മ്മയായില്ലേ പിന്നെന്തിനാ ഈ അനാവശ്യ ചിന്തകള്‍ ....?' ഒരു ഓണ്‍ലൈന്‍ ലേഖനത്തില്‍ കണ്ട തലവാചകം വായിച്ചപ്പോള്‍ പെട്ടെന്നെന്തോ അവളെ ഓര്‍മ്മവന്നു. സിസ്റ്റത്തിനുള്ളിലേക്ക് ഒട്ടകപ്പക്ഷിയെപ്പോലെ പൂഴ്ത്തിവച്ചിരുന്ന തല ഒന്നുയര്‍ത്തി നോക്കി. ഹാവൂ ഭാഗ്യം ! മിക്കവാറും എല്ലാ 'ഒട്ടകപ്പക്ഷികളും' സിസ്റ്റത്തിലോ ആന്‍ഡ്രോയിഡ് സ്‌ക്രീനിലോ മുങ്ങാങ്കുഴിയിട്ട് കളിക്കുകയാണ്. 

ആ ലേഖന തലക്കെട്ട് തല പെരുപ്പിക്കുന്ന നിലയിലേക്ക് നീണ്ടപ്പോള്‍ മെല്ലെ ഒരു സിഗരറ്റും കയ്യിലെടുത്ത് പുറത്തേക്കിറങ്ങി. ഒന്നാഞ്ഞു പുകവിട്ടപ്പോഴക്കും അതാ ആന്‍ഡ്രോയിഡ് കുണുങ്ങുന്നു. വാട്‌സ്അപ്പിയിട്ട സ്വരം ! ഹാവൂ..... സൈലന്റ് മോഡില്‍ ആകാതെയിരുന്നിട്ടും ഓഫീസ് ക്യാബിനുള്ളില്‍ ആന്‍ഡ്രോയിഡി കുണുങ്ങിയില്ലല്ലോ. സ്‌ക്രീന്‍ അണ്‍ ലോക്ക് ചെയ്യുമ്പോഴേക്കും ഞെട്ടലായിരുന്നു. ഇതെന്താ ഇത്രക്ക് ടെലിപ്പതി പ്രാബല്യത്തില്‍ വന്നപോലെ അവളുടെ സന്ദേശം. 

കയ്യിലിരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞുകളഞ്ഞു. ഇനീപ്പം അതിന്റെ കുറവുകൂടേണ്ടായുള്ളൂ . മെസ്സേജ് വായിക്കുന്നതിനും മുന്നേ ഒന്നവളെ വിളിക്കാനാണ് ആദ്യം തോന്നിയത്. മനസ്സിന്റെ ഓരോ വൃത്തികെട്ട മുന്‍കരുതലുകള്‍.. ഒരുതവണ ഫുള്‍ ബെല്‍ പോയി. എടുക്കുന്നില്ല . അതല്ലേലും അങ്ങനെയാണ് പതിവ്. വീണ്ടും റിംഗി . ആഹാ ... എടുക്കുന്നതുമില്ല കാള്‍ കട്ട് ചെയ്യുന്നോ.. അങ്ങനങ്ങു വിട്ടുകൊടുക്കാന്‍ പാടില്ലല്ലോ. വീണ്ടും അടിക്കുക തന്നെ . നുമ്മളോടാ കളി... രക്ഷയില്ല . വീണ്ടും അവള്‍ കട്ടാക്കുന്നു. തുടര്‍ന്ന് ഒരു വാട്‌സാപ്പിയും . ''അതേ ആദ്യം ഞാനയച്ച മെസ്സേജ് വായിക്ക് . വിശദമായ ഒരു മറുപടി. അതും ക്രിസ്റ്റല്‍ ക്ലിയര്‍ ആയി കയ്യിലുണ്ടെങ്കില്‍ ഇങ്ങോട്ട് വിളിച്ചാല്‍ മതിട്ടാ..... '' കൂടെ ഒരു പരമപുച്ഛ സ്‌മൈലിയും. അര്‍ത്തുങ്കല്‍ പുണ്യാളാ ഇത് പണിതന്നെ . അയച്ചത് അവളാകുമ്പോ ഉറപ്പായും ഒന്നൊന്നര പണിതന്നെയാവും . 

