മദ്യപാനംമൂലം കരൾരോഗം വരാൻ സാധ്യത ആർക്കൊക്കെ?; എന്താണ് ആൽക്കഹോളിക്ക് ലിവർ ഡിസീസ് ?


ഡോ. ഭവിത്ത്  ആർ.

90 ശതമാനം അമിത മദ്യപാനികളിലും ഫാറ്റി ലിവർ കാണപ്പെടുന്നു. കരളിൽ കൊഴുപ്പ് നിറയുന്ന ഘട്ടമാണിത്. കൊഴുപ്പ് നിറഞ്ഞ് കരൾ വീർത്തുവരുന്ന അവസ്ഥ മിക്കവാറും ഉണ്ടാകാറുണ്ട്.

Representative Image | Photo:Gettyimages.in

ലോകാരോഗ്യസംഘടനയുടെ 2016ലെ കണക്കുകൾ പ്രകാരം മദ്യം കാരണമുള്ള മരണങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം (21.3%) ഉദര,കരൾ രോഗങ്ങൾക്കാണ്. (ഒന്നാം സ്ഥാനത്ത് അപകടമരണങ്ങളും) പാശ്ചാത്യരാജ്യങ്ങളിൽ സിറോസിസ് രോഗത്തിനുള്ള മുഖ്യകാരണം മദ്യമാണ്. ഇന്ത്യയിലെയും സ്ഥിതി മറിച്ചല്ല. 2005 മുതൽ 2016 വരെയുളള കാലയളവിൽ, മദ്യത്തിന്റെ ആളോഹരി ഉപഭോഗം ഇരട്ടിയായി മാറിയിരിക്കുന്നു. ഇന്ത്യയിലെ പല സെന്ററുകളിലെയും പഠനങ്ങൾ സൂചിപ്പിക്കുന്നത് മദ്യപാനമാണ്, ഇന്ത്യയിൽ സിറോസിസ് രോഗത്തിനുള്ള ഒന്നാമത്തെ കാരണം എന്നാണ് (30-70% വരെ). കേരളത്തിലേത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ശരീരം മദ്യത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെ?

ആന്തരികമായി ഉത്പാദിപ്പിക്കുന്നതോ, പുറത്തുനിന്ന് എത്തുന്നതോ ആയ വിഷാംശങ്ങളെ നിർവീര്യമാക്കാനുള്ള പ്രത്യേക കഴിവ് ശരീരത്തിനുണ്ട്. ആ കർത്തവ്യം നിർവഹിക്കുന്ന പ്രധാന അവയവമാണ് കരൾ. അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ ദഹനപ്രക്രിയയിലും കരൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആൽബുമിൻപോലുള്ള പ്രധാന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നതും കരളിലാണ്.

മദ്യത്തെ നിർവീര്യക്കുന്ന പ്രക്രിയകളുടെ ഭൂരിഭാഗവും കരളിലാണ് നടക്കുന്നത്. ആൽക്കഹോൾ ( Ethyl Alcohol) തന്മാത്രകളെ ആൽഡിഹൈഡ് (Aldehyde) രൂപത്തിലേക്കും, പിന്നീട് അസറ്റിക് ആസിഡ് (Acetic acid) രൂപത്തിലേക്കും കരളിലെ എൻസൈമുകൾ (enzymes) മാറ്റുന്നു. അസറ്റിക് ആസിഡ് പിന്നീട് കാർബൺഡൈഓക്‌സൈഡ്, ജലം എന്നീ തന്മാത്രകളായി മാറുകയും ശരീരത്തിൽനിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കരളിന് താങ്ങാവുന്നതിലും അപ്പുറം ആൽക്കഹോൾ എത്തുമ്പോൾ അത് രക്തത്തിലേക്ക് കലർന്ന്, കരളിനും മറ്റ് അവയവങ്ങൾക്കും ദോഷം ഉണ്ടാക്കുകയും ചെയ്യുന്നു.

