ദുബായ്: ഈദ് അല്‍ ഫിത്റിനോടനുബന്ധിച്ച് അറബ്, ഇസ്ലാമിക് രാഷ്ട്രത്തലവന്മാര്‍ക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശംസകള്‍ നേര്‍ന്നു. രാജ്യത്ത് പുരോഗതിയും സമൃദ്ധിയും സ്ഥിരതയും തുടര്‍ന്നും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും സമാനമായ സന്ദേശങ്ങള്‍ അയച്ചു. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സന്തോഷവും സമാധാനവും സുരക്ഷിതത്വവും ആരോഗ്യവും ഉണ്ടായിരിക്കണമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 

ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍ (ഈദ് അല്‍ ഫിത്ര്). പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട നടപടി പെരുന്നാള്‍ ദിനത്തിലും തുടരും. വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍വെച്ചുതന്നെ നടത്തണം. 

യു.എ.ഇയിലെ പ്രാര്‍ത്ഥന സമയം

അബുദാബി: രാവിലെ 05.52
അല്‍ഐന്‍: 05.46
ദുബായ്:  05.47
ഷാര്‍ജ:  05.44
റാസല്‍ഖൈമ: 05.43
ഫുജൈറ: 05.43
ഉമ്മുല്‍ഖുവൈന്‍: 05.44
അജ്മാന്‍: 05.46

Contet Highlight: UAE leaders congratulate heads of Arab, Islamic states on Eid Al Fitr