ദുബായ്: യു.എ.ഇയിലെ മലയാളി സംരംഭക കോട്ടയം വടവാതൂര്‍ സ്വദേശിനി ആന്‍ സജീവിന് 10 വര്‍ഷം കാലാവധിയുള്ള യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ്, അന്താരാഷ്ട്ര റെസ്റ്റോറന്റ് ശൃംഖലകള്‍, പ്‌ളാന്റേഷനുകള്‍, സിനിമാ നിര്‍മാണം, ടൂറിസം തുടങ്ങിയ മേഖലകളില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്തിയ വനിത എന്ന നേട്ടത്തിനാണ് ഈ അംഗീകാരം. 

ദുബായ് ഇമിഗ്രേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരായ അബൂബക്കര്‍ അല്‍ അഹ്ലി, നാസര്‍ അബ്ദുല്ല എന്നിവരാണ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്. നേരത്തെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ആനിനെ തേടിയെത്തിയിട്ടുണ്ട്. കൊല്ലം പൂയപ്പള്ളി സ്വദേശിയായ ഭര്‍ത്താവ് പി.കെ സജീവിന് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇതോടെ ഒരു രാജ്യത്തെ നിക്ഷേപങ്ങളുടെ പേരില്‍ രണ്ട് ഗോള്‍ഡന്‍ വിസകള്‍ സ്വന്തമാക്കുന്ന യു.എ.ഇയിലെ ആദ്യ മലയാളി ദമ്പതികളായി ഇവര്‍ മാറി.

ലോകത്ത് മികച്ച സ്ത്രീ സുരക്ഷയുള്ള രാജ്യങ്ങളിലൊന്നായ യു.എ.ഇയില്‍, സ്ത്രീ സമൂഹത്തിന്റെ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും നല്‍കുന്ന വലിയ പ്രോത്സാഹനം കൂടിയാണ് ഗോള്‍ഡണ്‍ വിസയെന്ന് ആന്‍ പറഞ്ഞു. അരോമ ഗ്രൂപ്പിന് കീഴിലെ ഫ്രാഗ്രന്റ് നാച്വര്‍ എന്ന പേരിലുള്ള, കേരളത്തിലെ മൂന്നു പഞ്ചനക്ഷത്ര ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടുകളുടെ മാനേജിങ് ഡയറക്ടറാണ് ആന്‍ സജീവ്. അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ പ്രണയം, കിണര്‍ എന്നീ മലയാളം സിനിമകളുടെ നിര്‍മാതാവുമാണ്. ഇന്ത്യയ്‌ക്കൊപ്പം യു.എ.ഇയിലും നിരവധി നിക്ഷേപം നടത്തിയിട്ടുണ്ട്. അരോമ ഇന്റര്‍നാഷണല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് ദുബായ് സര്‍ക്കാരിന്റെ മികച്ച തൊഴിലാളി സൗഹൃദ കമ്പനി എന്ന അംഗീകാരം തുടര്‍ച്ചയായ നാലു വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നു.