അബുദാബി: ലോകത്തിലെ ആദ്യ ഡിജിറ്റൽ കോടതിമുറി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. ഫ്രീസോൺ മേഖലയായ അൽ മരിയ ഐലൻഡിലെ അബുദാബി ഗ്ലോബൽ മാർക്കറ്റിലാണ് സംവിധാനത്തിന് തുടക്കമായിരിക്കുന്നത്.

വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രശ്നങ്ങൾക്ക് വേഗത്തിലും കൃത്യതയോടെയും പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഗലേറിയ മാളടക്കമുള്ള നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഇവിടെ ഉടൻ തന്നെ അൽ മരിയ സെൻട്രൽ ഷോപ്പിങ് മാളും പ്രവർത്തനം തുടങ്ങും. തൊഴിൽ നിയമനം, കടം, വാണിജ്യ തർക്കങ്ങൾ തുടങ്ങി ഇരുപതോളം തരത്തിലുള്ള കേസുകൾക്ക് പരിഹാരം കണ്ടെത്താൻ 2016 മേയ് മുതലുള്ള കോടതിയുടെ പ്രാരംഭ പ്രവർത്തന കാലഘട്ടത്തിൽ സാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വ്യവസായ മേഖലകളുമായി കൂടുതൽ ബന്ധം പുലർത്തുന്നതുകൊണ്ടുതന്നെ ഇംഗ്ലീഷിലാണ് കോടതി നടപടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തെവിടെയുമുള്ള കക്ഷികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ആശയവിനിയമം നടത്താനും കോടതിക്ക് കഴിയും. സമയവും പണവും ലാഭിക്കുന്നതോടൊപ്പം വിദേശത്തുള്ള കമ്പനികൾക്കും എളുപ്പം നടപടികളുടെ ഭാഗമാവാം.

ലോകത്ത് എവിടെയാണെങ്കിലും മൊബൈൽ ഫോണിലൂടെ ഏത് സമയത്തും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കാനും കോടതിയിൽ ബന്ധപ്പെടാനും കഴിയുമെന്ന് അബുദാബി ഡിജിറ്റൽ കോർട്ട് ചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ലിൻഡ ഫിറ്റ്‌സ് അലൻ പറഞ്ഞു. കേസ് വിസ്താരവുമായി ബന്ധപ്പെട്ട മുഴുവൻ ലിങ്കുകളും ഇതിൽ ലഭ്യമാക്കും.

Contnet hIghlight: World first digital court room at Abudabi