അന്ന് മൂന്നാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത് . വാപ്പയ്ക്ക് കാര്യമായ ജോലിയൊന്നും ഇല്ലായിരുന്നു. വല്ല കല്യാണത്തിനൊ ചടങ്ങുകള്‍ക്കോ പോകുമ്പോഴാണ് വയറ് നിറച്ചു എന്തെങ്കിലും കഴിക്കുന്നത്. അന്നൊക്കെ സാമ്പത്തിക സ്ഥിതിയുള്ള തറവാട്ടുകാര്‍ പാവപെട്ട കുടുംബങ്ങളെ വിളിച്ചു ഇടക്ക് ഭക്ഷണം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു . 

'കഞ്ഞി വീത്തല്‍' . വല്ല്യുമ്മ അങ്ങനെയാണ് അതിനെ കുറിച്ച് പറഞ്ഞത്. മട്ട അരിയുടെ നല്ല ചൂടുള്ള കഞ്ഞിയും പയറോ പച്ച കായ ഉപ്പേരിയോ ആയിരുന്നു പ്രധാന വിഭവം . ചിലപ്പോള്‍ അച്ചാറോ പപ്പടം കാച്ചിയതോ ഉണ്ടാകും . കല്യാണത്തിനോ കഞ്ഞി വീത്തലിനോ അവനെ കൂട്ടി പോയിരുന്നത് വല്ല്യുമ്മയാണ്. 

ഷാഹുല്‍ മാഷുടെ മകന്റെ പഴയ ഉടുപ്പുകളാണ് അവന് അന്ന് ഉണ്ടായിരുന്ന നല്ല വസ്ത്രം. മാഷുടെ മകന്‍ ഫാസിലും അവനും ഒരേ പ്രായക്കാരാണ്. വല്ല്യുമ്മ അവനേയും കൂട്ടി ഒരു ദിവസം അവിടെ പോയി സങ്കടം പറഞ്ഞാണ് ഉടുപ്പുകള്‍ വാങ്ങിയത്. ഫാസിലിന്റെ വീട്ടില്‍ വെച്ചാണ് ആദ്യമായി നെയ്‌ച്ചോറും കോഴിക്കറിയും തിന്നുന്നത്. പിന്നീട് നെയ്‌ച്ചോറും കോഴിക്കറിയും എന്ന് കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറും. 

ഓടിട്ട , ഭംഗിയുള്ള വലിയ വീടാണ് ഫാസിലിന്റേത് . മുറ്റം നിറയെ ചെടികളും. അവനുള്ളതോ ചെറിയ ഒരു കൂരയും . മഴ വന്നാല്‍ പകുതി വെള്ളവും അകത്താണ്. മഴ പെയ്യുമ്പോള്‍ വീട്ടിലുള്ള പാത്രങ്ങളെടുത്തു അകം നിറച്ചു വെക്കും .ഉറക്കം മുറിഞ്ഞു ചോര്‍ച്ചയില്ലാത്ത ഒരു മൂലയില്‍ വല്ല്യുമ്മയുടെ മടിയില്‍ തല വച്ച് കിടക്കും.

അങ്ങനെ മഴ തോര്‍ന്ന ഒരു ദിവസമാണ് അവന് പനി പിടിച്ചത്. ആദ്യമൊന്നും കാര്യമാക്കിയില്ല . ആസ്പത്രിയില്‍ നിന്ന് കിട്ടിയ വെളുത്ത ഗുളിക വീട്ടില്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് രണ്ട് മൂന്നെണ്ണം പല നേരങ്ങളിലായി ഉമ്മ അവന് കൊടുത്തു . രണ്ട് ദിവസം കഴിഞ്ഞിട്ടും പനി കുറവ് കണ്ടില്ല. പിറ്റേന്ന് രാവിലെ ആസ്പത്രിയില്‍ പോയി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ കുഴല് വെച്ച് പരിശോധിച്ചു. വെള്ള ഗുളിക തന്നെ വീണ്ടും എഴുതി തന്നു. കൂടെ ഒരു കുപ്പി മരുന്നും. 

രണ്ട് ദിവസം കഴിച്ചപ്പോള്‍ പനി കുറഞ്ഞു . വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയി . കളി കഴിഞ്ഞു വിയര്‍ത്തു കുളിച്ചു എത്തിയപ്പോള്‍ കലി തുള്ളി ഉമ്മ . പനി മാറിയിട്ടില്ല , അപ്പോഴേക്കും കൂട്ടുകാരോടൊപ്പം തുള്ളണ . ഉമ്മയുടെ കൈയില്‍ നിന്ന് രണ്ട് മൂന്ന് അടി കിട്ട . പുലര്‍ച്ചെ വീണ്ടും പനി തുടങ്ങി. നല്ല വിറയ്ക്കുന്ന പനി . മൂത്രം മഞ്ഞ നിറവും ഉണ്ട്. 

വല്ല്യുമ്മ ചെറിയ ഒരു കുപ്പിയില്‍ മൂത്രം എടുത്ത് ചോറ് വറ്റ് ഇട്ടു വച്ചു. വൈകുന്നേരം നോക്കിയപ്പോള്‍ വറ്റ് മഞ്ഞ നിറമായിരിക്കുന്നു . യിന്റെ ബദിരീങ്ങളെ , മഞ്ഞ പിത്താണല്ലോ . വല്ല്യുമ്മ വല്ലാതെ ബേജാറായി കരയാന്‍ തുടങ്ങി . അന്ന് ഉപ്പയാണെങ്കില്‍ വീട്ടില്‍ ഇല്ല . ഏതോ ജോലിക്കാര്യം അന്വേഷിച്ച് ശിവകാശി വരെ പോയതാണ് . ഉമ്മയുടെ കൈയില്‍ ആണെങ്കില്‍ പൈസയില്ല . രാവിലെ ആസ്പത്രിയില്‍ കൊണ്ട് പോകണം . പിറ്റേന്ന് അമ്മാവന്റെ വീട്ടില്‍ പോയി വല്ല്യുമ്മ കുറച്ചു പൈസ കടം വാങ്ങിച്ചു. 

കുറാഞ്ചേരിയില്‍ ഒരു നാട്ടുവൈദ്യം ഉണ്ട് . അവിടെ പോയി കാണിക്ക് . ഇംഗ്ലീഷ് മരുന്ന് കൊടുത്തിട്ട് വല്യ കാര്യം ഒന്നും ഇല്ല്യ . അമ്മാവന്‍ പറഞ്ഞത് അനുസരിച്ചു കുറാഞ്ചേരിയില്‍ പോയി . വൈദ്യന്‍ കാര്യമായി നോക്കി . കൂടിയിട്ടുണ്ട്, എന്നാലും പേടിക്കേണ്ട . മാറ്റാവുന്നതേയുള്ളൂ . മരുന്ന് കൃത്യമായി കഴിക്കണം . പിന്നെ പഥ്യം പാലിക്കണം . കീഴാര്‍നെല്ലി അരച്ചെടുത്ത ഗുളിക . ഒരാഴ്ച കഴിഞ്ഞു വീണ്ടും വരണം . ഉപ്പിടാത്ത പൊടിയരി കഞ്ഞി മാത്രം ഭക്ഷണം. 

ഒരാഴ്ച മരുന്ന് കഴിച്ചിട്ടും മാറ്റം കണ്ടില്ല . പറഞ്ഞത് പോലെ വീണ്ടും വൈദ്യനെ പോയി കണ്ടു . പിന്നെയും ഒരാഴ്ച്ച മരുന്ന് . ഒട്ടും കുറഞ്ഞില്ല . അവന്‍ കൂടുതല്‍ ക്ഷീണിതനായി . കണ്ണിലും മൂക്കിലും വായിലുമെല്ലാം പൊള്ളുന്നത് പോലെ . വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി. പാതി അടഞ്ഞു പോകുന്ന കണ്ണുകള്‍ .നീര് വലിച്ചെടുത്ത മഷിത്തണ്ട് പോലെ തളര്‍ന്ന അവനെ കണ്ടപ്പോള്‍ വല്ല്യുമ്മാക്ക് സഹിച്ചില്ല . അവനെയും തോളിലിട്ട് വല്ല്യുമ്മ ആസ്പത്രിയിലേക്ക് ഓടി . അന്ന് ഓട്ടുപാറ സര്‍ക്കാര്‍ ആസ്പത്രിയില്‍ അപ്പുകുട്ടന്‍ എന്ന് പേരുള്ള പുതിയൊരു കുട്ടികളുടെ ഡോക്ടര്‍ ചാര്‍ജെടുത്തിരുന്നു. 

