പുതുവര്‍ഷാരംഭം പഴയതെല്ലാം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കാനുള്ള അവസരം കൂടിയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ഓരോ വര്‍ഷത്തേയും ഡയറികള്‍ കൃത്യമായി സൂക്ഷിച്ചുവെക്കുന്നത് ഇഷ്ട്ടമായിരുന്നു, ചിലപ്പോഴെല്ലാം അതൊന്നു മറിച്ചുനോക്കുന്നതും. ഓരോ വര്‍ഷവും പേജുകളിലൂടെ കടന്നുപോകുമ്പോള്‍, മുന്‍പ് അനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം അതേ തീവ്രതയോടെ ഒന്നുകൂടി അനുഭവിക്കാനാവും. ഒരിക്കല്‍ കൂടി ആ നാളുകളെല്ലാം ജീവിക്കാന്‍ കഴിയുന്ന പോലെ.

കഴിഞ്ഞ ദിവസം പുതുവത്സരകാര്‍ഡുകള്‍ അയയ്ക്കുന്നതിനിടക്കാണ് ആ പഴയ ഡയറിയൊന്നു വായിക്കാന്‍ തോന്നിയത്. ജനുവരി പുതുമകളൊന്നും സമ്മാനിക്കാതെയാണ് കടന്നു പോയത്. പതിവുപോലെ പഴയ ദുഃഖങ്ങളെല്ലാം വിട പറയുമെന്ന ആശ്വാസം, പുതുവര്‍ഷം ഒരുപാട് നന്മകള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷ, അങ്ങനെ പോകുന്നു ആ ദിനങ്ങള്‍. കുറച്ചു നാളുകള്‍ക്കു ശേഷം പ്രതീക്ഷകളുടെ വ്യാപ്തി കുറഞ്ഞ്,സ്വപ്നങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ കടന്നു പോകുന്ന ദിനങ്ങള്‍.

അതിനിടയിലാണ് ഒരു പേജില്‍ പച്ച മഷികൊണ്ട് വരച്ചുവെച്ചിരിക്കുന്നതു ശ്രദ്ധിച്ചത്. എന്തെങ്കിലും പ്രത്യേകതയുള്ള ദിനങ്ങള്‍ക്ക് പച്ചമഷികൊണ്ട് വരയിടുന്നത് മുന്‍പേയുള്ള ശീലമാണ്,  ആ ദിവസത്തെ കുറിപ്പ് ഇങ്ങനെയായിരുന്നു. 'ബസ് സ്റ്റാന്റില്‍വെച്ചു ഒരു കുട്ടി എന്നെ പരിചയപ്പെടാന്‍ വന്നു. ഏകദേശം പതിനേഴു വയസ്സ് വരുമെന്ന് തോന്നുന്നു. അവന്‍ ആരാണ്? എന്തിനാണവന്‍ എന്നെ പരിചയപ്പെടാന്‍ വന്നത്? ഞാനൊന്നും ചോദിച്ചില്ല, അവന്‍ പറഞ്ഞതുമില്ല'. കോളേജ് ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കുള്ള പതിവ് വെള്ളിയാഴ്ചകളിലൊന്നായിരുന്നു അന്ന്. വെള്ളിയാഴ്ച വൈകുന്നേരങ്ങള്‍ എന്നും എനിക്കൊരു കൗതുകമായിരുന്നു.ആരൊക്കെയോ എവിടുന്നോ വരുന്നു, എങ്ങോട്ടോ പോകുന്നു. ആകെ തിരക്കും ബഹളവും. ആ തിരക്കിനിടയില്‍ പെട്ടെന്നാണ് ഒരാണ്‍കുട്ടി എന്റെ മുന്നിലെത്തിയത്. എന്നോട് പേരും, എന്ത് ചെയ്യുന്നുവെന്നും ചോദിച്ചു ആ തിരക്കിലേക്ക് ചേര്‍ന്ന് പോവുകയും ചെയ്തു. 

ചിലപ്പോള്‍ ആളുമാറി ചോദിച്ചതുമാകാം. അത്രയേ ഞാനന്ന് കരുതിയുള്ളൂ. അതിനടുത്ത വെള്ളിയാഴ്ചയും ഞാനാ കുട്ടിയെ കണ്ടു. അടുത്ത ബസ് വരാനുള്ള കാത്തിരിപ്പില്‍ ബസ് സ്റ്റാന്റിലെ സിമന്റ്‌ബെഞ്ചിലിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ചേച്ചി എന്ന വിളിയോടെ അവനെന്റെ മുന്നിലെത്തിയത്. ഒരാഴ്ച മുന്‍പ് കണ്ട മുഖം ഓര്‍ത്തെടുക്കാന്‍ ഇത്തിരി സമയമെടുത്തു. 'ചേച്ചിയുടെ വീട് ഇതിലേതു സ്ഥലത്താണ്?' എനിക്ക് പരിചിതമായ രണ്ടു സ്ഥലപ്പേരുകള്‍ പറഞ്ഞുകൊണ്ട് അവന്‍ ചോദിച്ചു. 'ഇപ്പറഞ്ഞ രണ്ടു സ്ഥലത്തുമല്ല.' ഞാന്‍ മറുപടി പറഞ്ഞു. ഈ രണ്ടിടത്തേക്കുമുള്ള ബസില്‍ ചേച്ചിയെ കണ്ടിട്ടുണ്ടല്ലോ എന്നായി അവന്‍. അവന്റെ ആകാംക്ഷയെ അവഗണിക്കാതെ താമസസ്ഥലത്തിന്റെ പേര് പറഞ്ഞതോടെ അവനൊന്നു ഉഷാറായി.

