നാസ എടുത്ത ചൊവ്വയുടെ ചിത്രങ്ങളില്‍ മനുഷ്യന്റേതെന്നും മൃഗങ്ങളുടേതെന്നും തോന്നുന്ന ചില ചിത്രങ്ങള്‍ പതിഞ്ഞിരുന്നുവത്രെ. പക്ഷെ അതെല്ലാം ഒരു രൂപത്തെ മനസ്സില്‍ പ്രതിഷ്ഠിച്ച് നോക്കുമ്പോഴുള്ള മനുഷ്യന്റെ തോന്നലുകള്‍ മാത്രമായിരുന്നു. 

ചില തോന്നലുകള്‍ അങ്ങിനെയാണ്, നമ്മുടെ പഴമക്കാര്‍ പറയും 'ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും' എന്ന്. എഴുത്ത് എന്നത് വേദനകളുടെ, തോന്നലുകളുടെ, ചിന്തകളുടെ മഷിയൊഴുക്കാണ്. ആ ഒഴുക്കിന്റെ അവസാനം മനസ്സിന് ഭാരമൊഴിഞ്ഞ ഒരു അവസ്ഥ വരുന്നു. ആ അവസ്ഥതന്നെയാണ് ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്ന ആത്യന്തികമായ സുഖവും.

വേദനകളുടെ ഓര്‍മ്മകളുടെ ചിന്തകളുടെ അന്വേഷണത്തിന്റെ പാതയിലൂടെ മനസ്സ് ഊളിയിടുമ്പോള്‍ കിട്ടുന്ന ചില കല്‍പിത ശകലങ്ങള്‍, അവയില്‍ ചിലപ്പോള്‍ കണ്ണീരു പടര്‍ന്നിട്ടുണ്ടായിരിക്കും, അത് ആനന്ദാശ്രുവാകാം, വിങ്ങലിന്റെ ചുടു ബാഷ്പമാകാം. നഷ്ടപ്പെട്ടതിനെക്കുറിച്ചെ മനുഷ്യന്‍ ചിന്തിക്കാറുള്ളൂ, അവ മാത്രമേ നമ്മുടെ ഓര്‍മ്മകളെ കുത്തി നോവിക്കൂ. നേടിയതൊന്നും ഓര്‍മ്മകളെ ഉണര്‍ത്താറില്ല, അത് ജീവിത ചക്രത്തിലെ ഒരു അലിഖിത നിയമം ആണ്. 

അവിചാരിതമായി പോയ വൈദ്യുതിയില്‍ നഗരം ഇരുട്ടില്‍ മുങ്ങി നിന്നപ്പോഴാണ് ഇന്നലെ രാത്രിയില്‍ പുറത്തേക്കൊന്നിറങ്ങിയത്. എപ്പോഴും വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന നഗരത്തിന്റെ മുഖം ഒന്ന് അനുഭവിച്ചറിയുക എന്നെ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. വീടിന്റെ ടെറസ്സില്‍ താമസക്കാര്‍ ആരോ കൊണ്ടിട്ട ഒരു കസേരയില്‍ ഇരുന്നു ചുറ്റും വീക്ഷിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്, നഗരത്തിന്റെ രാത്രിക്കാണ് കൂടുതല്‍ സൗന്ദര്യം എന്നാണ്. എങ്ങും നിശബ്ദത. എവിടെയും ടി.വി. യോ മറ്റു ഇലക്ട്രിക് ഉപകരണങ്ങളോ പ്രവര്‍ത്തിക്കുന്ന ശബ്ദം കേള്‍ക്കാനില്ല.

 റോഡിലൂടെ പോകുന്ന ഓട്ടോ റിക്ഷകളുടെ ശബ്ദം അവ്യക്തമായി കേള്‍ക്കാം. നിശബ്ദതയാണ് ചിന്തകളെ കൂടുതല്‍ ഉദ്ദീപിപ്പിക്കുക, ഓര്‍മ്മകളുടെ ഇന്നലെകളിലേക്ക് മനസ്സിനെ കൂട്ടികൊണ്ട് പോകുന്നതും പലപ്പോഴും ഭീതിതമായ നിശബ്ദതയാണ്. കണ്ണുകള്‍ ശാന്തമായടച്ച് നഗരത്തിന്റെ നിശബ്ദ യാമത്തില്‍ മുഴുകുമ്പോള്‍ തൊട്ടപ്പുറത്തെ പറമ്പിലെ മരക്കൂട്ടങ്ങളില്‍ നിന്നും ചേക്കേറിയ ചില പക്ഷികളുടെ തേങ്ങല്‍ പോലുള്ള ശബ്ദം, അതിങ്ങനെ ക്രമത്തില്‍ ഇടവിട്ട് ഉയര്‍ന്നും താണും കേട്ട് കൊണ്ടിരുന്നു. പക്ഷികളുടെ കലപിലയല്ല, വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ട ഒരു ഏകാകിയായ പറവയുടെ ദീര്‍ഘ നിശ്വാസം പോലെ..... ആ രാവില്‍ അതെന്നെ അലോസരപ്പെടുത്തി. 

