കുട്ടിക്കാലത്തു ഒരു മാമ്പഴകാലം. ഒരൊഴിവു ദിവസം പറമ്പിലെ നാടന്‍ മാമ്പഴ (നരങ്ങയെക്കാള്‍ അല്പം വലിപ്പം ഉള്ള ചെറിയ മാങ്ങാ)ചോട്ടില്‍ പോയി കുറെ നേരം നിന്നു.ഒരിളം കാറ്റില്‍ വീഴുന്ന ഒരു മാമ്പഴത്തിനായി. ചെറിയ മാങ്ങാ ആണെങ്കിലും തേന്‍ മധുരവും രുചിയുമാണി തിന്നു.വളരെ ഉയരവും വണ്ണവുമുള്ള മാവയിരിക്കും അതിനാല്‍ കാറ്റിനെ ആശ്രയിക്കുക അല്ലാതെ നിവൃത്തി ഇല്ല. കുറെ നേരം നിന്നിട്ടും ഒരു മാമ്പഴം വീണില്ല.ഇന്നെനിക്ക് കിട്ടിയേ പറ്റൂ.രാജിക്ക് ഒന്നെങ്കിലും കൊടുക്കാം എന്ന് ഏറ്റു പോയതാണ്.

 അയലോക്കത്തു വാടകക്ക് താമസിക്കുന്ന കുല്‍പ്രിക്കാരന്‍(ഒരു വാക്സിന്‍ ആണ് കുല്‍പ്രി,അത് കുത്തിവയ്ക്കുന്ന ആള്‍. മെയില്‍ നേഴ്‌സ് ആണെന്ന് പില്‍ക്കാലത് മനസ്സിലായി) പാലക്കാട്ട് കാരന്‍ പട്ടരു ചേട്ടന്റെ 5 വയസു കാരി മോള്‍ ആണ് രാജി. സതീഷിന്റെ കുഞ്ഞു പെങ്ങള്‍.സതീഷ് 4 ആം ക്ലാസിലും ഞാന്‍ ആറിലും ആണ്.എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ആണ് സതീഷ്. ഉമ്മ ഈ വീട്ടിലേക്കു വെള്ളം കോരാന്‍ പോവുമ്പോള്‍ ഞാന്‍ കൂടെ പോകും.

ചേച്ചി എന്നും പട്ടത്തി എന്നും എല്ലാരും വിളിക്കുന്ന രാജിയുടെ അമ്മ എന്നെ അകത്തേക്ക് വിളിച്ചു വലിയ സ്റ്റീല്‍ തളികയില്‍ ചോറും കറിയും തരും. കഞ്ഞി മാത്രമേ എന്റെവീട്ടില്‍ ഉണ്ടാകാറുള്ളൂ. അതുകൊണ്ടു ഞാന്‍ വയറു നിറയെ തിന്നും. സ്‌കൂള്‍ വിട്ടു ഞാന്‍ എത്തിയാല്‍ രാജി ഓടിയെത്തും.നിലാവിന്‍ കഷ്ണം അടര്‍ന്നു വീണ പോലെ യാണ് രാജിയെ കാണാന്‍. വൈകുന്നേരം വരെ ഓരോന്ന് പറഞ്ഞു ചിണുങ്ങി കൂടെ ഉണ്ടാവും അവള്‍.എനിക്കവളെ പെരുത്ത് ഇഷ്ടമായിരുന്നു. ആ രാജിക്ക് ഇന്ന് നാടന്‍ മാങ്ങ കൊടുക്കാം എന്നേറ്റതാണ് കാറ്റിന്റെ ദയക്കു നില്‍ക്കാതെ അവസാനം വളരെ പൊക്കമുള്ള മാവില്‍ വലിഞ്ഞു കേറി.ഒന്നുരണ്ടു പഴുത്ത മാമ്പഴം താഴെ എത്തിച്ചു.അശ്വസത്തോടെ താഴെക്കിറ ങ്ങാന്‍ ശ്രമിക്കവേ താഴേക്ക് നോക്കിയ എനിക്ക് ഭൂമി ചുറ്റും പോലെ തോന്നി. മേല്‌പോട്ട് നോക്കി ഉമ്മാനെ അലറി വിളിച്ചു.

ഉമ്മയും നാട്ടുകാരായ മറ്റു ആരൊക്കെയോ ഓടിക്കൂടി. അണ്ണാനെ പോലെ മരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന എന്നെ കണ്ടു ഉമ്മ കരയുകയും മറ്റുള്ളവര്‍ ചിരിക്കുകയും ചെയ്യുന്നു. അവസാനം കോളനിയിലെ ചെറിയ കടുങ്ങന്‍ മാവില്‍ കേറി എന്നെ താഴെ എത്തിച്ചു.'എന്റെ രാജിന്റെ മാങ്ങാ 'എന്ന് പറഞ്ഞു ആരോ ഇതിനോടകം കൈക്കലാക്കിയിരുന്ന മാമ്പഴം ഞാന്‍ തട്ടി പറിച്ചു.പിറ്റേ ദിവസം രാജിക്കു കൊടുത്തു. അവളുടെ മുഖത്തെ അമ്പിളി കണ്ടപ്പോള്‍ തലേ ദിവസം മരത്തില്‍ കേറി ഉണ്ടാക്കിയ നാണക്കേട് ഞാന്‍ മറന്നു കുല്‍പ്രി ചേട്ടന സ്ഥലം മാറ്റം കിട്ടി.

അവര്‍ വീട് മാറി പോവുകയാണ് .അന്ന് സതീഷും രാജിയും സങ്കടത്തോടെ എന്നെ നോക്കിയിരുന്നു.രാജി ഇനി നൂറു കൂട്ടം ചോദ്യങ്ങളു മായി ഒരിക്കലും വരില്ല.ജീവിതത്തിലെ ആദ്യത്തെ വേര്‍പാട്.പിന്നീട് അവരെ കണ്ടില കേട്ടില്ല. ഈ രണ്ടു പേരുകള്‍ അല്ലാതെ അവരെ കുറിച്ച് ഒന്നും എനിക്കറിയില്ല. രണ്ടുപേരും സുഖമായി ജീവിക്കുന്നു എന്ന് വിചാരിക്കുന്നു അങ്ങനെ ആഗ്രഹിക്കുന്നു.ഓര്‍ക്കുമ്പോള്‍ ഉളില്‍ ഒരു ചെറു നോവ് ഞന്‍ അറിയുന്നു