അബുദാബി: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുതുവത്സരദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ പടുത്തുയർത്തുന്ന വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അബുദാബിയിൽ പ്രതീകാത്മക വനിതാ മതിൽ ഉയരും .

ജനുവരി ഒന്നിന് വൈകീട്ട് ഏഴു മണിക്ക് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ നൂറുകണക്കിന് വനിതകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രതീകാത്മക വനിതാമതിൽ വിജയിപ്പിക്കുന്നതിനായി വിപുലമായ കൺവെൻഷൻ കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ചിരുന്നു. വിവിധ സംഘടനകളുടെ വനിതാ പ്രതിനിധികളും കുടുംബിനികളും ഉൾപ്പെടെ ഒട്ടേറെപേർ പങ്കെടുത്ത കൺവെൻഷൻ ലോക കേരള സഭാംഗം കെ.ബി. മുരളി ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു.

അനിതാ റഫീഖ് (ശക്തി തിയറ്റേഴ്‌സ്), റൂഷ് മെഹർ (യുവകലാ സാഹിതി), സ്മിത ധനേഷ് (ഫ്രണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്), പി.എസ്. ബിജിത് കുമാർ, കെ.വി.ബഷീർ, സഫറുള്ള പാലപ്പെട്ടി, കണ്ണൻ ദാസ്, ഷെമീന ഒമർ, ബിന്ദു ഷോബി, ഈദ് കമൽ, ഷിജിന കണ്ണൻ ദാസ് എന്നിവർ സംസാരിച്ചു.

വനിതാ മതിൽ വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘത്തിന് കൺവെൻഷൻ രൂപം നൽകി. പ്രതീകാത്മക വനിതാ മതിലിനോടനുബന്ധിച്ച് വനിതാ പ്രവർത്തകർ ചിട്ടപ്പെടുത്തിയ കലാപരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.