ആലപ്പുഴ: സംസ്ഥാനത്തെ വായുമലിനീകരണത്തോത് ഇപ്പോള്‍ തൃപ്തികരമാണെന്നു റിപ്പോര്‍ട്ട്. അപൂര്‍വമായേ 'വളരെ അനാരോഗ്യകരം' എന്നനിലയിലെത്തുന്നുള്ളൂ. 2021 ജനുവരിമുതല്‍ ഡിസംബര്‍വരെയുള്ള വായുമലിനീകരണം പഠിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പി.സി.ബി.) ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ എം.എ. ബൈജുവിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സംസ്ഥാനത്തെ ആറുനഗരങ്ങളിലെ ഒമ്പതു നിരീക്ഷണകേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് പഠിച്ചത്. തിരുവനന്തപുരത്ത് പാളയം, കാര്യവട്ടം, കൊല്ലത്ത് പോളയത്തോട്, എറണാകുളത്ത് എം.ജി. റോഡ്, വൈറ്റില, ഏലൂര്‍, തൃശ്ശൂരില്‍ തൃശ്ശൂര്‍ സ്റ്റേഡിയം, കോഴിക്കോട്ട് പാളയം, കണ്ണൂരില്‍ താവക്കര എന്നിവിടങ്ങളിലാണ് പി.സി.ബി.യുടെ നിരീക്ഷണകേന്ദ്രങ്ങളുള്ളത്. ഡിസംബര്‍ പകുതിക്കുശേഷം വായുഗുണനിലവാര സൂചിക (എ.ക്യു.ഐ.) കൂടുന്നതായും കണ്ടെത്തി. മലിനീകരണം കൂടുന്നുവെന്നര്‍ഥം.

കഴിഞ്ഞവര്‍ഷത്തെ ശരാശരി കണക്ക് ഇങ്ങനെയാണ്: വൈറ്റില (75.81), എം.ജി. റോഡ് (60.26), ഏലൂര്‍ (62.68), പോളയത്തോട് (92.63), പ്ലാമ്മൂട് (51.76), കാര്യവട്ടം (64.83), കോഴിക്കോട് പാളയം (59.72), താവക്കര (75.11), തൃശ്ശൂര്‍ (70.82). ഡല്‍ഹി അശോക്വിഹാറിലെ ശരാശരി 217.09 ആണ്. കഴിഞ്ഞവര്‍ഷം തുടര്‍ച്ചയായി പെയ്ത മഴ വായുമലിനീകരണം കൂടാതിരിക്കാന്‍ സഹായിച്ചു.

ലോക്ഡൗണ്‍ ഗുണംചെയ്തു

മേയ് എട്ടിനു തുടങ്ങിയ ലോക്ഡൗണ്‍ വായുമലിനീകരണം കുറച്ചു. മിക്കനഗരങ്ങളിലും എ.ക്യു.ഐ. ഭേദപ്പെട്ട നിലയില്‍നിന്നു നല്ലത് എന്ന വിഭാഗത്തിലേക്കു മാറി. പ്ലാമ്മൂട് ഒഴികെയുള്ള സ്ഥലങ്ങളില്‍ നവംബര്‍വരെ ഈ പ്രവണത തുടര്‍ന്നു. പ്ലാമ്മൂട്ടില്‍ സെപ്റ്റംബര്‍ ഒന്നിന് 320 ആയി. വൈറ്റിലയില്‍ മേയ് മുതല്‍ ജൂണ്‍വരെ വര്‍ധിക്കുന്ന പ്രവണത കാണിച്ചു. ഏറ്റവും കൂടുതലായത് ജൂണ്‍ അഞ്ചിനാണ് -198 (അനാരോഗ്യകരം).

ജനുവരി പകുതിമുതല്‍ ഫെബ്രുവരി പകുതിവരെ മിക്കവാറും എല്ലാകേന്ദ്രങ്ങളിലും എ.ക്യു.ഐ. 150-നു (അനാരോഗ്യകരം) മുകളിലായിരുന്നു. കൊല്ലത്ത് ഏപ്രില്‍വരെ 100-150 വിഭാഗത്തിലായിരുന്നു. മേയിലും ജൂണിലും ഇത് 50-ആയിരുന്നു.

വൈറ്റിലയില്‍ ജനുവരി പകുതിമുതല്‍ ജൂണ്‍ അവസാനംവരെ വായുഗുണനിലവാര സൂചിക നൂറിനുമുകളിലാണ്. എം.ജി. റോഡില്‍ മാര്‍ച്ചുവരെ നൂറിനുമുകളിലായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ പകുതിവരെ 50-ലേക്കുതാണു. വ്യാവസായിക കേന്ദ്രമായ ഏലൂരില്‍ മിക്കദിവസങ്ങളില്‍ വായുഗുണനിലവാരസൂചിക 50-ന്റെ അടുത്തെത്തിയതേയുള്ളൂ.

Content highlights: air pollution is now better at kerala,  new report found