ദുബായ് : ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ഖത്തറുമായുള്ള വ്യാപാരം, ഗതാഗതം എന്നിവ പുനരാരംഭിക്കുമെന്ന് യു.എ.ഇ. വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് പറഞ്ഞു.
യു.എ.ഇ.ക്കെതിരേ ഖത്തർ നൽകിയ കേസുകൾ പിൻവലിച്ചതായും വെർച്വൽ വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. നയതന്ത്രകാര്യാലയങ്ങൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ അതിവേഗ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
അൽഉല കരാർ യാഥാർഥ്യമാക്കുന്നതിന് പരിപൂർണ പിന്തുണയും സഹകരണ മനോഭാവമാണ് യു.എ.ഇ.ക്കുണ്ടായിരുന്നത്.
യു.എ.ഇ. ഉൾപ്പെടെ സൗദി, ബഹ്‌റൈൻ, കുവൈത്ത് എന്നിവയ്ക്ക് വ്യത്യസ്തരീതിയിലുള്ള പ്രശ്നങ്ങളാണുള്ളത്. പ്രശ്നപരിഹാരത്തിനായി പ്രത്യേകസംഘങ്ങളെ നിയോഗിക്കും. എന്നാൽ, ഏത് പ്രതിസന്ധിയെയുംപോലെ ഖത്തർ പ്രതിസന്ധിയിലും ചില പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട്. ചില പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പമാണ്. എന്നാൽ, ചിലതിന് കൂടുതൽ സമയമെടുക്കും. വ്യാപാരം, വ്യോമഗതാഗതം, നിക്ഷേപം, സമുദ്രഗതാഗതം എന്നിവ പുനരാരംഭിക്കുന്നതെല്ലാം എളുപ്പമുള്ള കാര്യങ്ങളാണ്. എന്നാൽ, വിശ്വാസവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ കൂടുതൽ സമയമെടുക്കും. ഇതുവരെ സംഭവിച്ച നഷ്ടങ്ങൾ സംബന്ധിച്ച് കൃത്യമായ ഒരു അവലോകനം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഖത്തറിൽ ഇപ്പോഴുള്ള തുർക്കി സൈന്യത്തിന്റെ സാന്നിധ്യം അറബ് ലോകത്തെ ഇറാന്റെ സാന്നിധ്യം പോലെയാണ്. അറബ് പരമാധികാരത്തെ ബഹുമാനിക്കുന്ന രാജ്യമായി തുർക്കിയെ കാണാനാഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് ജി.സി.സി. രാഷ്ട്രങ്ങൾ ഖത്തറുമായുള്ള ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ചത്