ആൽക്കഹോളിക്ക് ലിവർ ഡിസീസിന്റെ ഘട്ടങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ്?

മദ്യം മൂലമുള്ള കരൾരോഗത്തിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.

ഒന്നാംഘട്ടം: ആൽക്കഹോളിക്ക് ഫാറ്റി ലിവർ (Alcoholic Fatty Liver)

90 ശതമാനം അമിത മദ്യപാനികളിലും ഫാറ്റി ലിവർ കാണപ്പെടുന്നു. കരളിൽ കൊഴുപ്പ് നിറയുന്ന ഘട്ടമാണിത്. കൊഴുപ്പ് നിറഞ്ഞ് കരൾ വീർത്തുവരുന്ന അവസ്ഥ മിക്കവാറും ഉണ്ടാകാറുണ്ട്. ഇതിനെ ഹെപ്പറ്റോമെഗാലി (Hepatomegaly)എന്ന് പറയുന്നു. നിർഭാഗ്യവശാൽ ആൽക്കഹോളിക്ക് ഫാറ്റി ലിവർ പൊതുവേ ഒരു ലക്ഷണവും കാണിക്കാറില്ല. മദ്യപാനം നിർത്തിയാൽ ഫാറ്റിലിവറിൽനിന്ന് മുക്തമാകാം എന്നുള്ളതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത.

രണ്ടാം ഘട്ടം: ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് (Alcoholic hepatitis)

കരൾവീക്കം ഉണ്ടാകുന്ന രണ്ടാമത്തെ ഘട്ടമാണിത്. ചെറിയ രീതിയിലുള്ള കരൾവീക്കം മരുന്നുകളിലൂടെ ഭേദമാക്കാമെങ്കിലും തീവ്രമായ ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് വളരെകൂടുതൽ മരണനിരക്ക് ഉണ്ടാക്കുന്ന അസുഖമാണ്. മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, ഛർദി, അമിത ക്ഷീണം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ കരൾപരാജയം ഉണ്ടാവുകയും രക്തസ്രാവം, ബുദ്ധിസ്ഥിരതയിലെ വ്യതിയാനം, അബോധാവസ്ഥ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാവുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യാം. ചെറിയ കാലയളവിലുള്ള അമിതമദ്യപാനം (binge drinking) പലപ്പോഴും ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്.

മൂന്നാംഘട്ടം: സിറോസിസ്( Cirrhosis)

സിറോസിസ് എന്നാൽ ഘടനയിൽ വ്യത്യാസം വന്ന് ചുരുങ്ങി, പ്രവർത്തനക്ഷമത കുറഞ്ഞ കരൾ എന്നാണ് മനസ്സിലാക്കേണ്ടത്. കരളിലെ പ്രഷർ കൂടുന്നതിനാൽ കരളിലേക്ക് എത്തിച്ചേരുന്ന രക്തക്കുഴലുകളിലെയും പ്രഷർ കൂടുന്നു. അന്നനാളത്തിലെയും ആമാശയത്തിലെയും രക്തക്കുഴലുകളാണ് ഇതിൽ പ്രധാനം. അമിത പ്രഷർ കാരണം ഇവ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നു. ഇത് രക്തം ഛർദിക്കുന്നതിനും മലത്തിലൂടെ കറുപ്പ് നിറത്തിൽ രക്തം പോകുന്നതിനും കാരണമാകുന്നു. കൂടാതെ കരളിലെ പ്രഷറും ആൽബുമിന്റെ അഭാവവും കാരണം വയറ്റിലും, കാലിലും വെള്ളം നിറയുന്നു. വയറ്റിൽ വെള്ളം നിറയുന്നതിനെ അസൈറ്റിസ് (Ascites) എന്ന് പറയുന്നു. വിഷാംശങ്ങൾ നിർവീര്യമാക്കാൻ പറ്റാത്തതിനാൽ ഇവയുടെ അംശം തലച്ചോറിലേക്ക് എത്തി തലച്ചോറിന്റെ പ്രവർത്തനം അവതാളത്തിലാവുന്നു. ഇത് സ്വഭാവവ്യത്യാസം, ഉറക്കകൂടുതൽ, അമിത ദേഷ്യം, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. രക്തത്തിൽ ബിലിറൂബിൻ അളവ് കൂടുന്നതിനാൽ മഞ്ഞപ്പിത്തം ഉണ്ടാക്കുകയും, കണ്ണിനും ശരീരത്തിനും മഞ്ഞനിറം കാണപ്പെടുകയും ചെയ്യുന്നു. രക്തം കട്ടയാകാനുള്ള കഴിവ് കുറയുന്നതിനാൽ മോണയിൽനിന്നും മൂക്കിൽനിന്നും മൂത്രത്തിലൂടെയും രക്തസ്രാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സിറോസിസ് ബാധിച്ച കരളിലെ പ്രഷർ കൂടുന്നത് ഹൃദയം, വൃക്ക, ശ്വാസകോശംപോലുള്ള മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കാൻ ഇടയാക്കും. സിറോസിസ് ഉള്ള കരളിൽ കാൻസർ വരാനുളള സാധ്യതയും കൂടുതലാണ്.

