പിന്നിട്ട നാളുകള്‍ക്കിടയിലെപ്പോഴോ അയാള്‍ ഒരു ഭ്രാന്തനായി മുദ്രകുത്തപ്പെട്ടു. ശേഷം ആ കൊച്ചു ഗ്രാമത്തിലെ വീട്ടില്‍ ആമത്തില്‍ അയാള്‍ കാലം തള്ളി നീക്കി. വേനലും ശിശിരവും വസന്തവുമെല്ലാം അയാള്‍ക്ക് ഒരേ നിറമായിരുന്നു, കറുപ്പ്. അന്ധകാരത്തിന്റെ കറുപ്പ്. ആ കറുപ്പില്‍ വേര്‍തിരിക്കാന്‍ കഴിയാത്ത വിധം അയാള്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. 

വല്ലപ്പോഴും മാത്രം കിട്ടിയിരുന്ന ആഹാരം അയാളുടെ ജീവന്‍ നിലനിര്‍ത്തി പോന്നു. എല്ലുകള്‍ എണ്ണിയെടുക്കാന്‍ പാകത്തില്‍ ശോഷിച്ച ശരീരം. ജടയും നീണ്ടു വളര്‍ന്ന താടിരോമങ്ങളും അയാളിലെ ഭ്രാന്തനെന്ന രൂപത്തെ അരക്കിട്ടുറപ്പിച്ചു. അയാളുടെ വിയര്‍പ്പിന്റെ ഒരു വല്ലാത്ത ഗന്ധം ആ മുറിയില്‍ നിറഞ്ഞു നിന്നിരുന്നു. കാലിലെ വൃണത്തില്‍ ചങ്ങലയുടെ കണ്ണികള്‍ തട്ടുമ്പോള്‍ അയാള്‍ വേദന കൊണ്ട് പുളഞ്ഞു. 

തന്റെ  ശിരസ്സിനകത്ത് ഒരു  ഞെരിപ്പോടെരിയുന്നുതായി അയാള്‍ വിശ്വസിച്ചിരുന്നു. അസഹനീയമായ  വേദന കടിച്ചമര്‍ത്തി പലപ്പോഴും അയാള്‍ ചുരുണ്ടുകൂടി കിടന്നു. അയാളുടെ കണ്ണുകളില്‍ നിന്നുതിര്‍ന്ന അശ്രുക്കള്‍ ഭൂമിയില്‍ നേര്‍ത്ത വിള്ളലുകളുണ്ടാക്കി. വേദനകള്‍ ചിലപ്പോള്‍  നിലവിളികളായി. പക്ഷെ അവയെല്ലാം ആ നാലു  ചുമരുകള്‍ക്കുള്ളില്‍ തങ്ങി നിന്നു. 

ഒരിക്കല്‍ ആ നിലവിളികള്‍  ചുമരുകളെ ഭേദിച്ചു പുറത്തു കടന്നു. അവ ഒരു മാലാഖയുടെ രൂപം പ്രാപിച്ച് ദൈവസന്നിധിയിലേക്ക് യാത്രയായി.ആ കൊച്ചു ഗ്രാമവും ഭൂമിയും  ഏഴാകാശങ്ങളും താണ്ടി ദൈവസന്നിധിയിലെത്തിയ അവ ആ മനുഷ്യനെ പറ്റിയും അവന്റെ  നിസ്സഹായാവസ്ഥയെ പറ്റിയും വിശദീകരിച്ചു. ദൈവം ആ മനുഷ്യനു മുന്നില്‍ പ്രക്ത്യക്ഷപ്പെടാന്‍ തീരുമാനിച്ചു. ദൈവം  ഒരശരീരിയായി അയാളോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടോ,അശരീരിയില്‍  ദൈവസാന്നിധ്യം അയാളറിഞ്ഞു. അന്ധകാരത്തെ കൈകൂപ്പി  തൊഴുതുകൊണ്ടയാള്‍ എഴുന്നേറ്റു നിന്നു.

അത്രയുംകാലം തന്നെ ബന്ധനസ്ഥനാക്കിയിരുന്ന അ ചങ്ങല കാലില്‍ നിന്നൂര്‍ന്ന് പോകുന്നത്  അയാളില്‍ അനിര്‍വചനീയമായ ഒരാനന്ദം സൃഷ്ടിച്ചു. അന്നേരം അവിടെ ഒരു വാതില്‍ തുറക്കപ്പെട്ടു.തന്നെ ആവരണം ചെയ്യപ്പെട്ടിരുന്ന ഇരുട്ടിന്റെ കനത്ത പാട കീറിമുറിച്ചയാള്‍ വെളിച്ചത്തിലേയ്ക്കു നടന്നുനീങ്ങി. വഴിയുടെ ഇരുപുറം കാഴ്ചകള്‍  അയാള്‍ക്ക് പുതിയതും ഉണര്‍വേകുന്നതുമായിരുന്നു. വെളുത്ത പരവതാനിപ്പോലെ മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന മണ്‍പാത അയാളെയും വഹിച്ച്  മുന്നോട്ടോടി. കരിമ്പനകള്‍ക്കിടയിലൂടെ വന്ന  മന്ദമാരുതന്റെ സംഗീതവും പുറം കാഴ്ചകളുടെ അഭൗമമായ സൗന്ദര്യവും  അയാളാസ്വദിച്ചു. മനോഹരമായ ഈ ഭൂമിയുടെയും ആകാശത്തിന്റെയും സര്‍വ്വചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവിനെ സ്തുതിച്ചുകൊണ്ടയാള്‍ യാത്ര തുടര്‍ന്നു. 

അരുവികളും പുഴകളും കടന്ന്,  മലകളും കാടും കടന്ന്  യാത്രാന്ധ്യം അയാള്‍   മനോഹരമായ ഒരു താഴ്വരയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഭക്ഷിക്കാന്‍   കായ്കനികളും കുടിക്കാന്‍ നീര്‍ത്തടാകങ്ങളും കണ്ടു.സ്‌നാനവേളയില്‍ തടാകത്തില്‍ തെളിഞ്ഞ തന്റെ പ്രതിബിംബത്തില്‍ കൂടുതല്‍ സുന്ദരനായത് പോലെ അയാള്‍ക്ക് തോന്നി. താഴ്വര തനിക്കായി കരുതിവെച്ച കായ്കനികള്‍ അയാള്‍ ഭക്ഷിച്ചു.

അവ തേനൂറുന്നതും വളരെ രുചിയുള്ളതുമായിരുന്നു.നീര്‍ത്തടാകം അയാളുടെ ദാഹമകറ്റി. വളരെ നാളുകള്‍ക്കു  ശേഷം അയാള്‍ പൂര്‍ണ്ണസംതൃപ്തനായി കാണപ്പെട്ടു. പിന്നിടാന്‍ പോകുന്ന അനര്‍ഗ്ഗസുന്ദരമായ ദിവസങ്ങളെ കുറിച്ചോര്‍ത്തയാള്‍ ഒരു മരച്ചുവട്ടില്‍ കിടന്നു.  അപ്പോള്‍ ആകാശത്തിലെ പറവകളെ പോലെ താന്‍ പറക്കുന്നതും ഭൂമിയിലെ ചെറു പുഴുക്കളെ പോലെ നിലത്തിഴയുന്നതും അയാള്‍ കണ്ടു. ഇരുട്ട്... വഴുവഴുപ്പുള്ള ഇരുട്ട്. അത് തനിക്കുചുറ്റും കനത്ത ഒരു പാട സൃഷ്ടിക്കുന്നതായി അയാള്‍ക്കുതോന്നി. ചങ്ങലയുടെ കണ്ണികള്‍ കാലിലെ വൃണത്തില്‍ ഉരസിയപ്പോള്‍ അയാള്‍ വേദന കൊണ്ട് പുളഞ്ഞു. ഉന്മയ്ക്കും പൊയ്യിനും ഇടയിലുള്ള ആ രാത്രിയപ്പോള്‍  പകലിലേയ്ക്ക് അലിഞ്ഞുചേരുകയായിരുന്നു.