ചാവക്കാടുക്കാര്‍ക്കു വളരെ സുപരിചിതമായതും രുചിയേറെയുള്ളതുമായ മീനുകളാണ് വെളൂരിയും കോലാനും. ഈ മീനുകളെ ഞങ്ങളുടെ അടുത്ത നാട്ടുകാര്‍ ചൂടയെന്നും, നീളന്‍ മീനൊന്നും വിളിച്ചു വരുന്നു.

ഞങ്ങളുടെ നാട്ടില്‍ നീണ്ടു കിടക്കുന്ന ഒരു പുഴയുണ്ട്. പണ്ടൊക്കെ മഴക്കാലമായാല്‍ ആ പുഴയില്‍ നിന്ന് ഇഷ്ടംപോലെ വെളൂരിയും കോലാനും കിട്ടുമായിരുന്നു. മഴക്കാലമായാല്‍ കടലില്‍ നിന്നും പുഴയിലേക്കു വിരുന്നു വരുന്നതാണെന്നും മഴക്കാലം കഴിഞ്ഞാല്‍ ഈ മീനുകള്‍ കടലിലേക്കു തിരിച്ചു പോകുന്നതാണെന്നും ഒരു തമാശ പോലെ വല്യുപ്പ പറഞ്ഞിരുന്നു. 

ഞാനും ചെങ്ങായിമാരും ഇതിനെ കുറിച്ചു ചിന്തിച്ചിരുന്നു , മഴകാലം കഴിയുമ്പോള്‍ സത്യത്തില്‍ എവിടെ പോകുന്നു ? ഇന്നു വരെ ആ ചോദ്യത്തിനു ഉത്തരമില്ലാതെ കിടക്കുന്നു . മീന്‍ പിടുത്തക്കാരനായ വെല്ല്യപ്പ വല വീശി വെളൂരിയും,കോലാനും വീട്ടില്‍ കൊണ്ടു വരാറുണ്ട്. അങ്ങനെയാണ് ജീവിതത്തില്‍ ആദ്യമായി ഈ മീനിനെ ഞാന്‍ കാണുന്നത്.

ചില ദിവസങ്ങളില്‍ ഞാന്‍ വെല്ലിപ്പയോടൊപ്പവും പോകാറുണ്ട്. പിന്നീട് കുറച്ചുക്കാലം കഴിഞ്ഞപ്പോള്‍ ചെങ്ങായിമാരോടൊപ്പം ഇതു തുടര്‍ന്നു. ഒരു തെളി വലയും, പാളതൊപ്പിയും പിന്നെ മീന്‍ കിട്ടിയാല്‍ ഇടാനുള്ള കൊട്ടയും കൊണ്ടാണ് വെല്ല്യുപ്പ മീന്‍ പിടിക്കാന്‍ പോകുന്നത്. 

മഴക്കാലത്ത് പറമ്പിലെ വാഴയില മുറിച്ചു രണ്ടു ഭാഗമാക്കിയാണ് പോയിരുന്നത്. മഴക്കാലത്ത് ഈ മീനുകള്‍ക്ക് വിലയും കൂടുതലാണ്. ഓത്തുപള്ളി കഴിഞ്ഞയുടനെ ചെങ്ങായിമാര്‍ വീട്ടിലെത്തും. കൂടെ ചൂണ്ടയും കൈയില്‍ കരുതും. പഴയൊരു തോര്‍ത്തുകൊണ്ടു അരിച്ചാണ് ചെറിയ പൊടി മീനിനെ പിടിച്ചിരുന്നത്. 

ഈ പൊടി മീനുകള്‍ കുത്തി ചൂണ്ടയിടാനാണ് ഞങ്ങളുടെ പരിപാടി. പാലത്തിന്റെ അടുത്തുള്ള വെട്ടുകല്ലുകള്‍ ഇറക്കുന്ന ഭാഗത്താണ് ഞങ്ങളെല്ലാവരും കൂടി ചൂണ്ടയിടാന്‍ ഇരിക്കാറുള്ളത്. ചൂണ്ടി കിട്ടുന്ന മീനുകള്‍ ചെറിയ പ്ലാസ്റ്റിക്ക് കവറിലിടും.

എല്ലാ ദിവസവും പാലത്തിത്തില്‍ ആദ്യം വലവീശുന്നത് ആലിമുക്ക ആയിരിക്കും. പാള തൊപ്പിയും , കൊട്ടയും,കീറിയ ഒരു മുണ്ടും ഷര്‍ട്ടുമാണ് ആലിയമുക്കാടെ മൊത്തത്തിലുള്ള വേഷം.ഞങ്ങളെ കണ്ടാല്‍ ചൂണ്ടിയിട്ടു എത്രെ മീന്‍ കിട്ടിയെന്നു ചിരിച്ചുകൊണ്ടു ചോദിക്കും. കുറേ കിട്ടിയെന്നു ഞങ്ങള്‍ വെച്ചുകാച്ചും.

പാലത്തിലൂടെ പോകുന്ന ചെറു വാഹനങ്ങളെല്ലാം മീന്‍ പിടിക്കുന്നത് കാണാനും മീന്‍ വേടിക്കാനുമായി റോഡിന്റെ സൈഡില്‍ വണ്ടി നിര്‍ത്തിയിട്ടുണ്ടാകും. പാലത്തില്‍ നിന്നു നോക്കിയാല്‍ ചെറു വഞ്ചികളില്‍ മീന്‍ പിടിക്കുന്നതും കാണാം. ചില വഞ്ചികളില്‍ ഒരാള്‍ മാത്രമാകും മീന്‍ പിടിക്കുന്നത്. ചിലതില്‍ രണ്ടു പേരുണ്ടാകും. 

വലയില്‍ വെളൂരി നിറഞ്ഞു കിട്ടുന്നത് കണ്ട് ശരിക്കും സ്വര്‍ണ്ണ മത്സ്യങ്ങള്‍ തിളങ്ങുംപോലെ എന്റെയും ചെങ്ങായിമാരെയും കണ്ണുകള്‍ തിളങ്ങിയിട്ടുണ്ട്. ഞങ്ങള്‍ പാലത്തില്‍ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. എടാ മക്കളെ നല്ല മഴ വരുന്നുണ്ട് ,എല്ലാവരും പെട്ടന്നു വീട്ടില്‍ പൊയ്‌ക്കോന്നു വെല്ല്യുപ്പ ഞങ്ങളോടു പറയും. വല വീശുന്നവരുടെ കയ്യില്‍ നിന്നും ഞങ്ങള്‍ പൊട്ടിയ വെളൂരിയും ,കോലാനും ചോദിച്ചു വേടിക്കും. 

അതുകൊണ്ടു ഞങ്ങള്‍ വലിയ ചൂണ്ടയില്‍ കുത്തി വല്യ മീനുകളെ പിടിക്കാനിരിക്കും. ഇവിടെ വലിയ മീനെ പിടിക്കാന്‍ എല്ലായ്‌പ്പോഴും അഹമദ്ക്ക ഉണ്ടായിരിക്കും.  അഹമദ്ക്ക  ചൂണ്ടയിടുന്നതു കാണാന്‍ ഞങ്ങള്‍ക്ക് എപ്പോഴും വല്യ ഇഷ്ട്ടമായിരിന്നു. എപ്പോഴും പാലത്തില്‍ നിന്നും ചൂണ്ടയിടുന്നതുകൊണ്ടു അഹമദ്ക്കാനെ നാട്ടുകാര്‍ ചൂണ്ട അളിയന്‍ എന്നു സ്‌നേഹത്തിന്റെ ഭാഷയില്‍ വിളിച്ചിരുന്നു. 

വെളൂരിയും ,കോലാനും കിട്ടുന്ന സമയമായാല്‍ വെല്ല്യുമ്മാടെ  ഇക്ക ഗുരുവായിരിലുള്ള വീട്ടില്‍ നിന്നും ഇതുമാത്രം വേടിക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും നാട്ടില്‍ എത്തിയിരുന്നു . വെല്ല്യുപ്പ വെളൂരിയും കോലാനുമായി വീട്ടില്‍ വരുമ്പോള്‍ അതു വൃത്തിയാക്കാന്‍ അമ്മായിയെയും കുഞ്ഞുമ്മാനെയും വെല്ല്യമ്മ ഏല്‍പ്പിക്കും. അവസാനം അവര്‍ അവസാനിപ്പിക്കാതെ ഇട്ടു പോകുമ്പോള്‍ വല്ല്യുമ്മ തന്നെ ഏറ്റെടുക്കും.  

ഈ രണ്ടു മീനുകളും പൊരിച്ചു കഴിക്കാനാണന് കൂടുതലാളുകള്‍ക്കും ഇഷ്ടം .എനിക്കും ചെങ്ങായിമാര്‍ക്കും അങ്ങനെ തന്നെ പക്ഷെ അമ്മായിക്കു മുളകിട്ട് കൊടം പുളിയിട്ട മീന്‍ കറിയാണ് ഇഷ്ടം. 

കുറച്ചു മുളകുപൊടിയും , വെല്ലിമ്മാടെ കൈ കൊണ്ടുണ്ടാക്കിയ കുറച്ചു മഞ്ഞള്‍ പൊടിയും , കുറച്ചു കുരുമുളക് പൊടിയും കൂട്ടി മസാലയാക്കി കറിവേപ്പില വാട്ടിയ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്ന വെളൂരിയുടെയും ,കോലാന്റെയും മണവും രുചിയും ഒരിക്കലും മറക്കാതെ മനസ്സില്‍ കിടക്കുന്നുണ്ട്.