ദുബായ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി യു.എ.ഇ. പാസ്‌പോര്‍ട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളില്‍നിന്നാണ് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി ആര്‍ട്ടന്‍ കാപിറ്റലിന്റെ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ യു.എ.ഇ. പാസ്‌പോര്‍ട്ട് ഒന്നാമതെത്തിയത്. ഏറ്റവും കൂടുതല്‍ മൊബിലിറ്റി സ്‌കോര്‍ കരസ്ഥമാക്കിയാണ് മികച്ച നേട്ടം കൈവരിച്ചത്.

ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെയും ഓണ്‍ അറൈവല്‍ വിസയിലുമായി മറ്റ് രാജ്യങ്ങളില്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മൊബിലിറ്റി സ്‌കോര്‍ കണക്കാക്കുന്നത്.

ഇതുപ്രകാരം യു.എ.ഇ. പാസ്‌പോര്‍ട്ടിന്റെ മൊബിലിറ്റി സ്‌കോര്‍ 152 ആണ്. മൊബിലിറ്റി സ്‌കോറിന്റെ ആഗോള ശരാശരി 89 മാത്രമാണ് എന്നിരിക്കെയാണ് യു.എ.ഇയുടെ ഈ മികച്ച നേട്ടം.

യു.എ.ഇ. പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 98 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാം. കൂടാതെ 54 രാജ്യങ്ങളില്‍ യു.എ.ഇ. പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. 46 രാജ്യങ്ങളില്‍മാത്രമാണ് യു.എ.ഇ. പാസ്‌പോര്‍ട്ടുമായി പ്രവേശിക്കാന്‍ വിസ ആവശ്യമുള്ളത്.

2018 ഡിസംബറിലായിരുന്നു ആദ്യമായി ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടായി യു.എ.ഇയുടേത് തിരഞ്ഞെടുക്കപ്പെട്ടത്. 2019-ലും ഈ നേട്ടം നിലനിര്‍ത്താന്‍ യു.എ.ഇ. പാസ്‌പോര്‍ട്ടിന് സാധിച്ചു.

ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്സ് പ്രകാരം ന്യൂസീലന്‍ഡിന്റെ പാസ്‌പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ജര്‍മനി, ഫിന്‍ലന്‍ഡ്, ഓസ്ട്രിയ, ലക്സംബര്‍ഗ്, സ്‌പെയിന്‍, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ 144 സ്‌കോറുമായി മൂന്നാംസ്ഥാനം പങ്കിട്ടു.

യു.എ.ഇ. കഴിഞ്ഞാല്‍ മേഖലയിലെ മികച്ച പാസ്‌പോര്‍ട്ട് ഇസ്രയേലിന്റേതാണ്. ആഗോള തലത്തില്‍ പതിനേഴാം സ്ഥാനമാണ് അതിനുള്ളത്. മേഖലയില്‍ മൂന്നാംസ്ഥാനത്തുള്ള ഖത്തറിന്റെ പാസ്‌പോര്‍ട്ട് സൂചികയില്‍ 47, കുവൈത്തിന്റേത് 50, ബഹ്റൈന്റേത് 52, സൗദി അറേബ്യയുടേത് 55, ഒമാന്റേത് 56 എന്നീ സ്ഥാനങ്ങളിലാണ്. ആഗോളതലത്തില്‍ അഫ്ഗാനിസ്താന്‍ പാസ്‌പോര്‍ട്ടാണ് ഏറ്റവും ദുര്‍ബലം.

Content Highlights: UAE passport ranked strongest in the world again