കാന്തത എന്നും വേദന നല്‍കുന്നത് പോലെ ഏകാകിയത എന്നും ഒരു അനുഭൂതിയാണ്. ഇന്ന് ഞാന്‍ അത് അനുഭവിക്കുന്നു. മരണത്തിലേക്കുള്ള എന്റെ യാത്രയില്‍ 22 വര്‍ഷം ഞാന്‍ നടന്നകന്നു. ഇന്നലെ ഈ നാട്ടില്‍ വന്നത് മൂതല്‍ അഗാധമായ എന്തെല്ലാമോ ഞാന്‍ അറിയുന്നു. എന്റെ മനസ്സ് എന്നോട് എന്തെല്ലാമോ പറയാന്‍ ആഗ്രഹിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. 

ജോലിയില്‍ പ്രവേശിക്കുന്ന ദിനമല്ലേ, അന്നെങ്കിലും കൃത്യനിഷ്ഠപാലിക്കാം എന്ന് കരുതി. പത്തു മണിക്ക് പോയി  ഒപ്പുകള്‍ വലിച്ച് വാരി ഇട്ട് തിരിച്ച് പോന്നു. ഞാന്‍ ഇത്തിരി കൃത്യനിഷ്ഠന്‍ ആണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചോട്ടെ. ആര്‍ക്കാ ഇപ്പൊ ഛേദം. തിരിച്ച് വരുന്ന വഴി അബൂട്ടിക്കയെ കണ്ട് വീടിന്റെ വാടകയുടെ ബാക്കി കൊടുത്തു. ഞാന്‍ വെറുതെ ചോദിച്ചു, 'എന്താ ഇക്കാ ഇവിടെ ഒന്നും വേറെ വീടില്ലേ?' എവിടേയും തൊടാത്തപോലെ ആയിരുന്നു മറുപടി 'അതൊന്നും പറയാതിരിക്ക്യാണു മോനെ നല്ലത്', മൂപ്പര്‍ പത്രവായന തുടര്‍ന്നു. 

ഒരു ഉച്ചമയക്കത്തിലാണ്ടുപോയ എന്നെ ആരോ തട്ടിവിളിച്ചു. സമയം ആറ് മണി. എന്തായാലും നാടൊന്ന് കണ്ട്കളയാം. ഇനിയുള്ള കുറച്ച് നാള്‍ എന്റെ ഹൃദയസ്പന്ദനത്തിന് കൂട്ടായുള്ളത് ഇവളല്ലേ, കുറച്ച് ഓര്‍മകളും. വീടിന്റെ പുറത്തിറങ്ങിയ ഞാന്‍ ഒന്ന് ഞെട്ടി, അത്ര മനോഹരമായിരുന്നു ആ കാഴ്ച. 

അസ്തമയ സൂര്യനെ ഇത്രയും മനോഹരമായി ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. പ്രകൃതിയുടെ മനോഹാരിതയില്‍ ഞാന്‍ മതിമറന്നു നോക്കി നിന്നു. എന്തോ ഒന്ന് എന്നെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. ഞാന്‍ നടന്നു, ആ സൂര്യനെ ലക്ഷ്യമാക്കിക്കൊണ്ട്. സൂര്യനും എനിക്കുമിടയില്‍ ഒരു വേലിയും, മഴ കാത്ത് ഒരുപാട് ദുഃഖം ഉള്ളില്‍ ഒളിപ്പിച്ച് പുറമേ പുഞ്ചിരിക്കുയാണ് എന്ന് തോന്നിപ്പിക്കുന്ന കുറ്റിചെടികള്‍ നിറഞ്ഞ ഒരു പറമ്പും ഒത്ത നടുക്ക് ആകാശം മുട്ടിനില്‍ക്കുന്ന ഒരു പനയും മാത്രം. ഇവയൊന്നും എനിക്കൊരു തടസ്സമായില്ല. 

ഞാന്‍ നടന്നു, ആ സൂര്യനെ ലക്ഷ്യമാക്കികൊണ്ട്. പിന്നെയും ഒരു ഞെട്ടലായിരുന്നു. പറമ്പ് ചെന്ന് നില്‍ക്കുന്നത് ഒരു കുന്നിന്‍ തലപ്പിലാണ്. കല്ലും പാറയും മാത്രമുളള ഒരു മൊട്ടക്കുന്ന്. ജീവിതം എന്നും ഇത് പോലെയല്ലേ എന്നെനിക്ക് തോന്നി. അല്ലെങ്കിലും അസ്തമയം എന്തിനും ഒരു മനോഹാരിത നല്‍കും. അവള്‍ക്ക് എന്നും ഒരു വശ്യ മനോഹാരിതയുണ്ട്. കാമുകിയെ വിട്ടൊഴിയാന്‍ മടിക്കുന്ന കാമുകനെ പോലെ സൂര്യന്‍ സന്ധ്യയെ വിട്ടൊഴിയാന്‍ മടിച്ച് നില്‍ക്കുന്നു. ഇനിയൊരു സമാഗമത്തിന് വീണ്ടും ഒരു ദിനം കൂടി കടന്നു പോകണ്ടേ എന്ന സങ്കടവും ഉള്ളിലൊതുക്കി സൂര്യന്‍ മെല്ലെ താണ് പോയി. 

എനിക്ക് മുമ്പില്‍ കുറെ പാറക്കെട്ടുകളുടെ കയറ്റിറക്കങ്ങളാണ്. അഗാധതയില്‍ അങ്ങിങ്ങായി കുറച്ച് വീടുകള്‍ കാണാം, ഒന്നും വ്യക്തമല്ല. എന്നാല്‍, ഒരു വീട് കാണാം, വ്യക്തമായി. മനോഹരമായ ഒരു കാഴ്ച തന്നെ. വ്യക്തമായ ചെറിയ ഒരു വീട്, പിന്നില്‍ അവ്യക്തമായ കുറച്ച് വീടുകള്‍, ചായപ്പകര്‍ച്ചക്കായി ഒരു അസ്തമയ സൂര്യന്‍, ഒരു ക്യാന്‍വാസില്‍ പകര്‍ത്താന്‍ ആരും കൊതിച്ച് പോകുന്ന ദൃശൃ ഭംഗി. വെളുപ്പാണോ കറുപ്പാണോ എന്ന് വ്യക്തമായി പറയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പ്രകൃതി തെന്നിവീണു.

ഒരിത്തിരി ലഹരിക്ക് തീപിടിപ്പിക്കാന്‍ മനസ്സ് എന്നോട് മന്ത്രിച്ചു. മുണ്ടിന്‍ തലപ്പില്‍ കെട്ടിവച്ച സിഗററ്റ് എടുത്ത് ചുണ്ടോട് ചേര്‍ത്ത് വച്ചു തിപ്പെട്ടിക്കൊള്ളി കത്തിച്ചു. മൊട്ടക്കുന്നിന്റെ കൂടപ്പിറപ്പായ കാറ്റ് അതിനെ വധിച്ചു. എനിക്ക് വാശിയായി. ഞാന്‍ വീണ്ടും കത്തിച്ചു. എന്റെ പ്രതിയോഗി ശക്തിയാര്‍ജ്ജിക്കുന്നതായെനിക്ക് തോന്നി. നാല് തവണ ഞാന്‍ കര്‍മ്മം തുടര്‍ന്നു. അതിനിടയിലാണ് ആ കാഴ്ച ഞാന്‍ കണ്ടത്. ആ വീട്ടില്‍ അടുക്കള എന്ന് തോന്നിപ്പിക്കുന്ന ജനല്‍ തരിപ്പില്‍ ഒരു സ്ത്രീ രൂപം. ഞാന്‍ ചെയ്തതു പോലെ തീപ്പെട്ടിക്കൊള്ളികള്‍ കത്തിച്ച് കെടുത്തുന്നു. കൃത്യം നാലു വട്ടം. എന്റെ തീ അണച്ചത് കാറ്റാണെങ്കില്‍ അവളത് സ്വയം ചെയ്തു. 

ഞാന്‍ വീണ്ടും തീപ്പെട്ടിക്കെള്ളി കത്തിച്ചു. അതാ, അവിടെയും... പിന്നെ ഞാന്‍ കണ്ടത് അവള്‍ ഓടിപ്പോകുന്നതാണ്. ഇപ്പോള്‍ എന്റെ മനസ്സ് നിഗൂഢതയില്‍ മൂടപ്പെട്ടിരിക്കുന്നു. അവളാണെന്റെ മനസ്സ് നിറയെ. ആരാണവള്‍?... എന്റെ മനസ്സിലെ സങ്കല്‍പത്തിനിണങ്ങുമോ? എന്നെ എവിടെയോ വച്ച് കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ടാവും. അല്ലാതെ ഇങ്ങനെ ചെയ്യാന്‍ തരമില്ലല്ലോ. ഞാന്‍ കാട് കയറി ഒരുപാട് ചിന്തിച്ചു. അവളെ ഒന്ന് കാണാന്‍ എന്റെ മനസ്സ് വിതുമ്പി. 

അവസാനം ഞാന്‍ തിരിച്ചു നടന്നു. ഉറക്കം എന്നെ മാടിവിളിക്കുന്നതായെനിക്ക് തോന്നി. ഇന്ന് ഇത്രപെട്ടെന്ന് നേരം വെളുത്തോ?... ഞാന്‍ എന്നോട് തന്നെ ചോദിച്ചു. അവളെ ഒന്നു കൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഞാന്‍ വെറുതെ ആശിച്ചു. ജോലിക്കിടയിലും, യാത്രക്കിടയിലും അവളെപ്പറ്റി ആയിരുന്നു ചിന്ത. എന്റെ ഭാവനയില്‍ ഞാന്‍ അവള്‍ക്ക് രൂപം നല്‍കി, നാമം നല്‍കി, നേരം ഒന്ന് ഇരുട്ടിയിരുന്നെങ്കില്‍ അവളെ കാണാമല്ലോ... 

ഞാന്‍ അവളുടെ വീട്ടിലേക്ക് നോക്കി, അല്ല, അവളെ ഇന്നലെ കണ്ട ഇടത്തേക്ക് നോക്കി തീപ്പെട്ടികൊളുത്തിക്കാണിച്ചു. അതിലെ തീ കയ്യില്‍ പടര്‍ന്ന് കയറും എന്ന് തോന്നിയത് വരെ പിടിച്ച് നിന്നു. കുറച്ച് നേരത്തിനു ശേഷം അവിടെ ഒരു വെളിച്ചം കത്തിക്കെടുന്നു. ഞാന്‍ വീണ്ടും കത്തിച്ചു, അവിടെ വീണ്ടും. തീപ്പെട്ടിക്കൊള്ളിതീരും വരെ അത് നീണ്ടു. മങ്ങിയ പ്രകാശത്തില്‍ ആംഗ്യഭാഷയില്‍ അവളോട് ഞാന്‍ വരട്ടെ എന്ന് ചോദിച്ചു. മറുപടി നിശബ്ദത മാത്രമായിരുന്നു. ഒപ്പം എന്റെ എതിരാളിയുടെ മടങ്ങിവരവും. എനിക്ക് അവളെ കാണാന്‍ തോന്നി. അവളോട് ഒരു അഭിനിവേശം. ഒരു ആകാംക്ഷ വളര്‍ന്ന് പന്തലിക്കുന്നത് ഞാന്‍ അറിഞ്ഞു. വലിഞ്ഞ് മുറുകി അത് ഞെരുങ്ങിക്കൊണ്ടിരുന്നു. ഇതല്ലെ സത്യത്തില്‍ പ്രണയം? അവള്‍ ആരാണെന്നോ, എന്താണെന്നോ, രൂപ ഭംഗിയോ ഒന്നും എനിക്ക് അറിയില്ല. എങ്കിലും അവളാണ് ഇന്നെന്റെ മനസ്സ് നിറയെ.

ആ ആത്മബന്ധം ഞാന്‍ അറിയുന്നു. മുജ്ജന്മബന്ധം എന്ന് പറയുന്നത് ചിലപ്പോള്‍ ഇതാകാം. അവള്‍ എന്റെയാണ് എന്ന് പ്രകൃതി പറയുന്നതായി എനിക്ക് തോന്നി. ഞാന്‍ പ്രണയിക്കുകയായിരുന്നില്ല, മറിച്ച് പ്രണയമാവുകയായിരുന്നു. പ്രഭാത രശ്മികള്‍ എന്റെ കണ്ണുകളില്‍ പതിച്ചു. ഉറക്കം എന്നെ വിട്ടൊഴിഞ്ഞു. അവളെ ഓര്‍ത്ത് ഞാന്‍  മന്ദഹസിച്ചു. ഇന്ന് അവളെ നേരിട്ടുകണ്ട് സംസാരിക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചു. ഞാന്‍ ആ മൊട്ടക്കുന്നില്‍ എത്തി. ഇന്ന് നേരത്തെ ഇരുട്ട് മൂടിയിരിക്കുന്നു. ഞാന്‍ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചു കാണിച്ചു, കെടുത്തി കൂറെ കഴിഞ്ഞും അവളെ അവിടെ കാണാനില്ല. എനിക്ക് ഒരു മടുപ്പ് തോന്നി. കുറെ കഴിഞ്ഞ് ഞാന്‍ വീണ്ടും അവിടെ ചെന്നിരിന്നു. അവള്‍ ഞാന്‍ കാണാന്‍ പാകത്തിന് ലൈറ്റ് ഇട്ടു. ഞാന്‍ തീപ്പെട്ടി ഉരച്ച് കെടുത്തി. അവള്‍ നിശബ്ദയായി, നിഷ്‌ക്രിയയായി നോക്കി നിന്നു. ഞാന്‍ ആറ് തീപ്പെട്ടികൊള്ളികള്‍ കത്തിച്ചു കാണിച്ചു. അവള്‍ പ്രതികരിക്കുന്നില്ല. എനിക്ക് എന്തെന്നില്ലാത്ത ദുഃഖം തോന്നി. എന്തോ എന്നെ കീറി മുറിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.

ഒരു കാമുകനെ പോലെ നിസാര ചിന്തകള്‍ എന്നെ വലച്ചു. അവസാനമായി ഞാന്‍ ഒരു തീപ്പെട്ടികൊള്ളി കത്തിച്ചു കെടുത്തി. അവള്‍ തീപ്പെട്ടി എടുത്തു. പിന്നെ ഞാന്‍ കണ്ടത് ഒരു പൊട്ടിത്തെറിയായിരുന്നു. ഭീമമായ ഒരു തീ ഗോളമായി ആ വീട് കത്തി. ഒരു നിലവിളിപോലും കേട്ടില്ല. എന്തെന്നില്ലാത്ത ഒരു ഊര്‍ജ്ജം എന്നില്‍ വന്ന് നിറഞ്ഞു. ആ തീ ഗോളം ലക്ഷ്യമാക്കിക്കൊണ്ട് ആ കുന്നിറങ്ങി കരഞ്ഞ് കൊണ്ട് ഞാനോടി. കണ്ണില്‍ നിന്നും രക്തം ഒഴുകുന്നതായി എനിക്ക് തോന്നി. കുന്ന് കയറിച്ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. അവിടെ അങ്ങനെ ഒരു വീടില്ല. എന്റെ വീടിനടുത്ത് ഞാന്‍ കണ്ട പോലെ ഒരു പറമ്പും നടുവില്‍ ഒരു പനയും മാത്രം. എന്തെന്നില്ലാത്ത ഒരു ഭയം എന്നെ കീഴ്‌പ്പെടുത്തി. എന്റെ നാടിഞരമ്പുകള്‍ വലിഞ്ഞുമുറുകി. എന്റെ ശത്രു എന്നെ തേടി ഇവിടെയും വന്നു. അവന്‍ എന്നെ പുച്ഛിച്ച് ചിരിച്ചു കൊണ്ട് ദൂരേക്ക് മാഞ്ഞ് പോയി. ഞാന്‍ എന്റെ ചെവികള്‍ പൊത്തി കണ്ണുകള്‍ ഇറുക്കിയടച്ചു