Representative Image | Photo: Gettyimages.in
കൈയിലെ മീഡിയൻ നാഡി ഞെരുങ്ങുന്നതുമൂലമുള്ള പ്രശ്നമാണ് കാർപൽ ടണൽ സിൻഡ്രോം. കൈയിലെ വിരലുകൾക്ക് പ്രത്യേകിച്ച് തള്ളവിരലിനും ചൂണ്ടുവിരലിനും നടുവിരലിനും അനുഭവപ്പെടുന്ന തരിപ്പും മരവിപ്പുമാണ് കാർപണൽ ടണൽ സിൻഡ്രോമിന്റെ പ്രധാന ലക്ഷണം. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയാണ് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പദ്മകുമാർ.
ചോദ്യം
എനിക്ക് 33 വയസ്സുണ്ട്. അടുത്തിടെ ഇടത് കൈക്കുഴയിലും വിരലിലും കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കണ്ടു. മീഡിയൻ നാഡി ഞെരുങ്ങുന്നതുമൂലമാണ് ഇതുണ്ടാകുന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്. മരുന്ന് കഴിച്ചിട്ട് മാറുന്നില്ലെങ്കിൽ ഇൻഞ്ചെക്ഷനും ശസ്ത്രക്രിയയുമാണ് പ്രതിവിധിയെന്നും പറഞ്ഞു. ടൂവീലർ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. ഓഫീസിൽ കമ്പ്യൂട്ടർ ഉപയോഗവുമുണ്ട്. സ്പോണ്ടിലോസിസ് പ്രശ്നം ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. അതും ഇടത് കൈയിലും ചുമലിലും ആണ് ഉണ്ടാകാറുള്ളത്. അമിതഭാരമുണ്ട്. ഉയരം 162 സെന്റിമീറ്റർ. ഭാരം 88 കിലോഗ്രാം.
നീന കോഴിക്കോട്
Also Read
ഉത്തരം
പുതിയ ജീവിതരീതികളും മാറുന്ന തൊഴിൽസാഹചര്യങ്ങളും സമ്മാനിച്ച ആരോഗ്യ പ്രശ്നങ്ങളാണ് താങ്കളുടേത്. കത്തിൽ സൂചിപ്പിച്ചതുപോലെ കൈയിലെ മീഡിയൻ നാഡി ഞെരുങ്ങുന്നതുമൂലമുള്ള പ്രശ്നം(കാർപൽ ടണൽ സിൻഡ്രോം) ദീർഘനേരം കംപ്യൂട്ടർ ഉപയോഗിക്കുന്നവരിൽ കൂടുതലായി കാണുന്നു. ശരീരഭാരം കുറയ്ക്കുകയും കംപ്യൂട്ടർ ഉപയോഗത്തിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ താങ്കളുടെ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും.
കൈയിലെ വിരലുകൾക്ക് പ്രത്യേകിച്ച് തള്ളവിരലിനും ചൂണ്ടുവിരലിനും നടുവിരലിനും അനുഭവപ്പെടുന്ന തരിപ്പും മരവിപ്പുമാണ് കാർപൽ ടണൽ സിൻഡ്രോമിന്റെ പ്രധാന ലക്ഷണങ്ങൾ. ഒപ്പം കൈപ്പത്തിക്ക് അസഹ്യമായ വേദനയുമുണ്ടാകും. രാത്രിയിൽ അധികമാകുന്ന ലക്ഷണങ്ങൾ ഡ്രൈവ് ചെയ്യുമ്പോഴും ഫോണോ ന്യൂസ്പേപ്പറോ ഒക്കെ ഏറെ നേരം കൈയിൽ പിടിക്കുമ്പോഴും കൂടാറുണ്ട്. കൈകുടയുമ്പോൾ ഈ ലക്ഷണങ്ങൾക്ക് താൽക്കാലികമായ ആശ്വാസം ലഭിക്കും.
കൈയിലെ ചെറിയ വിരൽ ഒഴികെയുള്ള മറ്റ് നാലു നിരലുകളിലേക്കുമുള്ള സംവേദനങ്ങളും പേശികളുടെ പ്രവർത്തനവും നിയന്ത്രിക്കുന്നത് മീഡിയൻ നാഡിയാണ്. കൈയിലെ മണിബന്ധത്തിനടുത്തുള്ള ഇടുങ്ങിയ വഴിയിലൂടെയാണ് മീഡിയൻ നാഡി കൈപ്പത്തിയിലെത്തുന്നത്. ഈ സഞ്ചാരവഴിയിൽ എവിടെയെങ്കിലും വച്ച് മീഡിയൻ നാഡി ഞെരുങ്ങുമ്പോഴാണ് കൈയിലെ അസ്വസ്ഥകളുണ്ടാകുന്നത്. രോഗം പുരോഗമിക്കുമ്പോൾ പേശികൾക്ക് ബലക്ഷയവും കൈവിരലുകൾക്ക് ചലനശേഷിക്കുറവും ഉണ്ടാകാം. കാർപൽ ടണൽ എന്നുവിളിക്കുന്ന സഞ്ചാരപാത കൂടുതൽ ഇടുങ്ങിയതിനാൽ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.
പലകാരണങ്ങൾ കൊണ്ടും മീഡിയൻ നാഡിയുടെ പാത ഇടുങ്ങിയതാകാം. റുമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള സന്ധിവാതരോഗങ്ങൾ, മണിബന്ധത്തിനുണ്ടാകുന്ന പരിക്കുകൾ, തൈറോയ്ഡ് തകരാറുകൾ, പ്രമേഹം, വൃക്കത്തകരാറുകൾ, ആർത്തവവിരാമം തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ ഈ പ്രശ്നമുണ്ടാകാം. അമിതവണ്ണമുള്ളവരിൽ കാർപൽ ടണൽ സിൻഡ്രോം കൂടുതലായി കണ്ടുവരുന്നു. 162 സെന്റിമീറ്റർ ഉയരമുള്ള താങ്കളുടെ അനുയോജ്യമായ ശരീരഭാരം 62 കിലോഗ്രാമാണ് എന്ന് ഓർക്കുക. കൃത്യമായി വ്യായാമം ചെയ്തും ഭക്ഷണം ക്രമീകരിച്ചും ശരീരഭാരം അനുയോജ്യമാക്കണം.
രാത്രിയിൽ കിടക്കുമ്പോൾ റിസ്റ്റ് ബ്രേസ് ധരിക്കുന്നത് ആശ്വാസം നൽകും. അതോടൊപ്പം ഫിസിയോ തെറാപ്പിസ്റ്റിനെ സമീപിച്ച് അൾട്രാസൗണ്ട് ചികിത്സയും ചെയ്യാം. ചില ലഘുവായ വ്യായാമങ്ങളും ആശ്വാസം തരും. കൈനീട്ടി കൈപ്പത്തി പരമാവധി പിന്നോട്ട് വളയ്ക്കുക. മറ്റേകൈകൊണ്ട് വിരലുകളിൽ പിടിച്ച് പിറകിലോട്ട് സ്ട്രെച്ച് ചെയ്യുക. രണ്ട് കൈയിലും മാറിമാറി ചെയ്യാവുന്നതാണ്. കൈ അയച്ചിട്ട് കുടയുന്നതും കട്ടിലിന് പുറത്തേക്ക് കൈ തൂക്കിയിട്ട് കിടക്കുന്നതും ആശ്വാസം നൽകും.
ദിവസവും പതലതവണ ഐസ് വെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കൈ പത്തുമിനിറ്റ് വീതം മാറി മുക്കിവെക്കാം. വേദനസംഹാരികളും സ്റ്റിറോയ്ഡ് ഇൻജെക്ഷനും ഒരുപരിധിവരെ ഗുണം ചെയ്യും. ഇതുകൊണ്ടൊന്നും രോഗലക്ഷണങ്ങൾക്ക് ആശ്വാസമില്ലെങ്കിൽ സീ കംപ്രഷൻ സർജറി എന്ന ലഘുശസ്ത്രക്രിയവഴി മീഡിയൻ നാഡിയുടെ ഞെരുക്കം കുറയ്ക്കേണ്ടിവരും.
കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ പരമാവധി എല്ലാ വിരലുകളിലും ഉപയോഗിച്ച്കൊണ്ട് ടൈപ്പ് ചെയ്യണം. കംപ്യൂട്ടർ സ്ക്രീനിന്റെ മുകൾഭാഗം കണ്ണിന് നേരെ വരുന്ന രീതിയിൽ ക്രമീകരിക്കണം. കൈമുട്ട് 90 ഡിഗ്രി മടക്കിവെക്കുമ്പോൾ കൈത്തണ്ടയ്ക്ക് സമാന്തരമായി വേണം കീബോർഡിന്റെ സ്ഥാനം. കീബോർഡും മൗസും അടുത്തടുത്ത് ഒരേ ഉയരത്തിൽ വെക്കണം. ടൈപ്പ് ചെയ്യുമ്പോൾ മണിബന്ധം(റിസ്ക് ജോയിന്റ്) നേരെയായിരിക്കണം. നട്ടെല്ല് നിവർന്ന് കഴുത്ത്, തല എന്നിവ നട്ടെല്ലിന് നേരെ മുകളിലായി വരുന്ന തരത്തിലായിരിക്കണം ഇരിക്കേണ്ടത്. ഇത്തരം ക്രമീകരണങ്ങളിലൂടെ ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ മാത്രം ശസ്ത്രക്രിയ പരിഗണിച്ചാൽ മതിയാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..