വെള്ളയമ്പലം ഇലങ്കം ഗാര്‍ഡന്‍സില്‍നിന്ന് ഒഴുകിയിറങ്ങുന്ന റോഡ്. വൈകുന്നേരങ്ങളില്‍ എ 14ാം നമ്പര്‍ വീടിന്റെമുന്നില്‍ ഡോ. എം. കൃഷ്ണന്‍ നായര്‍ ഉണ്ടാവും. അവസാനനാളുകളില്‍ മ്യൂസിയം വളപ്പില്‍ പതിവുള്ള വൈകീട്ടത്തെ നടത്തമില്ലായിരുന്നു. എവിടെനിന്നാലും തിരിച്ചറിയാമായിരുന്ന ഉച്ചത്തിലുള്ള ചിരിയുമില്ല. റീജണല്‍ കാന്‍സര്‍ സെന്റര്‍ എന്ന വലിയ സ്ഥാപനം പടുത്തുയര്‍ത്താന്‍ വിശ്രമമില്ലാതെ പണിയെടുത്ത ഈ ഡോക്ടര്‍ ഏറക്കുറെ നിശ്ശബ്ദനായിരുന്നു. ആര്‍.സി.സി. എന്ന ആതുരാലയത്തിനെ ഇന്നത്തെനിലയില്‍ എത്തിച്ചതിനുപിന്നില്‍ കൃഷ്ണന്‍ നായര്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ 'ഞാനും ആര്‍.സി.സി.യും' എന്ന പുസ്തകം വായിക്കുമ്പോള്‍ ആ പ്രയത്‌നത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാകും.

അര്‍ബുദത്തിനെതിരേ യുദ്ധം നയിച്ച നായകന്‍

ആത്മകഥയുടെ ആമുഖമായി ഇങ്ങനെ എഴുതിയിട്ടുണ്ട്:

''വളരെ ആലോചിച്ചാണ് പുസ്തകത്തിന് ഇങ്ങനെയൊരു ടൈറ്റില്‍ നല്‍കിയത്. അഹന്തകൊണ്ടല്ല എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. നാലുപതിറ്റാണ്ട് ഈ രോഗവുമായി യാത്രചെയ്ത എനിക്കറിയാം ഈ രോഗത്തിനൊപ്പം എത്താന്‍ എനിക്കോ ലോകത്തിലെ ഏറ്റവും മിടുക്കരായ മറ്റ് ഡോക്ടര്‍മാര്‍ക്കോ പറ്റുകയില്ല എന്ന കാര്യം. അത്രത്തോളം ഭാവങ്ങളും നിറങ്ങളും മാറാന്‍ കഴിവുള്ള ഒരു രോഗമാണ് കാന്‍സര്‍. പ്രവചനാതീതമായ ഈ സ്വഭാവരീതി മനസ്സിലാക്കാനും അവയെ വരുതിയില്‍ കൊണ്ടുവരാനും ഇനിയും 50 കൊല്ലമെങ്കിലും വേണ്ടിവരുമെന്നാണ് എന്റെ കണക്ക്. പക്ഷേ, ഇപ്പോഴും ധാരാളംപേര്‍ കാന്‍സര്‍ രോഗത്തില്‍നിന്ന് രക്ഷപ്പെടുന്നുണ്ട്. അതില്‍ക്കൂടുതലാളുകളുടെ ജീവിതത്തെ കാന്‍സര്‍ പിച്ചിച്ചീന്തുന്നുമുണ്ട്. ഒരു രോഗമെന്നതില്‍ കവിഞ്ഞ് കാന്‍സര്‍ മാനസികവും സാമൂഹികവും സാമ്പത്തികവുമായ ഒരു അത്യാഹിതംകൂടിയാണ്, ഇതില്‍നിന്നെല്ലാം ഒരാളെ കരകയറ്റാന്‍ അമാനുഷമായ വൈഭവം ഉണ്ടായേ മതിയാകൂ. ഡോക്ടര്‍ എത്ര വിചാരിച്ചാലും നേടാന്‍ കഴിഞ്ഞെന്നിരിക്കില്ല...''

കേരളത്തിന്റെ ആരോഗ്യപരിപാലനചരിത്രത്തില്‍ കാന്‍സര്‍ ചികിത്സയുടെ ആദ്യ അധ്യായമാണ് ഡോ. കൃഷ്ണന്‍ നായരുടെ ജീവിതം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ. എം. തങ്കവേലുവിന്റെ താത്പര്യപ്രകാരമാണ് ലോകത്തിലെ ഏറ്റവും വിഖ്യാതമായ കാന്‍സര്‍ സെന്ററായ ക്രിസ്റ്റി ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ പരിശീലനത്തിന് ചേര്‍ന്നത്. 1972ല്‍ 'ക്ലിനിക്കല്‍ ഓങ്കോളജി'യില്‍ എഫ്.ആര്‍.സി.ആര്‍. ബിരുദം നേടുമ്പോള്‍ ഈ യോഗ്യതയുള്ള മറ്റാരും കേരള സര്‍വീസില്‍ ഇല്ലായിരുന്നു. 1972നും 1981നും ഇടയ്ക്ക് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറെന്നനിലയില്‍ കാന്‍സര്‍ ചികിത്സാരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കൃഷ്ണന്‍ നായര്‍ക്ക് കഴിഞ്ഞു.

കരുണാകരന്‍ പറഞ്ഞു: 'ഇന്ന് നിര്‍ത്താം'

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അവഗണിക്കാന്‍ പറ്റുന്നതായിരുന്നില്ല. അങ്ങനെയാണ് ആറു സംസ്ഥാനങ്ങളില്‍ ആര്‍.സി.സി. സ്ഥാപിക്കാനുള്ള ആദ്യപട്ടികയില്‍ തിരുവനന്തപുരവും സ്ഥാനംപിടിച്ചത്. പക്ഷേ, അന്നത്തെ കേന്ദ്രമന്ത്രി റബിറേയ്ക്ക് സ്വന്തം നാടായ കട്ടക്കില്‍ ആര്‍.സി.സി. സ്ഥാപിക്കണം. അതിനായി തിരുവനന്തപുരത്തെ ഒഴിവാക്കുമെന്ന സ്ഥിതിയായി. കാര്യത്തിന്റെ ഗൗരവം, ബന്ധുകൂടിയായ അന്നത്തെ ചീഫ് സെക്രട്ടറി ജി. ഭാസ്‌കരന്‍ നായരെ അറിയിച്ചു. അദ്ദേഹത്തിന്റെ സുഹൃത്താണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേശ്വര്‍ പ്രസാദ്. ഒടുവില്‍ ഉത്തരവിറങ്ങിയപ്പോള്‍ തിരുവനന്തപുരവും പട്ടികയിലുണ്ടായിരുന്നു. സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ, ഇ.കെ. നായനാര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരൊക്കെ കൃഷ്ണന്‍ നായരെ ഉദാരമായി സഹായിച്ചു.

ആര്‍.സി.സി.യുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കഴിയുന്നതും വേഗം നടത്തണമെന്ന്, ഈ സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച അന്നുമുതല്‍ കെ. കരുണാകരന്‍ നിര്‍ബന്ധിച്ചിരുന്നു. ''പൈസയില്ലല്ലോ സാര്‍'' എന്ന് കൃഷ്ണന്‍ നായര്‍ പറയുമ്പോള്‍ ''പൈസയൊക്കെ വന്നുകൊള്ളു''മെന്നായിരുന്നു കരുണാകരന്റെ നിലപാട്. അദ്ദേഹം ഒരു കാര്യംകൂടി കൃഷ്ണന്‍ നായരോട് പറഞ്ഞു. ''നമ്മുടെ നമ്പൂതിരി പറയുന്ന ദിവസം മാത്രമേ തറക്കല്ലിടാവൂ... സമയവും അദ്ദേഹത്തെക്കൊണ്ടുതന്നെ നോക്കിക്കണം.''

കരുണാകരന്റെ നിര്‍ദേശപ്രകാരം കൃഷ്ണന്‍ നായരും അദ്ദേഹത്തിന്റെ ബന്ധു വി. നിര്‍മലന്‍ തമ്പിയുംകൂടെ മിത്രന്‍ നമ്പൂതിരിയെക്കണ്ട് സമയംകുറിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനാണ്, മെഡിക്കല്‍ കോളേജ് റോഡിനരികില്‍ 100 വാര ഉള്ളിലായി പുതിയതായി വെട്ടിത്തെളിച്ച മരച്ചീനി പുരയിടത്തില്‍ തറക്കല്ലിട്ടത്. കൃഷ്ണന്‍ നായരും ചീഫ് എന്‍ജിനിയര്‍ ഗോപാലകൃഷ്ണന്‍ നായരുംകൂടി മേസ്തിരിയുടെ സഹായത്തോടെ കല്ലെടുത്തുകൊടുത്തു. കരുണാകരന്‍ ചടങ്ങനുസരിച്ച് അതിരിടുകയും ചെയ്തു.

ഒന്നാന്തരം പുകവലിക്കാരനായിരുന്ന കരുണാകരനെ അതില്‍നിന്ന് പിന്തിരിപ്പിച്ചതും കൃഷ്ണന്‍ നായരാണ്. 'തീവണ്ടിയില്‍നിന്ന് പുകപൊങ്ങുംപോലെ' കരുണാകരന്‍ തുടര്‍ച്ചയായി സിഗരറ്റിന് തീപിടിപ്പിച്ചിരുന്ന കാലം. ''സാറിനറിയാമോയെന്നെനിക്കറിയില്ല. പുകവലിയാണ് ശ്വാസകോശാര്‍ബുദത്തിനും, ഹൃദയാഘാതത്തിനും കാരണം''. ആത്മകഥയില്‍ കൃഷ്ണന്‍ നായര്‍ ഇങ്ങനെ എഴുതി: 'കരുണാകരന്‍ എന്നെനോക്കി. അദ്ദേഹത്തിന്റെ 'ക്യാരക്ടറിസ്റ്റിക് ഫാഷനില്‍' കണ്ണിറുക്കിയശേഷം പറഞ്ഞു: ''ഞാന്‍ ഇന്ന് നിറുത്തിയേക്കാം.'' പിന്നീട് അദ്ദേഹം സിഗരറ്റ് വലിക്കുന്നത് കണ്ടിട്ടില്ല.'

നായനാര്‍ തടഞ്ഞു, ഡോക്ടര്‍ പോയില്ല

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആര്‍.സി.സി.യുടെ പിറവി. 30 വര്‍ഷത്തെ ബന്ധമാണ് കൃഷ്ണന്‍ നായരും ഇ.കെ. നായനാരും തമ്മിലുള്ളത്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ ഡയറക്ടര്‍സ്ഥാനം ഏല്‍ക്കാമോയെന്ന് അറ്റോമിക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ചിദംബരം കൃഷ്ണന്‍ നായരോട് ചോദിച്ചു. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം വിയന്നയില്‍പ്പോയി ആ ഏജന്‍സി സന്ദര്‍ശിക്കുകയും ചുമതലകള്‍ മനസ്സിലാക്കുകയും ചെയ്തു. ഇക്കാര്യം മുഖ്യമന്ത്രി നായനാരെ അറിയിച്ചപ്പോള്‍ തണുത്ത പ്രതികരണം: ''തനിക്കതിന്റെ ആവശ്യമുണ്ടോ? രോഗികളുമായി കഴിഞ്ഞിട്ട് ഓഫീസ് മേധാവിയായിരിക്കാന്‍ പറ്റുമോ? തന്റെ ഇഷ്ടം.'' അതോടെയാണ് ആ ഉദ്യമത്തില്‍നിന്ന് കൃഷ്ണന്‍ നായര്‍ പിന്തിരിഞ്ഞത്.

ജീവിതസന്ധികള്‍

തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ മ്യൂസിയം വളപ്പില്‍ ഒരു മണിക്കൂറോളം നടത്തം അദ്ദേഹം മുടക്കാറില്ലായിരുന്നു. അതുപോലൊരു നടത്തത്തിനിടയിലാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് കൃഷ്ണന്‍ നായര്‍ പറഞ്ഞത്. പ്രശസ്തരായ രോഗികളെയും അവര്‍ക്കായി നടത്തിയ ചികിത്സാരീതികളെയും പ്രതിപാദിക്കുന്ന പുസ്തകമെഴുതണമെന്ന താത്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

ടി.വി. തോമസ്, സുശീലാ ഗോപാലന്‍, ചടയന്‍ ഗോവിന്ദന്‍, മേലേത്ത് നാരായണന്‍ നമ്പ്യാര്‍, പി.കെ. മന്ത്രി, കാഥികന്‍ വി. സാംബശിവന്‍, കൃഷ്ണന്‍ കണിയാമ്പറമ്പില്‍... ഇങ്ങനെ ഒട്ടേറെപ്പേരെ ചികിത്സിക്കാനും ശുശ്രൂഷിക്കാനും കൃഷ്ണന്‍ നായര്‍ക്ക് കഴിഞ്ഞിരുന്നു.

 ആദ്യഘട്ട ചികിത്സ കഴിഞ്ഞ ശ്രീവിദ്യ കല്‍പ്പാത്തിയില്‍ സംഗീതക്കച്ചേരി നടത്തി

നടി ശ്രീവിദ്യയുടെ ചികിത്സയെക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ''ശ്രീവിദ്യ ചികിത്സ യഥാസമയം തുടങ്ങേണ്ടതായിരുന്നു. ആദ്യഘട്ട ചികിത്സ കഴിഞ്ഞ ശ്രീവിദ്യ കല്‍പ്പാത്തിയില്‍ സംഗീതക്കച്ചേരി നടത്തി. അഭിനയിക്കാനായി ലണ്ടനില്‍പ്പോയി. പക്ഷേ, രോഗം പൂര്‍ണമായും അവരെ വിട്ടൊഴിഞ്ഞിരുന്നില്ല.

ഏകമകള്‍ മഞ്ജുവിന്റെ അകാലത്തിലുള്ള വേര്‍പാടാണ് കൃഷ്ണന്‍ നായരെ അവസാനനാളുകളില്‍ തളര്‍ത്തിയത്. അ?േതാടെ നടത്തവും നിന്നു. ഉത്സാഹവും.

Content Highlights: About RCC Founder Dr M Krishnan Nair