ദുബായ് : യു.എ.ഇ.യിൽ തുടർച്ചയായി മൂന്നാംദിവസവും രണ്ടായിരത്തിലേറെ കോവിഡ് രോഗികൾ. ശനിയാഴ്ച പുതുതായി 2998 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം ഇതോടെ 2,27,702 ആയി. അഞ്ചു പേർകൂടി മരിച്ചതോടെ ആകെ മരണം 702-ലെത്തി. 2264 പേരാണ് സുഖംപ്രാപിച്ചത്. ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം ഇതോടെ 2,03,660 ആയി. വെള്ളിയാഴ്ച 2988 പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. നിലവിൽ 23,340 പേർ ചികിത്സയിലുണ്ട്. പുതുതായി 1,68,779 പേർക്കാണ് രോഗപരിശോധന നടത്തിയത്. ആകെ പരിശോധന 22 ദശലക്ഷം കവിഞ്ഞു.
ഖത്തറിൽ 206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ ചികിത്സയിൽക്കഴിയുന്നവരുടെ എണ്ണം 2954 ആയി ഉയർന്നു. 119 പേർകൂടി സുഖം പ്രാപിച്ചതോടെ ആകെ കോവിഡ് മുക്തർ 1,42,572 ആയി. ആകെ വൈറസ് ബാധിതർ 1,45,672. ആകെ മരണം 246.
സൗദിയിൽ 110 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. നാലുപേർകൂടി മരിച്ചു. 174 പേർകൂടി കോവിഡ് മുക്തിനേടുകയും ചെയ്തു. 3,63,692 പേരിലാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. ഇവരിൽ 3,55,382 പേരും രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണം 6286 ആയി. 2024 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 308 പേർ അത്യാസന്ന നിലയിലാണ്. റിയാദ് 40, മക്ക 31, കിഴക്കൻ പ്രവിശ്യ, മദീന 12 എന്നിവിടങ്ങളിൽ 12 വീതം, അസീർ, അൽ ഖസീം, ജിസാൻ, തബൂഖ് എന്നിവിടങ്ങളിൽ മൂന്നുവീതം, നജ്‌റാൻ രണ്ട്, അൽ ബാഹ ഒന്ന് എന്നിങ്ങനെയാണ് സൗദിയിൽ വിവിധ പ്രവിശ്യകളിൽ രോഗം റിപ്പോർട്ട് ചെയ്തത്.
കുവൈത്തിൽ 427 പുതിയ കേസുകൾകൂടി കണ്ടെത്തി. ആകെ കേസുകൾ 1,53,900 ആയി. 245 പേർകൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തി 1,48,728 ആയി. രണ്ട് പേർകൂടി മരിച്ചതോടെ ആകെ മരണം 942 ആയി. 4230 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 51 പേരുടെ നില ഗുരുതരമാണ്. ബഹ്‌റൈനിൽ 397 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ മരണങ്ങളില്ല. ആകെ മരണം 355. 245 പേർകൂടി രോഗമുക്തി നേടി. ആകെ രോഗമുക്തി ഇതോടെ 91,875 ആയി. 2800 പേർ നിലവിൽ ചികിത്സയിലുണ്ട്.
ദുബായിൽ ഫൈസർ വാക്‌സിൻ ഏഴിടങ്ങളിൽ ലഭിക്കും
ദുബായ് : ഫൈസർ ബയോ എൻടെക് കോവിഡ് വാക്സിൻ ദുബായിലെ ഏഴ് ആരോഗ്യകേന്ദ്രങ്ങളിൽ ലഭിക്കും. നിലവിൽ ആറിടങ്ങളിലായി സൗജന്യവാക്സിനേഷൻ നൽകിയിരുന്നു. ഹത്ത ആശുപത്രിയിലും കൂടി വാക്സിനേഷൻ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. അൽസഫ പ്രൈമറി ഹെൽത്ത് സെന്റർ, സബീൽ പ്രൈമറി ഹെൽത്ത് സെന്റർ, അൽ മിസ്ഹർ, നാദ് അൽ ഹമർ, അൽ ബർഷ, അപ് ഡൗൺ മിർഡിഫ് പ്രൈമറി ഹെൽത്ത് കെയർ സെന്റർ എന്നിവിടങ്ങളിലായാണ് ഫൈസർ വാക്സിൻ ലഭിക്കുക.