ദുബായ്: ചുരുങ്ങിയ മണിക്കൂറുകൾ മാത്രമായിരുന്നു കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന് വെള്ളിയാഴ്ച ദുബായിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പരമാവധി പേരിൽനിന്ന് പ്രവാസി പ്രശ്നങ്ങൾ കേൾക്കാനും ചിലതിൽ കൃത്യമായ മറുപടി നൽകാനും ആദ്യ യു.എ.ഇ. സന്ദർശനത്തിലെ ഈ സമയം അദ്ദേഹം ഉപയോഗിച്ചു.
നൈജീരിയയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മുരളീധരൻ ദുബായിൽ എത്തിയത്. കാലത്ത് സോനാപ്പൂരിലെ ലേബർക്യാമ്പിൽ തൊഴിലാളികൾക്കൊപ്പമായിരുന്നു കേന്ദ്രമന്ത്രിയുടെ ആദ്യ പരിപാടി. അവർക്കൊപ്പമിരുന്ന് പ്രാതൽ കഴിച്ചും ചിലരെ സംസാരിക്കാൻ ക്ഷണിച്ചുമായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. കൂടുതലും ഉത്തരേന്ത്യക്കാർ നിറഞ്ഞ ക്യാമ്പിൽ നല്ല ഹിന്ദിയിൽ തന്നെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം. യാത്രാപ്രശ്നം, റിക്രൂട്ട്മെന്റ് തുടങ്ങിയ വിഷയങ്ങളായിരുന്നു ഇവിടെ ഉയർന്നുവന്നത്. തൊഴിലാളികളെയും ഗാർഹിക ജീവനക്കാരെയും ചൂഷണം ചെയ്യാൻ അനുവദിക്കാനാവാത്ത വിധത്തിൽ രാജ്യത്തിന്റെ ഇമിഗ്രേഷൻ നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കോൺസൽ ജനറൽ വിപുലിനൊപ്പമായിരുന്നു ലേബർക്യാമ്പ് സന്ദർശനം.
കരിപ്പൂരിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതിനെകുറിച്ച് എമിറേറ്റ്സ് എയർലൈൻസ് അധികൃതരുമായി ചർച്ച നടത്തിയ ശേഷം ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ സ്വീകരണത്തിലെത്തിയ കേന്ദ്രമന്ത്രി കൂടുതലും സംസാരിച്ചത് ഇന്ത്യാ-യു.എ.ഇ. ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചായിരുന്നു. യു.എ.ഇ. യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധവും നയതന്ത്രബന്ധവും കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുക എന്നതും രണ്ടാം നരേന്ദ്രമോദി ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
34 വർഷത്തിനുശേഷം ആദ്യമായി യു.എ.ഇ. സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് ലോക രാഷ്ട്രങ്ങളിൽ ഏറെ കരുത്തോടെ മുന്നിലാണ്. വലിയ സാമ്പത്തികശക്തിയായി വളരുന്നു എന്നതിനൊപ്പം ലോകത്തിലെ എല്ലാ സംഭവവികാസങ്ങളിലും ഇന്ത്യയുടെ നിലപാട് ശ്രദ്ധേയമായ കാര്യമാണ്. ചില വിഷയങ്ങളിൽ ഇന്ത്യയുടെ മൗനംപോലും ലോകം ഇന്ന് ചർച്ച ചെയ്യുന്നു. അത്രമാത്രം ഇന്ത്യയുടെ സ്ഥാനം ഉയർന്നിട്ടുണ്ട്. അഡ്നോകും ഡി.പി. വേൾഡും അബുദാബി ഇൻവെസ്റ്റ്മെന്റുമെല്ലാം വൻതോതിൽ ഇന്ത്യയിൽ നിക്ഷേപം ഇറക്കുന്നു. യു.എ.ഇ.യിലേക്കും ധാരാളം ഇന്ത്യൻ നിക്ഷേപം വരുന്നുണ്ട്. ഇരുരാഷ്ട്രനേതാക്കളും തമ്മിലുള്ള ഹൃദയബന്ധവും ഏറെ ഊഷ്മളമാണ്. യു.എ.ഇ. പരമോന്നതബഹുമതി നൽകിയാണ് മോദിയെ ആദരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണെന്ന് മുരളീധരൻ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. ഇത് എല്ലാവരുടെയും ഗവൺമെന്റായിരിക്കുമെന്ന് മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി.ക്ക് വോട്ട് ചെയ്യാത്തവരെപോലും ഉൾക്കൊള്ളുന്നതായിരിക്കും ഗവൺമെന്റിന്റെ സമീപനമെന്ന് ഓർമിപ്പിക്കാനും കേന്ദ്രമന്ത്രി മറന്നില്ല. ഇന്ത്യൻ കോൺസൽ രാഹുൽ ശ്രീവാസ്തവ, ഐ.ബി.പി.സി. ചെയർമാൻ വി. സുരേഷ് കുമാർ, ഡോ. ആസാദ് മൂപ്പൻ, നിമിഷ് മക്വാന തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്നുള്ള പരിപാടി ഇന്ത്യൻ കോൺസുലേറ്റിലായിരുന്നു. വെള്ളിയാഴ്ച മുസ്ലിം പള്ളികളിലെ പ്രാർഥന കഴിഞ്ഞാണ് പരിപാടി അല്പം വൈകി ആരംഭിച്ചത്. ഇവിടെയും നരേന്ദ്രമോദി ഗവൺമെന്റിന്റെ നയപ്രഖ്യാപനം തന്നെയായിരുന്നു പ്രധാന വിഷയം. ഒന്നാം മോദി ഗവൺമെന്റ് നടപ്പാക്കിയ ജനപ്രിയ നടപടികൾ മുരളീധരൻ വിശദീകരിച്ചു. ആധാർ കാർഡ്, പ്രവാസി വോട്ട്, വിമാനടിക്കറ്റ് നിരക്ക് തുടങ്ങിയ വിഷയങ്ങളും കോൺസുലേറ്റ് ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിൽ നിന്ന് വിശദീകരണത്തിനായി ചോദ്യരൂപത്തിൽ ഉയർന്നു. കൃത്യമായ മറുപടി പെട്ടെന്ന് നൽകാനാവാത്ത വിഷയങ്ങളാണ് പലതുമെന്ന് പറഞ്ഞ മുരളീധരൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന ഉറപ്പ് നൽകിയാണ് ചടങ്ങ് അവസാനിപ്പിച്ചത്. കോൺസൽ ജനറൽ വിപുൽ കേന്ദ്രമന്ത്രിയെ സ്വാഗതം ചെയ്തു.
Content Highlights: Union Minister V Muraleedharan Visits Dubai