ഡോക്ടര്‍ അവനെ പരിശോധിച്ച ശേഷം വല്ല്യുമ്മയോട് ദേഷ്യപ്പെട്ട് സംസാരിച്ചു . നിങ്ങള്‍ ഈ കുട്ടിയേയും വച്ച് ഇത്രയും നാള്‍ എന്ത് ചെയ്യുകയായിരുന്നു . ഇനി എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചോളൂ . ആസ്പത്രിയില്‍ അവനെ അഡ്മിറ്റ് ചെയ്തു . മഞ്ഞപിത്തം ജീവന് തന്നെ ഭീഷണി ആയിരിക്കുന്നു . ആസ്പത്രിയുടെ വെളുത്ത ചമരില്‍ നോക്കി പാതി അടഞ്ഞ കണ്ണുകളോടെ അവന്‍ കിടന്നു . വെളുത്ത വസ്ത്രം ധരിച്ച കുഞ്ഞു മാലാഖമാര്‍ ചുമരില്‍ നിന്ന് പറന്ന് വന്ന് അവന്റെ കണ്ണുകളില്‍ ചുംബിച്ചു . പതുക്കെ കണ്ണുകള്‍ അടഞ്ഞു പോയി . കണ്ണ് തുറക്കുമ്പോള്‍ ചുറ്റും വെളുപ്പ് മാത്രം . മാലാഖമാര്‍ ഇല്ല . പതുക്കെ പതുക്കെ നേര്‍ത്ത ശബ്ദം കാതില്‍ ഒഴുകിയെത്തി .കണ്ണില്‍ നിന്ന് വെളുപ്പ് മാഞ്ഞു മാഞ്ഞു വര്‍ണങ്ങള്‍ നിറഞ്ഞു. തൊട്ടടുത്ത് ഉമ്മയുടേയും വല്ല്യുമ്മയുടെയും കരഞ്ഞു വീര്‍ത്ത മുഖം . ക്ഷീണിതനായി ഉപ്പ . നേര്‍ത്ത ചിരിയോടെ ഡോക്ടര്‍ , നഴ്‌സുമാര്‍ . ആസ്പത്രിയുടെ മുഖരിതമായ അന്തരീക്ഷം . 

ഡോക്ടര്‍ അടുത്ത് വന്ന് കവിളില്‍ പതുക്കെ തട്ടി . ഇപ്പോള്‍ കുഴപ്പം ഒന്നും ഇല്ല . ഇനി കുറച്ചു ദിവസം കൂടി കിടക്കണം . അത് കഴിഞ്ഞാല്‍ വീട്ടില്‍ പോകാം . സ്‌കൂളില്‍ പോകാം . കൂട്ടുകാരോടൊപ്പം കളിക്കാം . മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോഴേക്കും ക്ഷീണമെല്ലാം മാറി തുടങ്ങി . എണീറ്റിരിക്കാം . ചിരിക്കാം . വര്‍ത്തമാനം പറയാം . എന്നാലും കട്ടിയുള്ള ആഹാരമൊന്നും കഴിക്കാന്‍ പാടില്ല . ഉപ്പില്ലാത്ത കഞ്ഞി തന്നെയാണ് കഴിക്കുന്നത് . ആസ്പത്രിയില്‍ നിന്ന് കിട്ടുന്ന പാലും ബ്രഡ്ഡും മുട്ടയും ഒന്നും അവന് കൊടുക്കാറില്ല . അന്ന് ഉച്ച മയക്കത്തിന് ശേഷം ഉണര്‍ന്നത് വല്ലാത്തൊരു മണം നുകര്‍ന്നാണ്. എവിടെയോ ആസ്വദിച്ച കൊതിയൂറുന്ന മണം . അതെ , നെയ്ച്ചോറിന്റെയും കോഴിക്കറിയുടെയും മണം . വായില്‍ അറിയാതെ വെള്ളം നിറഞ്ഞു . ഈ ആസ്പത്രിയില്‍ എവിടെ നിന്നാണ് ഇങ്ങനെയൊരു മണം . കട്ടിലില്‍ നിന്ന് താഴെ ഇറങ്ങി . ചുറ്റും നോക്കി .ഉമ്മയേയും വല്ല്യുമ്മയേയും അവിടെ കാണാനില്ല. 

മറ്റ് രോഗികള്‍ ചിലര്‍ കിടക്കുകയാണ് . ചിലര്‍ ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു . ആരും ഒന്നും കഴിക്കുന്നില്ല . അപ്പോഴാണ് കട്ടിലിന് താഴെ മൂടി വച്ച ഒന്ന് രണ്ട് പാത്രങ്ങള്‍ കണ്ടത് . കുനിഞ്ഞു ഇരുന്ന് മണത്തു നോക്കി . ഹോ , മൂക്ക് തുളച്ചു കയറുന്നു . മൂടി തുറന്ന് നോക്കി . വിശ്വസിക്കാന്‍ ആവുന്നില്ല . നെയ്‌ച്ചോറും കോഴിക്കറിയും . ഏതെങ്കിലും ബന്ധുവീട്ടില്‍ നിന്ന് വല്ല്യുമ്മ കൊണ്ട് വന്നതാകാം . എല്ലാ നിയന്ത്രണങ്ങളും വിട്ടു . കഴിക്കാന്‍ പാടില്ലെന്നോ , ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നോ നോക്കിയില്ല . നെയ്‌ച്ചോറും ഇറച്ചിയും കഴിയാവുന്നത്ര എടുത്ത് വായിലിട്ടു . 

അന്ന നാളത്തിലൂടെ രുചിയുടെ മണവും എരിവും ഊര്‍ന്നിറങ്ങി . കൈകള്‍ ട്രൗസറില്‍ തുടച്ചു ഒന്നും അറിയാത്ത പോലെ കട്ടിലില്‍ കയറി കിടന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ വല്ല്യുമ്മ വന്നു . ഉമ്മയും ഉപ്പയും ചിലപ്പോള്‍ വീട്ടില്‍ പോയിട്ടുണ്ടാകും. തറയില്‍ വറ്റും കറിയും ചിതറി കിടക്കുന്നു . വല്ല്യുമ്മാക്ക് സംശയം തോന്നി . ആരാണ് ചോറ് എടുത്തു കഴിച്ചത് . വല്ല്യുമ്മ ചുറ്റും നോക്കി . അവന്‍ വെറുതെ കണ്ണുകള്‍ അടച്ചു കിടക്കുകയാണ് . വല്ല്യുമ്മ അവന്റെ കൈകള്‍ മൂക്കോടടുപ്പിച്ചു . പടച്ചോനെ , ചതിച്ചല്ലോ . വല്ലിമ്മ അലറി വിളിച്ച കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടി 

.ഡോക്ടറും നഴ്‌സുമാരും ഉടനെ എത്തി . കള്ളനെ പോലെ പരിഭ്രമിച്ചു കിടന്ന അവനെ കണ്ടപ്പോള്‍ ഡോക്ടറുടെ ചുണ്ടില്‍ ചിരി പൊട്ടി . എന്നിട്ട് വല്ലിമ്മയോട് പറഞ്ഞു . ഉമ്മ പേടിക്കേണ്ട . പാവം കൊതി കൊണ്ട് തിന്നതാകും . പിന്നെ , ഇങ്ങനെയുള്ള സാധനങ്ങളൊക്കെ ഇവിടെയാണോ കൊണ്ടുവെക്കുക . നഴ്സുമാര്‍ അവനെ തൊട്ടടുത്ത റൂമിലേക്ക് കൊണ്ടുപോയി കുഴലിട്ട് വയറ് കഴുകി . അവന്റെ കവിളില്‍ തട്ടി ഡോക്ടര്‍ പറഞ്ഞു . രോഗം മുഴുവന്‍ മാറി വീട്ടില്‍ പോയി ഇഷ്ടമുള്ളത് കഴിക്കാം കേട്ടോ . പിന്നെ , ഉമ്മാ ഇവന് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കണം കേട്ടോ . വല്ല്യുമ്മ അവനെ ചേര്‍ത്ത് നിര്‍ത്തി തലയാട്ടി .