ദുബായ്: യു.എ.ഇ.യിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തിൽ ബിസിനസ് തുടങ്ങാമെന്ന പുതിയനിയമം പ്രാബല്യത്തിലായി. ആദ്യദിനമായ ചൊവ്വാഴ്ച തന്നെ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ 100 ശതമാനം ഉടമസ്ഥാവകാശത്തിൽ ബിസിനസ് തുടങ്ങി. ബിസിനസ് സെറ്റപ്പ് കമ്പനികളിൽ വലിയതിരക്കാണ് അനുഭവപ്പെട്ടത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2020- ലാണ് പുതിയ നിക്ഷേപനിയമത്തിന് അനുമതി നൽകിയത്. സ്വദേശിയായ പൗരന്റെ പങ്കാളിത്തമില്ലാതെ തന്നെ ബിസിനസ് തുടങ്ങാമെന്ന നയം യു.എ.ഇ.യുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ നിയമമാറ്റമാണ്.

സ്വതന്ത്രമേഖലകൾക്ക് പുറത്തെ ബിസിനസ് സംരംഭങ്ങളിൽ 51 ശതമാനം ഓഹരി സ്വദേശിയുടെ പേരിലായിരിക്കണം എന്ന വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. ഏതൊക്കെ മേഖലകളിലാണ് 100 ശതമാനം ഉടമസ്ഥാവകാശം കിട്ടുക എന്നത് സംബന്ധിച്ച വിപുലമായപട്ടിക സർക്കാർവകുപ്പുകൾ പുറത്ത് വിട്ടിട്ടുണ്ട്. നിലവിലുള്ള സംരംഭങ്ങളുടെ ഉടമാസ്ഥാവകാശത്തിലും മാറ്റങ്ങൾ വരുത്താൻ അവസരങ്ങളുണ്ട്. കോവിഡ്‌അനന്തര സാമ്പത്തിക ലോകത്ത് വിവിധ രാജ്യങ്ങളിലെ നിക്ഷേപകരെ വലിയ തോതിൽ യു.എ.ഇ.യിലേക്ക് ആകർഷിക്കാൻ പുതിയ നിയമത്തിലൂടെ സാധിക്കും.

Content Highlight: UAE to allow 100% foreign ownership of companies