Representative Image| Photo: Mathrubhumi
കാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല പാചകരീതികളിലും ചില മാറ്റങ്ങൾ ആവശ്യമാണ്. അവയേക്കുറിച്ച് അറിയാം.
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമോ?
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നാരുകൾ, ഫൈറ്റോന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ കാൻസറുൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഇവയിലടങ്ങിയിരിക്കുന്ന പ്രീബയോട്ടിക്കുകൾ ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ കാൻസറുകൾ (വയറിലും കുടലിലും) പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
40 ഗ്രാം നാരുകൾ ലഭ്യമാവുന്ന ഭക്ഷണം ഒരു ദിവസം ഒരാൾ കഴിക്കണമെന്നാണ് ഐ.സി.എം.ആർ. നിർദേശിക്കുന്നത്. ശരീരത്തിന്റെ ഈ ആവശ്യകത ഉറപ്പുവരുത്താനുള്ള സ്വാഭാവികസ്രോതസ്സാണ് പഴങ്ങളും പച്ചക്കറികളും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും നാരുകൾ സഹായിക്കുന്നു. നല്ല ബാക്ടീരിയകൾ ആഹാരത്തിലൂടെ വരുന്ന രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നവരാണ്. അതുവഴി എച്ച്. പൈലോറി പോലെയുള്ള ബാക്ടീരിയകളുണ്ടാക്കുന്ന കാൻസറുകൾ പ്രതിരോധിക്കാൻ സാധിക്കുന്നു.
Also Read
കാൻസർ സാധ്യത കുറയ്ക്കാൻ പാചകരീതികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
അധിക അളവിൽ ഊഷ്മാവ് വേണ്ടിവരുന്ന പാചകരീതികൾ (ബാർബിക്യു, ഗ്രില്ലിങ്) എന്നിവ കാൻസർ സാധ്യത കൂട്ടുന്നതായി പഠനങ്ങളുണ്ട്.
കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ നഷ്ടപ്പെടാതെയുള്ള പാചകരീതികൾ (തിളപ്പിക്കൽ, ആവിയിൽ വേവിക്കൽ എന്നിവ) പരോക്ഷമായി കാൻസർ സാധ്യത കുറയ്ക്കുന്നു. ഈ പാചകരീതി വെള്ളത്തിലലിയുന്നതും താപനിലയോട് സെൻസിറ്റീവായതുമായ വിറ്റാമിൻ സി പോലെയുള്ള പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്നു.
ആരോഗ്യപ്രദമായ പാചകരീതിയുടെ ലക്ഷ്യംതന്നെ പോഷകങ്ങൾ നഷ്ടപ്പെടാതെ എളുപ്പം ദഹിക്കുക എന്നതാണ്. ഉയർന്നതും വരണ്ടതുമായ ചൂടുപയോഗിക്കുമ്പോൾ (പുകച്ചതും കരിച്ചതുമായ രീതികൾ) രുചി മാത്രമായിപ്പോകും പാചകരീതിയുടെ ലക്ഷ്യം. അതൊരിക്കലും ആരോഗ്യപ്രദമാവുകയില്ല.
മിഥ്യാധാരണകൾ ഭക്ഷണ രീതികളെ താളം തെറ്റിക്കുന്നുണ്ടോ?
മുള്ളാത്ത, ലക്ഷ്മിതരു എന്നിവ കാൻസറിനെ പ്രതിരോധിക്കും എന്ന ധാരണ സമൂഹത്തിലുണ്ട്. ഇത് തെറ്റാണെന്നു തിരിച്ചറിയണം. എന്നാൽ ശരിയായ ആഹാരരീതി തിരഞ്ഞെടുക്കുന്നത് കാൻസറിനെ അതിജീവിക്കാൻ രോഗിയെ സഹായിക്കും.
ചെറുപയർ, സോയ, വൻപയർ, കടല, മുതിര എന്നീ പയറുവർഗങ്ങൾ, മീൻ, മുട്ട, ഇറച്ചി എന്നിവ ആഹാരത്തിലുൾപ്പെടുത്തണം. ചികിത്സയോടനുബന്ധിച്ച പാർശ്വഫലങ്ങളെ അതിജീവിക്കാൻ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പച്ചക്കറികളും ഇലക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. കുറഞ്ഞത് എട്ട്-പത്ത് ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് നിർജലീകരണം അകറ്റാൻ സഹായിക്കുന്നു.
കാൻസർ ചികിത്സയിലുള്ളവരുടെ ഭക്ഷണം എപ്രകാരമായിരിക്കണം?
