റിഞ്ഞില്ലേ, കഴിമ്പ്രത്ത് റിക്കാര്‍ഡു ഡാന്‍സ്‌കാര്‍ വന്നിട്ടുണ്ടടാ' സ്‌കൂള്‍ വിട്ടു വരുന്നവഴി പുതിയ ന്യൂസുമായി ബാബു വഴിയില്‍ തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. 'നമുക്ക് എന്തായാലും പോണം.അതിനു വീട്ടീന്ന് പറഞ്ഞയക്കോ..' 'അതൊക്കെ ശരിയാക്ക.അവര് എവിട്യാ തമ്പടിച്ചിരിക്കണതു' 'മേപ്പറത്തു സ്‌കൂള്‍കാര്‍ സമ്മതിച്ചില്ലാത്രെ' 'വേറെവിട്യാ' ' കൊല്ലാടീടെ പീടില്ലേ അതിന്റെ അടുത്താന്നാ പറഞ്ഞെ' 'മക്കാരാപ്ലെടെ കടടെ ഇപ്പറത്തല്ലേ പണ്ട് അവിടിണ്ടായിട്ടുണ്ട്.

ഞങ്ങളുടെ സംസാരം തുടരുന്നതിനിടെ ജയനുംവന്നു. 'എന്താടാ എന്നെ കൂട്ടാണ്ട് എന്ത് കാര്യാ.. കഴിഞ്ഞ കൊല്ലം വന്ന റിക്കാര്‍ഡു ഡാന്‍സ്‌കാര്‍ വന്നിട്ടുണ്ടട..അന്ന് വന്ന ആ അടിപൊളി ഡാന്‍സ് ചെയ്യണ ടീമായ മതിയായിരുന്നു'. ' ആ..ആ..അത് മനസ്സിലായി..' 'നീ ഉദ്ധേശിച്ചതല്ല ഞാനാ 'പാട്ടും ഞാനേ ഭാവവും ഞാനേ' എന്ന തമിഴ് പാട്ടിനു ഡാന്‍സ് കളിച്ച ആളെ പറ്റിയ പറഞ്ഞെ.... അയാളൊരു സംഭവം തന്യാ..അല്ലെടാ ശരിക്കും ശിവാജി ഗണേശന്റെ അതേപോലെ'. 'നീയെന്താ മിണ്ടാണ്ടിരിക്കണ്'. ജയന്റെ മൗനം ബാബുനു ഇഷ്ട്ടപെട്ടില്ല. 

'വീട്ടീന്ന് എന്ത് പറഞ്ഞു പോരുമെന്ന് ആലോചിച്ചിട്ടാ..ചേട്ടനും കാണും അതല്ലേ പ്രശ്‌നം.' 'അത് സാരില്ലടാ ചേട്ടനും ഞാനായിട്ട് കമ്പന്യാ..നീ വരാന്‍ നോക്ക് എന്റെ ചേട്ടന്മാരും കാണോല്ലോ... രാത്രി എന്നെ ഒറ്റയ്ക്ക് പറഞ്ഞയക്കില്ല.' 'നീ എത്ര പ്രാവിശ്യം രാത്രി സിനിമക്ക് വന്നിട്ടുള്ളതാ..അപ്പൊ കൊഴപ്പില്ലേ..' ബാബുവിന്റെ കമന്റു. 'എന്തായാലും ഞാന്‍ വരാന്‍ നോക്കാം.നിങ്ങള് റെഡിയായി തിലകചേട്ടന്റെ പീട്യാരവിടെ വന്നാമതി.പ്രകാശ നോടും പറഞ്ഞോ.അല്ലെങ്ങിനി അവന്‍ പിണങ്ങും.'

 അങ്ങിനെ ഞങ്ങള്‍ റിക്കാര്‍ഡു ഡാന്‍സ് കാണാന്‍ പുറപ്പെട്ടു . ''ചേട്ടന്മാര്‍ ഉണ്ടാവുന്നു പറഞ്ഞിട്ട്' ബാബുവിന്റെ ചോദ്യം. 'അവര്‍ പിന്നില്‍ വരുന്നുണ്ട്.കുറെ പറഞ്ഞിട്ടാ അച്ഛന്‍ സമ്മതിച്ചത്'  പാട്ട് കേള്‍ക്കുന്നുണ്ട്...... 'ഒന്ന് വേഗം നടക്കെടാ തൊടങ്ങീന്ന തോന്നണത്' ബാബു നടത്തത്തിനു സ്പീഡു കൂട്ടി. 

അടുത്ത് എത്തുംതോറും പാട്ട് ഏതെന്നു മനസ്സിലായി.'എന്നടി റാക്കമ്മ പല്ലക്ക്..'എന്ന് തുടങ്ങുന്ന ഗാനം . ബാബു പറഞ്ഞത് നേരാ.. പരിപാടി തുടങ്ങിയിരുന്നു.പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്ന റാക്കമ്മ തകര്‍ത്ത് ആടുകയാണ്. ഒപ്പം കാണികളും ഇളകി തുടങ്ങി. തണുപ്പ് ആയതിനാല്‍ ബദറൂന്റെ ചൂടുള്ള കപ്പലണ്ടിയും മമ്മുസ്സന്‍ ഇക്കാടെ ചുക്ക്കാപ്പിക്കും നല്ല ചിലവായിരുന്നു. രണ്ടു പാട്ട് കഴിഞ്ഞപ്പോള്‍ തന്നെ പാത്രമെടുത്തു കുട്ടിറാക്കമ്മ പിരിവുതുടങ്ങി. 

പൈസയും ചിലര്‍ കോഴിമുട്ടയും കൊണ്ട് വന്നിരുന്നു. 'വസന്ത മാളികയിലെ പാട്ട് പാടടോ..'ഉദ്ദേശിച്ചത് പോലെ കാണികളില്‍ നിന്ന് അത് കാര്‍ത്തികേയ(വെകിളി)ചേട്ടനായിരുന്നു. 'യാരുക്കാകെ ഇതു യാരുക്കാകെ ഇന്ത മാളികൈ വസന്തമാളികൈ..' ശരിക്കും കാണികളെ കോരി തരിപ്പിച്ചു.പാട്ട് കഴിഞ്ഞപ്പോള്‍ ശിവാജിയായി പാടി അഭിനയിച്ചവന് കാര്‍ത്തികേയചേട്ടന്‍ ഒരു നോട്ടും കുത്തികൊടുത്തു. 

'വെകിളിക്ക് മൂച്ചായിട്ടാ..അയാളിന്ന് കയ്യിലുള്ള പൈസൊക്കെ അവര്‍ക്ക് കൊടുക്കും.' പ്രകാശന്‍. പിന്നെ ഒരു ഇടവേള.ഈ സമയത്താണ് ലേലംവിളി. ആദ്യം കോഴിമുട്ടയില്‍ തുടങ്ങി ലേലം. അതിനിടയില്‍ കാണികളില്‍ തന്നെ ഓരോ ഭാഗത്ത് നിന്ന് വന്നവര്‍ ഗ്യാങ്ങായി മത്സരിച്ചു വിളിതുടങ്ങി. കൊതകുളം കട്ടകമ്പനി ബാലേട്ടന്റെ നേതൃതത്തില്‍ വിളി തുടങ്ങി വച്ചു. 'പത്തു പൈസ'.ധൈര്യയുണ്ടെങ്ങി വിളിക്കടൈ' എന്നൊരു വെല്ലുവിളിയും.

കട്ടകമ്പനിക്ക് വിട്ടുതരില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്‌കൊണ്ട് ജില്‍ ജില്‍ കഴിംബ്രത്തിനു വേണ്ടി ഗോവാലന്‍,അബ്ദുള്‍ ഖാദിര്‍,വെകിളി ടീം വിളിച്ചു. 'ഇരുപത്തഞ്ചു പൈസ'. 'ഇതു എതണ്ടപ്പ ജില്‍ ജില്‍ കഴിമ്പ്രം.ഇതുവരേയ്ക്കും കേട്ടിട്ടില്ലല്ലോ' ജയന് സംശയം. 'അതവരു ലേലത്തിനു വേണ്ടി സ്‌പെഷല്‍ പെരിടുന്നതല്ലേ..' എന്റെ ചെറിയ അറിവ് വെച്ച്പറഞ്ഞപ്പോള്‍ അവന്റെ സംശയംമാറി. അപ്പോഴേക്കും കഴിമ്പ്രം തെക്ക് ഭാഗത്തുള്ളവര്‍ സുബ്രഹ്മണ്യന്റെ കൂടെ അണിനിരന്നു വിളിതുടങ്ങി. 'ബ്രദേഴേസ് കഴിമ്പ്രം മുപ്പതു പൈസ.' എന്നും പറഞ്ഞു കൊതകുളം കട്ടകമ്പനിയെ നോക്കി കൂവലും തുടങ്ങി.

 'അമ്പതു പൈസ...പോയി പണി നോക്കട മക്കളേ..' ബാലേട്ടന്‍ ടീമിലെ പാച്ചന്‍ സ്ഥിരം മുദ്രാവാക്യം വിളിക്കുന്ന ആവേശത്തോടെ മുഷ്ടി ചുരുട്ടി വിളിച്ച് പറഞ്ഞു.കൂടാതെ ഗോവാലന്‍ ടീമിനെ നോക്കി എന്തോ ഇല്ലപേര് പറഞ്ഞു. ഇത് കേട്ടതും കാര്‍ത്തികചേട്ടനിളകി. മൂപ്പര് തോര്‍ത്തുമുണ്ട് തലേകെട്ടി ചാടിയെഴുന്നേറ്റു. 'അവനെ വിടരുത് ഗോവാലാ..' 'നീയൊന്ന് ക്ഷമിക്ക്..നമുക്കും അവനെ കുറ്റപേര് വിളിക്കാടാ..' ഖാദിര്‍ സമാധാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. 

ഗ്യാങ്ങുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവും എന്നായപ്പോള്‍.ശ്രീധരേട്ടന്‍ കൊല്ലാടി മേജര്‍ ടീം ഇടപെട്ടു. 'പ്രശ്‌നം ഉണ്ടാക്കരുത്.എല്ലാം നല്ല രീതിയില്‍ പോണം'. എല്ലാവരും അതനുസരിച്ചു. എങ്കിലും ലേലത്തില്‍ വാശിവിട്ടില്ല. അത്‌കൊണ്ടെന്താ റിക്കാര്‍ഡു ഡാന്‍സ്‌കാര്‍ക്ക് നല്ലപൈസ പിരിഞ്ഞുകിട്ടി. ' ഉറക്കം വരുണ് സില്‍ക്കിന്റെ പാട്ട് വയ്ക്കടോ...' അതാരാ പറഞ്ഞതെന്നറിയാന്‍ എണീറ്റ് നോക്കിയെങ്കിലും തലേകെട്ടും ഒക്കെയായിട്ട് ആളെ മനസ്സിലായില്ല. എന്തായാലും അടുത്ത പാട്ട് ആ ഒരു അയ്റ്റമായിരുന്നു.

ചുണ്ടിലോക്കെ ചായം പൂശി മുഖത്ത്‌പൌഡര്‍ വാരി തേച്ചു ഹാഫ് പാവാടയിട്ട് സില്‍ക്കെത്തി. പിന്നെ കുറച്ചു നേരത്തിനു പാട്ടൊന്നും കേള്‍ക്കാന്‍ പറ്റിയില്ല. വിസിലടി മാത്രമായിരുന്നു.ഞാനും ഒന്ന് വിസിലടിക്കാന്‍ പരിശ്രമിച്ചു നോക്കി കാറ്റ് മാത്രം പുറത്തു വന്നു. 'അടുത്ത ഒരു പാട്ടോട് കൂടി ഞങ്ങളുടെ ഇന്നത്തെ പരിപാടിക്ക് അവസാനമാകുകയാണ്' 'ഇതാണ്ട മോനെ സൂപ്പര്‍ ഇതു കാണാന ആള്‍ക്കാര് കാത്തിരിക്കണതു' കഴിഞ്ഞ പ്രാവിശ്യം കണ്ട അനുഭവം ഞാന്‍ പങ്കുവച്ചു.

പ്രതീക്ഷിച്ച പോലെ തന്നെ ശിവാജി ഗണേശനായി തന്റെ തുരുപ്പു ചീട്ടായ ' പാടും ഞാനേ ഭാവവും ഞാനേ' എന്ന പാട്ടിനോപ്പിച്ചു ഗ്രൂപ്പിലെ മൂപ്പന്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ തകര്‍ത്താടി. അയാളെ കൈ കൊടുക്കുവാനും അഭിനന്ദിക്കാനും ഉള്ള തിരക്കായിരുന്നു പിന്നെ. നല്ലൊരു പരിപാടി കണ്ടു നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. ഇന്നു ആ ഒരു കൂട്ടം എവിടെയാണാവോ.. ..കളവും ചതിയുമൊന്നുമില്ലാതെ മറ്റുള്ളവരെ തങ്ങളുടെ കഴിവ്‌കൊണ്ട് ആനന്ദിപിച്ചിരുന്ന കലാകാരന്മാര്‍