മദ്യപാനംമൂലം കരൾരോഗം വരാൻ സാധ്യത കൂടുതൽ ആർക്കൊക്കെ ?

ഏത് അളവിലാണെങ്കിലും, ഏത് തരത്തിലുള മദ്യമാണെങ്കിലും അത് കരളിനും മറ്റ് അവയവങ്ങൾക്കും ഉപദ്രവകാരിയാണ്. മദ്യത്തിന്റെ അളവും മദ്യപാനത്തിന്റെ കാലയളവും കരൾരോഗത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കരളിനുണ്ടാക്കുന്ന അസുഖങ്ങളുടെ തീവ്രത മദ്യത്തിലെ കലർപ്പില്ലാത്ത ആൽക്കഹോളിന്റെ (Absolute Alcohol) അളവിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് 36 ശതമാനം വരെ ആൽക്കഹോളിന്റെ അംശമുള്ള ബീർ ഉണ്ടാക്കുന്നതിനെക്കാൾ ദോഷം 40 ശതമാനം ആൽക്കഹോൾ അംശമുള്ള വീര്യംകൂടിയ മദ്യം ഉണ്ടാക്കുന്നു. ഒരു ദിവസം ഏകദേശം 30 ഗ്രാം ആൽക്കഹോൾ എന്ന തോതിൽ മദ്യം കഴിക്കുന്നത് കരൾ രോഗത്തിന് വഴിയൊരുക്കുന്നു. എന്നാൽ ഈ അളവ് എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല. ഓരോരുത്തരുടെയും ജനിതകഘടനയനുസരിച്ച് മദ്യത്തോടുള്ള കരളിന്റെ പ്രതികരണം വ്യത്യാസപ്പെട്ടിരിക്കാം. അതിനാൽ ചെറിയ അളവ് മദ്യംപോലും കരളിന് ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂട്ടാം. ഇത് കൂടാതെ പ്രമേഹം, അമിത ബി.പി., കൊളസ്‌ട്രോൾ വ്യതിയാനങ്ങൾപോലുള്ള മറ്റ് അസുഖങ്ങളുടെ സാന്നിധ്യം, പുകവലി പോലുള്ള ദുശ്ശീലം എന്നിവ ഉണ്ടെങ്കിൽ മദ്യപാനികളിൽ കരൾ തകരാറിന് സാധ്യത കൂടുന്നു. സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് ചെറിയ അളവിലുള്ള മദ്യ ഉപയോഗം പോലും കരൾരോഗം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചെറിയ കാലയളവിൽ വലിയ അളവിലുള്ള മദ്യപാനം (Binge drinking)കൂടുതൽ അപകടകാരിയാണ്.

