ഷാർജ: അർബുദ രോഗികൾ, രോഗത്തെ അതിജീവിച്ചവർ, രോഗികളെ ശുശ്രൂഷിക്കുന്നവർ എന്നിവരെ സഹായിക്കുന്നതിന് ഷാർജയിൽ ഒരു ദിവസം നീളുന്ന വാക്കത്തോൺ സംഘടിപ്പിച്ചു. ഷാർജ അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ (എ.യു.എസ്.) അത്‌ലറ്റിക് ട്രാക്കിലായിരുന്നു മൂവായിരത്തോളം പങ്കെടുത്ത വാക്കത്തോൺ. അർബുദരോഗികൾക്കായി പ്രവർത്തിക്കുന്ന ’ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്’ (എഫ്.ഒ.സി.പി.) അമേരിക്കൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ചാണ് ’റിലേ ഫോർ ലൈഫ് - 2019’ എന്നപേരിൽ വാക്കത്തോൺ സംഘടിപ്പിച്ചത്.

ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന എഫ്.ഒ.സി.പി.യുടെ 20-ാമത് വാർഷികത്തിന്റെ ഭാഗം കൂടിയായിരുന്നു വാക്കത്തോൺ. യു.എ.ഇ.യിലെ 10 സ്കൂളുകൾ, അഞ്ച് യൂണിവേഴ്‌സിറ്റികൾ, 13 സ്‌പോൺസർമാർ, 20 പൊതു,സ്വകാര്യ സംരംഭകർ, 200 വൊളന്റിയർമാർ എന്നിവരും വാക്കത്തോണിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. ഷാർജയിൽ വാക്കത്തോൺ സംഘടിപ്പിച്ച സമയംതന്നെ ഇന്ത്യ, അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും വാക്കത്തോണുകൾ സംഘടിപ്പിച്ചിരുന്നു.