ദുബായ് : ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമായ ‘ഐൻ ദുബായ്’ക്കു മുകളിൽ ചായക്കപ്പുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തും. അതിസാഹസികതകൊണ്ട് ലോകത്തെ അദ്‌ഭുതപ്പെടുത്താറുള്ള ശൈഖ് ഹംദാന്റെ ഏറ്റവും പുതിയ ശ്രമവും ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

വ്യാഴാഴ്‌ച സന്ദർശകർക്ക് തുറന്നുകൊടുത്ത നിരീക്ഷണചക്രം ദുബായ് നഗരത്തിന്റെ വർണക്കാഴ്‌ചകൾ 360 ഡിഗ്രിയിൽ രസകരമായി കാണാനുള്ള അവസരമാണ് തുറന്നിടുന്നത്. ഒരുകപ്പിൽ പാനീയവുമായി ഊഞ്ഞാലിന്റെ കാബിന് മുകളിൽ 820 അടി ഉയരത്തിൽ ഇരിക്കുന്ന ശൈഖ് ഹംദാന്റെ ഹ്രസ്വവീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 48 ഹൈടെക് കാബിനുകൾ ഉൾക്കൊള്ളുന്നതാണ് ഊഞ്ഞാൽ. ഒരേസമയം 1750 ആളുകൾക്ക് ഇതിൽ കയറാനാകും.

ദുബായ് വിനോദമേഖലയിലെ ഏറ്റവും പുതിയ ആകർഷണത്തിന്റെ വിശേഷങ്ങൾ അന്വേഷിക്കുകയാണ് വീഡിയോ കണ്ടശേഷം ആളുകളിപ്പോൾ. ബുർജ് ഖലീഫയുടെ മുകളിൽനിന്നുള്ള ശൈഖ് ഹംദാന്റെ സെൽഫിയും സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു. 

ലോകത്തിലെ ഏറ്റവുംവലിയ നിരീക്ഷണചക്രം തുറന്നു

ദുബായ് : വിനോദസഞ്ചാരരംഗത്തെ പുതിയ ആകര്‍ഷണമായ ലോകത്തിലെ ഏറ്റവുംവലിയ നിരീക്ഷണചക്രം (ഒബ്‌സര്‍വേഷന്‍ വീല്‍) ദുബായില്‍ തുറന്നു.

'ഐന്‍ ദുബായ്' എന്നുപേരുനല്‍കിയ ഇതിന്റെ ഉദ്ഘാടനം ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും നിര്‍വഹിച്ചു. ധനകാര്യമന്ത്രി മൊഹമ്മദ് ഹാദി അല്‍ ഹുസൈനി സംബന്ധിച്ചു.

ദുബായിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതായിരിക്കും അത്യാധുനികസൗകര്യങ്ങളോടുകൂടിയ ചക്രമെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു. ദുബായ് നഗരത്തിന്റെ ഭംഗി ആകാശത്തുനിന്ന് ആസ്വദിക്കാനുള്ള അവസരമാണിത് തുറന്നിടുന്നത്. 48 കാബിനുകളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഒരുതവണ ചക്രം ഉയര്‍ന്നുതാഴുന്നതിന് 38 മിനിറ്റെടുക്കും. ഒരേസമയം, 1750 പേര്‍ക്ക് ഇതിലിരുന്ന് കാഴ്ചകള്‍ കാണാം.

ലോകത്തിലെ ഏറ്റവുംവലിയ രണ്ട് ക്രെയിനുകളാണ് ചക്രക്കാലുകള്‍ക്ക് കരുത്തുപകരുക. 11,200 ടണ്‍ ഉരുക്ക് ഇതിന്റെ നിര്‍മിതിക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈഫല്‍ ടവര്‍ നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാള്‍ 33 ശതമാനം അധികമാണിത്.

പത്തുരാജ്യങ്ങളില്‍നിന്നുള്ള എന്‍ജിനിയറിങ് വൈദഗ്ധ്യം ഐന്‍ ദുബായ് സാധ്യമാക്കുന്നതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.