അബുദാബി: ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് നിയമം പരിഷ്‌കരിച്ചു.

ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ വരെ നീട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

നിയമപരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. സാമ്പത്തിക, നിക്ഷേപ, വാണിജ്യ, മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്താനുമാണ് പരിഷ്‌കാരങ്ങളെന്ന് യു.എ.ഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

യു.എ.ഇയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്‌. 40 ഓളം നിയമങ്ങളാണ് പരിഷ്‌കരിച്ചത്. 

പുതിയ നിയമനിര്‍മ്മാണം സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു. കൂടാതെ വിവാഹേതര ബന്ധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. 2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.

അപമര്യാദയായി പെരുമാറുകയോ കൈയേറ്റം നടത്തുകയോ ചെയ്യുന്നവര്‍ക്ക്‌ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ തടവോ അനുഭവിക്കേണ്ടി വരും. അതില്‍ ലിംഗഭേദമില്ല. കുറ്റകൃത്യ വേളയില്‍ ഭീഷണിയോ ബലപ്രയോഗമോ നടത്തിയിട്ടുണ്ടെങ്കില്‍ അഞ്ചു മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും.

Content Highlights : UAE new laws; Life sentence for rape can extend to death penalty in case of minor victim