Representative Image
ശസ്ത്രക്രിയാശാസ്ത്രരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ ഒരു സര്‍ജനെന്ന നിലയില്‍ എന്റെയും സുവര്‍ണ ജൂബിലി വര്‍ഷമാണിത്. അതുകൊണ്ട് ഈ രംഗത്തെ പ്രകടമായ മാറ്റങ്ങള്‍ നോക്കിക്കാണുവാന്‍ എനിക്ക് പ്രയാസമില്ല. സര്‍ജറി എന്ന സ്പെഷ്യാലിറ്റിയുടെ വികാസ പരിണാമഘട്ടങ്ങളും അന്ന് നേരിടേണ്ടിവന്ന വെല്ലുവിളികളായ ശസ്ത്രക്രിയയുടെ വേദന, അണുബാധ, രക്തസ്രാവം എന്നിവയൊക്കെ എങ്ങനെ തരണം ചെയ്തു എന്ന കാര്യങ്ങളൊന്നും ഈ ലേഖനത്തില്‍ പരാമര്‍ശ വിഷയമല്ല. തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ സങ്കല്പങ്ങള്ക്കും ചിന്തയ്ക്കും അതീതമായ പരിണാമങ്ങള്‍ അരനൂറ്റാണ്ടില്‍ സംഭവിച്ചു എന്നുള്ളതാണ് യാഥാര്‍ഥ്യം. മുന്‍പുള്ള അമ്പതുവര്‍ഷം ശസ്ത്രക്രിയാരംഗത്തിന്റെ വസന്തകാലഘട്ടമാണെന്ന് നിസ്സംശയം പറയാം.
കൃത്യമായ രോഗനിര്‍ണയം
എഴുപതുകളില്‍ ഞാന്‍ ശസ്ത്രക്രിയാവിഭാഗത്തില്‍ ചേരുമ്പോള്‍ ക്ലിനിക്കല്‍ പരിശോധനയായിരുന്നു രോഗനിര്‍ണയത്തിനുള്ള പ്രധാനമാര്‍ഗം. പിന്നെയുണ്ടായിരുന്നത് എക്സ്റേ, ബേരിയംമീല്, ബേരിയം എനീമ എന്നിവയും ചില റിജിഡ് എന്ഡോസ്കോപ്പുകളുമാണ് (Rigid Endoscope). ഇന്ന് കാണുന്ന സാങ്കേതികവിദ്യകളിലുള്ള അള്‍ട്രാസൗണ്ട്, സി.ടി. സ്കാന്‍, എം.ആര്.ഐ. (MRI), ഫൈബര്‍ ഓപ്റ്റിക് അധിഷ്ഠിതമായ സ്കോപ്പുകള്‍ (Fiber Optic Scope) എന്നിവ ഒന്നും ഇല്ലായിരുന്നു. 'Look, Feel, Listen'രോഗിയുടെ വിവരങ്ങള്‍ ശ്രദ്ധിച്ച് കേട്ടശേഷംനോക്കുക, സ്പര്‍ശിക്കുക, കേള്‍ക്കുക (സ്റ്റെതസ്കോപ്പിന്റെ സഹായത്താല്‍) ഇത്രയുമായിരുന്നു പ്രധാന രോഗനിര്‍ണയോപാധികള്‍. പലപ്പോഴും ശസ്ത്രക്രിയയ്ക്കുമുന്പ് വ്യക്തമായ ഒരു രോഗനിര്‍ണയം സാധ്യമായിരുന്നില്ല. അന്ന് ഒരു പ്രമാണവാക്യം ഉണ്ടായിരുന്നു പ്രത്യേകിച്ച് വയറിലെ മാറാ വേദനകള്‍ക്ക് 'When in doubt open and see'. സംശയം ഉള്ളപ്പോള്‍ സമയം കളയാതെ വയറു തുറന്നുനോക്കുക. ഇങ്ങനെ ചെയ്യുന്നതിനെ എക്സ്പ്ളറേറ്ററി ലാപ്പറോട്ടമി (Exploratory Laparotomy) എന്ന് പറയും. ഇന്ന് രോഗനിര്‍ണയം കൃത്യമായി ചെയ്യാതെയുള്ള ശസ്ത്രക്രിയ ചില അത്യാഹിതങ്ങളിലും അപകടങ്ങളിലും ജീവന് രക്ഷിക്കാന്‍ മാത്രമേ ചെയ്യാറുള്ളൂ.
