മൂടല്‍മഞ്ഞുപോലുള്ള സ്വര്‍ണ്ണപുകച്ചുരുളുകളില്‍ നഷ്ടബോധം അയവിറക്കി മയങ്ങുമ്പോള്‍, ഒരു നീരാവികണക്കെ കാറ്റില്‍ അലിഞ്ഞ് അലിഞ്ഞില്ലാതായി കൊണ്ടിരിക്കുമ്പോള്‍, ആരോ പുറകിലോട്ട് ഒരുപാട് പുറകിലേക്ക് സ്വപ്നംകണക്കെ എന്നെ കൈപിടിച്ചു കൊണ്ടുപോയി.......... ഒരു കാടെന്നുപറയാവുന്ന ഒരു ഇടത്തരം ജനവാസമില്ലാത്ത ഒരിടം, അവിടെ സമയം നമ്മെയും കൊണ്ട് പിന്നിലേക്ക് സഞ്ചരിക്കുന്നു. 

നിലാവിന്റെ നിഴലില്‍ പേടിപ്പിക്കുന്ന ഒരു പകുതി തകര്‍ന്ന കോട്ടപോലെ ഉറുപ്പകുന്ന്. ആകുന്നില്‍നിന്നും കുരുപ്പ് വന്ന് ചത്തുചീര്‍ത്ത മനുഷ്യത്മാകളുടെ ശീല്‍ക്കാരങ്ങള്‍ കേള്‍ക്കാം, പകല്‍പോലും.. താഴെ ഭഗവതിപാടം. കൊടുങ്ങല്ലൂര്‍ ഭഗവതി ചിലപ്പോള്‍ സംഹാരരൂപത്തിലും മറ്റുചിലപ്പോള്‍ കാരുണ്യവതിയായും സൈ്വര്യവിഹാരം നടത്തുന്ന പുഞ്ചപാടം.

പാടത്തിനും കുന്നിനുമിടയില്‍ നടവഴിയാണ്. മൂന്ന് വിനാഴിക ആ നടവഴി പിടിച്ചാല്‍ പിന്നെ കൊടുംകാടാണ്. സൂര്യന്‍ തലയ്ക്കുമുകളില്‍ ഉദിച്ചുനില്‍ക്കുമ്പോഴും കുറ്റാക്കൂരിരുട്ടാണ് അവിടെ. ചുറ്റിലും നരഭോജി കടുവകളും രക്തം ഉറിഞ്ചികുടിക്കുന്ന നനചീറുകളും മാത്രം. ഈ കാട്ടിലേക്കുള്ള നടവഴിയില്‍ ഒടിയന്‍മാരിറങ്ങും. ഞാനും കണ്ടു ആ രാത്രിയില്‍ ഒരു സാധനത്തിനെ ആനയുടെ ഉടലും കുതിരയുടെ രൂപവുമുള്ള ഒടിയനെ.

പക്ഷെ അവന്‍ മനുഷ്യനെ പോലെ എന്നോട് ആരാ എന്നും, എങ്ങോട്ടാ പോകുന്നെ എന്നും ചോദിച്ചു. ഞാന്‍ പേടികൂടാതെ പറഞ്ഞു ' ഇബടെ അടുത്തു തന്നെ ഉള്ളതാ ആള്ളൂപറമ്പിലെ, ഞാന്‍ ഭൂതകാലത്തിലേക്ക് പൂവ്വാ.' എന്റെ മറുപടി ഇഷ്ടായീന് തോന്നുന്നു പിന്നെ ഒന്നും ചോദിച്ചില്ല ഉപദ്രവിക്കാന്‍ വന്നൂം ഇല്ല. കോഴിതലയുള്ള ആട്, മനുഷ്യന്റെ മുഖചായയുള്ള പട്ടി അങ്ങനെ ഒരുപാട് സത്വങ്ങള്‍. ഞാന്‍ കുരുമുളകിട്ട് മൂപ്പിച്ച ആടിന്റെ കരള്‍ അവര്‍ക്കൊപ്പം പങ്കുവെച്ചുകഴിച്ചു.

ചില ഒടി വിദ്യകള്‍ എനിക്കും പഠിപ്പിച്ചു തന്നു. പുലര്‍ച്ചെ ഒരു നാലു മണികഴിഞ്ഞപ്പോ അവര്‍ മായലോകത്തുനിന്നും ഇറങ്ങിവന്നു. ഒക്കെ നമ്മള്‍ അറിയുന്ന ആള്‍ക്കാരാന്ന് അപ്പോഴല്ലേ മനസ്സിലായെ. ഒരു രാത്രി മുഴുവന്‍ ഉറുപ്പകാട്ടിലെ പ്രേതങ്ങളോടും, മാടനോടും മരുതയോടും സല്ലപിച്ചും നാട് കാണാനിറങ്ങുന്ന ഭഗവതിയെ നേരിട്ട് കണ്ടു അനുഗ്രഹം വാങ്ങിയും ഭൂതകാലത്തില്‍ അഭിരമിച്ചു. 

നേരം പുലര്‍ന്നാല്‍ പിന്നെ മണല്‍ കാട്ടില്‍ ആണ്. പുലരാതിരുന്നെങ്കില്‍ ഈ ഭൂതകാലരാവ്.