ദുബായ് : യു.എ.ഇയിൽ താമസവാടക നിരക്കിൽ വലിയകുറവ്. ഇതോടെ കരാർ പുതുക്കണോ, വീട് മാറണോ എന്ന സംശയത്തിലാണ് താമസക്കാർ. കോവിഡ് വ്യാപനത്തിന് മുമ്പുതന്നെ താമസവാടക നിരക്കിൽ ചെറിയ കുറവ് പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. പിന്നീട് മഹാമാരി പടർന്നതോടെ കഴിഞ്ഞ 14 മാസത്തിനുള്ളിൽ വാടകനിരക്ക് കുത്തനെ കുറഞ്ഞു. പുതിയ താമസക്കാരോട് അവർ ചോദിക്കുന്ന നിരക്കിൽ അപ്പാർട്ട്‌മെന്റുകൾ നൽകാമെന്ന നിലയിലേക്കും കാര്യങ്ങളെത്തി. ഒരു ഫ്രീഹോൾഡ് കമ്യൂണിറ്റിയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ വ്യത്യസ്ത വാടക നിബന്ധനവരെ നടപ്പാക്കുന്ന ഒരു ഘട്ടത്തിലുമെത്തിയിരുന്നു.

ഡിസ്‌കവറി ഗാർഡനിൽ ഏകദേശം അഞ്ച് ശതമാനം വരെ വാടകനിരക്കിൽ കുറവുണ്ടായി. ജുമൈറ വില്ലേജ് സർക്കിളിൽ നാലും ജെ.എൽ.ടിയിൽ മൂന്ന് ശതമാനവും കുറവുണ്ടായതായി വിവിധ കൺസൾട്ടൻസികൾ അഭിപ്രായപ്പെട്ടു. ദുബായിലെ മറ്റ് പ്രമുഖയിടങ്ങളിലും ഇതേ അവസ്ഥയാണ്. ദുബായ് അൽ നഹ്ദ, ഖിസൈസ് ഭാഗങ്ങളിൽ വർഷം 65,000 ദിർഹമുണ്ടായിരുന്ന ടു ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ ഇപ്പോൾ 40 മുതൽ 45,000 ദിർഹത്തിന് വരെ ലഭ്യമാണ്. ദുബായ് സൗത്ത്, ഇന്റർനാഷണൽ സിറ്റി, സ്‌പോർട്‌സ് സിറ്റി, ടൗൺ സ്‌ക്വയർ എന്നിവിടങ്ങളിലും നിരക്കിൽ വലിയ കുറവുണ്ടായി. ഷാർജയിൽ 2020 നേക്കാൾ 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ട് മാസത്തെ സൗജന്യ താമസവും പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബായ്, ഷാർജ ഭാഗങ്ങളിലെ താമസവാടക നിരക്ക് 2011 അവസാനമായി കണ്ട നിലവാരത്തിലേക്ക് കുറഞ്ഞുവെന്ന് ആസ്റ്റെകോ പ്രോപ്പർട്ടി മാർക്കറ്റ് രേഖകൾ വ്യക്തമാക്കുന്നു.

ദുബായ് സൗത്തിൽ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് 26,040 മുതലാണ് നിരക്ക്. സ്പോർട്‌സ് സിറ്റിയിൽ 30,000 മുതലും ഡിസ്‌കവറിയിൽ 32,000 മുതലുമാണ്. രണ്ട് ബെഡ്‌റൂമുകളുള്ള അപ്പാർട്ട്‌മെന്റിൽ നിരക്ക് ഇവിടെ 37,000 മുതൽ ലഭ്യമാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ദുബായിലെ പൊള്ളുന്ന വാടകനിരക്ക് കുറഞ്ഞത് പ്രവാസികളെ സംബന്ധിച്ച് ആശ്വാസമാണ്. പലരും കുടുംബങ്ങളെ നാട്ടിലേക്ക് അയച്ച സമയംകൂടിയാണിത്. വൺ ബെഡ്‌റൂം, ടു ബെഡ്‌റൂം മാറി പലരും സ്റ്റുഡിയോയിലേക്കും താമസം മാറി. അപ്പാർട്ട്‌മെന്റുകൾ മാറാൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ച സമയമാണിതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

വാടക അലവൻസ് മൂന്നുവർഷം കൂടില്ല

കെട്ടിട ഉടമകളുടെയും വാടകയ്ക്ക് എടുക്കുന്നവരുടെയും അവകാശങ്ങൾ ഒരേപോലെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വാടക അലവൻസ് മൂന്ന് വർഷത്തേക്ക്‌ വർധിപ്പിക്കാതിരിക്കാൻ പുതിയ നിയമം വരുന്നു. വാടക ഉയരാതിരിക്കാനാണ് ഇത് നടപ്പാക്കുന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ലാൻഡ് ആൻഡ് പ്രോപ്പർട്ടി ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ മുജ്രിൻ പറഞ്ഞു. മൂന്നുവർഷംവരെ വാടകഫീസ് കൂട്ടില്ല. അത് കഴിഞ്ഞാൽ വാടകയുടെ നിശ്ചിതവിഹിതം നോട്ടീസ് ഇല്ലാതെ വർധിപ്പിക്കാനാവുമെന്നും അധികൃതർ അറിയിച്ചു.