ആവി പിടിക്കുക, ചൂടുവെള്ളം കവിൾ കൊള്ളുക; സൈനസൈറ്റിസ് പരിഹരിക്കാൻ ആയുർവേദം


ഡോ. റീന ആർ. വാരിയർ

Representative Image

ശിരസ്സിൽ നെറ്റിക്ക് പിൻവശത്തും കണ്ണുകൾക്കും കവിളുകൾക്കും പിന്നിലുമായി എല്ലിനുള്ളിൽ സ്ഥിതിചെയ്യുന്ന വായു അറകളാണ് സൈനസുകൾ. ഈ അറകളിൽ സ്ഥിതിചെയ്യുന്ന കോശങ്ങൾ നേർമയുള്ള കഫം ഉത്പാദിപ്പിക്കുന്നു. ഇവയിലൂടെ സഞ്ചരിക്കുന്ന വായുവിനെ ശുദ്ധീകരിക്കാനും ഇളംചൂട് പകരാനും ഈർപ്പമുള്ളതാക്കാനും ഇത് സഹായിക്കുന്നു. കണ്ണുകൾ, മൂക്ക്, ചെവികൾ എന്നീ പ്രധാന അവയവങ്ങൾക്ക് സംരക്ഷണം നൽകുന്നത് ഈ സൈനസുകളാണ്. ഇവ തലയോട്ടിയുടെ ഭാരം കുറയ്ക്കാനും മുഖത്തും തലയ്ക്കുമേൽക്കുന്ന ആഘാതങ്ങൾ ചെറുക്കാനും സഹായിക്കുന്നു. ശബ്ദത്തിന്റെ പ്രതിധ്വനി (Resonance) മെച്ചപ്പെടുത്തുന്നതിലും സൈനസിന് പങ്കുണ്ട്.

എന്താണ് സൈനസൈറ്റിസ് ?

സൈനസ് അറകളിൽ നീർക്കെട്ടുണ്ടാകുന്ന അവസ്ഥയാണ് സൈനസൈറ്റിസ് (Sinusitis). സാധാരണനിലയിൽ സൈനസിലുണ്ടാകുന്ന കഫം നേരിയ നീർച്ചാലുകൾ വഴി പുറന്തള്ളപ്പെടും. നീർക്കെട്ടുണ്ടാകുമ്പോൾ ഇത് തടസ്സപ്പെടുകയും അറകളിൽ കഫം നിറഞ്ഞ് സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ

തലവേദന (പ്രത്യേകിച്ച് തല കുനിക്കുമ്പോൾ), തലയ്ക്ക് കനം, നെറ്റിക്കും കണ്ണുകൾക്കും കവിളുകൾക്കും ചുറ്റും വീക്കം, വേദന, പല്ലുകൾക്ക് ചുറ്റും വേദന, മൂക്കടപ്പുമൂലം ശ്വാസം കഴിക്കാൻ ബുദ്ധിമുട്ട്, ഗന്ധം അറിയായ്ക, രുചിക്കുറവ്, ശ്വാസദുർഗന്ധം, ചെവി അടപ്പ്, കാഴ്ച മങ്ങൽ, ചുമ, പനി, ക്ഷീണം, തളർച്ച എന്നിവയാണ് ലക്ഷണങ്ങൾ. മൂക്കടപ്പ് കാരണം ഉറക്കവും പ്രയാസത്തിലാകുന്നു.

കാരണങ്ങൾ

അണുസംക്രമണം, തണുപ്പ്, വെയിൽ, മഞ്ഞ് എന്നിവയേൽക്കുക, പുക, പൊടിപടലം, പരാഗങ്ങൾ, രാസവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ ഗന്ധം ശ്വസിക്കുക, കൂടക്കൂടെ ജലദോഷമുണ്ടാകുക, ജലദോഷം ദീർഘകാലം നിലനിൽക്കുക, അലർജി, പ്രതികൂലമായ കാലാവസ്ഥ, ‌മൂക്കിൽ ദശ വളരുക, മൂക്കിന്റെ പാലത്തിന് വളവുണ്ടാകുക, രോഗപ്രതിരോധശേഷിക്കുറവ് എന്നിവയാണ് കാരണങ്ങൾ. ദഹനക്കേട്, തണുത്ത ആഹാരം കഴിക്കുക, അധികമാത്രയിൽ വെള്ളം കുടിക്കുക, കൂടുതൽ ഉറങ്ങുക, ഉറക്കമൊഴിക്കുക, മാനസികപിരിമുറുക്കം, വേണ്ടവിധം തലയണ ഉപയോഗിക്കാതിരിക്കുക, എപ്പോഴും താഴോട്ട് നോക്കിയിരിക്കുക (ഒരുപാട് സമയം മൊബൈൽ, കംപ്യൂട്ടർ ഉപയോഗം, എഴുത്ത്, വായന, തുന്നുന്നവർ, വരയ്ക്കുന്നവർ, ആഭരണങ്ങൾ പണിയുന്നവർ), കുറെ സമയം എ.സി.യിൽ ഇരിക്കുക, പുകവലി എന്നിവ സൈനസൈറ്റിസിന്റെ സാധ്യത കൂട്ടുന്നു.

രോഗനിർണയവും ചികിത്സയും

സാധാരണഗതിയിൽ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം നടത്താം. ചില ഘട്ടങ്ങളിൽ എക്സ്റേ, സി.ടി. സ്കാൻ മുതലായവ ചെയ്യേണ്ടിവന്നേക്കാം. ദീർഘകാലം നിലനിൽക്കുന്ന രോഗമായതിനാൽ, പലപ്പോഴും ചികിത്സയും തുടർച്ചയായി വേണ്ടിവന്നേക്കാം. രോഗകാരണങ്ങൾ കണ്ടെത്താൻ ശ്രമിച്ച് അവയെ തിട്ടപ്പെടുത്താൻ കഴിഞ്ഞാൽ അത്തരം വസ്തുക്കളെയും പരിതഃസ്ഥിതികളെയും ബോധപൂർവം ഒഴിവാക്കാം. പലപ്പോഴും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ രോഗമകറ്റിനിർത്താൻ ഒരു പരിധിവരെ സഹായിച്ചേക്കും.

ലക്ഷണങ്ങൾ തുടങ്ങുമ്പോൾത്തന്നെ ആവി പിടിക്കുക, ചൂടുവെള്ളം കവിൾ കൊള്ളുക, തുളസിയും കുരുമുളകും ഇട്ട് തിളപ്പിച്ച വെള്ളം ഇന്തുപ്പ് ചേർത്ത് പലവട്ടമായി സേവിക്കുക, ആഹാരം മിതപ്പെടുത്തുക, കുരുമുളകുരസം പോലുള്ള ഉചിതമായ ആഹാരങ്ങൾ ഉൾപ്പെടുത്തുക എന്നിവ ചെയ്യുന്നത് നല്ലതാണ്. ആവി പിടിക്കുന്ന വെള്ളത്തിൽ നോട്രിസ്ക്യാപ് (Nostricap) പൊട്ടിച്ചിടുന്നത് മൂക്കടപ്പ് കുറയ്ക്കാൻ സഹായിക്കും. രാസ്‌നാദിപ്പൊടി ചൂടുവെള്ളത്തിലോ ചെറുനാരങ്ങനീരിലോ ഇളംചൂടുള്ള മോരിലോ ചാലിച്ച് നെറ്റിയിൽ ലേപനംചെയ്താൽ തലവേദന, തലയ്ക്ക് കനം, മൂക്കടപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കും. കുട്ടികളിൽ മൂക്കടപ്പിന് പുളിഞരമ്പ് മുലപ്പാലിലരച്ച് നെറ്റിയിൽ ലേപനം ചെയ്യാം. പനിക്കൂർക്കയില വാട്ടിയത് നെറുകയിൽ വയ്ക്കുകയും പതിവുണ്ട്. പനിക്കൂർക്കയിലനീര് തേൻ/കല്ക്കണ്ടം ചേർത്ത് പലപ്രാവശ്യം കൊടുക്കാം.
സൈനസൈറ്റിസിൽ ദശമൂലകടുത്രയാദി കഷായം, ഇന്ദുകാന്തം കഷായം, അമൃതാരിഷ്ടം, ചവികാസവം, മൂലകാദ്യരിഷ്ടം, വെട്ടുമാറൻ ഗുളിക മുതലായ മരുന്നുകൾ വൈദ്യനിർദേശപ്രകാരം ഉപയോഗിക്കാം.

ചുമ, തൊണ്ടവേദന, രുചിക്കുറവ്, ദഹനക്കേട് എന്നിവയുണ്ടെങ്കിൽ വ്യോഷാദി വടകം, താലീസപത്രാദി വടകം, പിപ്പല്യാസവം, വാശാകോട്ട് എന്നിവ ഉപയോഗിക്കാം.

രോഗപ്രതിരോധം മെച്ചപ്പെടുത്തുന്ന ‘ആയുഷ് ക്വാഥം’ നിത്യം ഉപയോഗിക്കുന്നത് കൂടക്കൂടെയുണ്ടാകുന്ന ജലദോഷം, അലർജി എന്നീ ലക്ഷണങ്ങൾ തടയാൻ സഹായിക്കും. അഗസ്ത്യരസായനം, ച്യവനപ്രാശം എന്നിവയും ഇതിന് നന്ന്.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ സീനിയർ ഫിസിഷ്യൻ ആണ് ലേഖിക

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: ayurvedic management of sinusitis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented