തലയ്ക്കേൽക്കുന്ന പരിക്കുകളും ട്യൂമറുകളും ഭാഷാവൈകല്യമുണ്ടാക്കാം; ആശയവിനിമയം തകരാറിലാക്കുന്ന അഫേസിയ


Representative Image | Photo: Canva.com

തലച്ചോറിലുണ്ടാകുന്ന ആഘാതം മൂലമുണ്ടാകുന്ന ആശയവിനിമയത്തകരാറിനെയാണ് അഫേസിയ എന്ന് പറയുന്നത്. ഇത് ഒരു വ്യക്തിയുടെ, ഭാഷ സംസാരിക്കുന്നതിനും മനസ്സിലാക്കുന്നതിനും കൂടാതെ എഴുതാനും വായിക്കാനുമുള്ള കഴിവിനെയും ദോഷകരമായി ബാധിക്കുന്നു. നാഷണൽ അഫേസിയ അസോസിയേഷൻ (2012) നടത്തിയ പഠനപ്രകാരം പക്ഷാഘാതബാധിതരായവരിൽ 40 ശതമാനം വ്യക്തികൾക്കും അഫേസിയ ഉണ്ടായതായി പറയുന്നു. കേരളത്തിൽ ഏകദേശം 7,500 പേർക്ക് അഫേസിയ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പക്ഷാഘാതമാണ് അഫേസിയ വരാനുള്ള ഏറ്റവും പ്രധാന കാരണം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതുകൊണ്ടോ തലച്ചോറിലുള്ള രക്തധമനികൾ പൊട്ടുന്നതുകൊണ്ടോ പക്ഷാഘാതമുണ്ടാകാം. മസ്തിഷ്‌കത്തിന് രണ്ടു ഭാഗങ്ങളുണ്ട്; വലതുഭാഗവും ഇടതുഭാഗവും. ശരീരത്തിന്റെ വലതുവശത്തെ തലച്ചോറിന്റെ ഇടതുഭാഗമാണ് നിയന്ത്രിക്കുന്നത്. ശരീരത്തിന്റെ ഇടതുവശത്തെ തലച്ചോറിന്റെ വലതുഭാഗവും. സംസാരം, ഭാഷ, ചിന്താശേഷി, ഓർമ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഇടതുഭാഗമാണ്. ഈ ഭാഗത്തുണ്ടാകുന്ന മസ്തിഷ്‌കാഘാതംമൂലം വ്യക്തികളിൽ ഭാഷ ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാണപ്പെടുന്നു. അപകടങ്ങളിൽ തലയ്ക്കേൽക്കുന്ന പരിക്കുകൾമൂലവും തലയ്ക്കുള്ളിൽ വളരുന്ന ട്യൂമറുകൾ കാരണവും ഭാഷാവൈകല്യമുണ്ടാകാം. ഇത്തരത്തിലുള്ള ഭാഷാവൈകല്യത്തെയാണ് അഫേസിയ എന്ന് പറയുന്നത്.നാല് തരം

ഭാഷയുമായി ബന്ധപ്പെടുന്ന തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് അഫേസിയ ബാധിച്ചത് എന്നതിന്റെ അടിസ്ഥാനത്തിൽ നാലായി തരംതിരിക്കാം; ഗ്ലോബൽ അഫേസിയ, ബ്രോക്കാസ് അഫേസിയ, വെർണിക്കേസ് അഫേസിയ, അനോമിക് അഫേസിയ.

ഗ്ലോബൽ അഫേസിയ എന്നാൽ, മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാനും ആശയവിനിമയം നടത്താനും ബുദ്ധിമുട്ട് ഉണ്ടാകുന്നു. ബ്രോക്കാസ് അഫേസിയയുള്ളവരിൽ മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ, സ്വന്തം ആവശ്യങ്ങൾ പറയാനും സംസാരത്തിലൂടെ ആശയവിനിമയം നടത്താനും ബുദ്ധിമുട്ടുണ്ടാകാം.

വെർണിക്കേസ് അഫേസിയ ബാധിച്ചവർക്ക് വാക്കുകളോ വാചകങ്ങളോ പറയാൻ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ, മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാനും അവരുടെ ചോദ്യങ്ങൾ മനസ്സിലാക്കി ശരിയായ ഉത്തരം നൽകാനും ബുദ്ധിമുട്ടുണ്ടാകുന്നു. വ്യക്തികളുടെയോ വസ്തുക്കളുടെയോ പേരുകളോർത്ത് സംസാരത്തിൽ ഉപയോഗിക്കുന്നതിനുള്ള പ്രശ്നത്തെ അനോമിക് അഫേസിയ എന്ന് പറയുന്നു.

ലക്ഷണങ്ങൾ

 • സംസാരിക്കാൻ പ്രയാസമനുഭവപ്പെടുക (തീരേ ചെറുതോ അപൂർണമായതോ അർഥമില്ലാത്തതോ ആയ വാക്യങ്ങൾ).
 • ഉപയോഗിക്കേണ്ട വാക്കിനോ ശബ്ദത്തിനോ പകരം മറ്റൊരു വാക്കോ മറ്റൊരു ശബ്ദമോ ഉപയോഗിക്കുന്നു.
 • മറ്റുള്ളവരുടെ സംഭാഷണം മനസ്സിലാക്കാൻ പ്രയാസം.
 • അർഥമില്ലാത്ത വാക്യങ്ങൾ എഴുതുന്നു.
 • അക്ഷരങ്ങൾ മനസ്സിലാകാതിരിക്കുന്നു.
 • വാക്കുകൾ/പേരുകൾ ഓർത്തെടുക്കാൻ പ്രയാസപ്പെടുന്നു.
ഭാഷാപ്രശ്നങ്ങളോടൊപ്പംതന്നെ ശരീരത്തിന്റെ ഒരു വശത്തുണ്ടാകുന്ന തളർച്ച, ചിന്താശക്തിയിലും മറ്റ് ബൗദ്ധികപ്രവർത്തനങ്ങളിലും പ്രശ്നങ്ങൾ, ആഹാരം വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകൾ, വിഷാദംപോലുള്ള മാനസികാസ്വസ്ഥതകൾ മുതലായവ അഫേസിയയുമായി ബന്ധപ്പെട്ടുണ്ടാകാം. ഈ പ്രശ്നങ്ങളെല്ലാം അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ദൈനംദിന പ്രവർത്തനരീതിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ജോലിസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ കാരണം അഫേസിയ ഒരു വ്യക്തിയുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്നു.

വിഷാദം, ആത്മവിശ്വാസം കുറയുക, സമൂഹത്തിലെ അംഗീകാരമില്ലായ്മ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ ഉണ്ടാവാം. ബന്ധങ്ങളിൽ വിള്ളലുകളുണ്ടാകുന്നു, ഉത്തരവാദിത്വങ്ങളിൽ മാറ്റം വരുന്നു, പരിചരണം നൽകുന്നവർക്കും മാനസികമായ പിരിമുറുക്കങ്ങളുണ്ടാകുന്നു, കുടുംബത്തിൽ വെല്ലുവിളികൾ ഉണ്ടാകുന്നു. മറ്റ് കുടുംബാംഗങ്ങൾക്ക് ഉത്തരവാദിത്വങ്ങൾ കൂടുകയും ആ അവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുണ്ടാകുന്നു തുടങ്ങി ഒട്ടേറെ മാനസിക-സാമൂഹിക പ്രശ്നങ്ങൾ അഫേസിയയുമായി ബന്ധപ്പെട്ട് നേരിടേണ്ടിവരാറുണ്ട്.

സംസാരശേഷി വീണ്ടെടുക്കാൻ

അഫേസിയ വന്നതിനുശേഷമുള്ള ആദ്യത്തെ മൂന്നുമാസം മുതൽ ഒരുവർഷംവരെയുള്ള കാലയളവ് വളരെ പ്രധാനമാണ്. ഈ കാലയളവിൽ കൃത്യമായ ചികിത്സ ലഭിക്കുന്നത് അഫേസിയ ബാധിതനായ ഒരു വ്യക്തിക്ക് അവരുടെ കഴിവുകൾ വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കും. സംസാരസംബന്ധമായ പ്രശ്നങ്ങൾ ഒരു സ്പീച്ച് പാത്തോളജിസ്റ്റിന്‌ മനസ്സിലാക്കാനും പരിശോധനകൾ നടത്തി ഏതുതരം അഫേസിയയാണെന്ന് കണ്ടുപിടിക്കാനും എങ്ങനെയുള്ള തെറാപ്പിയാണ് വേണ്ടതെന്ന്‌ തീരുമാനിക്കാനും കഴിയുന്നു. സ്പീച്ച് തെറാപ്പി യഥാസമയം ലഭിക്കുന്നത് സംസാരം മെച്ചപ്പെടുത്താൻ സഹായിക്കും. സ്പീച്ച് പാത്തോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ കൂട്ടായ സേവനം അഫേസിയ ബാധിച്ച വ്യക്തികളുടെ പുനരധിവാസത്തിന് അത്യാവശ്യമാണ്.

അഫേസിയ ബാധിച്ചവർക്ക് ശരിയായ രീതിയിലുള്ള സ്പീച്ച് തെറാപ്പിയിലൂടെ സംസാരത്തിലും ആശയ വിനിമയത്തിലും വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാക്കാൻ കഴിയും. എങ്കിലും, അഫേസിയ തലച്ചോറിലെ കോശങ്ങളെ സാരമായി ബാധിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നമായതിനാൽതന്നെ പൂർണമായ മാറ്റം പ്രയാസകരമാണ്.

ക്ഷതം ഉണ്ടായ സ്ഥാനം, വലുപ്പം, തീവ്രത, വ്യക്തിയുടെ പ്രായം, അഫേസിയ ഉണ്ടാകാനുള്ള കാരണം, അഫേസിയ പ്രൊഫൈൽ, ചികിത്സ, പ്രചോദനവും വ്യക്തിത്വവും, അനുബന്ധ പ്രശ്നങ്ങൾ എന്നിവയെയൊക്കെ അനുസരിച്ചാണ് ചികിത്സാഫലം നിർണയിക്കുന്നത്.

പുനരധിവാസവും കുടുംബവും

 • പുനരധിവാസ പ്രക്രിയയിൽ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തണം.
 • അഫേസിയ എങ്ങനെ നേരിടാം, അത് ബാധിച്ച വ്യക്തിയെ എങ്ങനെ പിന്തുണയ്ക്കാം എന്ന അറിവ് കുടുംബാംഗങ്ങൾക്ക് ആവശ്യമാണ്.
 • തെറാപ്പിയെക്കുറിച്ച് നന്നായി മനസ്സിലാക്കുക.
 • വ്യക്തിയുടെ പുരോഗതി കണ്ട്‌ മനസ്സിലാക്കുക.
 • ഇതേ അവസ്ഥയിലുള്ള ആളുകളെ കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുക.
 • വ്യക്തിയെക്കുറിച്ചുള്ള ഉപയോഗപ്രദമായ പശ്ചാത്തല വിവരങ്ങൾ നൽകുക.
 • അഫേസിയ ഉള്ള വ്യക്തിയുമായി ആശയവിനിമയം നടത്താൻ പഠിച്ചാൽ അതുവഴി അവരുമായി നല്ല ബന്ധം നിലനിർത്താൻ സാധിക്കും. പ്രത്യേകിച്ചും പുനരധിവാസത്തിന്റെ ആദ്യഘട്ടങ്ങളിൽ ഒരു പ്രതീക്ഷ നൽകാൻ ഇത് സഹായിക്കും.
അഫേസിയ ബാധിതരോട് ആശയവിനിമയം നടത്തുമ്പോൾ

 • ക്ഷമയോടെയുള്ള സമീപനം വേണം.
 • ശ്രദ്ധ തിരിക്കാതിരിക്കുക (ടി.വി. ഓഫ് ചെയ്യുക, അധിക ശബ്ദം പരിമിതപ്പെടുത്തുക).
 • അതെ അല്ലെങ്കിൽ അല്ല എന്ന് ഉത്തരം എളുപ്പത്തിൽ പറയാൻ കഴിയുന്ന ചോദ്യങ്ങളാണ് ഉചിതം.
 • നിർദേശങ്ങൾ ലളിതമായി സൂചിപ്പിക്കുക.
 • ഹ്രസ്വവും സങ്കീർണമല്ലാത്തതുമായ വാക്യങ്ങൾ ഉപയോഗിക്കുക, സംഭാഷണ വിഷയം വേഗത്തിൽ മാറ്റരുത്.
 • സാധാരണ ശബ്ദത്തിൽ സംസാരിക്കുക.
 • വിവരങ്ങൾ ശരിയായ രീതിയിൽ ഗ്രഹിക്കുന്നതിന്‌ വ്യക്തിക്ക് സമയം അനുവദിക്കുക.
 • നിങ്ങളുടെ ചോദ്യങ്ങൾക്കോ അഭിപ്രായങ്ങൾക്കോ ഉത്തരം നൽകുന്നതിന് തിരക്കുകൂട്ടരുത്.
 • തുടർച്ചയായി അവരുടെ സംസാരത്തിലെ തെറ്റുകൾ തിരുത്താതിരിക്കുക.
 • പേപ്പറും പേനയും ഉപയോഗിക്കുക, അല്ലെങ്കിൽ ഡയഗ്രങ്ങളോ ചിത്രങ്ങളോ വരയ്ക്കുക.
 • ദൃശ്യമായ സൂചനകൾ ഉപയോഗിക്കുക (ചൂണ്ടിക്കാണിക്കുക, ആംഗ്യം)
2016-ലെ ആർ.പി.ഡബ്ല്യു.ഡി. ആക്ട് പ്രകാരം അഫേസിയ ബാധിതർ ഭിന്നശേഷി സർട്ടിഫിക്കറ്റിന്‌ യോഗ്യരാണ്. മെഡിക്കൽ സൂപ്രണ്ട്‌, ന്യൂറോളജിസ്റ്റ്, സ്പീച്ച്‌ തെറാപ്പിസ്റ്റ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 40 ശതമാനവും അതിൽ അധികവും വൈകല്യം ഉണ്ടെങ്കിൽ അഫേസിയ ബാധിതർക്ക് ഈ ആക്ടിന്റെ പരിരക്ഷ ലഭിക്കും.

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ അഫേസിയ ബാധിച്ചവരുടെ പുനരധിവാസത്തിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച്‌ ലാംഗ്വേജ് പാത്തോളജിയുടെ കീഴിൽ അക്വയേഡ് ന്യൂറോകമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്‌സ് ഇന്റെർവെൻഷൻ യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. മൾട്ടി ഡിസിപ്ലിനറി ടീം എന്ന ആശയത്തിലൂടെ അഫേസിയ ബാധിച്ച വ്യക്തികളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിലയിരുത്തൽ, ചികിത്സ, കൗൺസിലിങ്‌ എന്നിവയിൽ യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിരവധി അഫേസിയബാധിതരുടെ പുനരധിവാസത്തിന്‌ ഈ യൂണിറ്റ് സഹായകമായിട്ടുണ്ട്.

തയ്യാറാക്കിയത്

പ്രീതി സൂസൻ റെനി,
സപ്ന കെ.എസ്.,
ആര്യ എസ്.എസ്.
അക്വയേഡ്
ന്യൂറോകമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്‌സ്‌ യൂണിറ്റ്,
ഓഡിയോളജി &സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗം, നിഷ്, തിരുവനന്തപുരം

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: aphasia symptoms causes and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented