സത്യസന്ധതയും, തൊഴിലിനോടുള്ള സമര്‍പ്പണവും തന്നെയാണ് നമ്മള്‍ ചെയ്യുന്ന ഏതൊരു തൊഴിലിന്‍റെയും മഹത്ത്വം. പത്ര പ്രവര്‍ത്തനത്തിലെ ശുദ്ധത തന്നെയാണ് അതിന്‍റെ മഹതത്വവും. അത്തരത്തിലുള്ള ഒരു സമര്‍പ്പണത്തിന്‍റെയും ശുദ്ധതയുടെയും മഹത്ത്വമാണ് ഒഡീഷയിലെ ഭവാനിപാട്നയെന്ന ആ കൊച്ചു ഗ്രാമത്തിലെ പ്രാദേശിക റിപ്പോര്‍ട്ടര്‍ കണ്ട വാര്‍ത്ത.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല 10 കിലോമീറ്ററോളം ഭാര്യയുടെ ചേതനയറ്റ ശരീരവും ചുമന്ന് നടന്ന ആ പാവത്തിന് ജില്ലാ കളക്റ്ററെ വിളിച്ച് ആംബുലന്‍സ് എത്തിച്ചു കൊടുക്കാനും അദേഹം തയ്യാറായി. കാണുന്ന കാഴ്ചയിലെ അനീതിയും കൌതുകവും കണ്ടെത്തുക മാത്രമല്ല, അത് ലോകത്തോട്‌ വിളിച്ചുപറയുകയും കൂടി ചെയ്യുക, അത് തന്നെയാണ് പത്രപ്രവര്‍ത്തനം.

ഡാനാ മാജിയെന്ന വലീയ മനസിന്‍റെ ഉടമയെ പ്രാദേശിക ലേഖകന്‍ കണ്ടുമുട്ടിയില്ലായെങ്കില്‍ രാജ്യം നടുങ്ങിപ്പോയ ആ വാര്‍ത്ത ഇന്ന് പുറംലോകം അറിയുകയേയില്ല. ആ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് ഹൃദയം കൊണ്ടൊരു സല്യൂട്ട്. രാജ്യം ഞെട്ടിത്തരിച്ചു പോയ ഒട്ടേറെ വാര്‍ത്തകളുടെ ഉറവിടം ഇത്തരം കുഞ്ഞു കുഞ്ഞു പ്രാദേശിക ലേഖകര്‍ കണ്ടെത്തി അവരുടെ ബ്യൂറോകളിലേക്ക് അയച്ചു കൊടുത്ത വാര്‍ത്തകളായിരുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ തൊടുത്തു വിടുന്ന വാര്‍ത്തയാണ് പിന്നീട് രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുക. എത്രയെത്ര പ്രാദേശികപത്രപ്രവര്‍ത്തകരുടെ ഓട്ടപ്പാചിലിന്‍റെ ഫലമാണ് ഓരോ ദിവസവും പുറത്തിറങ്ങുന്ന പത്രങ്ങള്‍.

നാം നിസ്സാരമായി വായിച്ചു തള്ളുന്ന ഓരോ വാര്‍ത്തയും എത്രയെത്ര ജീവിതങ്ങളുടെ കഥയായിരിക്കും. എത്രയെത്ര അനീതികളാണ് ഓരോ ദിവസത്തെ പത്രത്തിലും ജനകീയ വിചാരണ ചെയ്യപ്പെടുന്നത്? ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെടുന്ന അനേകരുടെ മുറിവ് ഉണക്കാനുള്ളതാവട്ടെ പത്രപ്രവര്‍ത്തനം. ~~മുനീര്‍ പാറക്കടവത്ത്~~