുള്ള ഇൻഗ്വനൽ കനാൽ വഴി വൃഷണസഞ്ചിയിലേക്കുമെത്തുന്നു. ഈ രണ്ട് ഘട്ടങ്ങളിലും വൃഷണങ്ങളുടെ സഞ്ചാരത്തിന് പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യം നിർണായകമാണ്.

താഴേക്കിറങ്ങാത്ത വൃഷണങ്ങളുള്ള ശിശുക്കളിൽ അതോടൊപ്പംതന്നെ മറ്റ് ജന്മവൈകല്യങ്ങളും കണ്ടേക്കാം. മൂത്രസഞ്ചി ഉദരത്തിന് പുറത്ത് കാണുന്ന ബ്ലാഡർ എക്സ്‌ട്രോഫി (Bladder exstrophy), മൂത്രനാളിയിലെ അപാകതയായ ഹൈപോസ്പാഡിയാസ് (Hypospadias), ഉദരത്തിലെ പേശികളുടെ ബലക്ഷയം കൊണ്ടുള്ള പ്രൂൺ ബല്ലി സിൻഡ്രോം (Prune belly syndrome), എക്‌സ്ഓംഫെലോസ് (Exomphalos), ഓംഫലോസീൽ (Omphalocele) തുടങ്ങിയവ ഇവയിൽ ചിലതാണ്.

ആരോഗ്യ പ്രശ്നങ്ങൾ

താഴേക്കിറങ്ങാത്ത വൃഷണങ്ങൾക്ക് ബീജോത്പാദനശേഷി നഷ്ടപ്പെടുന്നു. ഇതുകൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നു. ഇതിൽ പ്രധാനം വൃഷണത്തിലെ കാൻസറിന്റെ പ്രഭാവമാണ്. 30-40 വയസ്സാകുമ്പോഴേക്കും ഇവരിൽ വൃഷണ കാൻസറുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 30-35 ശതമാനം കൂടുതലാണ്. ഇതുകൂടാതെ ബീജവാഹിനി കുഴലുകളുടെ രക്തധമനികൾ ചുറ്റിപ്പിണഞ്ഞുള്ള ടോർഷൻ ടെസ്റ്റിസ് (Torsion Testes) ഉണ്ടായി വൃഷണങ്ങൾ രക്തസ്രാവം നിലച്ച് പ്രവർത്തനരഹിതമാകുന്നു. വൃഷണം താഴേക്കിറങ്ങാത്ത കുട്ടികളിൽ ഹെർണിയ കണ്ടുവരാറുണ്ട്. ഇതിന് ചികിത്സയ്ക്കും ശസ്ത്രക്രിയ വേണ്ടിവരുന്നു. വൃഷണസഞ്ചിക്ക് മുകളിലിരിക്കുന്ന വൃഷണത്തിന് അപകടങ്ങളിൽ ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലാണ്.

എങ്ങനെ തിരിച്ചറിയാം ?

കുഞ്ഞ് ജനിക്കുമ്പോൾ പ്രസവശുശ്രൂഷ നൽകുന്ന ഗൈനക്കോളജിസ്റ്റോ കുഞ്ഞിനെ പരിശോധിക്കുന്ന പീഡിയാട്രീഷ്യനോ ജന്മവൈകല്യങ്ങൾ പരിശോധിച്ച്‌ കണ്ടെത്തും. കൂടാതെ കുഞ്ഞ് വീട്ടിലെത്തുമ്പോൾ മുതിർന്നവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇങ്ങനെ വൃഷണങ്ങൾ താഴേക്ക് വൃഷണസഞ്ചിയിലെത്താത്ത കുഞ്ഞുങ്ങളെ നിരീക്ഷണത്തിനും തുടർചികിത്സയ്ക്കുമായി പീഡിയാട്രിക് സർജനെ സമീപിക്കുന്നു.

സാധാരണനിലയിൽ നാഭീദേശംമുതൽ വൃഷണസഞ്ചിവരെയുള്ള ഭാഗങ്ങളിൽ എവിടെയെങ്കിലും തങ്ങിനിൽക്കുന്ന വൃഷണങ്ങൾ പരിശോധനയിൽ കണ്ടെത്താം. എന്നാൽ, ഉദരത്തിനുള്ളിലുള്ള വൃഷണങ്ങളെയും ശോഷിച്ച്‌ വലുപ്പംകുറഞ്ഞ വൃഷണങ്ങളെയും സാധാരണ പരിശോധനയിൽ കണ്ടെത്താനാവില്ല. ഹൈ ഫ്രീക്വൻസി അൾട്രാസൗണ്ട് സ്കാൻ ഉപയോഗിച്ച് ഇത്തരം വൃഷണങ്ങളെ കണ്ടെത്താം. ഈ പരിശോധന ചെലവുകുറഞ്ഞതും പാർശ്വഫലങ്ങളില്ലാത്തതുമാണ്. ഇതിലും കണ്ടെത്താനായില്ലെങ്കിൽ ലാപ്രോസ്കോപ്പിചെയ്ത് വൃഷണങ്ങളുണ്ടോയെന്ന് നേരിട്ട് പരിശോധിച്ചുനോക്കാവുന്നതാണ്. വൃഷണങ്ങൾ രൂപപ്പെട്ടിട്ടില്ലാത്ത അനോർക്കിയ (Anorchia) എന്ന അവസ്ഥയും തിരിച്ചറിയാം. സി.ടി. സ്കാൻ, എം.ആർ.ഐ. സ്കാൻ തുടങ്ങിയ പരിശോധനകൾ ചെയ്ത് വൃഷണങ്ങളെ കണ്ടെത്തേണ്ട ആവശ്യമില്ല.

ചില സന്ദർഭങ്ങളിൽ കുട്ടികളിൽ താഴേക്കിറങ്ങിയ വൃഷണങ്ങൾ ഇടയ്ക്ക് മുകളിലേക്കു കയറിയിരിക്കുന്നതും പിന്നീട് താഴേക്കിറങ്ങിവരുന്നതും കാണാം. ഇതിനെ റിട്രാക്റ്റയിൽ ടെസ്റ്റിക്കിൾ (Retractile testicle) എന്നുപറയുന്നു. ഇതിനെ ക്രിപ്‌റ്റോർക്കിഡിസത്തിൽനിന്ന്‌ വേർതിരിച്ചുകാണേണ്ടതുണ്ട്. താപനിലയിലുള്ള വ്യതിയാനവും ബീജവാഹിനിക്കുഴലിനുചുറ്റുമുള്ള ക്രിമാസ്റ്റർ മസിലിന്റെ (Cremaster muscle) പ്രവർത്തനവുമാണ് ഇതിനുകാരണം. ഇത്തരം കുഞ്ഞുങ്ങളെ ചൂടുവെള്ളത്തിൽ കുളിപ്പിക്കുമ്പോൾ വൃഷണങ്ങൾ താഴേക്കുവന്ന് വൃഷണസഞ്ചിയിലേക്കെത്തുന്നത് കാണാം.

എപ്പോഴാണ് ചികിത്സ തുടങ്ങേണ്ടത്?

കുഞ്ഞിന് നാലുമാസം പ്രായമായിട്ടും വൃഷണങ്ങൾ യഥാസ്ഥാനത്ത് എത്തിയില്ലെങ്കിൽ ബീജോത്പാദനത്തിന്റെ പ്രാഥമികകോശങ്ങളായ സ്പെർമറ്റോസോവയുടെ (Spermatozoa) പ്രവർത്തനം നിലച്ചുതുടങ്ങുന്നു. ആറുമാസമായിട്ടും വൃഷണങ്ങൾ താഴേക്കുവന്നില്ലെങ്കിൽ പിന്നെ വൃഷണങ്ങൾ താഴേക്കിറങ്ങാനുള്ള സാധ്യത വിരളമായതിനാൽ ചികിത്സ വേണ്ടിവരും. കുഞ്ഞിന് ഒരുവയസ്സാകുംമുൻപ്‌ ചികിത്സിക്കുന്നതാണ് ഉത്തമം.

ചികിത്സാരീതികൾ

ചികിത്സാരീതികൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്: ഹോർമോൺ ചികിത്സയും ശസ്ത്രക്രിയയും.

ഹോർമോൺ ചികിത്സ: ഹ്യൂമൻ കോറിയോണിക് ഗൊണാഡോട്രോപ്പിൻ (Human Chorionic Gonadotropin-HCG) എന്ന ഹോർമോൺ കുത്തിവെപ്പ്‌ ചികിത്സയാണിത്. താഴേക്കുവരുന്ന വൃഷണങ്ങളെ വൃഷണസഞ്ചിയിൽ ഉറപ്പിച്ചില്ലെങ്കിൽ അവ വീണ്ടും മുകളിലേക്കുപോകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ ചികിത്സാരീതി സമ്പൂർണമല്ല. കൂടാതെ ഈ ചികിത്സ ശസ്ത്രക്രിയക്ക്‌ പകരവുമല്ലാത്തതിനാൽ നിലവിൽ കാര്യമായ പ്രചാരത്തിലില്ല.

ശസ്ത്രക്രിയ: ശസ്ത്രക്രിയവഴി വൃഷണങ്ങളെ താഴെയെത്തിച്ച് വൃഷണസഞ്ചിയുടെ അടിയിൽ ഉറപ്പിക്കുന്ന ഓർക്കിയോപെക്സി (Orchiopexy) ആണ് പ്രധാന ചികിത്സാരീതി. ശസ്ത്രക്രിയ രണ്ടുവിധമുണ്ട്. നാഭീദേശം തുറന്നുള്ള ശസ്ത്രക്രിയയും (Open Orchiopexy) ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയും. പീഡിയാട്രിക് സർജനാണ് ഈ ശസ്ത്രക്രിയകൾ ചെയ്യുന്നത്. നാഭീദേശത്തും ഇൻഗൗനൽ കനാലിലുമുള്ള വൃഷണങ്ങളെ തുറന്നുള്ള ശസ്ത്രക്രിയയും ഉദരത്തിലിരിക്കുന്ന വൃഷണങ്ങളെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയും ചെയ്യുന്നു.

ശസ്ത്രക്രിയ കഴിഞ്ഞാൽ

ശസ്ത്രക്രിയക്കുശേഷം വൃഷണങ്ങൾ കുഞ്ഞിന്റെ വൃഷണസഞ്ചിയുടെ താഴെത്തന്നെ ഉണ്ടോയെന്നും കുഞ്ഞ് വളരുന്നതനുസരിച്ച് വൃഷണത്തിന്റെ വലുപ്പം വർധിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കണം. ശസ്ത്രക്രിയക്കുശേഷം മൂന്നാം മാസത്തിലും ആറാം മാസത്തിലും ഒരുവയസ്സിലും പിന്നീട് വർഷത്തിലൊരിക്കൽ മൂന്നുവയസ്സുവരെയും പരിശോധന നടത്തണം.

ചികിത്സാഫലങ്ങൾ

വൃഷണം ഒരുവശത്തുമാത്രം ഇറങ്ങാത്ത അവസ്ഥയുള്ളവരിൽ ശസ്ത്രക്രിയക്കുശേഷം, പ്രായപൂർത്തിയാകുമ്പോൾ ബീജോത്പാദനത്തിലും പ്രത്യുത്പാദനശേഷിയിലും മറ്റ് തകരാറുകൾ ഉണ്ടാകാറില്ല. എന്നാൽ, രണ്ടുവൃഷണങ്ങളും ശസ്ത്രക്രിയക്കു വിധേയമായവരിൽ ചിലരിൽ പിന്നീടുള്ള ബീജോത്പാദനത്തിലും പ്രത്യുത്പാദനശേഷിയിലും ഗണ്യമായ അപാകങ്ങൾ കാണാറുണ്ട്. അതിനാൽ ഈ കുഞ്ഞുങ്ങൾ വളർന്ന് പ്രായപൂർത്തിയാകുമ്പോൾ ശുക്ലപരിശോധന ചെയ്യുന്നത് നന്നായിരിക്കും.

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ശിശുശസ്ത്രക്രിയാവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: cryptorchidism symptoms diagnosis and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented