അകാലനര പ്രതിരോധിക്കാനും ചർമം സംരക്ഷിക്കാനും വീട്ടിൽ തന്നെ വഴിയുണ്ട്; ആയുർവേദ ടിപ്സ്


ഡോ.അനില എം.കെ

പ്രതീകാത്മക ചിത്രം | Photo: A.F.P.

പ്രായം കൂടുന്തോറും ചർമത്തിൽ ചില വ്യത്യാസങ്ങൾ വന്നുതുടങ്ങും. എന്നാൽ ശരിയായ പരിചരണത്തിലൂടെ വലിയൊരു പരിധിവരെ ചർമത്തിന്റെ ആരോ​ഗ്യം നിലനിർത്താൻ കഴിയും. ചർമത്തിന്റെ ആരോ​ഗ്യം നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും പയറുവർ​ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നല്ല മാനസികാരോ​ഗ്യം ഉറപ്പുവരുത്തുന്നതും ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കും.

എണ്ണതേച്ചുകുളി

 • ചർമത്തിന്റെ സ്വഭാവമനുസരിച്ച് ദിവസവും എണ്ണതേച്ച് കുളിക്കുന്നത് ശീലമാക്കുക. ഇത് ചർമത്തിന്റെ രൂക്ഷതയും ചുളിവുകളും ഒരുപരിധിവരെ തടയുന്നു. അതിന് സാധിക്കുന്നില്ലെങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും ചെയ്യണം. നല്ലെണ്ണയാണ് തേച്ചുകുളിക്കാൻ നല്ലത്. ഇല്ലെങ്കിൽ വെളിച്ചെണ്ണയോ ബലാ​ഗുളുച്ച്യാദി കേരതൈലമോ ഉപയോ​ഗിക്കാം. ചർമരോ​ഗങ്ങളുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം വേണം എണ്ണകൾ തിരഞ്ഞെടുക്കാൻ.
 • ശരീരത്തിൽ എണ്ണതേച്ച് പിടിപ്പിച്ച് 15-20 മിനിറ്റ് കഴിഞ്ഞശേഷം ഇളം ചൂടുവെള്ളത്തിലാണ് കുളിക്കേണ്ടത്. അമിതചൂടുവെള്ളം ചർമത്തിന്റെ രൂക്ഷത(dryness) വർധിപ്പിക്കും. മെഴുക്കിളക്കാൻ കടലപ്പൊടിയോ ചെറുപയർ പൊടിയോ ഉപയോ​ഗിക്കാം.
 • വരണ്ട ചർമമോ താരനോ ഉള്ളപ്പോൾ ചെറുപയർ പൊടിയുടെ ഉപയോ​ഗം ഒഴിവാക്കണം.
മുഖകാന്തിക്ക്

 • പാൽപ്പാടയിൽ മഞ്ഞൾപ്പൊടി ചേർത്തതോ അല്ലെങ്കിൽ രക്തചന്ദനമോ ലേപനം ചെയ്ത് ഉണങ്ങുമ്പോൾ തണുത്ത വെള്ളംകൊണ്ട് കഴുകുക.
 • രാവിലെ ഉണക്ക നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളംകൊണ്ട് മുഖം കഴുകുന്നത് കണ്ണിന്റെയും മുഖചർമത്തിന്റെയും ആരോ​ഗ്യം നിലനിർത്താൻ സഹായിക്കും.
 • സൗന്ദര്യവർധക വസ്തുക്കൾ ഉപയോ​ഗിക്കുമ്പോൾ അതിന്റെ എക്സ്പയറി ഡേറ്റ് നോക്കണം. അലർജിയുണ്ടോ എന്നറിയാൻ അൽപമെടുത്ത് കൈയിൽ പുരട്ടിനോക്കി പ്രശ്നമില്ലെന്ന് ഉറപ്പാക്കിയശേഷമേ ഉപയോ​ഗിക്കാവൂ.
അകാലനര പ്രതിരോധിക്കാം

പ്രായം കൂടുമ്പോൾ മുടിയിഴകൾക്ക് നിറം നൽകുന്ന മെലാനിന്റെ അളവ് കുറയും. അങ്ങനെ പതുക്കെ മുടിയുടെ നിറംമാറാൻ തുടങ്ങും. സാധാരണ​ഗതിയിൽ 35-40 വയസ്സോടടുക്കുമ്പോൾ നരച്ച തലമുടികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ ചിലരിൽ പാരമ്പര്യമായി നേരത്തേ നര കണ്ടുവരാറുണ്ട്.

 • ദിവസവും തലയിൽ എണ്ണതേക്കുന്നത് രൂക്ഷത(dryness), തലയിൽ അധികമായി ചൂടനുഭവപ്പെടുന്നത്, തലയോട്ടിയിലെ രൂക്ഷത, മുടികൾ പൊട്ടിപ്പോകുന്നത് മുതലായവ ഒരുപരിധിവരെ അകറ്റാൻ സഹായിക്കും.
 • വെളിച്ചെണ്ണ, ത്രിഫലാദികേരം, വെളിച്ചെണ്ണയിൽ കൃഷ്ണതുളസിയിലയും ജീരകവുമിട്ട് മൂപ്പിച്ചത് തുടങ്ങിയവ സാധാരണ അവസ്ഥകളിൽ ഉപയോ​ഗിക്കാവുന്നതാണ്.
 • എണ്ണതേച്ച് മണിക്കൂറുകളോളം നിൽക്കുന്നത്, വിയർത്തു നിൽക്കുമ്പോൾ കുളിക്കുന്നത്, ഉച്ചക്കുളി എന്നിവ നിർബന്ധമായും ഒഴിവാക്കണം. കുളികഴിഞ്ഞാൽ രാസ്നാദിപൊടി നെറുകയിലിടാം.
 • ഉണക്കനെല്ലിക്കയോ ത്രിഫലയോ ഇട്ട് തിളപ്പിച്ച വെള്ളം ചൂടാറിയ ശേഷം മുടി കഴുകാൻ ഉപയോ​ഗിക്കാം. തലേദിവസം ഇത്തരത്തിൽ തിളപ്പിച്ച് അടുത്ത ദിവസം ഉപയോ​ഗിക്കുകയാണ് നല്ലത്.
 • സമീകൃതാഹാരം കഴിക്കുക.
 • തലമുടിക്ക് അനുയോജ്യമായ എണ്ണ ഉപയോ​ഗിക്കുക
 • രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഒഴിവാക്കുക.
 • ആവശ്യത്തിന് വെള്ളം കുടിക്കുക.
 • നീലയമരി, ഇല, കഞ്ഞുണ്ണി ഇവ ചതച്ചതോ ചതച്ചെടുക്കുന്ന സ്വരസമായയോ എണ്ണ കാച്ചുമ്പോൾ ചേർക്കാം. ഈ കാച്ചിയ എണ്ണ തേക്കുന്നത് ​ഗുണകരമാണ്.
 • ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നതും ഉണക്കനെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോ​ഗിച്ച് മുടികഴുകുന്നതും നല്ലതാണ്.
 • ദീർഘായുസ്സ്, ബുദ്ധിശക്തി, യുവത്വം, ആരോ​ഗ്യം, ശരീരകാന്തി എന്നിവ നേടാൻ സഹായിക്കുന്നതാണ് രസായന ചികിത്സ.
ഹെന്ന ചെയ്യാം

ഹെന്ന അഥവാ മൈലാഞ്ചിയുടെ ഇല തണുപ്പ് നൽകും. ഇത് അകാലനരയും മുടികൊഴിച്ചിലും തടയാൻ സഹായിക്കും. ഹെന്ന ഇടുമ്പോൾ മുടിക്ക് ബ്രൗൺ നിറം ലഭിക്കും. ഹെന്ന ഇട്ടതിന് അടുത്തദിവസം ശുദ്ധമായ നീലയമരിയുടെ ഇല ഉണക്കിപ്പൊടിച്ചത് ഹെന്നപോലെ ഇടണം. നീലയമരിയുടെ നീലനിറവും മൈലാഞ്ചിയുടെ ബ്രൗൺ നിറവും ചേർന്ന് മുടിക്ക് കറുപ്പ്നിറം ലഭിക്കുന്നു.

മൈലാഞ്ചിയുടെ ഇലകൾ സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്ത് പൊടിച്ചെടുക്കുക. ഇത് വായുകടക്കാത്ത തരത്തിൽ കുപ്പിയിലിട്ടു വെക്കുക.ഇതിൽ നിന്ന് നാല് ടീസ്പൂൺ എടുത്ത് തലേദിവസം ഇരുമ്പ് ചീനച്ചട്ടിയിലിടുക. ചായ തിളപ്പിച്ചതിന്റെ പൊടി അരിച്ചെടുത്ത വെള്ളമോ ത്രിഫലകഷായമോ ഇതിൽ ചേർക്കണം, അടുത്ത ദിവസം രാവിലെ ഇതിലേക്ക് രണ്ട് മുട്ടവെള്ളകൂടി ചേർത്ത് നല്ലവണ്ണം അടിച്ചെടുത്ത് പേസ്റ്റാക്കിയെടുക്കുക. ഷാംപുവിട്ട് മുടിയിൽ നിന്ന് എണ്ണയുടെ അംശം പൂർണമായും നീക്കം ചെയ്തശേഷം ഈ പേസ്റ്റ് മുടിയിൽ പുരട്ടുക. രണ്ട് മണിക്കൂറിന് ശേഷം ത്രിഫലകഷായം ഉപയോ​ഗിച്ച് കഴുകിക്കളയുക. ഒന്നര ടീസ്പൂൺ ത്രിഫലകഷായപ്പൊടി ഒന്നരലിറ്റർ വെള്ളത്തിൽ തലേദിവസം വൈകുന്നേരം നന്നായി തിളപ്പിച്ച് വെക്കണം. അടുത്ത ദിവസം അത് അരിച്ചുമാറ്റിയാണ് മുടികഴുകാൻ ഉപയോ​ഗിക്കേണ്ടത്. ത്രിഫല കഷായം ഉപയോ​ഗിച്ച് മുടി കഴുകിയശേഷവും മുടിയിൽ ഹെന്നയുടെ അംശം നിലനിൽക്കുകയാണെങ്കിൽ സാധാരണ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകാം. ഹെയർ ഡ്രൈയർ ഉപയോ​ഗിക്കാതെ സ്വാഭാവികമായി മുടി ഉണക്കണം. ഹെന്നയുടെ നിറം ഒരുമാസത്തോളം നിലനിൽക്കും.

പാലക്കാട് വാവന്നൂർ, അഷ്ടാം​ഗ ആയുർവേദ ചികിത്സാലയം& വിദ്യാപീഠത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: ayurveda beauty tips, malayalam beauty tips


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented