സീസണൽ ചുമയും കഫക്കെട്ടും ആസ്ത്മയുടെ ലക്ഷണമോ? കോവിഡിനുശേഷം ആസ്ത്മരോ​ഗികൾ കൂടുതൽ


ഡോ. മധു കെ., ഡയറക്ടർ പൾമണോളജി വിഭാഗം, ആസ്റ്റർ മിംസ്,  കോഴിക്കോട്

Representative Image| Photo: Canva.com

ശ്വാസനാളികളെ ബാധിക്കുന്ന വളരെ സാധാരണമായി കാണുന്ന രോഗാവസ്ഥയാണ് ആസ്ത്മ. ശ്വാസനാളികളിലെ സങ്കോചംമൂലം ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാകുന്ന അവസ്ഥയാണിത്. ലോകത്താകമാനം 34 കോടിയിലധികം ആളുകൾ ആസ്ത്മ രോഗികളാണ്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ആസ്ത്മ കാണപ്പെടുന്നുണ്ട്.

ജനിതകമായി ആസ്ത്മ രോഗം വരാൻ സാധ്യതയുള്ള ആളുകളിൽ പലതരം പാരിസ്ഥിതികഘടകങ്ങൾ പ്രേരകങ്ങളായി പ്രവർത്തിക്കുമ്പോഴാണ് ആസ്ത്മ ഉണ്ടാകുന്നത്. ആസ്ത്മയുടെ പ്രേരകഘടകങ്ങൾ അഥവാ അലർജനുകൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.
അന്തരീക്ഷത്തിലെ പൊടി, വീടിനുള്ളിലെ പൊടി, പൂമ്പൊടി, പ്രാണികൾ, പ്രതികൂലമായ കാലാവസ്ഥ, മാനസിക സംഘർഷങ്ങൾ, ചില ആഹാരപദാർഥങ്ങൾ, തണുത്ത ആഹാരങ്ങൾ, ചില മരുന്നുകൾ എന്നിവ സാധാരണമായി കാണുന്ന പ്രേരകഘടകങ്ങൾ ആണ്.

ലക്ഷണങ്ങൾ

 • ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
 • കിതപ്പ്
 • ശ്വാസമെടുക്കുമ്പോൾ ചൂളം വിളിക്കുന്നതുപോലെയുള്ള ശബ്ദം
 • നെഞ്ചിൽ പിടിത്തം
 • വിട്ടുമാറാത്ത ചുമ
 • കഫക്കെട്ട്
 • ഉറങ്ങാൻ ബുദ്ധിമുട്ട് എന്നിവയൊക്കെ ആസ്ത്മയുടെ ലക്ഷണങ്ങളാണ്.
രോഗനിർണയം

രോഗലക്ഷണങ്ങളുടെ കൃത്യമായ അവലോകനത്തിലൂടെയാണ് ആസ്ത്മ നിർണയിക്കുന്നത്. ഇതിനെ പൂർണമായും നിശ്ചയിക്കാൻ ചില പരിശോ ധനകൾ സഹായിക്കുന്നു. ആസ്ത്മരോഗനിർണയത്തിൽ പ്രധാനപ്പെട്ട പരിശോധനയാണ് സ്‌പൈറോമെട്രി. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന്റെ അളവ് നിർണയിക്കാൻ ഇതുവഴി സാധിക്കുന്നു. ശ്വാസനാളികളിലെ ചുരുങ്ങലിന്റെ അളവും അവ മരുന്ന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസവും നിർണയിച്ച് രോഗം സ്ഥിരീകരിക്കാൻ കഴിയുന്നു. രോഗനിർണയത്തിന് മറ്റ് ചില ടെസ്റ്റുകൾ കൂടിയുണ്ട്.

Also Read

എല്ലാ ദിവസവും ഹോട്ടൽ ഭക്ഷണം വേണ്ടേ വേണ്ട; ...

Premium

യൂട്യൂബ്, വാട്സാപ് ടിപ്സുകൾക്ക് പിറകേ പോകരുത്, ...

പഠനത്തിൽ, ജോലിയിൽ, കർമമേഖലകളിൽ ശ്രദ്ധക്കുറവുണ്ടോ?ലക്ഷണങ്ങൾ ...

വൃഷണസഞ്ചിയിലേക്ക് വൃഷണങ്ങളിറങ്ങാത്ത അവസ്ഥ; ...

മാനസികസമ്മർദം നേരിടുമ്പോൾ മധുരവും കൊഴുപ്പും ...

പീക് ഫ്ളോ മീറ്റർ: രോഗിക്ക് സ്വന്തമായി രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ സാധിക്കുന്നു.
അലർജി പരിശോധന: ചില രോഗികളിൽ അലർജനുകളെ കണ്ടുപിടിക്കാൻ സഹായിക്കുന്നു.
ബ്രോങ്കിയൽ ചലഞ്ച് ടെസ്റ്റ്: ശ്വാസവായുവിലെ നൈട്രിക് ഓക്‌സൈഡ് അളവ് രോഗനിർണയത്തിന് ഉപയോഗിക്കാവുന്നതാണ്.

സീസണൽ ചുമയും കഫക്കെട്ടും

തണുപ്പുകാലത്ത് അടിക്കടിയുണ്ടാകുന്ന ചുമ മിക്കവരിലും കാണാറുണ്ട്. ഇവയിൽ എല്ലാവർക്കും ആസ്ത്മ ആയിരിക്കാൻ സാധ്യതയില്ല. വൈറൽ ബാധയുടെ അനുബന്ധമായി വരുന്ന ബ്രോങ്കിയൽ ഹൈപ്പർ റെസ്പോൺസീവ്നെസ്സ് (Bronchial Hyperresponsiveness) എന്ന കാരണം കൊണ്ട് നിർത്താതെയുള്ള ചുമയും ശ്വാസംമുട്ടലും ഉണ്ടാകാം. എല്ലാ സീസണിലും ഇത്തരത്തിലുള്ള അസുഖം വരുന്നുണ്ടെങ്കിൽ ആസ്ത്മയുടെ ലക്ഷണമായി കാണേണ്ടി വരും.

മാസ്‌ക് ഉപയോഗിക്കുന്നകാലത്ത് ഭൂരിഭാഗംപേരിലും ആസ്ത്മ ലക്ഷണങ്ങൾ കുറവായിരുന്നു. മാസ്‌ക് ഉപേക്ഷിച്ചതോടെ പ്രശ്നങ്ങൾ പൂർവാധികം ശക്തിയായി തിരിച്ചുവന്നതായി കാണുന്നുണ്ട്. അതിനാൽ പലരും വീണ്ടും മാസ്‌ക് ഉപയോഗത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അലർജനുകൾ ഉള്ള സാഹചര്യങ്ങളിൽ ആസ്ത്മരോഗികൾ തുടർന്നും മാസ്‌ക് ഉപയോഗിക്കുന്നത് രോഗനിയന്ത്രണത്തിന് നല്ലതാണ്.

കുട്ടികളിൽ

മാസ്‌ക് കൃത്യമായി ധരിച്ചിരുന്ന കോവിഡ് കാലത്ത് കുട്ടികളിൽ അലർജിയും ശ്വാസകോശ പ്രശ്നങ്ങളും കുറവായിരുന്നു. ആസ്ത്മയുടെ ലക്ഷണങ്ങളും കുറവായിരുന്നു. പൊടി ഉൾപ്പെടെയുള്ള അലർജനുകളുമായി കാര്യമായ സമ്പർക്കമില്ലാതെയാണ് രണ്ടുവർഷം ജീവിച്ചത്. എന്നാൽ മാസ്‌ക് ഒഴിവാക്കാൻ തുടങ്ങിയതോടെ ഇവരിൽ കൂടുതൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. മുൻപുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം തിരികേ വന്നു. എല്ലാത്തരം വൈറൽ അണുബാധകളും അവരെ ബാധിക്കാൻ തുടങ്ങി. അങ്ങനെ ആസ്ത്മ ലക്ഷണങ്ങളും കൂടി.

ചികിത്സ

ആസ്ത്മ ചികിത്സയ്ക്ക് രണ്ടുതരം മരുന്നുകളാണ് ഉപയോഗിക്കുന്നത്.

റിലീവർ മരുന്നുകൾ: ചുരുങ്ങിയ ശ്വാസനാളിയെ വികസിപ്പിക്കുന്ന മരുന്നുകൾ അഥവാ ബ്രോങ്കോഡയലക്‌റ്റേഴ്‌സ്.
കൺട്രോൾ മരുന്നുകൾ (പ്രിവന്റീവ്): ആസ്ത്മരോഗം നിയന്ത്രണവിധേയമാക്കാൻ ഉപയോഗിക്കുന്നു. സ്റ്റിറോയ്ഡ് അടങ്ങിയ വലിക്കുന്ന മരുന്നുകളാണ് ഇവയിൽ പ്രധാനപ്പെട്ടത്.

ആസ്ത്മ രോഗചികിത്സയ്ക്കുള്ള പ്രധാനപ്പെട്ട മരുന്നുകൾ എല്ലാം ഇൻഹേലർ രൂപത്തിലുള്ളതാണ്. ഇൻഹേലർ മരുന്നുകൾ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തുന്നതിനാൽ അവയുടെ ഫലപ്രാപ്തി വളരെ കുടുതലും പാർശ്വഫലങ്ങൾ വളരെ കുറവുമാണ്. മരുന്നിന്റെ ഡോസ് കുറച്ച് മതി, ചികിത്സാച്ചെലവ് കുറയുന്നു എന്നിങ്ങനെയുള്ള ഗുണങ്ങളുമുണ്ട്. ഒട്ടുമിക്ക ആസ്ത്മ മരുന്നുകളും ഇപ്പോൾ ഇൻഹേലർ രൂപത്തിൽ ലഭ്യമാണ്.
ഇവ കൂടാതെ അലർജി നിയന്ത്രിക്കാനാവശ്യമായ ആന്റി അലർജി ഗുളികകളും മോൺടിലൂക്കാസ്റ്റ് (Montelukast) പോലുള്ള ഗുളികകളും ആസ്ത് മരോഗികൾ ഉപയോഗിക്കേണ്ടി വരുന്നു.

ഏകദേശം 90 ശതമാനം രോഗികളിലും രോഗം നിയന്ത്രണ വിധേയമാക്കാൻ ഇത്തരം ചികിത്സകൾ മതിയാകും. വളരെ ചെറിയൊരു ശതമാനം രോഗികളിൽ ഈ ചികിത്സകൾ ഫലപ്രദമാകാതെ വരാറുണ്ട്. ഇവരിൽ നൂതന ചികിത്സാരീതികൾ ഉപയോഗിക്കാവുന്നതാണ്. ഇത്തരം അതിതീവ്ര ആസ്ത്മ രോഗികളിൽ ഒമാലിസുമാബ്(Omalizumab), ബെന്റാലി സുമാബ്(Benralizumab) മെപോലിസുമാബ് (Mepolizumab) തുടങ്ങിയ വിലകൂടിയ മരുന്നുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം.

ആസ്ത്മയുള്ള കുട്ടികൾക്ക് അവരുടെ പ്രായം കണക്കിലെടുത്താണ് മരുന്ന് നൽകുക. ചെറിയ കുട്ടികളിൽ നെബുലൈസർ ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണ് നൽകാറുള്ളത്. അല്പം വലിയ കുട്ടികളിൽ സ്‌പേസർകൂടി ഘടിപ്പിച്ച ഇൻഹേലർ ആയിരിക്കും നൽകുക. ഇൻഹേലർ ശരിയായി ഉപയോഗിക്കുന്നതിനായി അവർക്ക് പരിശീലനവും നൽകും. കുട്ടികളിലെ ആസ്ത്മ 90 ശതമാനത്തോളവും ഒരു പ്രായം കഴിയുമ്പോൾ ഭേദമാകാറുണ്ട്. അഞ്ച് ശതമാനത്തോളം കുട്ടികൾ മാത്രമേ ഗുരുതരമായ ആസ്ത്മയിലേക്ക് എത്തിച്ചേരാറുള്ളൂ. അതിനാൽതന്നെ കൃത്യമായ ചികിത്സയിലൂടെ രോഗനിയന്ത്രണം സാധ്യമാവാറുണ്ട്.

ആസ്ത്മയുണ്ടെന്ന് കരുതി കുട്ടികളെ കളികളിൽനിന്ന് മാറ്റിനിർത്തരുത്. അത് മാനസികവും ശാരീരികവുമായ വളർച്ചയെ വിപരീതമായി ബാധിക്കും. ഡോക്ടറുടെ ഉപദേശം തേടി അവർക്ക് ശാരീരിക വ്യായാമത്തിനുള്ള അവസരം നൽകണം.

ഇമ്മ്യൂണോ തെറാപ്പി

വളരെ കാലമായി അലർജി സംബന്ധമായ രോഗങ്ങൾക്ക് അവലംബിച്ചുവരുന്ന ചികിത്സാരീതിയാണിത്. ഏതാണ് അലർജിയെന്ന് നിർണയിച്ചാൽ അതേ ഘടകങ്ങൾ വളരെ ചെറിയ അളവിൽ കുത്തിവെച്ച് ശരീരത്തിന്റെ പ്രതിക്രിയകൾ കുറച്ച് രോഗം നിയന്ത്രണവിധേയമാക്കുന്നു. വളരെ ചെറിയൊരു ശതമാനം രോഗികളിൽ ഇവ ഫലപ്രദമായേക്കാം.

ശ്രദ്ധിക്കേണ്ടത്

ആസ്ത്മയ്ക്കുള്ള മരുന്നുകൾ ഇടയ്ക്ക് വെച്ച് നിർത്തരുത്. രോഗലക്ഷണങ്ങൾ കാണുമ്പോൾ മാത്രം മരുന്ന് കഴിക്കുന്ന രീതിയും ശരിയല്ല.
മരുന്ന് ഉപയോഗിക്കുന്ന രീതിയും ശ്രദ്ധിക്കണം. നിർദേശിച്ച തരത്തിൽ മരുന്ന് ഉപയോഗിച്ചില്ലെങ്കിൽ രോഗനിയന്ത്രണം ബുദ്ധിമുട്ടാകാം. ശരിയായ രീതിയിൽ ഇൻഹേലർ ഉപയോഗിച്ചില്ലെങ്കിലും ചികിത്സയ്ക്ക് പൂർണമായ ഫലം ലഭിക്കില്ല.

ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകളുടെ ഉപയോഗത്തിൽ സ്വയം മാറ്റം വരുത്തരുത്. രോഗലക്ഷണങ്ങൾ കുറഞ്ഞെന്ന് കരുതി മരുന്നിന്റെ ഉപയോഗത്തിൽ മാറ്റം വരുത്തുന്നത് അപകടകരമാണ്.

കടുത്ത ആസ്ത്മ രോഗികളിൽ രണ്ട് മാസത്തിലൊരിക്കൽ ഡോക്ടറെ കണ്ട് ചികിത്സാപുരോഗതി വിലയിരുത്തണം. ആ സമയത്ത് പൾമണറി ഫങ്ഷൻ ടെസ്റ്റ് നടത്തി രോഗം നിയന്ത്രണവിധേയമാണെങ്കിൽ ആറുമാസത്തിലൊരിക്കൽ വീണ്ടും ഡോക്ടറെ കണ്ടാൽ മതി.

ഒഴിവാക്കേണ്ടത്

 • ചികിത്സാരീതികളോടൊപ്പംതന്നെ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനുണ്ട്.
 • അലർജനുകളിൽനിന്ന് വിട്ടുനിൽക്കുക. പൊടി, തുണിയിലും മറ്റും ഉണ്ടാകുന്ന പൂപ്പൽ, പൂമ്പൊടി, മൃഗങ്ങളുടെ രോമം, തണുത്ത ഭക്ഷണങ്ങൾ, തണുത്ത കാറ്റ്, പെർഫ്യൂംപെയിന്റ് എന്നിവയുടെ രൂക്ഷഗന്ധം, പ്ലാസ്റ്റിക് കത്തുന്ന പുക, വാഹനങ്ങളിൽനിന്നുള്ള പുക തുടങ്ങിയവയൊക്കെ ഒഴിവാക്കണം.
 • പുകവലിക്കാതിരിക്കുക. ആസ്ത്മ രോഗികൾ ഉള്ള വീട്ടിൽ മറ്റൊരാൾ പുകവലിക്കുന്നതും രോഗതീവ്രത വർധിക്കാൻ ഇടയാക്കും.
 • കഴിയുന്നതും മാസ്ക് ഉപയോഗിക്കുക.
 • പക്ഷികൾ, വളർത്തുമൃഗങ്ങൾ മുതലായവയുമായുള്ള സമ്പർക്കം ഒഴിവാക്കുക.
 • ആഴ്ചയിലൊരിക്കലെങ്കിലും കിടക്കയും തലയിണയും വെയിലത്തിട്ട് ഉണക്കണം. കിടക്കവിരി, തലയിണക്കവർ എന്നിവ ആഴ്ചയിൽ ഒരിക്കൽ ചൂടുവെള്ളത്തിൽ കഴുകി വെയിലത്ത് ഉണക്കണം.
 • ഫാനിന്റെയും എ.സി.യുടെയും കാറ്റ് മുഖത്ത് നേരെ അടിക്കാതെ നോക്കണം.
 • തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം.
ആസ്ത്മ കോവിഡിനുശേഷം

കോവിഡിനുശേഷം ആസ്ത്മരോഗികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് മൂന്ന് തരത്തിലാണ് കാണുന്നത്.

 1. കോവിഡിനുശേഷം ആസ്ത്മ പുതുതായി വന്ന രോഗികൾ.
 2. മുൻപ് ആസ്ത്മ ഉണ്ടായിരുന്നവർക്ക് കോവിഡ് വന്നതിനുശേഷം ലക്ഷണങ്ങൾ കൂടിയ അവസ്ഥ.
 3. നിലവിൽ ആസ്ത്മ ഉള്ളവരിൽ രോഗലക്ഷണങ്ങൾ തീവ്രമായ അവസ്ഥ.
ഇതിൽ മിക്ക രോഗികളുടെയും ലക്ഷണം നിർത്താതെയുള്ള ചുമയും കിതപ്പും ശ്വാസംമുട്ടലുമാണ്. അതിനാൽ ഇതൊരു പോസ്റ്റ് കോവിഡ് ലക്ഷണമാണെന്ന് കരുതിയാണ് പല രോഗികളും ആശുപത്രിയിലെത്തുന്നത്. ആദ്യ കോവിഡ് തരംഗത്തിൽ പലർക്കും ന്യുമോണിയ വന്ന് ശ്വാസകോശത്തിന് തകരാറുണ്ടായിരുന്നു. എന്നാൽ ഒമിക്രോൺ വകഭേദം വന്നപ്പോൾ അവ ശ്വാസനാളികളെയാണ് ബാധിച്ചത്. ആസ്ത്മയുടെ ലക്ഷണങ്ങളാണ് യഥാർഥത്തിൽ പോസ്റ്റ് കോവിഡ് ലക്ഷണങ്ങളായി പലരിലും കണ്ടത്. കോവിഡ് ബാധിച്ച സമയത്ത് ഇവരിൽ കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടുമുതൽ നാലാഴ്ച കഴിഞ്ഞാണ് ഇവർക്ക് ചുമ തുടങ്ങിയത്. ഇത് പിന്നീട് ശ്വാസംമുട്ടലിലേക്ക് വന്ന് തുടർച്ചയായ ലക്ഷണങ്ങൾ വന്നുതുടങ്ങി. ഇത് ചിലരിൽ സ്ഥിരമായി കാണാനും തുടങ്ങിയതായാണ് കണ്ടെത്താനായത്.

ഇൻഹേലറുകൾ ഉപയോഗിക്കുമ്പോൾ

ഇൻഹേലറുകളെക്കുറിച്ച് ഇന്നും ഏറെ തെറ്റിദ്ധാരണകളുണ്ട്. ഏറ്റവും ശക്തികൂടിയ മരുന്നുകളാണ് ഇൻഹേലർ രൂപത്തിൽ നൽകുന്നതെന്നും ഒരിക്കൽ ഇൻഹേലർ ഉപയോഗിച്ചാൽ പിന്നീടൊരിക്കലും അത് നിർത്താനാവില്ലെന്നുമൊക്കെ ചിന്തിക്കുന്നവർ ഇന്നുമുണ്ട്. ഇൻഹേലർ എന്നാൽ ഒരു മരുന്നാണെന്ന് കരുതുന്നവരും ഏറെയാണ്. സാധാരണ ആസ്ത്മയ്ക്കുള്ള ഗുളികകളും കുത്തിവയ്പിനുള്ള മരുന്നുകളും വളരെ ചെറിയ അളവിൽ ഇൻഹേലർ രൂപത്തിലാക്കിയതാണ് ഇവ. എന്നാൽ വിവിധ മരുന്നുകൾ ഇൻഹേലർ രൂപത്തിൽ ലഭ്യമാണ്.

രണ്ട് തരത്തിലുള്ള ഇൻഹേലറുകളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. മീറ്റേർഡ് ഡോസ് ഇൻഹേലറുകളും ഡ്രൈ പൗഡർ ഇൻഹേലറുകളും. മീറ്റേർഡ് ഡോസ് ഇൻഹേലറുകൾ സ്‌പ്രേ എന്നറിയപ്പെടുന്നു. പൊടിരൂപത്തിൽ മരുന്നുകൾ വലിച്ചെടുക്കാനാവുന്നതാണ് ഡ്രൈ പൗഡർ ഇൻഹേലർ.

സ്‌പ്രേ ഇൻഹേലർ ഉപയോഗിക്കുമ്പോൾ

 • ഇൻഹേലർ ശക്തിയായി കുലുക്കിയശേഷം അടപ്പ് തുറക്കുക.
 • തല അല്പം പിന്നിലേക്ക് ചെരിച്ച് ശ്വാസം പൂർണമായും പതുക്കെ പുറത്തേക്ക് വിടുക.
 • ഇൻഹേലറിന്റെ മൗത്ത്പീസ് വായ്ക്കുള്ളിലേക്ക് വെച്ച് ചുണ്ടുകൾ ചേർത്ത് പിടിക്കുക.
 • ഇൻഹേലറിന്റെ മരുന്നുകുറ്റിയുടെ അറ്റത്ത് വിരൽകൊണ്ട് അമർത്തുക. ഒപ്പം ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക.
 • ഇനി പത്ത് സെക്കൻഡ് ശ്വാസം പുറത്തേക്ക് വിടാതെ പിടിച്ചുനിർത്തുക.
 • രണ്ടാമത്തെ ഡോസ് എടുക്കാനുണ്ടെങ്കിൽ അത് ആദ്യ ഡോസ് എടുത്ത് രണ്ടോ മൂന്നോ മിനിറ്റുകൾക്കുശേഷം ഇതുപോലെ എടുക്കുക.
 • പ്രായമായവർക്കും കുട്ടികൾക്കും അസുഖംമൂലം വളരെയധികം അവശതയുള്ളവർക്കും ഇത് കൃത്യമായി ചെയ്യാൻ സാധിക്കണമെന്നില്ല. അവർക്ക് ഈ സ്‌പ്രേയോടൊപ്പം സ്‌പേസർ എന്ന ഉപകരണംകൂടി ഘടിപ്പിച്ചാൽ ഇൻഹേലർ ശരിയായി ഉപയോഗിക്കാനാകും. ഇതിനായി സ്‌പ്രേ സ്‌പേസറിൽ ഘടിപ്പിച്ചശേഷം മരുന്നിന്റെ കുറ്റി അമർത്തണം. അപ്പോൾ മരുന്ന് സ്‌പേസറിന്റെ ഉള്ളിൽ കെട്ടിനിൽക്കും. അപ്പോൾ രോഗിക്ക് സ്‌പേസറിന്റെ മൗത്ത് പീസിലൂടെ മരുന്ന് പതുക്കെ വലിച്ചെടുക്കാം.
ഡ്രൈ പൗഡർ ഇൻഹേലർ ഉപയോഗിക്കാൻ

 • മരുന്ന് നിറച്ച ക്യാപ്‌സൂളുകളാണ് ഈ ഇൻഹേലറിൽ ഉപയോഗിക്കുന്നത്.
 • ആദ്യമായി ഈ ഇൻഹേലറിന്റെ അടപ്പ് നീക്കണം.
 • ഇനി ക്യാപ്‌സൂളുകൾ ലോഡ് ചെയ്യണം.
 • തല അല്പം പിന്നിലേക്ക് ചെരിച്ച് ശ്വാസം പൂർണമായും പുറത്തേക്ക് വിടണം.
 • എന്നിട്ട് ഇൻഹേലറിന്റെ മൗത്ത്പീസ് വായ്ക്കുള്ളിൽവെച്ച് ചുണ്ട്‌ ചേർത്ത് പിടിക്കുക.
 • ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക. ഇൻഹേലർ വായ തുറക്കാതെതന്നെ പുറത്തേക്കെടുക്കുക.
 • ഇനി പത്ത് സെക്കൻഡ് ശ്വാസം പുറത്തേക്ക് വിടാതെ പിടിച്ചുനിർത്തുക.
TEXT: അനു സോളമൻ

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: asthma symptoms causes and treatment asthma after covid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented