പ്രിയപ്പെട്ടവളെ,

ഓര്‍മ്മ കുറിപ്പുകളും  ജീവിതചരിത്രവും രചിക്കപ്പെടാന്‍ വേണ്ട സവിശേഷതകളൊന്നുമില്ലാത്തൊരു ജീവിതം, കലര്‍പ്പുകളൊന്നും ചേരാതെ വായിച്ചെടുക്കുമ്പോള്‍ തോന്നുന്ന ചില തിരിച്ചറിവുകളാണ് ഈ വരികളില്‍. പടികളിറങ്ങിപ്പോയ ജീവിതത്തിലേക്കുള്ള മടക്കയാത്ര സുഖകരമായൊരു വീര്‍പ്പുമുട്ടലാണ്.  പിന്നിട്ടവഴികളിലെ സുഖദുഖകാണ്ഡങ്ങളേക്കുറിച്ച് ഓര്‍ക്കുമ്പോള്‍, ജീവിതം ഒരു സന്ധിചേരലായിരുന്നു എന്നാണ് തോന്നുന്നത് . ഇഷ്ടമുള്ള പലതിനേയും ഉപേക്ഷിച്ച്, ഇഷ്ടമില്ലാത്ത പലതിനോടുമുള്ള സന്ധിചേരല്‍. 

വൈകാരിക സമ്മര്‍ദ്ധങ്ങള്‍ക്കതീതമായി, അവധാനതയോടെ ജീവിതത്തെ സമീപിക്കാനുള്ള ഹൃദയവിശാലത അന്നെനിക്കുണ്ടായിരുന്നില്ല. താത്കാലിക തണലിടങ്ങള്‍ തേടി ഒന്നില്‍നിന്നൊന്നിലേക്കുള്ളൊരു ഒളിച്ചോട്ടമായിരുന്നു എന്റെ ജീവിതം. ഒന്നിന്റേയും അവസാനമല്ല വിവാഹമോചനമെന്ന വിശ്വാസത്തില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള മടക്കയാത്ര ഞാന്‍ ആഘോഷിച്ചു.

സ്വരഭേദങ്ങളുടെ കുത്തൊഴുക്കില്‍ ഇഴപിരിഞ്ഞൊഴുകാന്‍ നമ്മള്‍ തീരുമാനിച്ചപ്പോള്‍, കുടുംബമെന്ന അഭയകേന്ദ്രം കാണാതെപോയി. പക്ഷേ, എന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ആ തീരുമാനമെന്ന് കാലമെനിക്ക് കാട്ടിത്തന്നു. നേടിയെന്ന് വിശ്വസിച്ചിരുന്ന ഒന്നുംതന്നെ നിന്റെ സാമീപ്യത്തിന് പകരമാകില്ലന്ന് ഈ ആശുപത്രി ചുവരുകളെനിക്ക് പറഞ്ഞുതരുന്നു. 

ഈ അക്ഷരങ്ങള്‍ നിന്നിലെത്തുംവരെ എനിക്കീ ഭൂമിയില്‍ സമയം അനുവദിച്ചിട്ടുണ്ടോയെന്നറിയില്ല. പക്ഷേ, അന്ത്യയാമങ്ങളിലെ ഈ വരികളിലാണ് ഞാനെന്റെ ആത്മാവിന് മോക്ഷം തിരയുന്നത്. മഹാരോഗങ്ങള്‍ എനിക്കുള്ളതല്ലാ എന്ന വിശ്വാസത്തിലായിരുന്നു ഇത്രയുംകാലം ജീവിച്ചിരുന്നത്. എന്നാല്‍ ഗ്രഹണനാളില്‍ സൂര്യന്‍ മറഞ്ഞുപോവുകയും തൊടിയിലെ മരങ്ങളില്‍ നിഴല്‍വന്നു വീഴുന്നതുംപോലെ, ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഒരു കാലുവേദനയുടെ രൂപത്തില്‍ എന്റെ ആ വിശ്വാസത്തിന് ഉടവുതട്ടി. ഫൈബ്രോസാര്‍ക്കോമാ എന്ന അസ്ഥി അര്‍ബുദം എന്നില്‍ പടര്‍ന്നിരിക്കുന്നുയെന്ന് കണ്ടെത്താന്‍ അപ്പോഴേക്കും ഏറെ വൈകിപോയിരുന്നു.

വേദനയായി പടര്‍ന്ന്, പ്രാര്‍ഥനകള്‍ക്കൊന്നുംതന്നെ തടഞ്ഞ്‌ നിര്‍ത്താനാവാതെ രോഗം നമ്മളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു എന്ന സത്യവുമായി പൊരുത്തപ്പെടേണ്ടിവരുന്ന നിമിഷങ്ങള്‍ക്ക് യുഗദൈര്‍ഘ്യമുണ്ടാകും. ആ നിസ്സഹായ നിമിഷങ്ങളില്‍ മരുന്നുകളേക്കാളും മനസ്സാഗ്രഹിക്കുക പ്രിയപ്പെട്ടവരുടെ സ്വാന്തനസാമീപ്യമായിരിക്കും. വിട്ടുവീഴ്ച്ചകള്‍ തോല്‍വികളല്ലായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു.

തൊണ്ടുകളഞ്ഞ കമ്പിളിനാരങ്ങപോലെ ആയിരിക്കുന്നു ശരീരം. 'സൗന്ദര്യം എത്രയോ ഹ്രസ്വമാം ഋതുകാലം' എന്ന് കമല എഴുതിയതോര്‍ത്തുപോവുകയാണ്. പതിയെ മനസ്സ് യഥാര്‍ത്ഥ്യങ്ങളുമായി അനുരൂപപ്പെട്ടു വന്നു, പക്ഷേ, കഴിഞ്ഞ നാല്‍പ്പത്തിയൊന്ന് കൊല്ലം എന്റെ ആത്മാവിനേപേറിയ ശരീരം, പാതിവഴിയിലെവിടെയോ സംഭവിച്ച ഇടര്‍ച്ചയില്‍ നിന്നും സ്വച്ഛന്ദമായില്ല. അത് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചു.

ഈ ആശുപത്രി വരാന്തയില്‍ ഞാന്‍ കാണുന്ന മുഖങ്ങള്‍ക്ക് കലര്‍പ്പുകളില്ല, എല്ലായിടത്തും വിഷാദത്തിന്റെ പലനിറങ്ങള്‍ മാത്രം. എനിക്ക് തോന്നുന്നത്, നമ്മളൊക്കെ ബാല്യംകഴിഞ്ഞ് കൗമാരത്തിലെക്ക് കടക്കുമ്പോള്‍തന്നെ പലമുഖംമൂടികളും അണിഞ്ഞുതുടങ്ങുന്നു എന്നാണ്. കാലത്തിനും സന്ദര്‍ഭങ്ങള്‍ക്കും അനുസരണമായി മുഖംമൂടികളുടെ  നിറവും ഭാവവും വലിപ്പവും മാറുന്നു. ഒടുവില്‍ കാലംകുറേ കഴിയുമ്പോള്‍ മുഖംമൂടികളുടെ മറയില്ലാതെ സ്വന്തം മനഃസാക്ഷിയുടെ മുന്‍പില്‍ നില്‍ക്കാന്‍ ത്രാണിയില്ലാതായിതീരും. എന്നിട്ടും അസുഖങ്ങളുടെ മുന്‍പില്‍ പകച്ചുപോകുന്ന നമ്മുടെയൊക്കെ മുഖംമൂടികള്‍ നാമറിയാതെതന്നെ അഴിഞ്ഞുതാഴെ വീഴുന്നു.

വേദനയുടെ നെരിപ്പോട്തീര്‍ക്കുന്ന കീമോതെറാപ്പിയുടെ ഇടവേളകളില്‍, എരിഞ്ഞമരുന്ന എന്റെ ബോധമനസ്സ് സ്മൃതിഹര്‍മ്യങ്ങളിലേക്ക് ചിറകടിച്ചുയരാറുണ്ട്. കണ്ഠകര്‍ണ്ണശേരിയുടെ നാട്ടുവഴികളിലേക്ക്. കുളങ്ങളുടെയും കാവുകളുടെയും കുളിരിലേക്ക്, തുമ്പയുടെയും തുളസിയുടെയും വിശുദ്ധിയിലേക്ക്. വില്ലേജാഫീസ്സിലെ ഒരു സാധാരണ ഗുമസ്ഥനായിരുന്നു എന്റെ അച്ഛന്‍. റഷ്യന്‍ നോവലുകളിലെ സോഷ്യലിസ്റ്റ് ഗ്രാമങ്ങള്‍ യാഥാര്‍ഥ്യമാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റ് സഹചാരി. അമ്മ, എന്തിനും ഏതിനും കണ്ഠകര്‍ണ്ണമൂര്‍ത്തിയില്‍ അഭയംതേടിയിരുന്ന ഈശ്വരവിശ്വാസിയായ വീട്ടമ്മയും.  യുറീക്കയും, സോവിയറ്റ്‌നാടും, കണ്ഠകര്‍ണ്ണമൂര്‍ത്തിയേകുറിച്ചുള്ള കഥകളും നിറഞ്ഞതായിരുന്നു എന്റെ ബാല്യം.

ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാഭ്യാസം കണ്ഠകര്‍ണ്ണശേരിയില്‍തന്നെ ആയിരുന്നു. പ്രീഡിഗ്രിക്ക് ചേര്‍ന്നത് കണ്ഠകര്‍ണ്ണശേരിയില്‍നിന്ന് പന്ത്രണ്ട്‌മൈല്‍ ദൂരത്തുള്ള കോളേജിലാണ്. ആ കലാലയജീവിതമാണ് നീ എന്ന അദ്ധ്യായം എന്റെ ജീവിതത്തില്‍ എഴുതിചേര്‍ത്തത്. രക്തനക്ഷത്രങ്ങളെ നെഞ്ചേറ്റി നടന്നിരുന്ന എന്റെ യൗവനത്തിലെക്ക്  നീ പ്രണയമായി പടരുകയായിരുന്നു. ആദ്യാനുരാഗത്തിന്റെ വിങ്ങല്‍ ഞാനറിഞ്ഞത് നിന്റെ സാമിപ്യത്തിലൂടെയാണ്.  നിന്റെ ശ്വാസതാളം എന്റെ ഹൃദയമിടിപ്പുകളുടെ വേഗത കൂട്ടി. നിന്റെ ഓരോ നോക്കിലും ഞാന്‍ തിരഞ്ഞത് ഒരേ ഒരു അര്‍ഥം മാത്രമായിരുന്നു, പ്രണയം. ഒടുവില്‍, ചാറ്റല്‍ മഴയുള്ളൊരു സായാഹ്നത്തില്‍, ചുവന്ന ബോഗേന്‍വില്ലപൂക്കള്‍ പൊഴിഞ്ഞുകിടന്നിരുന്ന ഇടവഴിയില്‍വച്ച് ഞാനെന്റെ ഹൃദയവേദന നിന്നോട് തുറന്നുപറഞ്ഞപ്പോള്‍, ഭയംകലര്‍ന്ന ലജ്ജയാല്‍ നിന്റെ മുഖം പൊഴിഞ്ഞുവീണ പൂക്കളുടെ നിറമായി.

തുടര്‍ന്നുള്ള രണ്ടു നാളുകളില്‍ ആ ഇടവഴിയിലെ നിന്റെ അസാന്നിധ്യം എന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു. പക്ഷേ, അടുത്ത നാളിലെ നിന്റെ ഹൃദ്യമായ മന്ദസ്മിത്താല്‍ എന്റെ ഹൃദയം സുഖപൂര്‍ണ്ണമായി. പ്രണയത്തിന്റെ തൂമഴയായി നീ എന്നില്‍ പെയ്തിറങ്ങിയ നാളുകളായിരുന്നു തുടര്‍ന്നങ്ങോട്ട്. ഒരു നോട്ടം കൊതിച്ചുനിന്നിരുന്ന നാളുകളില്‍നിന്ന്, വിവാഹമെന്ന ഉത്തരവാദിത്വത്തിലേക്ക് നമ്മളെത്തിപ്പെട്ടു. 'പ്രണയം സുന്ദരമായ ഒരു വികാരമാണ്, അത് വിവാഹംകഴിച്ച് നഷ്ട്ടപെടുത്തരുതെന്ന് ' പണ്ടാരോ പറഞ്ഞത് യുക്തമാക്കുന്നതായിരുന്നു നമ്മുടെ വൈവാഹിക ജീവിതം. 

നമ്മുടെയൊക്കെ ജീവിതങ്ങളില്‍ സംഭവിക്കുന്ന പല കാര്യങ്ങള്‍ക്കും നമ്മുക്ക് പിടികിട്ടാത്ത അനവധി അര്‍ഥങ്ങള്‍ ഉണ്ടാകും. പലവുരി വീണ്ടും കാണണമെന്നും സംസാരിക്കണമെന്നും തിരികെ വിളിക്കണമെന്നും കരുതിയെങ്കിലും, അഹമെന്ന അഹങ്കാരതത്ത്വം വഴിമുടക്കുകയായിരുന്നു. ഹൃദയംകൊണ്ട് മസ്തിഷ്‌കത്തെ ജയിക്കാന്‍ മറന്നുപോയ ആ നിമിഷങ്ങളെ ഈ വൈകിയവേളയില്‍ ഞാന്‍ ശപിക്കുകയാണ്.

യാഥാര്‍ത്ഥ്യങ്ങളില്‍വച്ച് ഏറ്റവും സുന്ദരമായ യാഥാര്‍ത്ഥ്യം എന്താണെന്നറിയുമോ നിനക്ക്,  അത് മരണമാണ്. ഇന്നെന്റെ ചിന്തകളെല്ലാം പര്യവസാനിക്കുന്നത് ആ മനോഹര യാഥാര്‍ത്ഥ്യത്തിലാണ്.  ഭയപ്പെടുത്തുന്ന മരണമല്ല, സുന്ദരമായ ഒരുനല്ല സ്വപ്നംപോലുള്ള മരണം. മഴ തകര്‍ത്തുപെയ്യുന്ന ഒരു ത്രിസന്ധ്യനേരത്ത്, കലങ്ങിയ ഇരുളില്‍ തിരിനാളമായി എത്തുന്ന മരണം. ശൈത്യത്തെചെറുക്കാന്‍ മൂടുന്ന പുതപ്പുപോലെ ഒരുനാള്‍ മരണം വന്നെന്നെ മൂടും.  അന്ന്, ഈ ഭൂമിയില്‍ എന്നെ ഉറപ്പിച്ചുനിര്‍ത്തിയ കാലുകള്‍ രണ്ടും തളരും. നിന്നെ എന്നിലേക്ക്  വരിഞ്ഞുമുറുക്കിയ എന്റെ ഈ കൈകള്‍രണ്ടും ക്ഷയിക്കും. പിന്നെ, നിന്റെ ശ്വാസോച്ഛ്വാസത്തിന്റെ ഗന്ധം നുണഞ്ഞ എന്റെ അധരങ്ങള്‍ ഉറയും. വേണ്ടതും വേണ്ടാത്തതും കാണുകയും കേള്‍ക്കുകയും ചെയ്ത എന്റെ കണ്ണുകളും കാതുകളും കൊട്ടിയടക്കപ്പെടും. നിന്റെ സ്മരണകളുറങ്ങുന്ന എന്റെ  മസ്തിഷ്‌ക്കത്തിലെ അവസാന അണുവില്‍നിന്നും ജീവന്‍ എന്ന മഹാഇന്ദ്രജാലം പുറത്തുകടക്കുന്നവേളയില്‍, നീ കുടികൊള്ളുന്ന എന്റെ ഹൃദയം അവസാനവട്ടവും മിടിച്ചുനിന്നിരിക്കും. 

ഇനി എന്റെ ഹൃദയം, രക്തവര്‍ണ്ണമാര്‍ന്ന വെറും മാംസപിണ്ഡമാണ്, ജീവിതത്തിന്റെ ഘനങ്ങളൊന്നുമില്ലാതെ അത് ശൂന്യമാണ്. വന്നതുപോലെ എനിക്കിനി മടങ്ങാം, ഹൃദയത്തില്‍ ഭാരങ്ങളില്ലാതെ, നീയില്ലതെ, സ്വപ്നങ്ങളും ദുഖങ്ങളുമില്ലാതെ ശാന്തമായി നിത്യതയില്‍ ലയിക്കാം. പ്രിയേ, ഞാനിന്ന് കാത്തിരിക്കുകയാണ്, ആര്‍ത്തുലമ്പുന്ന മഴയുള്ള സന്ധ്യകളില്‍ പ്രതീക്ഷയുടെ ആ തിരിനാളത്തെ.

നിര്‍ത്തട്ടെ,
സ്‌നേഹപൂര്‍വ്വം
ഒരുകാലം നിനക്ക് പ്രിയപ്പെട്ടവനായിരുന്നവന്‍. 


"നീര്‍ത്തുള്ളികള്‍വീണ് മറയാന്‍ത്തുടങ്ങിയ അക്ഷരങ്ങളിലൂടവള്‍ കണ്ണോടിച്ചിരിക്കവെ, തലമുറകളുടെ വര്‍ഷങ്ങളേറ്റുവാങ്ങി പായല്‍പിടിച്ച ഓടിന്‍പുറത്ത് കാലംത്തെറ്റിപ്പെയ്യുന്ന മഴയുടെ വരവറിയിച്ചുകൊണ്ട് മഴത്തുള്ളികള്‍ വീണു തുടങ്ങി"