എങ്ങനെയാണ് രോഗം നിർണയിക്കുന്നത്?

രോഗനിർണയത്തിന് രോഗിയുടെ മദ്യപാന ശീലത്തെക്കുറിച്ചുള്ള (Drinking habits) വിവരങ്ങൾ വളരെ പ്രധാനമാണ്. പരിശോധനയിൽ മഞ്ഞപ്പിത്തവും കരളിന്റെ വീക്കവും അമിത മദ്യപാനത്തിന്റെ ലക്ഷണങ്ങളും പ്രകടമായേക്കാം. ലിവർ ഫങ്ഷൻ രക്തസാമ്പിളിലൂടെ പരിശോധിക്കാവുന്നതാണ്. എസ്.ജി.പി.ടി, എസ്.ജി.ഒ.ടി തുടങ്ങിയ ലിവർ എൻസൈമുകൾ ഫാറ്റി ലിവർ ഘട്ടത്തിൽ ചിലപ്പോൾ നോർമലോ കൂടുതലോ ആയിരിക്കാം. എന്നാൽ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിൽ ലിവർ എൻസൈമുകൾ കൂടുതലായിരിക്കും. ബിലിറൂബിന്റെ അളവ് കൂടുന്നത് മഞ്ഞപ്പിത്തത്തിന് കാരണമാകും. സിറോസിസിൽ ആൽബുമിന്റെ അളവ് കുറവായിരിക്കും. അൾട്രാസൗണ്ട് സ്‌കാനിങ്, സി.ടി. സ്‌കാൻ, എം.ആർ.ഐ. എന്നിവയുടെ സഹായത്തോടെ കരളിന്റെ ഘടനയെ മനസ്സിലാക്കാനും കരളിലെ മുഴകൾ കണ്ടുപിടിക്കാനും സാധിക്കുന്നു.

മദ്യപാനം മൂലമുള്ള കരൾ രോഗത്തിന്റെ ചികിത്സ എന്തൊക്കെയാണ്?

മദ്യപാനം മൂലമുള്ള കരൾ രോഗത്തിനുള്ള ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എത്രയുംവേഗം മദ്യപാനം പൂർണമായി നിർത്തുക എന്നതാണ്. അസുഖമുള്ള കരളിനെ സംബന്ധിച്ചിടത്തോളം ഏത് തരത്തിലുള്ള മദ്യമാണെങ്കിലും ചെറിയ അളവിലാണെങ്കിൽപ്പോലും കരളിലെ ബാക്കിയുള്ള കോശങ്ങളെയും നശിപ്പിക്കും. അതിനാൽ കരൾ രോഗമുളളവർ മദ്യം കഴിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ആയിരിക്കും. സ്വന്തമായി മദ്യപാനം നിർത്താൻ കഴിയുന്നില്ലെങ്കിൽ ലഹരിവിമുക്ത കേന്ദ്രവുമായി ബന്ധപ്പെട്ട് മരുന്നുകളിലൂടെയും കൗൺസലിങ്ങിലൂടെയും വിമുക്തി നേടാവുന്നതാണ്.

ചെറിയ രീതിയിലുള്ള കരൾവീക്കം ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകളിലൂടെ ഭേദമാക്കാവുന്നതാണ്. കരളിന്റെ പ്രവർത്തനവും രോഗമുക്തിയും നന്നായി നടക്കുന്നുണ്ട് എന്ന് ലാബ് പരിശോധനകൾ, സ്‌കാനിങ് എന്നിവയിലൂടെ ഉറപ്പുവരുത്തേണ്ടതാണ്.ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിന്റെ തീവ്രത കൂടുതലാണെങ്കിൽ രോഗിയെ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ടിവരും. ചില രോഗികളിൽ രക്തപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ചില മരുന്നുകൾ ഫലം കണ്ടേക്കാം. തീവ്രത കൂടിയ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് (Alcoholic hepatitis) രോഗികളിൽ 3550 ശതമാനം വരെ രോഗികൾ മരണത്തിന് കീഴടങ്ങുന്നു എന്ന വസ്തുത, ഈ രോഗത്തിന്റെ ഗൗരവം ഓർമിപ്പിക്കുന്നു.

