അബുദാബി: കാർട്ടൂൺ പുസ്തകങ്ങളിൽ കുടുക്കുവഴികളിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന കളികൾ കളിക്കത്തവരായി ആരുമുണ്ടാകില്ല. ഇത് പുസ്തകത്തിന് പുറത്ത് കളിക്കാനുള്ള അവസരമാണ് അബുദാബി ഉം അൽ ഇമാറാത്ത് പാർക്ക് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ വണ്ടർ മേസ് എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ കളിക്കളമാണ് പാർക്കിൽ താത്‌കാലികമായി ഒരുക്കിയിരിക്കുന്നത്.

3000 ചതുരശ്ര മീറ്ററിൽ നിർമിച്ച കളിക്കളത്തിൽ രാവിലെ ഒൻപത് മുതൽ രാത്രി പതിനൊന്ന് വരെ സന്ദർശകർക്ക് പ്രവേശിക്കാം. ഇവിടെയുള്ള ഊടുവഴികൾ കൃത്യമായ ഇടവേളകളിൽ മാറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഒരിക്കൽ വഴി കണ്ടെത്തിക്കഴിഞ്ഞാൽ കളിയുടെ രസം നഷ്ടമാവുകയുമില്ല. വഴികാണിച്ച് ഒടുവിലെത്തുന്നത് കളത്തിന്റെ അഞ്ച് മീറ്റർ ഉയരമുള്ള ഭാഗത്താണ്. ഇവിടെനിന്ന് നോക്കിയാൽ കളിക്കളം മുഴുവൻ കാണാൻ കഴിയും. 30 മുതൽ 40 മിനുട്ട് വേണം വഴികാണിച്ച് ലക്ഷ്യസ്ഥാനത്തെത്താൻ. 35 ദിർഹമാണ് പ്രവേശന നിരക്ക്. 100 സെന്റീമീറ്ററിൽ കുറവ് ഉയരമുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. ലോക പ്രശസ്ത പാചക വിദഗ്ധർ അണിനിരക്കുന്ന ഭക്ഷ്യമേളയും പാർക്കിൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 17 വരെ ഭക്ഷ്യമേള നടക്കും. വിവിധയിനം ഭക്ഷ്യവസ്തുക്കൾ രുചിക്കാനും കേക്ക് നിർമാണം ഐസ്, പഴം പച്ചക്കറി കാർവിങ് നടത്താനും സന്ദർശകർക്കും അവസരമുണ്ട്.