Representative Image| Photo: Gettyimages
കൊഴുപ്പുകുറഞ്ഞ പാല്‍ കുടിക്കുന്നത് പോഷകങ്ങള്‍ ലഭിക്കാന്‍ മാത്രമല്ല, മാനസികസ്വാസ്ഥ്യത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഗുണംചെയ്യുന്നു. എല്ലുകളുടെയും കണ്ണിന്റെയുമൊക്കെ ആരോഗ്യത്തിനും ശരിയായ ഉറക്കത്തിനും പാല്‍ നല്ലതാണ്. ഊര്‍ജത്തിന്റെ കലവറയാണ് പാല്‍. പാലിലൂടെ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ദ്രവരൂപത്തില്‍ത്തന്നെ ലഭിക്കുന്നു.
ആയുര്‍വേദത്തില്‍ വലിയ പ്രാധാന്യമാണ് പാലിന് കല്പിച്ചിരിക്കുന്നത്. പശുവിന്‍പാല്‍, എരുമപ്പാല്‍, ആട്ടിന്‍പാല്‍, ഒട്ടകപ്പാല്‍, ചെമ്മരിയാട്ടിന്‍പാല്‍, ആനപ്പാല്‍, കുതിരപ്പാല്‍, കഴുതപ്പാല്‍ എന്നിങ്ങനെ വിവിധതരം പാലുകളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്.
മിക്കവാറും എല്ലാ പാലുകളും സ്‌നിഗ്ധവും ഓജസ്സിനെ വര്‍ധിപ്പിക്കുന്നതും ശുക്ലത്തെയും കഫത്തെയും കൂട്ടുന്നതും വാതപിത്തങ്ങളെ ശമിപ്പിക്കുന്നതുമാണ്. എന്നാല്‍ കൂടുതല്‍ പ്രധാന്യം പശുവിന്‍ പാലിനുതന്നെ.
- ശുദ്ധമായ പശുവിന്‍പാല്‍ രുചികരമാണ്.
- അത് ഓര്‍മശക്തിയും ശരീരബലവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യും.
- ജരാനരകള്‍ വേഗത്തില്‍ ബാധിക്കുകയില്ല.
- ക്ഷീണം, തലകറക്കം, ദാഹം മുതലായവ ശമിപ്പിക്കും.
- ദഹനാവയവങ്ങളിലുള്ള രൂക്ഷത മാറുന്നതിനും പശുവിന്‍പാല്‍ ഉപയോഗിക്കാം.
- നേത്രരോഗങ്ങളുടെ ചികിത്സയില്‍ പാല്‍ക്കഞ്ഞി ഫലപ്രദമായി കണ്ടിട്ടുണ്ട്.
- പാല്‍ തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് കുടിക്കുന്നത് കഫത്തെ വര്‍ധിപ്പിക്കുന്നു.
- വാതത്തെ ശമിപ്പിക്കുന്നു.
- പാല്‍ തിളപ്പിച്ച് കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ ശുക്ലം വര്‍ധിക്കും.
- ദോഷകോപങ്ങള്‍ ഇല്ലാതാകും.
- ഉറക്കമുണ്ടാകുന്നതിനായി ജാതിക്കായുടെ പൊടി ഒരു ടീസ്പൂണ്‍ ചേര്‍ത്ത് ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് രാത്രി കുടിക്കുക.
- ദഹനപ്രശ്‌നമുള്ളവര്‍ പൂര്‍ണമായും പാല്‍ ഒഴിവാക്കണം.
- ആസ്ത്മ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചുമാത്രമേ പാല്‍ കുടിക്കാവൂ.
- ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍, ദഹനക്കേട്, അലര്‍ജി തുടങ്ങിയ രോഗങ്ങളുള്ളവരും വൃക്കയില്‍ കല്ലുള്ളവരും വൃക്കരോഗികളും ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷമേ പാല്‍ കുടിക്കാന്‍ പാടുള്ളൂ.
പാല്‍ കഴിച്ചാല്‍ ചിലര്‍ക്ക് തീരെ ദഹിക്കുകയില്ല. അവര്‍ക്ക് ചുക്ക്, ജാതിക്കാ, കരയാംപൂവ്, ഇലവര്‍ങ്ങപ്പട്ട എന്നിവ സമം ചേര്‍ത്ത് പൊടിച്ച് പത്ത് ഗ്രാം മുതല്‍ 20 ഗ്രാം വരെ തേനില്‍ ചാലിച്ച് കഴിച്ച ശേഷം മീതെ പാല്‍ കുടിക്കാവുന്നതാണ്. ഈ പൊടി പാലില്‍ കലക്കി തിളപ്പിച്ച് കുടിക്കുകയും ചെയ്യാം.
വീട്ടിലുണ്ടാക്കാം പാല്‍ കഷായങ്ങള്‍
അശോകത്തൊലി പാല്‍ കഷായം: കഴുകി വൃത്തിയാക്കിയ അശോകത്തൊലിയും എട്ടിരട്ടി പാലും പാലിന്റെ നാലിരട്ടി വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പാലിന്റെ അളവാകുമ്പോള്‍ അരിച്ചെടുക്കുക. ഇത് കുടിക്കുന്നത് ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍ മാറാന്‍ സഹായിക്കും.
കുറുന്തോട്ടിവേര് പാല്‍ കഷായം: കുറുന്തോട്ടിവേരിന്റെ എട്ടിരട്ടി പാലും പാലിന്റെ നാലിരട്ടി വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ച് പാലളവാക്കിയശേഷം അരിച്ചെടുക്കുക. ഗര്‍ഭിണികള്‍ മൂന്നാം മാസത്തിനുശേഷം ദിവസവും ഈ പാല്‍ക്കഷായം കുടിക്കുന്നത് ആരോഗ്യത്തിന് ഫലപ്രദമാണ്. ഗര്‍ഭസ്ഥശിശുവിന് ഗുണം കിട്ടും.
വെളുത്തുള്ളി പാല്‍ കഷായം: തൊലികളഞ്ഞ് ചതച്ചെടുത്ത വെളുത്തുള്ളിയുടെ എട്ടിരട്ടി പാലും പാലിന്റെ നാലിരട്ടി വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ച് പാലിന്റെ അളവിലാകുമ്പോള്‍ അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഇത് ശരീരബലം കൂടാനും വാതരോഗങ്ങള്‍ ശമിക്കാനും ഫലപ്രദമാണ്.
അശ്വഗന്ധപ്പാല്‍: ഒരു ടീസ്പൂണ്‍ അശ്വഗന്ധചൂര്‍ണം, അഞ്ച് ഉണക്കമുന്തിരി എന്നിവ എടുക്കുക. ഇതില്‍ ഒരു ഗ്ലാസ് പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കുടിക്കാം. വേണമെങ്കില്‍ കല്‍ക്കണ്ടവും ചേര്‍ക്കാം.
പാല്‍ പാനീയങ്ങള്‍
ഈന്തപ്പഴം പാല്‍: ഒരു ഗ്ലാസ് പാലിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. ഇതില്‍ കുരു കളഞ്ഞ ഈന്തപ്പഴം നാലെണ്ണം ചേര്‍ത്ത് തിളപ്പിക്കുക. പാലിന്റെ അളവാകുമ്പോള്‍ ഈന്തപ്പഴം ഉടച്ചുചേര്‍ക്കുക. ഈ പാനീയം ഊര്‍ജസ്വലതയ്ക്കും ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനും നല്ലതാണ്.
മാമ്പഴപ്പാല്‍: അരഗ്ലാസ് തിളപ്പിച്ചാറിയ പാലിലേക്ക് അരഗ്ലാസ് ശുദ്ധമായ മാമ്പഴനീര് ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ആവശ്യത്തിനനുസരിച്ച് തേനും ചേര്‍ക്കാം. ദിവസവും കുടിച്ചാല്‍ ശരീരത്തിന്റെ ശോഷിപ്പ് മാറും.
ഗോള്‍ഡന്‍ മില്‍ക്ക്: പാല്‍ ഒരു ഗ്ലാസ്, മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍, കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍, കറുവാപ്പട്ടപ്പൊടി ഒരുനുള്ള്, ഏലത്തരി ഒരെണ്ണം പൊടിച്ചത്, ആവശ്യത്തിന് തേന്‍ എന്നിവയാണ് ചേരുവകള്‍, തേനൊഴികെയുള്ള ചേരുവകളെല്ലാം പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറിയ ശേഷം അരിച്ചെടുത്ത് ആവശ്യത്തിനനുസരിച്ച് തേന്‍ചേര്‍ത്ത് കുടിക്കാം. ഈ പാനീയം പ്രതിരോധശക്തി വര്‍ധിക്കുന്നതിന് സഹായിക്കുന്നു.
(തൃശ്ശൂര്‍ ഔഷധി പഞ്ചകര്‍മ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)
Content Highlights: Milk, Ayurveda, Health, Golden Milk


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..