സിറോസിസ് വന്ന കരളിനെ ആരോഗ്യമുള്ള കരളാക്കി മാറ്റാൻ ഇന്ന് നിലവിലുള്ള ഒരു മരുന്നുകൊണ്ടും സാധ്യമല്ല. അതേസമയം ഡോക്ടറുടെ നിർദേശപ്രകാരം, മരുന്നുകളുടെ സഹായത്താൽ ഒരുപരിധിവരെ കരളിന്റെ പ്രവർത്തനം കൂടുതൽ മോശമാകാതെ സംരക്ഷിച്ചുപോകാൻ സാധിക്കും. മരുന്നുകളുടെ സഹായത്താൽ രക്തക്കുഴലുകളിലെ പ്രഷർ കുറയ്ക്കാനാകും. തടിച്ച രക്തക്കുഴലിൽ എൻഡോസ്‌കോപ്പി വഴി കെട്ട് ഇട്ട് (Endoscopy Banding) വലുപ്പം കുറയ്ക്കുന്ന രീതിയാണ് മറ്റൊരു ചികിത്സ. വിഷാംശങ്ങൾ മസ്തിഷ്‌കത്തിലെത്തി പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നതും മരുന്നുകഴിച്ച് ഒരുപരിധിവരെ സുഖപ്പെടുത്താവുന്നതാണ്. കൂടാതെ ലിവർ കാൻസർ സ്‌ക്രീനിങ് ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇതുവഴി തുടക്കത്തിൽതന്നെ ലിവർ കാൻസർ കണ്ടെത്തി ചികിത്സിച്ച് മാറ്റാൻ സാധിക്കും.

മറ്റൊരു മാർഗം കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ്. കാലങ്ങളായി മദ്യപിക്കുന്ന രോഗി, ചുരുങ്ങിയത് ആറ് മാസമെങ്കിലും മദ്യം കഴിക്കുന്നില്ല എന്നും മദ്യാസക്തി ഇല്ല എന്നും ഉറപ്പുവരുത്തിയശേഷമാണ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് നിർദേശിക്കാറ്. സിറോസിസ് വന്ന കരൾമാറ്റി, ബന്ധുക്കളുടെയോ മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെയോ, ആരോഗ്യമുള്ള കരൾ രോഗിയുടെ ശരീരത്തിൽ തുന്നിച്ചേർക്കുന്ന അതിസങ്കീർണമായ പ്രക്രിയയാണ് കരൾമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷവും മാസങ്ങളോളം ഇടയ്ക്കിടെയുളള പരിശോധനകൾ ആവശ്യമാണ്. തുടർന്നുള്ള കാലം ഒരിക്കലും മദ്യപാനത്തിലേക്ക് വഴുതിവീഴാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. അമിതവണ്ണം, പുകവലി എന്നിവ രോഗത്തിന്റെ തീവ്രത കൂട്ടുന്ന ഘടകങ്ങളാണ്. അതിനാൽ തടി കുറയ്‌ക്കേണ്ടതിന്റെയും പുകവലി നിർത്തേണ്ടതിന്റെയും പ്രധാന്യം വളരെയേറെയാണ്.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

ആൽക്കഹോളിക് ലിവർ ഡിസീസുള്ള രോഗികളിൽ പോഷകാഹാരക്കുറവ് സാധാരണ കണാറുള്ള പ്രശ്‌നമാണ്. സിറോസിസ് രോഗികളിൽ പേശികളുടെ ശോഷണം, എല്ലിന്റെ ശക്തിക്കുറവ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ അഭാവം എന്നിവ സാധാരണയാണ്. ഇടയ്ക്കിടെ ആഹാരം കഴിക്കുന്നതും സന്ധ്യാസമയത്ത് ലഘുഭക്ഷണം കഴിക്കുന്നതും ശരീരം ശോഷിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. വയറ്റിലും കാലിലും കണ്ടുവരുന്ന നീര് കുറയാൻ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് സഹായകമാകും. മുട്ടയുടെ വെള്ള പോലുള്ള പ്രോട്ടീൻ കൂടിയ ഭക്ഷണവും പ്രോട്ടീൻ സപ്ലിമെന്റുകളും, മസ്സിൽ മാസ് (Muscle mass) കൂട്ടുന്നതിനും നീര് കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ആവശ്യത്തിന് എ, ബി, സി, ഡി, ഇ പോലുള്ള വിറ്റാമിനുകൾ, മഗ്‌നീഷ്യം, സിങ്ക് പോലുള്ള ധാതുക്കൾ എന്നിവ ഭക്ഷണത്തിലൂടെയോ ഗുളികകൾ വഴിയോ ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

മദ്യം എങ്ങനെയാണ് കരളിന്റെ ശത്രുവായി മാറുന്നത്?

ആൽക്കഹോളിന്റെ കരളിലെ ദഹനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അസെറ്റാൽഡിഹൈഡ് (Acetaldehyde) ആണ് പ്രധാനവില്ലൻ. ഈ തന്മാത്രകൾ കരളിന്റെ കോശങ്ങളുടെ ഘടനയെയും പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കോശങ്ങളിലെ പ്രോട്ടീൻ തന്മാത്രകളോട് ലയിച്ച് പ്രോട്ടീൻ അഡക്ട് (Protein Adduct) ആയി രൂപാന്തരം പ്രാപിക്കുന്നു. ഈ പ്രോട്ടീൻ അഡക്ട് ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളെ പ്രകോപിപ്പിക്കുകയും, തുടർന്ന് ഈ രോഗപ്രതിരോധകോശങ്ങൾ കരളിലെ കോശങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. കൊഴുപ്പിന്റെ ദഹനപ്രക്രിയയിൽ മാറ്റം വരുന്നതിന്റെ ഭാഗമായി കൊഴുപ്പ്, കരളിന്റെ കോശങ്ങളിൽ കൂടുതലായി ശേഖരിക്കപ്പെടുകയും, ഫാറ്റി ലിവർ ആയി മാറുകയും ചെയ്യുന്നു. കാലങ്ങളായുള്ള ഈ ആക്രമണത്തിന്റെ ഫലമായി കരളിലെ കോശങ്ങൾ അസാധാരണമായി കടുപ്പം കൂട്ടുന്ന (stiffness) പ്രോട്ടീനുകൾ കൂടുതലായി ഉത്പാദിപ്പിക്കുകയും ഇത് കരളിൽ നിറയുകയും ചെയ്യുന്നു. ഇതിന്റെ പരിണതഫലമായി മൃദുവായ, ആരോഗ്യമുള്ള കരൾ കല്ല് പോലെയുള്ള സിറോട്ടിക് ലിവർ ( Cirrhotic Liver) ആയി മാറുകയും ചെയ്യുന്നു. സിറോട്ടിക് ലിവറിൽ ആരോഗ്യത്തോടെയുള്ള കോശങ്ങൾ വളരെ കുറവായതിനാൽ കാലക്രമേണ കരൾ പരാജയപ്പെടുകയും (Liver Failure) പ്രവർത്തനം എന്നന്നേക്കുമായി നിൽക്കുന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു.

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും മലബാർ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റുമാണ് ലേഖകൻ

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: alcohol related liver disease, alcoholic liver disease, alcohol and liver damage,Alcoholic hepatitis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented