സ്വര്‍ഗത്തില്‍ സന്തോഷം മാത്രമാണത്രെ... പക്ഷെ അവിടെ രണ്ട് ആത്മാക്കള്‍ അവരുടെ ദുഃഖം സഹിക്കവയ്യാതെ തേങ്ങുന്നു . അവരുടെ കണ്ണുനീര്‍ തുള്ളികള്‍ ഇറ്റു വീണു സ്വര്‍ഗ്ഗത്തിലെ പൂക്കള്‍ വാടി കൊഴിയുന്നു . ആരാണ് അവരെ നോവിച്ചത് ?എന്താണ് അവരുടെ പ്രശ്‌നം. 

സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ തന്നെ അവരുടെ മുഖത്തു മറ്റുള്ളവരെ പോലെ സന്തോഷമില്ല .. സ്വര്‍ഗ വാസികള്‍ പരസ്പരം ആരാഞ്ഞു . അവരുടെ ഉള്ളറിയണം . അവരുടെ മുഖം കറുത്താല്‍ പിന്നെ സ്വര്‍ഗം എന്തിനു .. ആര്‍ക്ക് .... അവര്‍ സംഘം ചേര്‍ന്ന് ആ രണ്ടു ആത്മാക്കളെ സന്ദര്‍ശിച്ചു.

എന്താ .. എന്തു പറ്റി .. രണ്ടാള്‍ക്കും ..... എന്തേ കരയുന്നു ..... ? 'കൂട്ടത്തില്‍ മുതിര്‍ന്ന ഒരു ആത്മാവ് കാര്യം തിരക്കി ... ' ഹേയ് .. ഒന്നൂല്യ .. ഓരോന്ന് ആലോചിച്ചു ... മനസ്സ് പിടയാ .... 'കരച്ചിലടക്കി ആ വൃദ്ധയായ ആത്മാവ് മറുപടി നല്‍കി'. എന്താ പ്രശ്‌നം എന്ന് പറയു ... ഇവിടെ ഈ സ്വര്‍ഗത്തില്‍ എല്ലാവരും സന്തോഷത്തോടെ കഴിയുമ്പോ നിങ്ങള്‍ രണ്ട് പേരും മാത്രം എന്താ ഇങ്ങനെ ?  ആത്മാക്കള്‍ കൂട്ടം ചേര്‍ന്ന് കാര്യം തിരക്കിയപ്പോള്‍ അവര്‍ ആ കഥ പറയാന്‍ തുടങ്ങി.

സ്വര്‍ഗ്ഗ വാസികള്‍ ക്ഷമയോടെ അവരുടെ കഥ കേള്‍ക്കാനായി കാതുകള്‍ തുറന്നു വെച്ചു . ' ഇവള്‍ .. ഈ കുഞ്ഞു മാലാഖ ... ഇവള്‍ എന്റെ കൊച്ചു മകളാണ് .... അവളുടെ നോവുകള്‍ എന്റെയും നോവുകളാണ് .... അവളുടെ കണ്ണ് നിറയുമ്പോള്‍ എന്റെ കണ്ണിലെ പ്രകാശം അണയും ...... എന്റെ മകന് ഒരു ആണ്‍ കുഞ്ഞു വേണമെന്ന ആഗ്രഹത്തിനിടെയിലാണ് ഇവളുടെ അമ്മ ഗര്‍ഭിണിയായത് ... ആണ്‍കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവര്‍ പരിശോധനയില്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നു മനസ്സിലാക്കിയതോടെ അവര്‍ ആ കുഞ്ഞു ജന്മത്തെ നശിപ്പിക്കാന്‍ തീരുമാനിച്ചു' . 'അവളുടെ ജീവന്‍ ചുരണ്ടിയെടുത്ത് ചവറ്റു കൊട്ടയില്‍ ഇടുമ്പോഴും അതിനു ജീവന്റെ തുടിപ്പുണ്ടായിരുന്നു .... ഒരു കളങ്കവുമേല്‍ക്കാത്ത കുഞ്ഞു മാലാഖയായി അവള്‍ ഈ സ്വര്‍ഗത്തിലെത്തി'.

ഇതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ .?.. അതിനെന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത് .. വരൂ നിങ്ങളും നമ്മുടെ സന്തോഷങ്ങളില്‍ പങ്ക് ചേരൂ '' കഥകള്‍ കേട്ടു ഒരു സ്വര്‍ഗവാസി രണ്ടുപേരെയും അവരുടെ ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ ക്ഷണിച്ചു . 'ഇല്ല കുഞ്ഞേ ... ഞങ്ങള്‍ക്കതിനു കഴിയില്ല ... കാരണം ഞങ്ങളുടെ ഉള്ളം പിടയുകയാണ് ... അവള്‍ കരയുന്നത് അവളുടെ അച്ഛനെ കുറിച്ചോര്‍ത്തതാണ് ... ഞാന്‍ എന്റെ മകനെ കുറിച്ചോര്‍ത്തും .. അവന്റെ മനസ്സിന്റെ വ്യഥകള്‍ ഞങ്ങള്‍ കാണുന്നു '' വൃദ്ധ കഥ തുടര്‍ന്നു ... 'മക്കള്‍ക്കറിയോ .... എന്റെ മകനെ ഞാന്‍ എത്ര സ്നേഹിച്ചിരുന്നുവെന്നു .. അവന്‍ രാത്രി സമയങ്ങളില്‍ ഉറങ്ങാതെ കരയുമ്പോള്‍ ഉറങ്ങാതെ അവനു കൂട്ടിരുന്നു ഞാന്‍ .. അവനു അസുഖം വന്നാല്‍ കരയുന്നത് ഞാനായിരുന്നു .. പിച്ചവെച്ചു വീഴുമ്പോള്‍ അവനെന്നെ വിളിക്കും ... ഞാന്‍ എന്നെ തന്നെ തല്ലി അവന്റെ കരച്ചില്‍ മാറ്റും .. അവന്‍ വളരുന്നത് ഞാന്‍ അറിഞ്ഞില്ല .. എന്നും അവനെനിക്ക് എന്റെ കൈ കുഞ്ഞായിരുന്നു .. കല്യാണം കഴിഞ്ഞു അവന്‍ വധുവുമായി അടുത്തപ്പോള്‍ മുതല്‍ അവന്‍ അമ്മയെ മറന്നു തുടങ്ങിയിരുന്നു .. 

അവന്‍ പുറത്തു പോയാല്‍ എപ്പോഴും മനസ്സില്‍ ആധിയായിരുന്നു . തിരിച്ചു വന്ന് അവന്റെ മുരടനക്കം കേട്ടാലേ എനിക്കുറങ്ങാനാകുമായിരുന്നുള്ളു .... പിന്നെ എപ്പോഴാണ് ഞാന്‍ അവനൊരു ബാധ്യത ആയതെന്നറിയില്ല ..... ജീവിതം നടന്നു നടന്നു ഞാന്‍ ക്ഷീണിച്ചിരുന്നു ... കവിളുകളെല്ലാം ഒട്ടി മുതുകു നിവര്‍ത്താനാവാതെ കൂനി കൂനി നടന്നിരുന്ന ഞാന്‍ ഒരു വീഴ്ചയെ തുടര്‍ന്നു കിടപ്പിലുമായി ... അതും കൂടെ ആയതോടെ അവര്‍ക്കെല്ലാം ഞാനൊരു ശല്യമായി മാറി .... മറ്റൊരാളുടെ സഹായം ഇല്ലാതെ സ്വന്തം കാര്യം നിര്‍വ്വഹിക്കാനാവാത്ത ഞാന്‍ അവര്‍ക്കൊരു അധികപ്പറ്റായെന്നു അറിയാമായിരുന്നിട്ടും .. എന്റെ മകനെ കാണാന്‍ കൊതിച്ചിരുന്നു ഞാനെപ്പോഴും .. അവന്‍ എന്റെ അടുക്കല്‍ വരുന്നത് വളരെ കുറവായി .. അപ്പുറത്ത് നിന്നും അവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ മനസ്സ് പിടക്കും , അവനെയൊന്നു കാണുവാനായി ... പക്ഷെ അവനേ അമ്മയെ മറന്നിരുന്നു. 

ഒരു ദിവസം രോഗിയായ എന്നെ കാണാന്‍ വന്ന ഒരു ബന്ധു ചോദിച്ചു .... '' എന്നാണ് അമ്മയുടെ തലൈ കൂത്തല്‍ ? അതുവരെ അങ്ങനെ ഒരു കാര്യം മനസ്സിലില്ലായിരുന്നു ... 'തലൈ കൂത്തല്‍' എന്നാണെന്നു ചോദിക്കുന്നു .. കല്യാണം എന്നാണ് എന്ന് ചോദിക്കുന്നത് പോലെ വിശേഷം അന്വേഷിച്ചതാണ് അവര്‍ .. 

പക്ഷേ അവരുടെ ചോദ്യം മനസ്സിലൊരുപാട് ചിന്തകള്‍ ഉണര്‍ത്തി .. എന്റെ തലൈ കൂത്തല്‍ അടുത്തുവോ ?... ഒരു ദിവസം മകന്റെ ശബ്ദം കേട്ടു ഞാന്‍ ഉണര്‍ന്നു ..ശക്തമായ പനിയുണ്ട്. ശരീരം തണുത്ത് വിറക്കുന്നു .. പുതപ്പ് നീക്കാന്‍ കൈകള്‍ ചലിക്കുന്നില്ല .. അപ്പുറത്തെ മുറിയില്‍ നിന്നാണ് അവന്റെ ശബ്ദം കേള്‍ക്കുന്നത് ... അവനെ കാണാന്‍ മനസ്സ് കൊതിക്കുന്നു .. എന്റെ ഉള്ളം അവനെ വിളിക്കുന്നത് എനിക്ക് കേള്‍ക്കാം .. പക്ഷേ ചുണ്ടുകള്‍ അതേറ്റു പറയുന്നില്ല .... മകന്‍ എന്നെ കാണാന്‍ ഒന്ന് വന്നെങ്കില്‍ .... പെട്ടെന്ന് വാതില്‍ പുറത്തു നിന്ന് ആരോ തുറക്കുന്നതായി ശബ്ദം കേട്ടു .. അതെ എന്റെ മകന്‍ .. അവനെന്നെ കാണാന്‍ വന്നിരിക്കുന്നു .. എത്ര നാളായി പൊന്നേ നിന്നെ കണ്ടിട്ട് .. ഇങ്ങടുത്തു വാ .. അമ്മക്കൊരുമ്മ താ ... സംസാര ശേഷി നഷ്ടപ്പെട്ടെങ്കിലും എന്റെ കണ്ണുകളില്‍ കൂടി എന്റെ ആഗ്രഹം എന്റെ മകന്‍ അറിയും തീര്‍ച്ച ...... അവനന്റെ മകനല്ലേ ..കുഞ്ഞു നാളില്‍ ഞാന്‍ വെറുതെ കരഞ്ഞാല്‍ അവന്‍ കരയുമായിരുന്നു .. അവനറിയാം അമ്മയുടെ ഉള്ള് .... മകന്‍ മുറിക്കകത്തു കയറി .. കൂടെ ഭാര്യയും മറ്റൊരു സ്ത്രീയും ... അവരുടെ കയ്യില്‍ ചില കുപ്പികള്‍ കാണാം .. അവരതു മുറിക്കകത്തെ മേശപ്പുറത്തു വെച്ചു ... ഒരു കുപ്പിയില്‍ നല്ലെണ്ണയും മറ്റൊരു കുപ്പിയില്‍ ഇളനീരും പിന്നെ ഒരു കുടം വെള്ളവും പാലും .. ഇത്രയും സാധനങ്ങള്‍ അവര്‍ അവിടെ വെച്ചിട്ടുണ്ട് .. അതെ അത് തന്നെ .. അതിനു തന്നെയാണ് അവര്‍ വന്നത് .. '' തലൈ കൂത്തല്‍ ''...

 ആ സ്ത്രീ അവരുടെ കയ്യിലേക്ക് നല്ലെണ്ണയൊഴിച്ചു .. മുഷിഞ്ഞു നാറുന്ന വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് അവര്‍ എന്റെ ശരീരമാസകലം എണ്ണ തേച്ചു പിടിപ്പിച്ചു .. അതിനു ശേഷം ഇളനീരും തേച്ചു പിടിപ്പിക്കുമ്പോള്‍ തണുപ്പ് സഹിക്കാനാവുന്നില്ല .. എന്റെ ഹൃദയമിടിക്കുന്നത് കേള്‍ക്കാം .. അതിന്റെ താളം നിലക്കാന്‍ പോകുകയാണ് .. ഇനി അധികമില്ല തന്റെ ജീവനീ ഭൂമിയില്‍ ... അവരുടെ കൈവശമുണ്ടായിരുന്ന കലത്തിലെ തണുത്ത വെള്ളവും എന്റെ ശരീരത്തില്‍ ഒഴിച്ച് അവര്‍ക്ക് മലിനമായ മാറിയ എന്റെ ജീവന്‍ ഒഴുക്കി കളയുകയാണ് .. അവസാനമായി അവര്‍ ആ പത്രത്തിലെ പാല്‍ എന്റെ മകന് നീട്ടി എനിക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു ... എന്റെ കണ്ണുകള്‍ നിറയുകയായിരുന്നു ... ഒരു പാട് കാലത്തിനു ശേഷം എന്റെ മകന്‍ എനിക്ക് ഒരു തുള്ളി ദാഹമകറ്റാന്‍ തരികയാണ് .. പാലിനോടൊപ്പം എന്റെ കണ്ണുകളില്‍ നിന്നും ഒഴികിയിറങ്ങിയ കണ്ണുനീര്‍ പാലിന് ഉപ്പ് രുചി നല്‍കിയോ .... ഞാന്‍ അവന്റെ കണ്ണുകളില്‍ നോക്കിയിരുന്നു ... എന്റെ അസ്തമയം ഞാന്‍ അവന്റെ കണ്ണുകളില്‍ കണ്ടു .. എന്റെ ഹൃദയം നിലച്ചു .... തലൈ കൂത്തലിലൂടെ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. 

സ്വര്‍ഗ്ഗ വാസികളെല്ലാം കഥ കേട്ട് കണ്ണുനീര്‍ തുടക്കാന്‍ പാട് പെടുകയാണ് .. സന്തോഷം മാത്രമുള്ള സ്വര്‍ഗ ലോകത്ത് കണ്ണീര്‍ പുഴകള്‍ ഒഴുകിയിറങ്ങുന്നു .. ആ വൃദ്ധ കണ്ണുകള്‍ തുടച്ചു കൊണ്ട് തുടര്‍ന്നു . '' നിങ്ങള്‍ കാണുന്നുണ്ടോ ഭൂമിയില്‍ .. അതായത് എന്റെ ദേശമായ തമിഴ് നാട്ടിലെ ആ ഗ്രാമത്തില്‍ .. അവിടെ ആ കൊച്ചു ഗ്രാമത്തിലെ കൊച്ചു വീട്ടില്‍ ചെറിയ ആള്‍കൂട്ടം .... കണ്ടോ .. അത് കണ്ടാണ് ഞങ്ങളുടെ കണ്ണ് നിറഞ്ഞത് .. അവിടെ ഇന്ന് എന്റെ മകന്റെ , ഇവളുടെ അച്ഛന്റെ തലൈ കൂത്തലാണ്.

അല്‍പസമയത്തിനകം അവന്‍ വരും .. സ്വര്‍ഗ്ഗത്തിലേക്കാണോ നരകത്തേക്കാണോ എന്നറിയില്ല എന്നാലും അവന്റെ മനസ്സിലെന്താണിപ്പോള്‍ എന്ന് ഞങ്ങള്‍ക്ക് നന്നായി മനസ്സിലാക്കാം .... ഞങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല അവന്റെ വിഷമം' സ്വര്‍ഗ്ഗ വാസികള്‍ അവരുടെ വിഷമത്തില്‍ പങ്കു ചേര്‍ന്നു അവരെ ആശ്വസിപ്പിച്ചു.