കാൻസർ ചികിത്സ ചെയ്യുന്ന രോഗികളുടെ ഭക്ഷണം പ്രധാനമായും മൂന്നുകാര്യങ്ങൾ ആശ്രയിച്ചാണ് ക്രമീകരിക്കേണ്ടത്. അതിൽ പ്രധാനപ്പെട്ടത് രോഗിയുടെ വിവരങ്ങളാണ്. വ്യക്തിയുടെ പ്രായം, ലിംഗം, ഇഷ്ടാനിഷ്ടങ്ങൾ എന്നിവ. രണ്ടാമത് എവിടെയാണ് രോഗം എന്നത് പരിഗണിക്കണം. മൂന്നാമത്തെത് ചികിത്സ (സർജറി/ കീമോതെറാപ്പി/ റേഡിയേഷൻ തെറാപ്പി). ഇവ മൂന്നും കൃത്യമായറിഞ്ഞ് ഭക്ഷണക്രമീകരണം നടത്തിയാൽ മാത്രമേ രോഗത്തെ അതിജീവിക്കാനാവൂ.
കാൻസർ ബാധിതർ പ്രോട്ടീനുകൾക്ക് പ്രാധാന്യമുള്ള സമീകൃതാഹാരം ശീലിക്കണം. മാംസ്യം, അന്നജം, കൊഴുപ്പ്, മറ്റ് ധാതുലവണങ്ങൾ ഇവയെല്ലാം നിശ്ചിത അളവിൽ ലഭ്യമാകുന്ന ആഹാരമാണ് പോഷകാഹാരം. പ്രോട്ടീനുകൾ സാധാരണ വ്യക്തികളിൽനിന്ന് അധികമായി 1.5-2 ഗ്രാം/ കിലോഗ്രാം എന്ന അളവിൽ കാൻസർ ബാധിതർക്ക് ആവശ്യമുണ്ട്.
കാൻസറിനെ അതിജീവിച്ചവർ തുടരേണ്ട ഭക്ഷണരീതികൾ എന്തൊക്കെ?
ഓരോ പ്രദേശത്തും ലഭ്യമായ ഭക്ഷ്യവിഭവങ്ങൾ ആഹാരത്തിലുൾപ്പെടുത്തുക. ഉദാഹരണത്തിന് പഴങ്ങളിൽ ചക്ക, മാങ്ങ, ചാമ്പയ്ക്ക, പേരയ്ക്ക എന്നിവ കേരളത്തിൽ സുലഭമായി ലഭിക്കുന്നവയാണ്. എന്നാൽ ആപ്പിൾ, ഓറഞ്ച് എന്നിവ നമുക്ക് പൊതുവേ നമുക്ക് പ്രാദേശികമായി ലഭിക്കുന്നവയല്ല.
കാലാവസ്ഥയ്ക്കനുയോജ്യമായ ഭക്ഷ്യവിഭവങ്ങൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ഏത് പഴമാണോ ആ കാലാവസ്ഥയിൽ ഉണ്ടാകുന്നത് അതുപയോഗിക്കുക. അല്ലാതെ അന്യരാജ്യങ്ങളിൽനിന്നുള്ള, കാലാവസ്ഥയ്ക്കനുയോജ്യമല്ലാത്തവ ഒഴിവാക്കുക.
ഓരോ വ്യക്തിയുടെയും കായികാധ്വാനത്തിനനുസരിച്ച് ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. അതിലൂടെ ശരിയായ ശരീരഭാരം ക്രമീകരിക്കുക. ഭക്ഷണത്തിൽ നാരുകൾ (ഇലവർഗങ്ങൾ), ഒമേഗ 3 ഫാറ്റി ആസിഡ് (മത്സ്യം), ആന്റിഓക്സിഡന്റ് (പഴവർഗങ്ങൾ), പ്രോ ബയോട്ടിക് (യോഗർട്ട്) എന്നിവ ഉൾപ്പെടുത്തുക.
കാൻസർ പ്രതിരോധത്തിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ എന്തൊക്കെ?
- സംസ്കരിച്ച മാംസം, കൊഴുപ്പ്, മധുരം, ഉപ്പ് അധികമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
- പുകച്ചതും ചുട്ടെടുക്കുന്നതുമായ പാചകരീതികളിലൂടെ തയ്യാറാക്കിയ മാംസാഹാരങ്ങൾ ഒഴിവാക്കുക.
- മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ആഹാരത്തിലുൾപ്പെടുത്തുക.
- അമ്മമാർ ആറുമാസംവരെയുള്ള മുലയൂട്ടൽ നിർബന്ധമാക്കുക.
- വ്യായാമം ശീലമാക്കുക.
- ശരീരഭാരം നിയന്ത്രിക്കുക.
- പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.
- മാനസികസമ്മർദം ഒഴിവാക്കുക.
- ജങ്ക് ഫുഡ്/ ഫാസ്റ്റ് ഫുഡ് സംസ്കാരം ഒഴിവാക്കുക.
- അനാവശ്യമായ ഫുഡ് സപ്ലിമെന്റുകളുടെ ഉപയോഗം ഒഴിവാക്കുക.
Content Highlights: cancer and diet cancer prevention diet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..