' ചേച്ചി വരുമെന്ന് പ്രതീക്ഷിച്ച് ഞാനെന്നും വൈകുന്നേരം നോക്കാറുണ്ട്.' അവന്‍ പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ വരുന്ന എന്നെ എല്ലാ ദിവസവും ഇവിടെയൊരാള്‍ പ്രതീക്ഷിക്കുന്നു എന്ന അറിവില്‍ ഒരു പുതുമ തോന്നാതിരുന്നില്ല. ' വെള്ളിയാഴ്ചകളിലേ ഞാന്‍ വരാറുള്ളൂ. പിന്നെ കുട്ടിയെന്നെ എല്ലാ ദിവസവും പ്രതീക്ഷിച്ചാല്‍ എങ്ങനെയാ...?  ഇടയ്ക്ക് ഏതെങ്കിലും ദിവസം വീട്ടില്‍ വരണമെന്ന് തോന്നി ചേച്ചി വന്നാലോ.' അവന്റെയാ മറുപടിക്കു എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ആ സംസാരം അവസാനിപ്പിച്ചുകൊണ്ട് ബസ് വന്നു. എന്തിനാണ് അവനെന്നെ പരിചയപ്പെടാന്‍ വന്നതെന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അവന്റെ മറുപടി. 

അങ്ങനെ മനു എന്റെ മനസ്സില്‍ ചെറിയൊരു ചോദ്യചിഹ്നമായി. വീണ്ടുമൊരു സന്ധ്യനേരത്ത് ഞാനവനെ കണ്ടു.ബസില്‍ നിന്നിറങ്ങിയ എന്നെ നോക്കിക്കൊണ്ട് നില്‍ക്കുന്ന അവനെ കണ്ടുവെങ്കിലും ഞാനതു ഭാവിക്കാതെ അടുത്തുള്ള സിമന്റുബെഞ്ചിലിരുന്നു. അതുകൊണ്ടാവാം പെട്ടെന്ന് അടുത്ത് വരാന്‍ അവനൊന്നു മടിച്ചു. അല്പം കഴിഞ്ഞ് ഒരു ചെറുചിരിയോടെ അവന്‍ എന്റെയടുത്ത് വന്നിരുന്ന് വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി.

വീട്ടില്‍ അച്ഛനുമമ്മയും രണ്ടനിയന്മാരുമാണ്. അച്ഛന്‍ ബാങ്കുദ്യോഗസ്ഥനും, 'അമ്മ വീട്ടമ്മയുമാണെന്ന് മറുപടി പറയാന്‍ ഞാനൊരു ചോദ്യം ചോദിക്കേണ്ടിവന്നുവെങ്കിലും അനിയന്മാരെക്കുറിച്ചവന്‍ വാചാലനായി. അവരെക്കുറിച്ചുള്ള ആ വര്‍ണ്ണനകളില്‍ ഒരേട്ടന്റെ വാത്സല്യം പ്രകടമായിരുന്നു. അതെനിക്കേറെ ഇഷ്ടപ്പെടുകയും ചെയ്തു.ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ' വീട്ടില്‍ പെണ്‍കുട്ടികളില്ലാത്തതുകൊണ്ടാണോ നീയെന്നോട് കൂട്ടുകൂടാന്‍ വരുന്നത്? അങ്ങനെയെങ്കില്‍ത്തന്നെ ഒരു പരിചയവുമില്ലാത്ത എന്നോട്...? 

 ചേച്ചിക്ക് എന്നെയറിയില്ല. പക്ഷേ ഞാന്‍ കുറെ നാളുകളായി ചേച്ചിയെ ശ്രദ്ധിക്കുന്നു. എന്തുകൊണ്ടാണെന്നു ചോദിച്ചാല്‍ എനിക്കറിയില്ല.' അവന്റെ മറുപടി കേട്ട ഞാന്‍ വാക്കുകള്‍ക്കായി പരതി. അല്പനേരത്തെ ആലോചനക്കുശേഷം ഞാന്‍ ചോദിച്ചു . ' കുട്ടിയെ എനിക്കറിയില്ലല്ലോ . കുട്ടി നല്ലതാണോ ചീത്തയാണോ എന്ന് ഞാനെങ്ങനെ അറിയും? ' തികച്ചും ന്യായമായ ഈ സംശയത്തിന് പെട്ടെന്നുതന്നെ അവന്റെ മറുപടിയെത്തി.

