ദുബായ്: യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷത്തിനൊരുങ്ങുന്ന വർഷമായിരിക്കും 2020- എന്ന് യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സംയുക്തമായി പ്രഖ്യാപിച്ചു. 2021- ലാണ് രാജ്യം 50-ാമത് ദേശീയദിനം ആഘോഷിക്കുന്നത്. 2020 അതിനായി ഒരുങ്ങുന്നതിനുള്ള വർഷമാണ്. ഇത് ഒരു പുതിയ തുടക്കത്തി ന്റെവർഷമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
50-ാം വാർഷികം ആഘോഷിക്കുകയും അടുത്ത 50-ാം വർഷത്തേക്കുള്ള ആരംഭം കുറിക്കുകയും ചെയ്യും. 2020 മികച്ച മുന്നേറ്റത്തിനുള്ള വർഷമായിരിക്കും. പുതിയ പദ്ധതികൾ വികസിപ്പിക്കും. 50 വർഷം മുൻപ് സ്ഥാപക പിതാക്കൻമാർ ജനങ്ങളുടെ ജീവിതം രൂപകൽപ്പന ചെയ്തിരുന്നു. അടുത്ത തലമുറകളുടെ ഭാവി രൂപകൽപ്പന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ വിശദമാക്കി.
യു.എ.ഇയുടെ കഥ ലോകമറിയും. എല്ലാ മേഖലകളിലെയും പ്രവർത്തനത്തിൽ യു.എ.ഇ ഒറ്റകെട്ടായിരിക്കും. സാമ്പത്തിക മേഖല, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, മാധ്യമങ്ങൾ, ആരോഗ്യമേഖല, എന്നിവയിൽ വലിയ മുന്നേറ്റം നടത്തുന്ന വർഷമായിരിക്കും 2020 എന്നും അദ്ദേഹം ഓർമിപ്പിച്ചു. വികസനപദ്ധതിയുടെ പ്ലാനിങ്ങിനായി ശൈഖ് മൻസൂർ ബിൻ സായിദ് ചുമതല വഹിക്കും. സുവർണജൂബിലി ആഘോഷങ്ങളുടെ മേൽനോട്ടം ശൈഖ് അബ്ദുല്ല ബിൻ സായിദ്, ശൈഖ മറിയം ബിന്ത് മുഹമ്മദ് ബിൻ സായിദ് എന്നിവർക്കായിരിക്കും.
തുടർച്ചയായ ആറാം തവണയാണ് യു.എ.ഇ വരാനിരിക്കുന്ന വർഷത്തേക്കുള്ള ലക്ഷ്യങ്ങളും പുതിയ ആശയങ്ങളും പുറത്തിറക്കുന്നത്. ലക്ഷ്യങ്ങൾ നേടുന്നതിനായി ഫെഡറൽ, പ്രാദേശിക സ്വകാര്യ സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. 2019 രാജ്യമെങ്ങും സഹിഷ്ണുതയുടെ വർഷമായാണ് ആചരിച്ചത്.