Representative Image| Photo: Canva.com
മരുന്ന് കഴിച്ചിട്ടും ബി.പി കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. മരുന്നിനൊപ്പം ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതും അനിവാര്യമാണ്. അമിത ബി.പിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ്, മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ.ബി.പദ്മകുമാർ.
ചോദ്യം
എനിക്ക് 40 വയസ്സുണ്ട്. എൻജിനീയറാണ്. രാത്രി ജോലി പതിവാണ്. ചിലപ്പോൾ ഒരു പകലും രാത്രിയും തുടർച്ചയായി ജോലി ചെയ്യേണ്ടിവരാറുണ്ട്. ആറുമാസം മുൻപ് ചുമയ്ക്കുമ്പോൾ രക്തം പുറത്തുവന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനകളിൽ ബി.പി. വളരെ ഉയർന്ന നിലയിലാണെന്ന്(240/130) കണ്ടെത്തി. തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടിവന്നിരുന്നു. ഈ സമയത്ത് നടത്തിയ പരിശോധനയിലാണ് വലതുവൃക്കയിൽ ഒരു വളർച്ച കണ്ടെത്തിയത്. ആ ഭാഗം സർജറി ചെയ്ത് നീക്കി. ആൻജിയോമയോലിപ്പോമ ആണെന്നും കാൻസറല്ലെന്നും ബയോപ്സി പരിശോധനയിൽ തിരിച്ചറിഞ്ഞു. അന്നുമുതൽ ബി.പി. മരുന്ന് കഴിക്കുകയാണ്. 150/105 അല്ലെങ്കിൽ 140/100 എന്നിങ്ങനെയാണ് അളവുകൾ. ഇപ്പോൾ കുറച്ചുനാളായി 140/100 എന്നാണ് കാണിക്കുന്നത്.
അമിതഭാരം ഉള്ളതിനാൽ അത് കുറയ്ക്കാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ദിവസവും 40 മിനിറ്റ് നടക്കുന്നുണ്ട്. ഇടയ്ക്ക് വയർ സ്കാൻ ചെയ്തപ്പോൾ ഗ്രേഡ് വൺ ഫാറ്റിലിവർ, ഗ്രേഡ് വൺ പ്രോസ്റ്റാറ്റോമെഗലി എന്നിവയുണ്ടെന്ന് തിരിച്ചറിഞ്ഞു. മരുന്ന് കഴിച്ചിട്ടും ബി.പി. കുറയാത്തത് എന്തുകൊണ്ടാണ്? വൃക്കയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഇനിയും ഉണ്ടാകുമോ?
ആർ.എൻ.
ഉത്തരം
മരുന്ന് കഴിച്ചിട്ടും ബി.പി കുറയുന്നില്ല എന്നത് താങ്കളുടെ മാത്രം പ്രശ്നമല്ല. അമിത ബി.പിയുള്ളവരിൽ പകുതിയിലേറെപ്പേരുടെയും രക്തസമ്മർദം പരിധിക്കുള്ളിലല്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മരുന്ന് കഴിക്കാഞ്ഞിട്ടല്ല, മറിച്ച് ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും അത്യാവശ്യമായി മാറ്റങ്ങൾ വരുത്താത്തതാണ് ബി.പി. കുറയാതിരിക്കാൻ കാരണം.
120/80 ആണ് നോർമൽ ബി.പി. അത് 140/90 എന്ന പരിധിവിടുമ്പോഴാണ് ഹൈപ്പർ ടെൻഷൻ ഉണ്ടെന്ന് പറയുന്നത്. ഇതിനിടയ്ക്കുള്ള രക്തസമ്മർദം ഉള്ളവരെ പ്രീഹൈപ്പർടെൻഷൻ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. പ്രഷർ കുറയ്ക്കാനായി ഇവർക്ക് മരുന്നിന്റെ ആവശ്യമില്ല. മറിച്ച് ജീവിതശൈലി ആരോഗ്യകരമായി പുനഃക്രമീകരിച്ചാൽ മതിയാകും.
ഹൈപ്പർ ടെൻഷൻ ഉള്ളവരിൽ 95 ശതമാനം ആളുകൾക്കും ബി.പി. കൂടാൻ വ്യക്തമായ കാരണം കണ്ടെത്താൻ കഴിയാറില്ല. ഇവരാണ് എസൻഷ്യൽ ഹൈപ്പർടെൻഷൻ ഉള്ളവർ. വൃക്കരോഗങ്ങളാണ് മറ്റ് കാരണങ്ങൾ കൊണ്ടുള്ള സെക്കൻഡറി ഹൈപ്പർ ടെൻഷന്റെ ഏറ്റവും പ്രധാന കാരണം. വൃക്കയിലുള്ള സിസ്റ്റുകൾ, വൃക്കയിലെ ട്യൂമറുകൾ, വൃക്കയിലെ കല്ലുകൾ മൂലവും മറ്റും ഉണ്ടാകുന്ന തടസ്സങ്ങൾ തുടങ്ങിയവയും സെക്കൻഡറി ഹൈപ്പർടെൻഷനുണ്ടാക്കും. കൂടാതെ അഡ്രിനൽ ഗ്രന്ഥി, തൈറോയ്ഡ് തുടങ്ങിയവയുടെ പ്രവർത്തനത്തകരാറുകൾ മഹാധമനിയിലുള്ള തടസ്സങ്ങൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള മരുന്നുപയോഗം തുടങ്ങിയവയും രക്തസമ്മർദം ഉയർത്താം. താങ്കളുടെ വൃക്കയിലുണ്ടായിരുന്ന കാൻസർ അല്ലാത്ത ട്യൂമർ നീക്കം ചെയ്തതുകൊണ്ട് ബി.പി. കൂടാൻ ഇപ്പോൾ അതൊരു കാരണമല്ല.
മരുന്നുകൾ കഴിച്ചിട്ടും ബി.പി. കുറയാത്തതിനൊരു കാരണം അമിത ശരീരഭാരമായിരിക്കാം. അമിതവണ്ണം കുറയ്ക്കണം. അമിതവണ്ണമുള്ളവരിൽ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമായി രക്തം പമ്പ് ചെയ്ത് എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ ജോലി ചെയ്യേണ്ടിവരും. ഹൃദയത്തിന്റെ ജോലിഭാരം കൂടുന്നത് ബി.പി. കൂട്ടും. കൂടാതെ രക്തധമനികളിൽ കൊഴുപ്പടിഞ്ഞുകൂടി രക്തക്കുഴലുകളുടെ ഉൾവ്യാസം കുറയുന്നതും ബി.പി. കൂട്ടും. കൃത്യമായി വ്യായാമം ചെയ്തും ഭക്ഷണം ക്രമീകരിച്ചും ശരീരഭാരം കുറയ്ക്കുന്നത് ബി.പി. കുറയ്ക്കാൻ സഹായിക്കും.
ബി.പി. കുറയ്ക്കാൻ മുഴുധാന്യങ്ങളും പച്ചക്കറികളും പഴവർഗങ്ങളും ധാരാളമടങ്ങിയ ഡാഷ് ഡയറ്റ് ശീലമാക്കണം. എണ്ണപ്പലഹാരങ്ങൾ, വറപൊരി സാധനങ്ങൾ, റെഡ്മീറ്റ് തുടങ്ങിയവ ഒഴിവാക്കണം. ഓറഞ്ച്, തക്കാളി, വാഴപ്പഴം, ഉരുളക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഉപ്പിന്റെ ഉപയോഗം പ്രതിദിനം അഞ്ച് ഗ്രാമായി കുറയ്ക്കണം.
ദിവസവും 30-45 മിനിറ്റ് വ്യായാമം ചെയ്യുന്നതുവഴി 5-10 മില്ലിമീറ്റർ വരെ ബി.പി. കുറയ്ക്കാൻ സാധിക്കും. നടപ്പ്, സൈക്ലിങ്, ജോഗിങ്, നീന്തൽ തുടങ്ങിയവയൊക്കെ നല്ല വ്യായാമ മുറകളാണ്. പുകവലി, മദ്യപാനം തുടങ്ങിയ ലഹരി ഉപയോഗവും ഒഴിവാക്കണം. ഇടയ്ക്കിടെ വീട്ടിൽവച്ചു തന്നെ ഇലക്ട്രോണിക് ബി.പി. ഉപകരണം ഉപയോഗിച്ച് പ്രഷർ സ്വയം അളക്കുന്നതും പ്രഷർനിലയെക്കുറിച്ച് സൂചന നൽകും.
രാപകലില്ലാതെ ജോലി ചെയ്യുന്നവരുടെ തൊഴിൽ സമ്മർദങ്ങളും മാനസിക പിരിമുറുക്കവുമെല്ലാം ബി.പി. കൂട്ടുന്ന ഘടകങ്ങളാണ്. ടെൻഷൻ കുറച്ച് മനസ്സിന് അയവുണ്ടാക്കാനായി യോഗ, ധ്യാനം തുടങ്ങിയവ സഹായിക്കും.
Content Highlights: Blood pressure still high after taking medication, reasons for high blood pressure
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..