ദുബായ് : യു.എ.ഇ. എല്ലാവരുടെയും രാജ്യവും വീടുമാണെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. തങ്ങൾക്കുണ്ടാകുന്ന അനുഭവം എല്ലാവർക്കും ലഭ്യമാകും. എല്ലാവരുമായുള്ള ബന്ധമെന്നും നല്ലരീതിയിൽ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അറബ് യൂത്ത് സർവേയുടെ പതിമ്മൂന്നാം പതിപ്പിന് തലേന്നാണ് ശൈഖ് മുഹമ്മദിന്റെ പ്രസ്താവന.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളേക്കാൾ യുവതലമുറയിലെ കൂടുതൽ പേർ ജീവിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥാലം യു.എ.ഇ. ആണെന്നാണ് സർവേ റിപ്പോർട്ട് പറയുന്നു. അറബ് യുവതലമുറയിലെ 47 ശതമാനം പേരും തിരഞ്ഞെടുത്തത് യു.എ.ഇ ആണ്. അമേരിക്ക 19 ശതമാനം പേർ തിരഞ്ഞെടുത്തപ്പോൾ കാനഡ തിരഞ്ഞെടുത്തത് 15 ശതമാനം പേർ മാത്രമാണ്. ഫ്രാൻസ് (13 ശതമാനം), ജർമനി (11 ശതമാനം) എന്നിങ്ങനെയാണ്.

അറബ് യൂത്ത് സർവേയിൽ ഗൾഫ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് 3400 പേരിലാണ് സർവേനടത്തിയത്. ഇതിൽ സുഡാനിൽനിന്ന്‌ 66 ശതമാനം, ഈജിപ്തിൽനിന്നും 65 ശതമാനം എന്നിങ്ങനെയാണ്. കൂടാതെ ഇറാഖ്, സൗദി, അൾജീരിയ, ലെബനോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഭാഗമായി. ഗൾഫിൽ താമസിക്കുന്ന യുവാക്കളിൽ ഏറെപ്പേർക്കും അവരുടെ രാജ്യംവിടാൻ താത്പര്യമില്ല. ആകെ മൂന്ന് ശതമാനം പേർ മാത്രമാണ് ഇക്കാര്യത്തിൽ താത്പര്യം കാണിച്ചത്. സാമ്പത്തിക കാരണങ്ങളും വിദ്യാഭ്യാസ അവസരങ്ങളുമാണ് ഇവർ രാജ്യംവിടാൻ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

29000 കോടി ദിർഹത്തിന്റെ ബജറ്റ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ദുബായ് : അഞ്ച് വർഷത്തേക്ക് 29,000 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2026 വരെയുള്ള ബജറ്റിനാണ് അംഗീകാരം നൽകിയത്. എക്സ്‌പോ 2020 ദുബായിൽ ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുതിയ ബജറ്റിന് അംഗീകാരം നൽകിയത്.

രാജ്യത്തിന്റെ അടുത്ത 50 വർഷത്തെ വളർച്ചയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് തീരുമാനം. കഴിഞ്ഞയാഴ്ച നടന്ന പൊതുബജറ്റ് കമ്മിറ്റി യോഗത്തിൽ ഉപപ്രധാനമന്ത്രിയും രാഷ്ട്രപതികാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തിരുന്നു.