അമ്മാന്‍: പശ്ചിമേഷ്യന്‍ രാജ്യമായ ജോര്‍ദാനില്‍ അട്ടിമറി ശ്രമം നടത്തിയെന്നാരോപിച്ച് മുന്‍ കിരീടാവകാശി ഹംസ ബിന്‍ ഹുസൈനെ സൈന്യം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. രാജ്യം അസ്ഥിരപ്പെടുത്താന്‍ അബ്ദുള്ള രാജാവിന്റെ അര്‍ദ്ധ സഹോദനും മുന്‍ കീരിടാവകാശിയുമായ ഹംസ വിദേശ കക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നാണ് ജോര്‍ദാന്‍ ഉപപ്രധാനമന്ത്രി അയ്മന്‍ സഫാദി കഴിഞ്ഞ ദിവസം ആരോപിച്ചത്.

ഹംസയെ തടങ്കലിലാക്കിയതോടെ ജോര്‍ദാന്‍ രാജകുടുംബത്തിലെ വിള്ളലാണ് പുറത്ത് വരുന്നത്. രാജ്യം അഴിമതിയിലും സ്വജനപക്ഷപാതത്തിലും അകപ്പെട്ടെന്ന് ഹംസ ബിബിസിക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഹംസയോട് ആവശ്യപ്പെട്ടതായാണ് സൈന്യം അറിയിച്ചത്. കഴിഞ്ഞു കുറച്ചുനാളുകളായി ഹംസ നടത്തിയ ഗോത്ര സന്ദര്‍ശനങ്ങളും പ്രചാരണങ്ങളുമാണ്വ പുതിയ സംഭവവികാസങ്ങളിലേക്ക് നയിച്ചതെന്നാണ് ജോര്‍ദാനിയന്‍ നിരീക്ഷകര്‍ പറയുന്നത്.  ജോര്‍ദാന്‍ രാജാവ് അബ്ദുല്ല തന്റെ അധികാരത്തിന്റെ അടിത്തറയെന്ന് വിശ്വസിക്കുന്ന ഗോത്രങ്ങളിലാണ് ഹംസയുടെ പ്രചാരണം നടന്നത്.

ഈ ഗോത്രങ്ങളില്‍ നുഴഞ്ഞുകയറാനുള്ള ഹംസയുടെ ശ്രമത്തെ തന്റെ അധികാര കേന്ദ്രത്തിന് നേരിട്ടുള്ള ഭീഷണിയായി അബ്ദുല്ല രാജാവ് കണ്ടു.

jordan
ഹംസയും മാതാവ് നൂറും (1999ലെ ചിത്രം )|ഫോട്ടോ:എ.എഫ്.പി

മുന്‍ രാജാവ് ഹുസൈന്‍ ബിന്‍ തലാലിന്റെ നാലാമത്തെ ഭാര്യയായ അമേരിക്കന്‍ വംശജയായ നൂര്‍ രാജ്ഞിയുടെ മൂത്ത മകനാണ് ഹംസ. ഇപ്പോഴത്തെ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, ഹുസൈന്‍ ബിന്‍ തലാലിന് തന്റെ രണ്ടാമത്തെ ഭാര്യയായ രാജ്ഞി മുന അല്‍ ഹുസൈനിലുണ്ടായതാണ്. 1999-ല്‍ ഹുസൈന്‍ ബിന്‍ തലാലിന്റെ വിയോഗത്തോടെ അബ്ദുള്ള അധികാരമേറ്റെടുത്തു. ഹംസയെ കിരീടവകാശിയും ആക്കി. 

എന്നാല്‍ അധികാരമേറ്റെടുത്ത് അഞ്ചു വര്‍ഷത്തിന് ശേഷം ഹംസയെ കിരീടവാശി സ്ഥാനത്ത് നിന്ന് അബ്ദുള്ള നീക്കം ചെയ്തു. തന്റെ മൂത്ത മകനായ ഹുസ്സൈനെ കിരീടവകാശിയായി നാമകരണം ചെയ്തു. തുടര്‍ന്ന് വിമര്‍ശകനായി മാറുകയായിരുന്നു ഹംസ.

നിലവില്‍ ഹംസയ്‌ക്കൊപ്പം മാതാവ് നൂര്‍ രാജ്ഞിയും അമ്മാനിലെ കൊട്ടാരത്തില്‍ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുമായും ഗള്‍ഫ് രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് അബ്ദുള്ള രാജാവ് വച്ച് പുലര്‍ത്തുന്നത്. കോവിഡ് മഹാമാരിയില്‍ ജോര്‍ദാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് രാജ്യത്ത് അട്ടിമറി ശ്രമം കൂടി നടന്നിരിക്കുന്നത്. അറബ് രാഷ്ട്രങ്ങളും അമേരിക്കയും ഇതിനോടകം അബ്ദുള്ള രാജാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.