അബുദാബി: കണിക്കാഴ്ചയൊരുക്കി പച്ചക്കറി വിപണിയും വിഷുലഹരിയിലാണ്ടു. കേരളത്തിൽ നിന്നുള്ള കണിവെള്ളരിയും മാങ്ങയും ചക്കയുമാണ് പച്ചക്കറി മാർക്കറ്റിലെത്തുന്നവരെ ആകർഷിക്കുന്നത്.

വിപണിയിൽ ഇത്തവണ കാര്യമായ വിലവർധന ഇല്ലെങ്കിലും കണിവെള്ളരിക്ക, മാങ്ങാക്കുല, കൊന്നപ്പൂ എന്നിവയ്ക്ക് ഡിമാൻഡ് ഉള്ളതിനാൽ വില കൂടും. കണിവെള്ളരിക്ക് കിലോ പത്തും കണിമാങ്ങക്ക് കിലോ 15 ദിർഹവുമാണ് വില. സാദാ വെള്ളരിക്ക് ഏഴ് ദിർഹവും മാങ്ങയ്ക്ക് 10 ദിർഹവുമാണ് വില. വിഷുവിപണിയിലെ ഒഴിച്ചുകൂടാനാവാത്ത മറ്റൊരു ഇനം ചക്കയാണ്. കിലോ പത്ത് ദിർഹം മുതൽ പതിനാല് ദിർഹം വരെയാണ് വില. പയർ, ചേന, മത്തൻ, വഴുതിന, വെണ്ടക്ക, മുരിങ്ങാക്കോൽ തുടങ്ങി സദ്യവട്ടത്തിനാവശ്യമായ ഒട്ടുമിക്ക പച്ചക്കറികൾക്കും കാര്യമായ വില വർധനയില്ല. കേരളത്തിൽനിന്നുള്ള വിഷു പച്ചക്കറിയിനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

വിഷുസദ്യയിലെ ഓരോ കറിക്കും ആവശ്യമായ പച്ചക്കറികൾ അരിഞ്ഞ് പ്രത്യേകം ബോക്സുകളിലാക്കിയും വിൽപ്പനയുണ്ട്. അവിയലിനും സാമ്പാറിനുമെല്ലാം വേറെ വേറെ ബോക്സുകൾ ലഭ്യമാണ്. കൂടുതൽ ആളുകളുണ്ടെങ്കിൽ വലിയ കെട്ടുകളാക്കിയും അരിഞ്ഞ പച്ചക്കറികൾ നൽകും. തേങ്ങയ്ക്ക് രണ്ടര ദിർഹമാണ് കിലോ വില. പായസത്തിനും മറ്റുമായി തേങ്ങയുടെ കച്ചവടം ഈയൊരാഴ്ച കൂടുമെന്നും വിപണിവൃത്തങ്ങൾ വ്യക്തമാക്കി. വാഴയിലയും കൊന്നപ്പൂവുമാണ് ഏറ്റവുമവസാനം എത്തുക. ചിലയിടങ്ങളിൽ കൊന്നപ്പൂവ് ഉപഭോക്താക്കൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും കണിയാവശ്യത്തിനുള്ളവ ശനിയാഴ്ച വൈകുന്നേരത്തോടെ മാത്രമേ എത്തുകയുള്ളുവെന്ന് കച്ചവടക്കാർ പറഞ്ഞു.

ഇത്തവണ തിങ്കളാഴ്ചയാണ് വിഷു. വിഷുക്കണി, കൈനീട്ടം എന്നിവയ്ക്കെല്ലാം വലിയ പ്രാധാന്യമാണ് പ്രവാസിമലയാളികൾ കല്പിക്കുന്നത്. ആഘോഷത്തിനായി രണ്ടുദിവസത്തെ അധിക അവധിയെടുത്ത് നാട്ടിൽപോയവരും കുറവല്ല. ഇത്തവണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്ന വിശേഷംകൂടിയുണ്ട് നാട്ടിൽ പോകുന്നവർക്ക്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സൂപ്പർമാർക്കറ്റുകളിൽ വലിയ തിരക്കാണനുഭവപ്പെട്ടത്. വസ്ത്രവ്യാപാര കേന്ദ്രങ്ങളിൽ വിഷുക്കോടി വാങ്ങാനും തിരക്കുണ്ട്. വിഷു കുടുംബത്തോടൊപ്പം ആഘോഷിക്കാനായി ബന്ധുക്കളെ നാട്ടിൽനിന്നും കൊണ്ടുവന്നവരുമുണ്ട്. ലേബർ ക്യാമ്പുകളിലുള്ളവരും വിഷുക്കണി, വിഷു സദ്യ കേമമാക്കാനുള്ള ഒരുക്കം തുടങ്ങി.

വിവിധ സൂപ്പർമാർക്കറ്റുകളിൽ വിലക്കിഴിവോടെയാണ് വിഷുവിനായുള്ള ചില സാധനങ്ങൾ വിറ്റഴിക്കുന്നത്. എന്നാൽ ചിലയിനങ്ങൾക്ക് നല്ല വിലയുമുണ്ട്. പായസക്കൂട്ട്, ശർക്കര എന്നിവ ചൂടപ്പംപോലെയാണ് വിറ്റഴിയുന്നതെന്ന് വ്യാപാരികൾ പറയുന്നു. വിഷുക്കണിക്ക് അത്യാവശ്യമായ കൊന്നപ്പൂക്കളുടെ ലഭ്യത കുറവാണെങ്കിലും നാട്ടിലെ കൊന്നയുടെ സമാനമായ മഞ്ഞപ്പൂക്കൾ കിഴക്കൻ പ്രദേശങ്ങളിൽ കിട്ടാനുണ്ട്.