ദുബായ് : കോവിഡ് വ്യാപനസമയത്ത് യു.എ.ഇയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വലിയതോതിൽ വിറ്റഴിക്കപ്പെട്ടതായി കാലാവസ്ഥാവ്യതിയാന പരിസ്ഥിതി മന്ത്രാലയം. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും 2020 ആദ്യപാദത്തിൽ 6.6 കോടി ദിർഹത്തിനാണ് വിറ്റഴിച്ചത്. 2019-ൽ മൊത്തം വിറ്റഴിച്ചത് എട്ട് കോടി ദിർഹത്തിനായിരുന്നു. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണിസാധ്യത വർധിപ്പിക്കുന്നതിന് മന്ത്രാലയം സ്വീകരിച്ച നടപടികളുടെ ഫലമായാണ് വർധനയെന്ന് അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി സുൽത്താൻ അൽവാൻ പറഞ്ഞു.

പല പ്രധാന റീട്ടെയിലർമാരുമായി കരാറൊപ്പിട്ടും വിപണിസാധ്യത ഉയർത്തി. കൂടാതെ കർഷകർക്ക് അവരുടെ ഉത്‌പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കുന്ന രീതിയിൽ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. പ്രാദേശിക കർഷകരുമായി വിളവിന്റെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്താനായി മന്ത്രാലയം സഹകരിച്ച് പ്രവർത്തിച്ചു.

ആധുനിക കാർഷിക രീതികളെക്കുറിച്ചും കീടങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ചും ബോധവത്‌കരണം നടത്തി. കീടനിയന്ത്രണ രീതികൾ കർഷകർക്ക് അറിയാമെങ്കിലും അവ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളമുള്ള കൃഷിയിടങ്ങളിൽ പതിവ് പരിശോധനകൾ നടത്തും. പ്രാദേശിക കർഷകരെ സഹായിക്കാൻ മരുഭൂമിയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നൂതന കൃഷിരീതികൾ പര്യവേക്ഷണം ചെയ്യാനുള്ള ശ്രമങ്ങൾ യു.എ.ഇ. ശക്തമാക്കുകയാണെന്നും കാർwഷിക വികസന ആരോഗ്യവകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ ധൻഹാനി വ്യക്തമാക്കി.