ന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍ നെഞ്ചോടുചേര്‍ത്ത് പിടിക്കുന്ന രാജ്യമാണ് ണ്ടയു.എ.ഇ. ഗള്‍ഫ് പ്രവാസം അരനൂറ്റാണ്ടും മൂന്നുതലമുറയും പിന്നിട്ടെങ്കിലും യു.എ.ഇ.തന്നെയാണ് ഇപ്പോഴും ശരാശരി മലയാളിയുടെ സ്വപ്നഭൂമികളിലൊന്ന്. കാനഡയും ഓസ്ട്രേലിയയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം പുതുതലമുറയെ ആകര്‍ഷിക്കുമ്പോള്‍ത്തന്നെയാണ് ശരാശരി മലയാളി ദുബായ് വിസയ്ക്കായി ഇപ്പോഴും ഓടുന്നത്. മലയാളിയുടെ ആ സ്വപ്നഭൂമിക്ക് ഇന്ന്, ഡിസംബര്‍ രണ്ടിന് അമ്പതുവര്‍ഷം തികയുമ്പോള്‍ ആ ആഘോഷത്തിന്റെ ലഹരിയിലാണ് അവിടെ ഇന്ത്യന്‍സമൂഹം.

34 ലക്ഷത്തോളം ഇന്ത്യക്കാര്‍ യു.എ.ഇ.യിലുണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. ഇതില്‍ മലയാളികള്‍മാത്രം 17 ലക്ഷത്തിലേറെ. യു.ണ്ടഎ.ഇ.യുടെ മൊത്തം ജനസംഖ്യ ഇപ്പോഴും ഒരു കോടി തികഞ്ഞിട്ടില്ലെന്നറിയുമ്പോഴാണ് യു.എ.ഇ.യിലെ ഇന്ത്യന്‍, മലയാളി സാന്നിധ്യത്തിന്റെ പ്രാധാന്യമേറുന്നത്. യു.എ.ഇ. ജനതയില്‍ എണ്‍പതുശതമാനത്തിലേറെയും കുടിയേറ്റക്കാരാണെന്നാണ് കണക്ക്. അതായത് സ്വദേശികള്‍ നാലിലൊന്നുപോലും ഇല്ലെന്ന് സാരം. കോവിഡ്കാലത്ത് പതിനായിരങ്ങള്‍ ജോലിയും വേതനവുമില്ലാതെ നാട്ടിലേക്ക് മടങ്ങിയെങ്കിലും തൊഴിലും ജീവിതവും തേടി വീണ്ടും യു.എ.ഇ.യിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം സജീവമായി തുടങ്ങിയിട്ടുണ്ടിപ്പോള്‍.

യു.എ.ഇ.യുടെ വാര്‍ഷികാഘോഷം മലയാളിക്ക് പോറ്റമ്മനാടിന്റെ ദേശീയദിനമാണ്. ഇത്തവണത്തെ ആഘോഷത്തിനാകട്ടെ അമ്പത് എന്ന നാഴികക്കല്ലിന്റെ വിശേഷവുമുണ്ട്. വിവിധ രാജവംശങ്ങള്‍ക്കുകീഴില്‍ നാട്ടുരാജ്യങ്ങളായിരുന്ന ഏഴ് ഭൂപ്രദേശങ്ങളാണ് അമ്പതുവര്‍ഷംമുമ്പ് ഐക്യ അറബ് നാടുകള്‍ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) എന്ന പേരില്‍ രൂപമെടുത്തത്. 1971 ഡിസംബര്‍ രണ്ടിന് അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളെ ഒറ്റപ്പേരില്‍ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ മണല്‍ക്കൂനകളും കടല്‍ത്തീരങ്ങളുംമാത്രമുള്ള ഒരു മേഖലയായിരുന്നു ഇത്. പിറ്റേ വര്‍ഷം ഫെബ്രുവരി പത്തിന് റാസല്‍ഖൈമകൂടി യു.എ.ഇ.ക്കുകീഴിലെത്തി. അറബ് മേഖലയിലെ നാട്ടുരാജ്യങ്ങള്‍ അഥവാ പ്രവിശ്യകള്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് മോചിതമായി വരുന്ന കാലമായിരുന്നു അത്. സ്വന്തമായി വരുമാനമില്ലാത്തവയായിരുന്നു അവയില്‍ പലതും. ബ്രിട്ടീഷുകാര്‍ അവയെ വിശേഷിപ്പിച്ചിരുന്നത് ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ (സാമന്തപ്രദേശങ്ങള്‍ ) എന്നാണ്. പക്ഷേ, തീക്കാറ്റുകള്‍ വീശിയടിച്ച മരുഭൂമിയിലും തീരക്കടലിലും എണ്ണയാല്‍ സമൃദ്ധമായിരുന്നു ആ ദേശങ്ങളെല്ലാം. ബ്രിട്ടീഷുകാര്‍ക്കായിരുന്നു എണ്ണഖനനത്തിനുള്ള സാങ്കേതികവിദ്യ അറിയാമായിരുന്നത്. പക്ഷേ, മേഖലയിലെ കടുത്ത ചൂടും പൊള്ളുന്ന വെയിലും അറ്റമില്ലാത്ത മരുഭൂമികളും അവര്‍ക്ക് ഗള്‍ഫ് മേഖലകളിലെ താത്പര്യം കുറച്ചിരുന്നു. അവരെ അനുനയിപ്പിച്ച് കൂടെനിര്‍ത്തുകയും എണ്ണ സ്രോതസ്സുകള്‍ കണ്ടെത്താന്‍ സഹായം തേടുകയും ചെയ്താണ് യു.എ.ഇ.യുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ നാടിന്റെ ഭാവിയിലേക്കുള്ള പ്രയാണം എളുപ്പത്തിലാക്കിയത്.

ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് 'സ്പിരിറ്റ് ഓഫ് ദി യൂണിയന്‍' എന്ന ആശയത്തില്‍ യു.എ.ഇ. നിലവില്‍വന്നപ്പോള്‍ ശൈഖ് സായിദിന്റെ നേതൃപാടവംകൂടിയായി അത് മാറി. യു.എ.ഇ. പിന്നീട് സാധ്യതകള്‍ തേടിയുള്ള ഓട്ടത്തിലായിരുന്നു. എണ്ണയാല്‍ സമ്പുഷ്ടമായ യു.എ.ഇ.യെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രമാക്കി അദ്ദേഹവും ശൈഖ് റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് വളര്‍ത്തി. പിന്നീടങ്ങോട്ട് യു.എ.ഇ.യുടെ തേരോട്ടമായിരുന്നു. ഭാഷയും വേഷവും രൂപവും ഭാവവും മതവും ജാതിയും നോക്കാതെ എല്ലാവരെയും യു.എ.ഇ. ഇരുകൈയും നീട്ടി സ്വീകരിച്ചു.

ആ കാരുണ്യത്തിന്റെയും സമഭാവനയുടെയും സ്‌നേഹത്തിന്റെയും പാതയിലൂടെ യു.എ.ഇ.യുടെ ഇന്നത്തെ സാരഥികളും രാഷ്ട്രത്തെ നയിക്കുന്നു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ആധുനിക ലോകത്ത് യു.എ.ഇ.യെ മുന്‍നിരയിലെത്തിച്ചുകഴിഞ്ഞു.

എണ്ണയില്‍ അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥയില്‍നിന്ന് മാറിനടന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ. എണ്ണയ്ക്ക് വിലകുറഞ്ഞതോടെ അതിനുപകരം വിവരവിജ്ഞാനത്തില്‍ അധിഷ്ഠിതമായ സാമ്പത്തികവ്യവസ്ഥയ്ക്ക് യു.എ.ഇ. രൂപംനല്‍കി. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഇതര ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈ വഴി കാണിച്ചുകൊടുത്തതും യു.എ.ഇ.തന്നെ.

'ഒന്നാമതാകുക, അസാധ്യം എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക' -ഇതാണ് യു.എ.ഇ. നേതൃത്വം സ്വന്തം ജനതയോട് പറയുന്നത്. ഇക്കാര്യത്തില്‍ അവര്‍ പ്രവാസികളെയും മാറ്റിനിര്‍ത്തുന്നില്ല. നിക്ഷേപകരെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനും അവരെ യു.എ.ഇ.യില്‍ നിലനിര്‍ത്താനുമായി പത്തുവര്‍ഷംവരെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസയാണ് ഇപ്പോള്‍ യു.എ.ഇ. നല്‍കുന്നത്. ഇതിനകം ഗോള്‍ഡന്‍ വിസ നേടിയവരുടെ എണ്ണം 45,000 ആയിക്കഴിഞ്ഞു. ലോകത്ത് വരാന്‍പോകുന്ന മാറ്റങ്ങള്‍ മുന്നില്‍ക്കണ്ട് ഒരുചുവട് മുന്നേയാണ് യു.എ.ഇ. കുതിക്കുന്നത്. അടുത്ത അമ്പതുവര്‍ഷത്തെ അജന്‍ഡ മൂന്നുവര്‍ഷംമുമ്പുതന്നെ അവര്‍ തയ്യാറാക്കി. രാജ്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കുള്ള ദീര്‍ഘകാലപദ്ധതികള്‍ ആസൂത്രണംചെയ്താണ് അമ്പതാം ദേശീയദിനത്തിന്റെ ആഘോഷംതന്നെ.

'മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു' എന്ന സന്ദേശവുമായി ലോകപ്രദര്‍ശനം എന്നറിയപ്പെടുന്ന 'എക്‌സ്പോ 2020'-ന് ഇപ്പോള്‍ ദുബായ് ആതിഥ്യം വഹിക്കുന്നു. 2020 ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന എക്‌സ്പോ കോവിഡ് കാരണം ഒരു വര്‍ഷം നീട്ടിവെച്ചാണ് അതേ പേരില്‍ യു.എ.ഇ. ഈ ലോകമഹാമേള സംഘടിപ്പിക്കുന്നത്. ജബല്‍ അലിയിലെ ആയിരം ഏക്കറിലേറെ മരുഭൂമിയാണ് എക്‌സ്പോയ്ക്കായി ദുബായ് വികസിപ്പിച്ചത്. അവിടെ ആറുനില കെട്ടിടവുമായി ഇന്ത്യയുടെ പവിലിയനുമുണ്ട്. എക്‌സ്പോയ്ക്കുശേഷം ഇന്ത്യയുടെ ട്രേഡ് സെന്ററും കള്‍ച്ചറല്‍ സെന്ററുമായി ഈ കെട്ടിടം മാറുമെന്നാണ് പ്രതീക്ഷ.