ഉടായിപ്പിന്റെ സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് സിനിമാനടന്‍ മുകേഷിന്റെ ഭാവത്തോടെ ഞാനാ മെസ്സേജ് തുറന്നു. ഞാന്‍ തന്നെയാണോ അത് കത്തിച്ചത് എന്നൊന്നും എനിക്കോര്‍മ്മയില്ല . കാരണം ചോദ്യങ്ങള്‍ ദേ ഈ എട്ടെണ്ണമായിരുന്നു . 1. ''എന്നത്തേതിനേക്കാളും കൂടുതല്‍ നീ ആര്‍ത്തട്ടഹസിച്ചു ചിരിച്ച ആ നിമിഷം ഏതായിരുന്നു ? '' 2. ''നിനക്കൊരു സൂപ്പര്‍ പവര്‍ തരാന്‍ തീരുമാനിച്ചാല്‍ , നീയേത് തിരഞ്ഞെടുക്കും ?'' 3.''നമ്മള്‍ ഒരുമിച്ചുപങ്കിട്ട ഏറ്റവും മികച്ച ഓര്‍മ്മ നിന്നിലേതാണ് ?'' 4. ''നീ എങ്ങനെ ചുംബിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത് ?'' 5.''നിന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുവാനും പിന്താങ്ങുവാനും ഞാന്‍ എന്തുചെയ്യണം എന്നാണ് നീ ആഗ്രഹിക്കുന്നത് ?'' 6.കുറ്റബോധത്തോടെയാണെങ്കിലും എന്തു തെറ്റ് ചെയ്യുമ്പോഴാണ് നിനക്ക് സന്തോഷം അനുഭവിക്കുവാന്‍ കഴിയുന്നത് ? 7.''നിന്റെ ഭാവനയിലുള്ള ഒരു ഔട്ടിങ് എന്നോട് പറയാമോ ?'' 8 ''നിന്നെ എത്രത്തോളം സ്‌നേഹമുണ്ടെന്നു തെളിയിക്കാന്‍ ഞാന്‍ ചെയ്യേണ്ട കാര്യം എന്താണ് ?'' ഒരൊറ്റത്തവണ മാത്രേ ഞാനാ മെസ്സേജ് വായിച്ചുള്ളൂ.

എവിടെയെങ്കിലും കിടന്നൊരു മെസ്സേജ് എടുത്തു ഫോര്‍വേഡിയതാവും അവള്‍. സ്‌ക്രീനില്‍ നിന്നും മുഖം മാറ്റി ഞാനൊന്നുകൂടെ പുകയൂതി . അപ്പോഴേക്കും അതാ അടുത്ത ടെലിപ്പതി . ഫോണ്‍ റിംഗ് ചെയ്യുന്നു . ഓളാണ് . എന്തോ വൃത്തികെട്ട സാധനം അറിയാതെ കൈക്കുള്ളില്‍ കടന്നപോലെ ഞാനാ ഫില്‍റ്റര്‍ വലിച്ചെറിഞ്ഞു . ഒരു 'ഹെലൂ' പോലും പറയാതെ ചോദ്യം തുടങ്ങി . ''കുരങ്ങാ സത്യം പറ . എത്രണ്ണം വലിച്ചു ? '' ''ങ്‌ഹേ വലിക്കാനോ .....ഞാനോ .....? നിന്റെ കാള്‍ വന്നപ്പോഴാണ് ഫോണുമായി പുറത്തേക്ക് .....'' മുഴുവനും പറയാന്‍ സമ്മതിച്ചില്ല അവള്‍ . ''വേണ്ട വേണ്ട ഉരുളണ്ട . പുകവലിച്ചതിന്റെ മണം ഇങ്ങടിക്കുന്നുണ്ട് ...'' ഞാന്‍ ചുറ്റിലും ഒന്നൂടെ നോക്കി . ഇനി ഇവളെങ്ങാനും ഈ ഏരിയയില്‍ ...... ഹേയ് അതിനുള്ള ചാന്‍സ് കുറവാണ് . സ്വയം മനസ്സിനെ തിരുത്തി. 

അപ്പോഴേക്കും അടുത്ത ചാട്ടുളി ചോദ്യമായെത്തി . ''മെസ്സേജ് വായിച്ചോ ...?'' ആ ചോദ്യത്തിലെ ടോണ്‍ കേക്കുമ്പോള്‍ അറിയാം ചെറിയൊരു നാണം അപ്പുറത്ത് ... ചുമ്മാ ഓരോ തോന്നല്‍ . എന്തായാലും ആ തോന്നലില്‍ പിടിച്ചു കയറി. ''പിന്നല്ല ഇതിപ്പം ഏഴാമത്തെ തവണയാ ഞാനാ മെസ്സേജ് ....'' ''കള്ളന്‍ ... എനിക്കറിയില്ലേ നിന്നെ ...'' മറുപടിയില്‍ നാണം തോന്നിപ്പിച്ച എനിക്ക് തിരിച്ചടി. ''എന്തായാലും രാത്രി വരുമ്പോ ആ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി വന്നാ മതിട്ടാ ....'' അതിന്റെ ടോണ്‍ ഇത്തിരി കടുത്തിരുന്നു. 

