ഷാര്‍ജ: 16 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ സുഡാനി കുഞ്ഞാങ്ങളയെ മലയാളിയായ പെങ്ങള്‍ ദുബായില്‍ കണ്ടുമുട്ടിയത് വലിയ വാര്‍ത്തയായിരുന്നു. കോഴിക്കോട് നിന്ന് വിവാഹം കഴിച്ച സുഡാനി പൗരന്‍ നാദിറിന്റെ മക്കളായ ഹാനിയും സമീറയുമാണ് വീണ്ടും ഒത്തുചേര്‍ന്നത്. ഇപ്പോഴിതാ പാകിസ്താനി പൗരന്റെ കരുണയില്‍ ഹാനിക്ക് തന്റെ ഉമ്മയെ 16 വര്‍ഷത്തിന് ശേഷം കാണാന്‍ സാധിച്ചിരിക്കുന്നു. 

21 വയസുകാരനായ ഹാനി നാദര്‍ മെര്‍ഗണി തന്റെ ഉമ്മയായ നൂര്‍ജഹാനെ വെള്ളിയാഴ്ച ഷാര്‍ജ എയര്‍പോര്‍ട്ടില്‍വെച്ചാണ് കാണുന്നത്. പാകിസ്താനി വ്യവസായിയായ തല്‍ഹ ഷായാണ് നൂര്‍ജഹാന് ഇങ്ങോട്ടുള്ള യാത്രാ ചിലവ് നല്‍കിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മയുമായി പിണങ്ങി പിതാവ് സുഡാനിലേക്ക് മടങ്ങുമ്പോള്‍ സ്‌കൂളില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതാണ് ഹാനി നാദര്‍ മെര്‍ഗണിയെ.എന്നെങ്കിലുമൊരിക്കല്‍ സംഭവിക്കണേ എന്ന നൂര്‍ജഹാന്റെ പ്രാര്‍ഥന സഫലമായത് ഇപ്പോഴാണ്.

image
 ഹാനി ഉമ്മ നൂര്‍ജഹാനും സഹോദരി ഷമീറക്കുമൊപ്പം ഫോട്ടോ കടപ്പാട്: ഖലീജ് ടൈംസ്‌

കേരളത്തിലെ തന്റെ വേരുകള്‍ അന്വേഷിച്ചിരുന്ന ഹാനി കഴിഞ്ഞ മാസം ദുബൈയിലേക്ക് സുഡാനില്‍ നിന്ന് പറന്നെത്തുകയായിരുന്നു. ഹനിയുടെ സഹോദരി ഷമീറ ഒരു സ്റ്റേഷനറി കടയിലാണ് ജോലി ചെയ്തിരുന്നത്. ദുബായിലെ കരാമയിലായിരുന്നു ഇവര്‍. 

കോഴിക്കോട് ജനിച്ച ഹാനിക്ക് ഇന്ത്യക്കാരനായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ക്രൂരമായി പെരുമാറുന്ന പിതാവിന്റെയും രണ്ടാനമ്മയുടെയും അടുത്തേക്ക് മടങ്ങാന്‍ ഉദ്ദേശ്യമില്ല.