' നല്ലതെന്ന് എനിക്ക് പറയാനല്ലേ കഴിയൂ. ഞാനതെങ്ങനെ വിശ്വസിപ്പിക്കും? ' അവന്റെ മറുപടി ഒരു ചോദ്യമായി മാറുമ്പോള്‍ അതൊരു സത്യം തന്നെ എന്നെനിക്കും തോന്നി. എന്തു പറയണമെന്ന ചിന്തയിലായി ഞാന്‍. അതിനിടെ അവന്റെ ചോദ്യം കേട്ടു. ' ചേച്ചിയ്ക്കെന്നെ ഒരനിയനെപ്പോലെ സ്‌നേഹിക്കാന്‍ കഴിയ്വോ? ' ആ ചോദ്യത്തില്‍ മനസ്സ് നിറഞ്ഞെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല. ഒന്നുമറിയാതെ ഒരാളെ എങ്ങനെ വിശ്വസിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. എന്റെ നിസ്സഹായത തുറന്നു പറഞ്ഞപ്പോള്‍ അതിനും അവനുത്തരമുണ്ടായിരുന്നു. വീട്ടില്‍ വന്ന് എല്ലാവരേയും പരിചയപ്പെട്ടതിനു ശേഷം മതി ഒരു സൗഹൃദം എന്നവന്‍ പറഞ്ഞു കേട്ടപ്പോള്‍ ഒന്നാലോചിക്കട്ടെ എന്നു പറയുകയും ചെയ്തു ഞാന്‍. 

പിന്നീട് അവനെ കണ്ടപ്പോഴെല്ലാം സംസാരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലായിരുന്നു. ആരെങ്കിലും എന്റെ കൂടെക്കാണും. ഇതെല്ലാം കേട്ടാല്‍ അവരെന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു എനിക്ക് .തൊണ്ണൂറുകളുടെ തുടക്കം ഇങ്ങനെയൊക്കെ ചിന്തിക്കാനേ എന്നെയും, എന്റെ ചുറ്റുമുള്ളവരെയും പഠിപ്പിച്ചിരുന്നുള്ളൂ. കേവലം കണ്ടുപരിചയം മാത്രമുള്ള ഒരാളെ ഇത്രയധികം സ്‌നേഹിക്കുന്നു എന്നത് സത്യം തന്നെയാണോ എന്നൊരു ചോദ്യം ഇതിനിടയിലെപ്പോഴോ എന്റെ മനസ്സിലുയര്‍ന്നു വന്നിരുന്നു.

അതിന് 'അതെ ' എന്നാണുത്തരമെന്ന് ഞാനെന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. എന്നിട്ടും ആ വിശ്വാസം, ഒരു വിവരമില്ലായ്മയായി മാത്രമേ അന്നെനിക്ക് കാണാന്‍ കഴിഞ്ഞുളളൂ. പിന്നീടെന്നോ കാലം ആ വിവരമില്ലായ്മയെ ഒഴുക്കിക്കളഞ്ഞപ്പോഴേക്കും അതൊരു വലിയ നഷ്ടം ബാക്കിവെച്ചു. ഇന്നു ഞാനാ സ്‌നേഹത്തിന്റെ വിലയറിയുന്നു. നല്‍കുന്ന സ്‌നേഹത്തിന്റെ ഒരു ചെറിയ അംശമെങ്കിലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരുടെയൊക്കെയോ മുന്നില്‍ വിഡ്ഢിയാകുന്നു പലപ്പോഴും. ഇന്ന് ഞാനവനെ ഒരുപാട് സ്‌നേഹിക്കുന്നു, അവനറിയുന്നില്ലെങ്കിലും. വര്‍ഷങ്ങള്‍ക്കിപ്പുറം, അവനെ ഒരിക്കല്‍ കൂടി കണ്ടുമുട്ടുന്നത് ഞാന്‍ പലപ്പോഴും സങ്കല്പിക്കാറുണ്ട്. പക്ഷേ അതു സാധ്യമാക്കാന്‍ അവന്റെ മേല്‍വിലാസമോ ഫോണ്‍നമ്പറോ ഒന്നുമില്ല, മങ്ങിയ ഒരോര്‍മ്മച്ചിത്രമല്ലാതെ. ഇന്ന് അവനെന്നെയോ, എനിക്കവനെയോ തിരിച്ചറിയാന്‍ കഴിയുമോ എന്നുപോലുമറിയില്ല. എന്നിട്ടും ആ ബസ് സ്റ്റാന്റിനരികിലൂടെ കടന്നു പോകുമ്പോള്‍ ഞാനാഗ്രഹിച്ചു പോകുന്നു, അവനെയൊന്ന് കണ്ടിരുന്നെങ്കിലെന്ന്. അപ്പോഴെല്ലാം എന്റെ മനസ്സ് മന്ത്രിക്കാറുണ്ട്, അന്ന് ഞാനവന് കൊടുക്കാതെ പോയ സ്‌നേഹം, ഇന്നെനിക്ക് കിട്ടാതെ പോകുന്നതും...