രോഗനിര്‍ണയത്തിന് സഹായിച്ച ആധുനിക സാങ്കേതികവിദ്യകളാണ് അള്‍ട്രാ സൗണ്ട് പരിശോധന, സി.ടി. സ്കാന്‍, എം.ആര്.ഐ. (MRI), ഫൈബര്‍ ഓപ്റ്റിക് എന്‍ഡോസ്കോപ്പി, പെറ്റ് സി.ടി. (PET CT), ഡോപ്ലര്‍, ഡ്യൂപ്ലക്സ് സ്കാന്‍, സി.ടി. ആഞ്ചിയോഗ്രാം, മാമ്മോഗ്രാം മുതലായവ. അള്‍ട്രാ സൗണ്ട് പരിശോധനയെ ക്ലിനിക്കല്‍ പരിശോധനയുടെ തുടര്‍ച്ചയായി കണക്കാക്കാം. (Extension of Clinical Exam). അള്‍ട്രാ സൗണ്ടിന്റെ ഒരു പ്രത്യേകത റേഡിയേഷന് കൂടാതെ എത്രനേരം വേണമെങ്കിലും ശരീരഭാഗങ്ങള്‍ പരിശോധിക്കാമെന്നുള്ളതാണ്. സൗണ്ട് നാവിഗേഷന്‍ ആന്‍ഡ് റേഞ്ചിങ് (Sonar) എന്ന കപ്പല്‍ നാവിഗേഷന്‍ വിദ്യയുടെ പരിഷ്കരിച്ച രൂപമാണ് അള്‍ട്രാ സൗണ്ട്. വളരെ ലളിതമായിട്ടുള്ളതും ചെലവ് കുറഞ്ഞതുമായ ഒരു പരിശോധനാ രീതിയാണിത്. ശരീരത്തിന്റെ ഏത് ഭാഗത്തുള്ള മുഴകളും നീര്‍ക്കെട്ടുകളും ഒക്കെ കണ്ടുപിടിക്കാനും വ്യക്തത വരുത്താനും അള്‍ട്രാസൗണ്ടിന് സാധിക്കും. കൂടുതല്‍ വ്യക്തത വരുത്താന്‍ ഇത് കൂടാതെ സി.ടി. സ്കാന്‍, എം.ആര്.ഐ. സ്കാന്‍, പെറ്റ് സ്കാന്‍ (PET Scan) എന്നിവയൊക്കെ ചെയ്യേണ്ടി വരാം. സ്തനത്തിലെ മുഴകള്‍ കണ്ടുപിടിക്കാന്‍ മാമ്മോഗ്രാം, സോണോ മാമ്മോഗ്രാം എന്നീ പരിശോധനകള്‍ കേരളത്തില്‍ എല്ലായിടത്തും ലഭ്യമാണ്. കൂടാതെ രക്തക്കുഴലുകളുടെ അസുഖങ്ങള്‍ കണ്ടുപിടിക്കാന്‍ ഡോപ്ലര്‍, ഡ്യൂപ്ലക്സ് (Doppler, Duplex Scan) എന്നീ പരിശോധനാ രീതികള്‍ വന്നു. എന്ത് ശസ്ത്രക്രിയയാണ് ചെയ്യാന്‍ പോകുന്നത് എന്ന് രോഗിക്കും സര്‍ജനും മുന്‍കൂട്ടി അറിഞ്ഞ് പ്ലാന്‍ ചെയ്യാന്‍ ഇന്ന് സാധിക്കുന്നു.
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ശസ്ത്രക്രിയാ രംഗത്ത് സംഭവിച്ച മാറ്റങ്ങളും നൂതന ശസ്ത്രക്രിയാരീതികളും എന്തൊക്കെയെന്ന് വിശദമായി അറിയാം....
വായിക്കൂ, മാതൃഭൂമി ആരോഗ്യമാസിക ജൂണ്‍ ലക്കം ഇപ്പോള്‍ വിപണിയില്‍.... ഈ ലക്കം രണ്ട് പുസ്തകങ്ങള്‍... വിലയില്‍ മാറ്റമില്ല...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..