ഞാന്‍ ടെറസ്സിന്റെ മതില്‍ കെട്ടില്‍ പിടിച്ച് ശബ്ദം കേള്‍ക്കുന്ന ദിക്കിലേക്ക് കണ്ണുകള്‍ പായിച്ചു, പക്ഷെ ഒന്നും വ്യക്തമായിരുന്നില്ല പച്ചപ്പുകള്‍ക്കിടയില്‍ അപ്പോഴും ആ ശബ്ദം ഒരു തേങ്ങല്‍ പോലെ എന്റെ കാതുകളില്‍ അലച്ചു കൊണ്ടിരുന്നു. ഞാന്‍ വീണ്ടും കസേരയിലേക്ക് ചാഞ്ഞു....... ലോക്കല്‍ ട്രെയിനിലെ ഉന്തും തള്ളും വഴികളിലെ ട്രാഫിക് കുരുക്കുകളും കഴിഞ്ഞു വീട്ടിലെത്തിയ എന്റെ കണ്ണുകള്‍ മെല്ലെ മയക്കത്തിലേക്ക് വീണു പൊയ്‌ക്കൊണ്ടിരുന്നു. അപ്പോഴും ആ നിലാപക്ഷി തേങ്ങി കൊണ്ടിരുന്നു. പക്ഷെ ഇപ്പോള്‍ അതൊരു പക്ഷിയുടെ ദീന വിഷാദം പോലെയല്ല എനിക്ക് തോന്നുന്നത്, മറിച്ച് മരിച്ചു പോയ ആസ്ത്മാ രോഗിയായിരുന്ന എന്റെ അച്ഛന്‍ ശ്വാസം കിട്ടാന്‍ പാടുപെടുമ്പോള്‍ അനുഭവിക്കുന്ന വിമ്മിഷ്ടം പോലെയാണ് തോന്നുന്നത്.

ഇടുങ്ങിയ ജനാലകള്‍ മാത്രം ഉള്ള വടക്കാറയിലെ കാലിളകുന്ന കട്ടിലില്‍ പലപ്പോഴും അച്ഛന്‍ കിടന്നും എണീറ്റും രാത്രി വെളുപ്പിക്കാറുണ്ട്. ശ്വാസം കിട്ടാതെ ചിലപ്പോള്‍ വീടിനു ചുറ്റും നടക്കും, ചിലപ്പോള്‍ എവിടെയെങ്കിലും ദേഹം ചാരി നിന്ന് സ്വയം നെഞ്ചു തടവിക്കൊണ്ടിരിക്കും. അസ്വസ്ഥമായ ഒരു രാത്രിയില്‍ നിദ്രാഭംഗം സംഭവിച്ച ഞാന്‍ പുതപ്പു മാറ്റി കഴുത്ത് വെളിയിലേക്കിട്ടു ഒന്ന് അച്ഛനെ നോക്കും, പിന്നെ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിയും. അച്ഛന്‍ അനുഭവിക്കുന്ന വേദനയും അസ്വസ്ഥതയും ആ കുഞ്ഞു മനസ്സിന് അറിയില്ലായിരുന്നു.

അസമയത്ത് എന്റെ സുഖ നിദ്രയെ ഭംഗം വരുത്തിയ നീരസം ആയിരുന്നു എന്റെ മനസ്സിലപ്പോള്‍. ഇന്ന് സൂചി കുത്താന്‍ ഇടമില്ലാത്ത ലോക്കല്‍ ട്രെയിനിലെ തിരക്കില്‍ പെട്ട് ശ്വാസം കിട്ടാന്‍ പരതുമ്പോള്‍ മാത്രമാണ് പല രാത്രികളെയും പകലുകള്‍ ആക്കി അച്ഛന്‍ കഴിച്ചു കൂട്ടിയ ആ നിമിഷങ്ങളുടെ നെരിപ്പോടുകള്‍ ബോധ്യമാവുന്നത്. പിന്നെ പലപ്പോഴും കുത്തി നോവിച്ച് കൊണ്ടിരുന്ന ആ ഓര്‍മ്മകള്‍ ഇന്ന് ഈ പക്ഷിയിലൂടെ വീണ്ടും എന്നെ അസ്വസ്ഥമാക്കിയിരിക്കുന്നു. 

പകല്‍ എപ്പോഴും അച്ഛന്‍ ശാന്തനായിരുന്നു, ഒരു അസുഖവും അച്ഛനെ പകല്‍ അലട്ടാറില്ല, അതോ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ ഉള്ള ഓട്ട പാച്ചിലില്‍ അച്ഛന്‍ അസുഖങ്ങളെ തോല്‍പ്പിച്ചതാണോ. ഒരു പകലിന്റെ ഓടിത്തളര്‍ന്ന എല്ലുന്തിയ ആ ദേഹത്തെ ആക്രമിക്കാന്‍ രാവ് മയങ്ങാന്‍ കാത്തിരിക്കുന്ന ഭീരുക്കളായ അസുഖങ്ങള്‍. അച്ഛന്റെ വേദനകളെ അറിഞ്ഞത് വടക്കാറയിലെ കട്ടിലില്‍ എന്നും അച്ഛന് കൂട്ടായിരുന്ന ദേഹത്ത് കൊണ്ടാല്‍ തുളഞ്ഞു കയറുന്ന രോമങ്ങളുള്ള കമ്പിളി പുതപ്പു മാത്രം. പിന്നെ കട്ടിലിനു താഴെ ശ്വാസം കിട്ടാതെ പാടുപെടുമ്പോള്‍ അച്ഛന്‍ കുരച്ചു തുപ്പുന്ന ക്ലാവ് പിടിച്ച ഒരു ഓട്ടു കോളാമ്പിയും. 

നാസയെടുത്ത തോന്നലുകളില്‍ നിന്നും രൂപമെടുത്ത ചൊവ്വയുടെ ചിത്രമല്ല, മറിച്ച് ഈ രാത്രിയുടെ മറവില്‍ എന്നെ കാണാന്‍ മരക്കൊമ്പില്‍ പക്ഷിയായി ചേക്കേറിയ അച്ഛന്റെ രൂപമാണത്. ഒരു പക്ഷിക്ക് ഇങ്ങിനെ ദയനീയമായി തേങ്ങാന്‍ കഴിയുമോ. പക്ഷികള്‍ ചിലക്കുന്നതും കരയുന്നതും പാടുന്നതും കേട്ടിട്ടുണ്ട്. പക്ഷെ അവയൊന്നും ശ്വാസം കിട്ടാന്‍ പാടുപെടുന്ന ഒരു ആസ്ത്മാ രോഗിയെപ്പോലെ ഇങ്ങിനെ അസ്വസ്ഥമായ ശബ്ദം പുറപ്പെടുവിക്കാറില്ല. അവിചാരിതമായി പോയ ഈ കറന്റ് അച്ഛനിലേക്കുള്ള എന്റെ മനസ്സിന്റെ യാത്രക്ക് പ്രകൃതി മിനഞ്ഞെടുത്ത വഴിയായിരിക്കുമോ. ഭ്രാന്ത മായ ചില അന്ത വിശ്വാസങ്ങള്‍ എന്നെ പൊതിയുകയാണോ. മനുഷ്യന്‍ ഭ്രാന്തനാകുന്നത് ചിന്തകള്‍ കാട് കയറുമ്പോഴാണല്ലോ, ഇല്ലാത്തത് ഉണ്ടെന്നു തോന്നുമ്പോഴാണല്ലോ. അങ്ങിനെയൊക്കെ എനിക്ക് സംഭവിക്കുകയാണോ ഈ രാത്രിയില്‍. 

എന്റെ ചിന്തകള്‍ക്കും ഭ്രാന്തുകള്‍ക്കും കാവലായി അങ്ങകലെ പൊട്ടുപോലെ കാണുന്ന നക്ഷത്രങ്ങള്‍ മാത്രം. പക്ഷെ ഈ ഭ്രാന്ത് തരുന്നത് എനിക്ക് സുഖകരമായ ഒരു അനുഭൂതിയാണ്. ചില്ലയിലിരുന്ന് തേങ്ങുന്ന പക്ഷിയില്‍ ഞാന്‍ അച്ഛനെ കാണുന്നുണ്ട്. ഒന്നടുത്ത് ചെല്ലാനും ആ നെഞ്ചില്‍ തടവി ആശ്വസിപ്പിക്കാനും ഞാന്‍ കൊതിക്കുന്നുണ്ട്. പക്ഷെ, ചില്ലകളുടെ മറവില്‍ ഇരുന്നു സ്വയം ഉരുകുന്ന അച്ഛന് അസ്വസ്ഥമായ എന്റെ മനസ്സ് വായിക്കാന്‍ കഴിയുന്നുണ്ട്. എന്റെ സാമീപ്യമല്ല അച്ഛന്‍ ആഗ്രഹിക്കുന്നത്, എന്നിലെ അസ്വസ്ഥകളില്‍ ഒരു നിലാവായി പടരുവാന്‍ ആണ്.......... തന്റെ വേദനകളെ എന്നും ചിരിക്കുന്ന മുഖത്തിനു പിന്നില്‍ ഒളിപ്പിച്ച് അച്ഛന്‍ തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ ഏകനായി പടിയിറങ്ങിയത് ഇനിയൊരിക്കലും തന്റെ മക്കള്‍ വിലപിക്കില്ലെന്ന സംതൃപ്തിയോടെയാകാം. പിന്നെ ഈ രാത്രിയില്‍ വീണ്ടും ഒരു നിശാപക്ഷിയായി വന്നത് അസ്വസ്ഥമായ മനസ്സിന്റെ തോന്നലുകളോ, അതോ ഇന്നലെകളിലേക്കുള്ള മനസ്സിന്റെ മറുവിളി കേള്‍ക്കാത്ത യാത്രയോ...?