ദുബായ്:  കോവിഡ് രോഗം ബാധിച്ച തൊഴിലാളികളെ പിരിച്ചു വിടരുതെന്ന് യുഎഇ ഭരണകൂടം. അസുഖ ബാധിതര്‍ക്ക് മെഡിക്കല്‍ ലീവ് നല്‍കി പരിചരിക്കണമെന്നും ഭരണകൂടം ഉത്തരവിട്ടു. അകാരണമായി തൊഴിലാളികളെ പിരിച്ചു വിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

കോവിഡ് 19 ബാധിച്ച വിദേശികളെ പല സ്ഥാപനങ്ങളും പിരിച്ചു വിടുന്നതായി യുഎഇ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വൈറസ് ബാധിതരായി എന്നതിന്റെ പേരില്‍ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു.  ഈ സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 

കൊറോണ വൈറസ് ബാധിച്ചു എന്നതിന്റെ പേരില്‍ ഒരു ജീവനക്കാരനെയും പിരിച്ചു വിടരുത്. വൈറസ് ബാധിതര്‍ക്ക് മെഡിക്കല്‍ ലീവ് നല്‍കണം.  യുഎഇ തൊഴില്‍ നിയമം അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നും  മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍  ഭരണകൂടം നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശമ്പളം കുറയ്ക്കുന്നത് സംബന്ധിച്ച് തൊഴില്‍ കരാര്‍ പുതുക്കണം.

കൊറോണ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ജീവനക്കാരെ നിയമ വിരുദ്ധ രീതിയില്‍ പിരിച്ചു വിട്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫില്‍ ഇതിനൊടകം പതിനായിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമായി കഴിഞ്ഞു. ഇതിനിടയിലാണ് പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി യുഎഇ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.