പകലന്തി പണിയെടുത്തു ചുമന്ന സൂര്യനെപ്പോലെ. പതിവിലും നേരത്തെ ഞാനിറങ്ങി . ബൈക്ക് വീടിന്റെ വളവ് തിരയുമ്പോഴേക്കും ആദ്യ വെള്ളിടി പൊട്ടി . അടുത്ത വളവ് തിരിഞ്ഞപ്പോള്‍ കല്ലുവെച്ച മഴ. വാതില്‍ക്കല്‍ നിപ്പുണ്ട് ഉണ്ടക്കണ്ണും നിറപ്പിച്ചു മഴയെ മൊത്തം ആ കണ്ണുകളിലേക്ക് ആവാഹിച്ചുകൊണ്ട് ... പാര്‍ക്കിങ്ങില്‍ ബൈക്ക് വയ്ക്കാന്‍ തോന്നിയില്ല . ബാക്ക്പാക്ക് ഊരിയെടുത്ത് അവള്‍ക്ക് നേരെ നീട്ടിയ ശേഷം പറഞ്ഞു ''അതേ ബാസ്‌ക്കിന്‍ റോബിന്‍സണ്‍ അച്ചായന്റെ ഐസ് ക്രീം ഓഫര്‍ കൂപ്പണുണ്ട് . കഴിക്കാന്‍ പോം ....?'' കണ്ണുരുട്ടി പിന്നേം ചോദ്യം ''ഇപ്പഴാ ....'' അതല്ലേലും അങ്ങനെയാണല്ലോ .

ആദ്യം നിരസിച്ചാലേ ഓഫറിന് ഒരു ബലമുള്ളൂ . ''ഈ മഴയത്തല്ലങ്കില്‍ പിന്നെപ്പോഴാ ഉണ്ടക്കണ്ണീ ഐസ്‌ക്രീം സാപ്പിടുന്നേ ....'' മഴയത്തു വിരിഞ്ഞ നിലാവുപോലെ ബൈക്കിനു പിന്നിലവള്‍. പാലാരിവട്ടം എത്തിയപ്പോഴേക്കും രണ്ടാളും വിറയ്ക്കുന്നുണ്ടായിരുന്നു . നനഞ്ഞൊട്ടിയ കൂപ്പണ്‍ കാണിച്ചു ഐസ് ക്രീം വാങ്ങുമ്പോള്‍ സദാചാര ബോധമുള്ള ബാസ്‌ക്കിന്‍ കൗണ്ടര്‍ ബോയ് ചൂഴ്ന്നു നോക്കുന്നു. ഉള്ളിലൂറിയ ചിരി ഒതുക്കി ഞാന്‍ വീണ്ടും ബൈക്കെടുത്തു . മഴയില്‍ അലിഞ്ഞ ഐസ് ക്രീം നുണഞ്ഞു നീങ്ങുമ്പോള്‍ ചെവിയിലൊരു കടി . മെല്ലെയണോ അതോ കടുപ്പിച്ചോ . മഴയത്ത് കണ്ണില്‍ക്കൂടെ ഒഴുകിയത് എന്തായാലും അവള്‍ അറിഞ്ഞില്ല . പാതി മുഴുമിപ്പിച്ച ഐസ് ക്രീമുകള്‍ പരസ്പരം കൈമാറി മെട്രോ പാലത്തിനടിയിലൂടെ നടന്നു . ഇരുകൈകളും കോര്‍ത്ത് . മുട്ടിയുരുമ്മി നടക്കുമ്പോള്‍ ഒരു മിന്നല്‍ പോലെ ഒരുമ്മ കവിളത്ത് ചൊരിഞ്ഞതും ശരിക്കുള്ളൊരു കൊള്ളിയാന്‍ മിന്നി . ആ വെട്ടത്തില്‍ കണ്ണുകള്‍ തമ്മിലിടഞ്ഞു . വിറയാര്‍ന്ന മേനിയും തണുത്തു മരവിച്ച കൈകളും കൂട്ടിപ്പിടിച്ചു നിക്കുമ്പോള്‍ അതാ ആ ചോദ്യം വീണ്ടും . ''എന്റെ മെസ്സേജിനുള്ള മറുപടി.....?''